Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ് ദിനം ഈജിപ്തിലെ യുവാക്കള്‍ എവിടെപ്പോയി?

ഈജിപ്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വളരെ അധികം കുറഞ്ഞതിന്റെ പ്രധാന കാരണം രാജ്യത്തെ യുവാക്കള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതായിരുന്നു. 2011 ലെ ജനുവരി വിപ്ലവത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുമായി അപേക്ഷിച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലെ പങ്കാളിത്തം വളരെ അധികം കുറവാണ്. അതില്‍ തന്നെ യുവാക്കളുടെ പങ്കാളിത്തത്തിലാണ് ഏറ്റവും അധികം കുറവുള്ളതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് മുഹമ്മദ് മുര്‍സിക്കെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവര്‍ അടക്കമുള്ള മില്യണ്‍ കണക്കിന് ഈജിപ്ഷ്യന്‍ ചെറുപ്പക്കാര്‍ എന്തുകൊണ്ട് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു എന്ന ചോദ്യം പലകോണില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.

അടിച്ചമര്‍ത്തല്‍ നടപടികളെയും കൊലപാതകങ്ങളെയും അന്യായമായ അറസ്റ്റുകളെയും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഈജിപ്ത് യുവാക്കളുടെ പ്രകൃതമാണ് തെരഞ്ഞെടുപ്പില്‍ അവരുടെ പങ്കാളിത്തം കുറയാന്‍ ഇടയാക്കിയതെന്ന് രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യുവാക്കളായ വോട്ടര്‍മാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ വോട്ടിംഗ് നില വളരെ അധികം കുറഞ്ഞു പോയതിന്റെ കാരണവും ഇതുതന്നെയാണെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ഈജിപ്തിലെ പുതിയ രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനവും യുവാക്കളുടെ നേതൃത്വത്തില്‍ രൂപംകൊണ്ടതുമായ ‘ഏപ്രില്‍ 6’ പ്രസ്ഥാനത്തിന്റെ നേതാവായ മുഹമ്മദ് അബ്ദുല്ല തെരഞ്ഞെടുപ്പിലെ യുവജന പങ്കാളിത്തം കുറഞ്ഞുപോയതിന്റെ കാരണം വ്യക്തമാക്കുന്നു. ‘നിലവിലെ സര്‍ക്കാറില്‍ യുവാക്കള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് യുവാക്കളുടെ പങ്കാളിത്തം കുറയാന്‍ ഇടയക്കായിത്. വിപ്ലവ ലക്ഷ്യങ്ങളില്‍ ഒന്നുപോലും യാഥാര്‍ഥ്യമായില്ലെന്ന് മാത്രമല്ല നിലവിലെ സര്‍ക്കാര്‍ വിപ്ലവ ലക്ഷ്യം അട്ടിമറിക്കുകയും ചെയ്തതായി യുവാക്കള്‍ വിശ്വസിക്കുന്നു’. അദ്ദേഹം തുടരുന്നു ‘ജനങ്ങളാണ് രാഷ്ട്രത്തിന്റെ കരുത്തെന്ന പാഠം സൈനിക സര്‍ക്കാറിനെ പഠിപ്പിക്കാന്‍ ജനം തീരുമാനിച്ചു കഴിഞ്ഞു. സൈനിക സര്‍ക്കാറിന്റെ രക്ഷാകര്‍തൃത്വം തള്ളിക്കളഞ്ഞ ജനത യൂണിവേഴ്‌സിറ്റികളില്‍ സമരം നടത്തുന്ന യുവാക്കളെ ഉള്‍പ്പെടെ സര്‍ക്കാറിനെതിരെ രംഗത്ത് വന്ന പ്രതിഷേധങ്ങളെയെല്ലാം കൂട്ടക്കൊലകളിലൂടെയും അറസ്റ്റുകളിലൂടെയും നേരിടാനുള്ള സൈനിക സര്‍ക്കാര്‍ തീരുമാനത്തെയും ജനങ്ങള്‍ നിരാകരിച്ചിരിക്കുന്നു. ഈജിപ്ഷ്യന്‍ ജനതയുടെ ചിന്താമണ്ഡലം രൂപപ്പെടുത്തുന്നതില്‍ രാജ്യത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്’.

തെരഞ്ഞെടുപ്പിലെ യുവജന പങ്കാളിത്തം കുറയാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് സാമൂഹ്യപ്രവര്‍ത്തകയായ മാഹീതാബാ ജീലാനിയും വ്യക്തമാക്കുന്നുണ്ട്. അവര്‍ പറയുന്നു ‘വിപ്ലവം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അബ്ദുല്‍ ഫത്താഹ് സീസി നിയന്ത്രിക്കുന്ന സൈനിക ഭരണത്തില്‍ രാജ്യത്തെ യുവാക്കള്‍ക്ക് വിശ്വസമില്ലാത്തതിനാലാണ് അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. വിപ്ലവത്തില്‍ പങ്കെടുത്ത ഏതാനും യുവാക്കളുടെ പിന്തുണ ഹംദീന്‍ സ്വബാഹിക്കുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തെറ്റായിരുന്നു. സൈനിക മേധാവിയുടെ വിജയത്തിന് വേണ്ടി വ്യാപകമായി കൃത്രിമം നടക്കുമെന്ന വ്യക്തമായ ധാരണയുണ്ടായിരുന്നത് കൊണ്ട് വിപ്ലവത്തില്‍ പങ്കാളിത്വം വഹിച്ച ഭൂരിപക്ഷം യുവാക്കളും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു’.

കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാറിനെതിരായ ജനവികാരം ശക്തമായി പ്രകടിപ്പിച്ചിരുന്നവര്‍ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളായിരുന്നെന്നും തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് നേരത്തെ തന്നെ ഉറപ്പുള്ളതിനാലാണ് യുവാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നതെന്നും ഹുല്‍വാന്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ ആന്റ് സോഷ്യല്‍ സയന്‍സിലെ പ്രഫസറായ സയ്യിദ് അമീന്‍ പറഞ്ഞു. ‘അക്രമ നടപടികളെയും കൊലപാതകങ്ങളെയും നിരാകരിക്കുന്നതാണ് ഈജിപ്ഷ്യന്‍ ജനതയുടെ മനശ്ശാസ്ത്രം. മുഹമ്മദ് മുര്‍സി പ്രസിഡന്റായിരുന്ന സന്ദര്‍ഭത്തിലെ ഇഖ്‌വാന്‍ പ്രവര്‍ത്തനങ്ങളോട് ജനങ്ങളില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ റാബിഅ അദവിയ്യയിലും അന്നഹ്ദ ചത്വരത്തിലും ഉള്‍പ്പെടെ സൈനിക സര്‍ക്കാര്‍ നടത്തിയ ക്രൂരമായ കൂട്ടക്കൊലകളെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു എതിര്‍ക്കുകയായിരുന്നു’ എന്നും തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തത്തെ വിലയിരുത്തി സയ്യിദ് അമീന്‍ പറഞ്ഞു.

കടപ്പാട് : അല്‍ജസീറ

Related Articles