Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പും വിശ്വാസിയുടെ നിലപാടും

election-view.jpg

തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് ഒരു വിശ്വാസിയുടെ നിലപാടിനെ കൂടി വിളിച്ചറിയിക്കുന്നതാണ്. സ്വന്തത്തോടും സമൂഹത്തോടും പ്രകൃതിയോടും ഉത്തരവാദിത്തമുള്ള ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിസുപ്രധാനമായ ഇക്കാര്യത്തെ ലാഘവത്തോടെ സമീപിക്കാനോ അവഗണിക്കാനോ കഴിയില്ല. ‘നിങ്ങള്‍ എല്ലാവരും ആട്ടിടയന്‍മാരാണ് എല്ലാവര്‍ക്കുമുണ്ട് അവരുടെ കീഴിലുള്ളവരോട് ഉത്തരവാദിത്വങ്ങള്‍’. (ഹദീസ്)

ഒരുവിശ്വാസിയുടെ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമാണ് സമ്മതിദാനാവകാശം. അതൊരു കൂട്ടുത്തരവാദിത്വമാണ്. അത് ശരിയായ രീതിയിലല്ല വിനിയോഗിക്കുന്നതെങ്കില്‍ അതിന്റെ ഭവിഷ്യത്ത് സമൂഹം മുഴുവനും അനുഭവിക്കേണ്ടിവരിക. അത് എങ്ങനെയെങ്കിലും നിര്‍വഹിക്കുന്നതിനെ ഉത്തരവാദിത്വ പൂര്‍ത്തീകരണം എന്നു പറയാന്‍ സാധ്യമല്ല. തെരഞ്ഞെടുപ്പിനെയും വോട്ടവകാശത്തെയും തീര്‍ത്തും ദീനിന് പുറത്തുള്ള ഒരു കാര്യമായി കാണുന്ന വലിയൊരു വിഭാഗം മുസ്‌ലിം സമുദായത്തിനകത്തുണ്ട്. തദ്‌വിഷയകമായി ഇസ്‌ലാമിന് ഒരു നിലപാടുമില്ല എന്ന് തെറ്റിദ്ധരിക്കുന്നവരാണ് അവര്‍.

എങ്ങനെയുള്ള സ്ഥാനാര്‍ത്ഥികളെയാണ് പിന്തുണക്കുക?  അവരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമെന്തായിരിക്കണം? വിജയ സാധ്യതയുള്ളവരെ തെരഞ്ഞെടുക്കണോ?  വിശ്വാസിയെ തെരഞ്ഞെടുക്കണോ ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാവണം ഒരു വിശ്വാസിയുടെ സമ്മതിദാനാവകാശം.

ജീവിതത്തിലെ സകല മേഖലകളിലും വിശ്വാസിയുടെ തെരഞ്ഞെടുപ്പിന്റെ അളവുകോല്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളായിരിക്കണം. തന്റെ മുന്നിലുള്ള വിഷയങ്ങളില്‍ ഇസ്‌ലാം എന്ത് കല്‍പിക്കുന്നു എന്നതായിരിക്കണം അവന്റെ നിലപാടിന്റെ അടിസ്ഥാനം. കാലികമായ വിഷയങ്ങളിലെ തെറ്റും ശരിയും വ്യവച്ചേദിച്ച് ഇസ്‌ലാമിന്റെ മൂല്യങ്ങളുമായി ഏറ്റവുമധികം പൊരുത്തപ്പെടുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ അതൊരു ഉത്തരവാദിത്വ നിര്‍വഹണമാകൂ. 

ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു. ഹുദൈഫത് ബിന്‍ അല്‍യമാനില്‍ നിന്ന് നിവേദനം. നിങ്ങള്‍ ‘ഇമ്മഅ്’ (കൂടെകൂടികള്‍, അഥവാ സ്വന്തമായി നിലപാടില്ലാത്തവര്‍) ആകരുത്. അത്തരമാളുകള്‍ പറയുന്നു. ജനങ്ങള്‍ നന്മ ചെയ്താല്‍ ഞങ്ങളും നന്മ ചെയ്യുന്നു. ജനങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചാല്‍ ഞങ്ങളും അക്രമം പ്രവര്‍ത്തിക്കും. പകരം നിങ്ങള്‍ ഇച്ഛാശക്തിയുള്ളവരും നിലപാടുള്ളവരുമാവുക. ജനങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങളും നന്മ ചെയ്യുക. അവര്‍ തിന്മ പ്രവര്‍ത്തിച്ചാല്‍ അവരോടൊപ്പം നിങ്ങള്‍ ആ തിന്മ ചെയ്യാതിരിക്കുക.’ (തിര്‍മിദി)*

ഇബ്‌നു മസ്ഊദ്(റ) പില്‍ക്കാലത്ത് പറയുകയുണ്ടായി. ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് ഇമ്മഅ് എന്നു വിളിച്ചിരുന്നത്, സദ്യക്ക് ക്ഷണിക്കപ്പെട്ടവര്‍ അതിലേക്കു പോകുന്നതു കാണുമ്പോള്‍ ക്ഷണിക്കപ്പെടാതെതന്നെ അവരുടെ പിറകെ ഉണ്ണാന്‍ പോകുന്നവരെ കുറിച്ചാണ്. (ജനങ്ങള്‍ എവിടെയെങ്കിലും ഭക്ഷണത്തിനു പോകുന്നതു കാണുമ്പോള്‍ അവരും പോകും. തങ്ങള്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് അത്തരക്കാര്‍ക്ക് പ്രശ്‌നമല്ല.) എന്നാല്‍ ഇന്നത്തെ ഇമ്മഅ് ജനങ്ങളുടെ മതത്തെ അന്ധമായി അനുകരിക്കലാണ്. ഭൂരിഭാഗം ജനങ്ങളും വിശ്വസിച്ചോ ഞങ്ങളും വിശ്വസിച്ചു. ഭൂരിഭാഗം ജനങ്ങളും സത്യനിഷേധികളായോ എന്നാല്‍ ഞങ്ങളും അങ്ങനെ ആയി.

രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അതിസുപ്രധാനമായ ഒരു കൂട്ടഉത്തരവാദിത്വം നിര്‍വഹിക്കപ്പെടുന്ന വേളയില്‍, അധികപേരും ‘ഇമ്മഉ’കളാകുന്നുവെന്നത് ഖേദകരമാണ്. ആരു ജയിക്കുന്നോ അവര്‍ക്കാണ് ഞങ്ങളുടെ വോട്ട് എന്നാണ് ഇത്തരക്കാരുടെ വീക്ഷണം. അതായത് ഭൂരിഭാഗം എങ്ങോട്ടാണോ ചായുന്നത് അങ്ങോട്ടാണ് ഞാനും. ഇത് രാഷ്ട്രീയമാണ് ഇവിടെ സത്യവും നീതിയുമൊന്നും നോക്കാന്‍ കഴിയില്ലെന്ന് മറ്റൊരു കൂട്ടര്‍. എന്തു വന്നാലും ഞാന്‍ ഒരു പാര്‍ട്ടിയെ മാത്രമേ പിന്തുണക്കൂവെന്ന് വേറെ ചിലര്‍. തങ്ങളുടെ നിലപാട് സത്യത്തോടും നീതിയോടും ഇസ്‌ലാമിക മൂല്യങ്ങളോടും എത്രമാത്രം യോജിച്ചു പോകുന്നു എന്നത് അവര്‍ക്ക് വിഷയമല്ല. വിശ്വാസികള്‍ ഒഴുക്കിനൊപ്പം നീങ്ങുന്ന ചണ്ടികളാവരുതെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് അനുഗുണമായ വിധത്തില്‍ സമ്മതിദാനാവകാശം ഉപയോഗിക്കുന്ന നിലപാടുള്ളവരായി മാറാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

* ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ഈ ഹദിസിന്റെ നിവേദക പരമ്പരയില്‍ ദൗര്‍ബല്യം കാണുന്നതോടൊപ്പം ഇതിന്റെ ആശയം ശരിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. കൂടാതെ അബൂ മസ്ഊദില്‍ നിന്ന് സമാനമായ ഒരു ആശയം ഉദ്ധരിക്കപ്പെട്ടതിനെ അല്‍ബാനി സ്വഹീഹായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

Related Articles