Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുക്കപ്പെട്ടവരുടെ തോന്നാധിപത്യമാകുന്നു ജനാധിപത്യം

യുഡിഎഫ് ഭരണം മൂന്നാംവര്‍ഷത്തിലേക്ക് കടക്കുകയാണ്..
അതിന്റെ ആഘോഷങ്ങളും പടക്കം പൊട്ടിക്കലും ഗുണ്ടുവിതറലുമെല്ലാം അതിനുള്ളിലുള്ളവര്‍ തന്നെ വളരെ ജോറായി നടത്തുന്നുണ്ട്…
എല്ലാ ഗ്രൂപ്പുകള്‍ക്കും ജാതികള്‍ക്കും മന്ത്രി സ്ഥാനം തരപ്പെടുത്താന്‍ പുതിയ തസ്തികകള്‍ ഇനിയും ഇനിയുമുണ്ടാകട്ടെ എന്ന് നെഞ്ചിടിപ്പോടെ ആശംസിക്കാം നമുക്ക്…
ഇനിയും മൂന്ന് വര്‍ഷക്കാലം ഈ പവര്‍കട്ടിലെങ്ങനെ തള്ളിനീക്കും എന്ന ആധിയാണിപ്പോള്‍ ഉള്ളില്‍ ..
പ്രതിപക്ഷം എന്ന സാധനം തന്നെ ഇല്ലാതായിപ്പോയ ധര്‍മ്മസങ്കടം വേറെ..
എല്ലാവരും സ്വന്തം ഗ്രൂപ്പുകള്‍ക്ക് വേണ്ടി പണിയെടുക്കുന്നതും പാരവെക്കുന്നതുമായ തിരക്കിലാണ്..
ഈ വിഷയകമായ രജീന്ദ്രകുമാറിന്റെ കാര്‍ട്ടൂണ്‍ ശ്രദ്ധേയം..

********************************************************************

എന്‍ പി മുഹമ്മദിന്റെ ഹിരണ്യകശിപു നോവലില്‍ ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള പാരസ്പര്യത്തെ ശരിക്കും പറയുന്നുണ്ട്..
ആ നോവല്‍ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്…ഏകാധിപത്യത്തിലേക്കുള്ള ജനാധിപത്യത്തിന്റെ ഗതിമാറ്റങ്ങള്‍ എന്‍ പി വ്യക്തമായി എഴുതിയിരിക്കുന്നു….
ഒരു കൂട്ടം ആളുകള്‍ ഭരിക്കുന്നു എന്നത് കൊണ്ട് അത് ഏകാധിപത്യമാകാതിരിക്കുന്നില്ല….
നമ്മുടെ ജനാധിപത്യം എന്നത് തെരഞ്ഞെടുക്കപ്പെടുന്നവരുടെ തോന്നാധിപത്യമാണെ്ന്ന് തോന്നാറുണ്ട്….
ചിലരെങ്കിലും ഓണ്‍ലൈന്‍ ലോകത്ത് പറയുന്നത് കേട്ടിട്ടുണ്ട്…
ജനാധിപത്യത്തേക്കാള്‍ നല്ലത് ഏകാധിപത്യമാണെന്ന്..
അതിന് കാരണം പറയാറ്.. നന്നാവുന്നെങ്കില്‍ ആ ഏകാധിപതി മാത്രം നന്നായാല്‍ മതി, നാട് നന്നാകും എന്നാണ്.. ജനാധിപത്യത്തില്‍ ഭരിക്കുന്ന ആയിരക്കണക്കായ ആള്‍ക്കാര്‍ നന്നാകണ്ടേ… അതാണെങ്കില്‍ നടക്കാനും പോകുന്നില്ല. ഏതെങ്കിലും മന്ത്രിക്ക് നല്ല രീതിയില്‍ ഭരിക്കണം എന്ന് തോന്നിയാല്‍ മറ്റുള്ളവര്‍ അതിന് സമ്മതിക്കുകയും ഇല്ല…

ജനാധിപത്യത്തേയും ഏകാധിപത്യത്തേയും പറ്റി കപ്പിത്താന്‍ (കപ്പിത്താന്/ Kappithan)  എഴുതിയ ഫേസ്ബുക്ക് സ്റ്റാറ്റസ് ആണ് താഴെ…. നമ്മെ നവീകരിക്കാനുള്ള പ്രചോദനങ്ങളാകട്ടെ ഇത്തരം ആക്ഷേപ ആത്മ വിമര്‍ശനങ്ങള്‍ ..

രാജ ഭരണം

1. പ്രശ്‌നം  ഒരു കല്ല് എടുത്തു മാറ്റണം.

2. രാജാവ് :’ആ കല്ല് എടുത്തു മാറ്റു’

3. ഭൃത്യന്‍ :’അടിയന്‍, ഇതാ മാറ്റി കഴിഞ്ഞു’

4. അവസാനിച്ചു.

ജനാധിപത്യം

1. പ്രശ്‌നം  ഒരു കല്ല് എടുത്തു മാറ്റണം.

2. നേതാവ് :’ഞങ്ങള്‍ പ്രശ്‌നം പഠിക്കും.’

3. (ആറു മാസം കഴിഞ്ഞ്..)

4. നേതാവ് :’ഞങ്ങള്‍ ഈ കല്ല് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു.’

5. ജനങ്ങള്‍ക്കിടയില്‍ രണ്ടു അഭിപ്രായം. ഫേസ് ബുക്കില്‍, പത്രത്തില്‍, വാര്‍ത്തകളില്‍.

6. കല്ല് എടുത്തു മാറ്റുന്നത് കൊണ്ട് നേതാവിന് എന്തോ ലാഭം ഉണ്ടെന്നു പരക്കെ സംശയം.

7. പ്രതിപക്ഷം സംശയിക്കുന്നവര്‍ക്കൊപ്പം.

8. കല്ലിന്റെ ചരിത്രം.. വൈകീട്ട് 5 മണിക്ക് സാഹിത്യ അക്കാദമിയില്‍ ഡോക്യുമെന്ററി പ്രദര്‍ശനം.

9.’മാറ്റണോ നമുക്ക് ഈ കല്ല്..’? ഇന്ത്യ വിഷനില്‍ രാത്രി 8 മണിക്ക് ചര്‍ച്ച.’

10. തുടരും….

************************************************************************
വ്യക്തിക്ക് ഭ്രാന്ത് വന്നാല്‍ കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ട് പോകാം..
ഒരു പാര്‍ട്ടിക്ക് തന്നെ ഭ്രാന്ത് വന്നാല്‍ എന്ത് ചെയ്യും എന്ന് ചോദിക്കുന്നു ബഷീര്‍ വള്ളിക്കുന്ന്.. (http://www.vallikkunnu.com)
പ്രശ്‌നം ലുലു മാളാണ്..

എല്ലാ അനുമതികളും നല്‍കിയതും മറ്റും ഇടത് ഭരണകാലത്താണ്.. എന്നിട്ടിപ്പോള്‍ കാണിച്ച് കൂട്ടുന്ന ഇങ്കിലാബെല്ലാം വേണ്ട ചികില്‍സയുടെ കുറവ് കൊണ്ടാണെന്നും പോസ്റ്റില്‍ പറയുന്നു..
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അടിയന്തിരമായ പ്രത്യയശാസ്ത്ര ചികില്‍സ ആവശ്യമുണ്ടെന്നും പറഞ്ഞാണ് ബഷീര്‍ അവസാനിപ്പിക്കുന്നത്…

അല്ലെങ്കിലും യുസഫലി പറഞ്ഞപോലെ നമ്മടെ നാല് സെന്റ് കയ്യേറി കഞ്ഞികുടിക്കേണ്ട ഗതികേടൊന്നും അങ്ങോര്‍ക്കില്ല….
ഫേസ്ബുക്കില്‍ ഈ വിഷയമായി ആരോ പറഞ്ഞതോര്‍ക്കുന്നു..
മുതലാളിമാരെ ബഹുമാനിക്കാന്‍ നമ്മളിനിയും പഠിച്ചിട്ടില്ല…

Related Articles