Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ ജനാധിപത്യത്തിനു അന്ത്യമോ?

erdogan-2017.jpg

തുര്‍ക്കിയില്‍ ഇപ്പോള്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ ഭരണരീതിക്ക് അനുകൂലമായി തുര്‍ക്കി ജനതയില്‍ ഭൂരിഭാഗം വോട്ടു ചെയ്യുകയും എര്‍ദോഗാന്റെ ഉദ്ദേശ്യം സഫലമാകുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എര്‍ദോഗാനെതിരെ ഉന്നയിക്കപ്പെടുന്ന ചില വിമര്‍ശനങ്ങള്‍ക്കെതിരെ എന്റെ വ്യക്തിപരമായ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

ജനാധിപത്യക്രമം നിലവിലുള്ള ഏതെങ്കിലും രാജ്യത്ത് ജനങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കും പ്രസിഡന്‍ഷ്യല്‍ സംവിധാനമാണോ, പാര്‍ലമെന്ററി വ്യവസ്ഥയാണോ ഉത്തമം എന്ന് ആ രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടന നല്‍കുന്ന അധികാരവും ഇടപെടാനുള്ള അവകാശവും പരിഗണിച്ച് വിലയിരുത്തേണ്ടതാണ്. ഇന്ത്യയില്‍ പാര്‍ലമെന്ററി സംവിധാനമാണ്. അതേസമയം അമേരിക്കയിലും ഫ്രാന്‍സിലും പ്രസിഡന്‍ഷ്യല്‍ സംവിധാനമാണ്. ഇവ രണ്ടിനുമുള്ള മെച്ചമെന്ത് എന്നത് അതത് രാജ്യങ്ങളിലെ ഭരണഘടനകള്‍ നല്‍കുന്ന അധികാരത്തെയും അവകാശത്തെയും മുന്നില്‍ വെച്ച് പരിശോധിക്കേണ്ടതാണ്.

പ്രസിഡന്‍ഷ്യല്‍ രീതി എന്നത് ഇന്ന് ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ വരെ ഉളള ഒരു യാഥാര്‍ഥ്യമാണ്. തുര്‍ക്കിയില്‍ മാത്രം അത് വരുമ്പോള്‍ ഭൂകമ്പമുണ്ടാകുമെന്ന പ്രചരണം ‘ബുദ്ധിജീവികള്‍’ നടത്തുമ്പോള്‍ അതിന് പിന്നിലെ യുക്തി ലോജിക് പിടി കിട്ടുന്നില്ല. മാനം മര്യാദക്ക് സ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു രാജ്യത്ത് ജനാധിപത്യത്തിലൂടെ തന്നെ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ അവസരമുണ്ടാക്കിയ ഒരു മനുഷന്റെ ഐഡിയോളജി ഇസ്‌ലാമായി പോയി എന്നത് മാത്രമാണ് ഈ പുകിലിന്റെ പിന്നിലത്രയും.

പഴയ കുരിശ് യുദ്ധമനസ്സുമായാണ് യുറോപ്പ് തുര്‍ക്കിയെ ലക്ഷ്യം വെക്കുന്നത്. പി.കെ.കെയും ഗുലനിസ്റ്റുകളെയും ആളും അര്‍ത്ഥവും നല്‍കി സഹായിച്ച യുറോപ്പ് തുര്‍ക്കി മന്ത്രിമാരെ പോലും ഹിതപരിശോധ പ്രചരണത്തിന് അവിടെ കാലു കുത്താന്‍ അനുവദിച്ചില്ല. എര്‍ദോഗാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് വരെ അവിടെ പ്രകടനങ്ങള്‍ നടന്നു. തീവ്ര വലതുപക്ഷം തുര്‍ക്കിയെ മാത്രമല്ല ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും അപഹസിച്ച് പ്രചരണങ്ങള്‍ നടത്തി. അതേസമയം അക് പാര്‍ട്ടി (ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി) അനുകൂലികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഹിതപരിശോധന പരാജയപ്പെടുത്താന്‍ കോടികളാണ് അവര്‍ ചെലവാക്കിയത്. അറബ് ഇസ്‌ലാമിക ലോകത്ത് ശക്തമായ ജനാധിപത്യം വരുന്നത് യൂറോപ്പിന് എന്നും ഭയമാണ്. തുര്‍ക്കിയിലും അര്‍ജീരിയ, ഈജിപ്ത് എന്നിവിടങ്ങളിലുമെല്ലാം നടന്ന അട്ടിമറികളുടെ സ്‌പോണ്‍സര്‍മാര്‍ യുറോപ്പായിരുന്നു. ഇസ്‌ലാമിക ലോകത്തെ ഏകാധിപതികളെ സംരക്ഷിക്കുന്നതും അവര്‍ തന്നെ. ഇക്കൂട്ടര്‍ക്ക് എര്‍ദോഗാനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്? കഴിഞ്ഞ നാല്‍പതിലേറെ വര്‍ഷം തുര്‍ക്കിയെ അവര്‍ അകറ്റിയത് എര്‍ദോഗാന്‍ കാരണമാണോ? അതോ ഇസ്‌ലാം വിരോധമോ? ഇപ്പോള്‍ ആര്‍ജവവും ദൈവഭയവുമുള്ള ഒരാള്‍ തുര്‍ക്കിയെ നയിക്കുകയും ലോകത്തിന്റെ മുന്‍നിരയില്‍ കൊണ്ടെത്തിച്ചു മത്സരിക്കുകയും ചെയ്യുമ്പോള്‍ വൃദ്ധ യൂറോപ്പിന് അത് അസഹനീയമാകുന്നു. സ്വന്തം രാജ്യങ്ങളില്‍ പള്ളികള്‍ പണിയുന്നതും മുസ്‌ലിം സ്ത്രീകള്‍ തല മറക്കുന്നതും എന്തിനേറെ നാണം മറച്ച് കളിക്കുന്നത് പോലും തടയാന്‍ നിയമ നിര്‍മാണങ്ങള്‍ നടത്തുന്ന യൂറോപ്യര്‍ എല്ലാ മതസ്ഥര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ ഒരു രാജ്യത്തെ അവമതിക്കുന്നത് കാപട്യവും ഭീകരതയുമല്ലാതെ മറ്റെന്താണ്?

പ്രചാരണങ്ങള്‍ക്ക് പിന്നില്‍
ലോക വാര്‍ത്താ മാധ്യമങ്ങളഖിലം ഇസ്‌ലാം വിരുദ്ധരുടെ കൈകളിലാകയാല്‍ അവയില്‍ വരുന്നവ മാത്രം വായിച്ച് വിശകലനം ചെയ്യുന്നവരും, തങ്ങള്‍ സെക്യുലറും പുരോഗമന ചിന്താഗതിക്കാരുമായ ഇസ്‌ലാമിസ്റ്റുളാണെന്ന് തെളിയിക്കാന്‍ മല്‍സരിക്കുന്ന ചില ഇസ്‌ലാമിസ്റ്റുകളുമാണ് ഈ പ്രചരണത്തില്‍ ഒരു വിഭാഗം.  എന്നാല്‍ എര്‍ദോഗാനെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വേഛാധിപത്യ പ്രവണത കാരണമാണ് പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥയിലൂടെ തുര്‍ക്കിയെ മുന്നോട്ട് നയിക്കുന്നത് എന്ന ആരോപണം ബാലിശമാണ്. ബുദ്ധിപരമായ സമീപനവുമല്ലത്. പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥയിലൂടെ ഭരണകാലം നാല് വര്‍ഷം എന്നത് അഞ്ച് വര്‍ഷമായി വര്‍ധിച്ചു എന്നല്ലാതെ കാലങ്ങളോളം അധികാരത്തില്‍ എര്‍ദോഗാന് ഏകാധിപതിയായി തുടരാന്‍ കഴിയില്ല. ഇതിന് തുര്‍ക്കി ഭരണഘടനയുടെ പിന്‍ബലവുമില്ല. എര്‍ദോഗാന്‍ എത്ര തന്നെ ആഗ്രഹിച്ചാലും അദ്ദേഹത്തിന്റെ ഭരണകാലം അഞ്ച് വര്‍ഷം മാത്രമാണ്. ഒരു രാഷ്ട്രത്തിലെ അഞ്ച് വര്‍ഷം എന്നത് എത്ര മാത്രം സ്വാധീനമുള്ളതാണെന്ന് അതിന്റെ ചരിത്രവും ഭാവിയും പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

രാഷ്ട്രപതി ഭവന്‍ നിര്‍മ്മിച്ചത് തെറ്റോ?  
എര്‍ദോഗാനെതിരെയുള്ള മറ്റൊരു വിമര്‍ശനം അദ്ദേഹം വലിയൊരു കൊട്ടാരം നിര്‍മിച്ചു എന്നതാണ്. എര്‍ദോഗാന്‍ തനിക്ക് വേണ്ടിയാണ് അത് നിര്‍മ്മിച്ചിരുന്നതെങ്കില്‍ അല്‍പമെങ്കിലും ആ വിമര്‍ശനത്തിന് സാംഗത്യമുണ്ടാകുമായിരുന്നു. രാഷ്ട്രപതി ഭവന്‍ എന്ന് പറയുന്നത് പോലെ അധികാരത്തിലാരാണോ ഉള്ളത് അദ്ദേഹത്തിന് ഭരിക്കാന്‍ പാകത്തിന് രാഷ്ട്രത്തിന്റെ ഭരണ സിരാകേന്ദ്രമായിട്ടാണ് അവ നിര്‍മ്മിച്ചിട്ടുള്ളത്. വളരെ പരിമിതമായ അധികാരമുള്ള; ഭരണനിര്‍വ്വഹണത്തില്‍ നേരിട്ട് ഒരു പങ്കും വഹിക്കാത്ത നമ്മുടെ രാഷ്ട്രപതിയുടെ ഭവനവും, ലോകം മൊത്തം കൈപ്പിടിയിലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന വൈറ്റ് ഹൗസും, അതിന്റെ മറ്റൊരു പതിപ്പായ ക്രംലിന്‍ കൊട്ടാരവും, എന്തിനധികം ചെറിയ രാഷ്ട്രങ്ങള്‍ അവരുടെ ഭരണ നടത്തിപ്പിന് ഉണ്ടാക്കുന്ന കൊട്ടാരസമുച്ചയങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന തന്റെ രാഷ്ട്രത്തിനും, ലോകത്തിലെ തന്നെ മൊത്തം ഇസ്‌ലാമിക ചലനങ്ങളുടെ ഏകോപനത്തിനും അസൂത്രണങ്ങള്‍ക്കും കൂടെ കേന്ദ്രമായി വര്‍ത്തിക്കാന്‍ സൗകര്യപ്പെടുന്ന ഒരു ലോക ആസ്ഥാനം കൂടെയാണ് ആ കെട്ടിടം. തനിക്കും തന്റെ കെട്ടിയോള്‍ക്കും കുട്ട്യോള്‍ക്കും അന്തിയുറങ്ങാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് അത് എന്നാണ് ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നുക. എത്ര ഡോളര്‍ ചെലവഴിക്കാമെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം? അതിന് കൃത്യമായ ഒരു സംഖ്യയോ, ഗ്രാഫോ ഉണ്ടോ? എത്രമാത്രം ബാലിശമാണ് ഏതൊക്കെ? ഇസ്‌ലാമിക ദൃഷ്ട്യാ എര്‍ദോഗാന്റെ ഈ നടപടി പാടില്ലായെങ്കില്‍ അതിന്റെ പ്രമാണം എന്താണ്? ജനാധിപത്യപരമായും ഈ വിമര്‍ശനത്തിന് അടിസ്ഥാനമില്ല എന്നത് അത്തരം രാജ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ തന്നെ ബോധ്യമാകുന്നതാണ്.

കൂടെയുള്ളവരെല്ലാം കൈവിട്ടോ?
എര്‍ദോഗാന്റെ ഈ നയനിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരൊക്കെ രാജിവെച്ച് പോയി എന്നാണ് മറ്റൊരു വിമര്‍ശനം. ഈ ‘ഉണ്ടായിരുന്നവരൊക്കെ’ എന്നത് വസ്തുനിഷ്ഠമല്ല. എര്‍ദോഗാന്‍ ഇപ്പോഴും എ.കെ.പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവ് തന്നെയാണ്. ഇലക്ഷനില്‍ ഒന്നേകാല്‍ മില്ല്യന്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചിരിക്കുന്നത്.
 
യൂറോപ്പിന്റെയും ഏഷ്യയുടേയും മധ്യഭാഗത്ത് കിടക്കുന്ന തുര്‍ക്കി വിദ്യാഭ്യാസ പരമായും ബുദ്ധിപരമായും പിന്നിലായ ജനതയാണ് എന്ന് പറയാനോക്കുമോ? തുര്‍ക്കി ജനതയെപ്പറ്റി അല്‍പമെങ്കിലും വായിച്ച ഒരാളും അങ്ങനെ പറയാന്‍ ധൈര്യപ്പെടില്ല. ഇങ്ങനെയുള്ള ജനതയാണ് ഒന്നേകാല്‍ മില്ല്യന്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് അദ്ദേഹത്തെ വിജയിപ്പിച്ചിട്ടുള്ളത്. ജനാധിപത്യപരമായാണ് എര്‍ദോഗാന്‍ തന്റെ നയങ്ങള്‍ ആവിഷ്‌കരിച്ചത് എന്നതിന് ഇത് തന്നെ മതിയായ തെളിവാണ്.

പടിഞ്ഞാറിന്റെ ഇസ്‌ലാം ഭീതി
ഇവിടെ നാം മനസ്സിലാക്കേണ്ടത് എര്‍ദോഗാനെതിരെയുള്ള ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മിഡിലീസ്റ്റിലെ സീസി ഉള്‍പ്പെടെയുള്ള ഇസ്!ലാം വിരുദ്ധ, ഇഖ്‌വാന്‍ വിരുദ്ധ, പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു വിഭാഗമാണ്. മറ്റൊരു വിഭാഗം പാശ്ചാത്യ ലോകമാണ്. ഇവരുടെ രണ്ട് വിഭാഗത്തിന്റെയും അസുഖം തുര്‍ക്കിയോ എര്‍ദോഗാനോ അല്ല. ഇസ്‌ലാമാണ്. ഇസ്‌ലാമിന്റെ ഈ പൊളിറ്റിക്കല്‍ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. നിഷ്പക്ഷരാണ് എന്ന വ്യാജേന ചില ഇസ്‌ലാമിസ്റ്റുകള്‍ തങ്ങളുടെ വാദങ്ങളുമായി രംഗത്തിറങ്ങുന്നത് കാണാന്‍ സാധിക്കും. അവരുടെ പരാജയ മനസ്സുകളില്‍ നിന്നുണ്ടാകുന്ന ആശങ്ക മാത്രമാണത്. ഇനി എര്‍ദോഗാന്‍ തല തിരിഞ്ഞു പോകുകയോ, ഏകാധിപത്യ സ്വഭാവം കാണിക്കുകയോ ചെയ്താല്‍ അദ്ദേഹത്തെ തിരഞ്ഞെടുത്ത ഈ ജനം തന്നെ അദ്ദേഹത്തിനെതിരെ തിരിയും എന്നത് തീര്‍ച്ചയാണ്. എര്‍ദോഗാന്റെ ഭൂതവും വര്‍ത്തമാനവും വെച്ചുള്ള വിലയിരുതലാണിത്. ഭാവിയില്‍ അദ്ദേഹം മാറുമോ ഇല്ലേ എന്ന് പ്രവചിക്കാന്‍ നമുക്ക് കഴിയില്ല. എല്ലാ വിധ അന്വേഷണങ്ങളും നടത്തി ഒരു വരനെ കണ്ടെത്തിയ പിതാവ് തന്റെ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചു കൊടുക്കുന്നത് അതുവരെയുള്ള വരന്റെ ചരിത്രവും സ്വഭാവവും നോക്കിയാണ്. ഭാവിയില്‍ എന്താകും എന്ന് നോക്കിയല്ല. നമ്മുടെ വ്യക്തിപരമായ കാര്യത്തില്‍പ്പോലും നമുക്കത് പ്രവചിക്കാന്‍ കഴിയില്ല.

ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഒരുകാലത്ത് ഉസ്മാനിയ ഖിലാഫത്ത്. ലോക ഭീകരയുദ്ധത്തോട് കൂടി ഈ ഖിലാഫത്തിന്റെ ചിറക് ശത്രുക്കള്‍ അരിഞ്ഞ് കളഞ്ഞു. ആ പ്രതാപം വീണ്ടെടുത്ത് ലോകത്തെ ശാക്തിക വികസിത രാജ്യമായി എര്‍ദോഗാന്റെ ചിറകിലേറി തുര്‍ക്കി കുതിച്ചു കൊണ്ടിരിക്കുന്നു. ആ പ്രതാപത്തിലേക്ക് തുര്‍ക്കി വരുന്നത് ഏവരേയും അലോസരപ്പെടുത്തുന്നു. അതിന്റെ പ്രകടനങ്ങളാണ് വിമര്‍ശനങ്ങളായി പുറത്ത് വരുന്നത്. ഇതില്‍ ചില ഇസ്‌ലാമിസ്റ്റുകളും കൂട്ടുചേര്‍ന്ന് അവര്‍ക്ക് ഓശാന പാടുന്നു എന്നത് പരിതാപകരമാണ്.

തുര്‍ക്കി ജനത എര്‍ദോഗാനും അക് പാര്‍ട്ടിക്കും കീഴില്‍ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ എല്ലാ ഏകാധിപത്യ ആരോപണക്കളുടെയും മുനയൊടിക്കുന്നതാണ്.

1. തുര്‍ക്കി എര്‍ദോകാനും അക് പാര്‍ട്ടിക്കും കീഴില്‍ സ്ഥിരതയുള്ള ഒരു രാജ്യമായി മാറി. (നിരന്തരം സൈനിക അട്ടിമറികള്‍ നടന്നിരുന്ന രാജ്യത്തെ ചരിത്രത്തില്‍ 45ല്‍ പരം ഗവണ്‍മെന്റുകളാന്ന് ഭരിച്ചത്. അമേരിക്കയും ഫ്രാന്‍സും പോലുള്ള പ്രസിഡന്‍ഷ്യല്‍ രാജ്യങ്ങളെ കേവലം 15 ഗവണ്‍മെന്റുകളാണ് ചരിത്രത്തില്‍ ഭരിച്ചത് )

2. സാമ്പത്തികമായ മുന്നേറ്റം. 1980കളില്‍ 138.71% ആയിരുന്ന വിലക്കയറ്റം ഇപ്പോള്‍ കേവലം 10% താഴെ എത്തി നില്‍ക്കുന്നു. 2002-2012ല്‍ ആയിരുന്നു തുര്‍ക്കി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച. തുര്‍ക്കി ലീറ യുടെ വില പുതുക്കിയ എര്‍ദോഗാന്റെ സാമ്പത്തിക പരിഷ്‌കരണവും ഈ വളര്‍ച്ചക്ക് ആക്കം കൂട്ടി.

3. ബഹുസ്വരതക്ക് പ്രാമുഖ്യം. ഭൂരിപക്ഷം മുസ്‌ലിംകളായിട്ടും എല്ലാ മതസ്ഥര്‍ക്കം ആശയക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാം. ഒരു കാലത്ത് ഇസ്‌ലാമിക ചിഹ്നങ്ങളെ അലര്‍ജിയായിരുന്ന തുര്‍ക്കിയില്‍ ഇന്ന് ഇസ്‌ലാമിസ്റ്റുകള്‍ക്കും മുസ്‌ലിംകള്‍ക്കും അതേ സ്വാതന്ത്ര്യം വകവെച്ച് കൊടുക്കുന്നു. തുര്‍ക്കി ഒരു മതേതര മുസ്‌ലിം രാഷ്ട്രമായി തുടരുമെന്നും എര്‍ദോഗാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. (ഇസ്‌ലാമോഫോബിക് അള്‍ട്രാ സെക്കുലറിസ്റ്റുകള്‍ക്ക് തുര്‍ക്കി കണ്ണിലെ കരടാകാന്‍ ഇത് ധാരാളമായിരുന്നു.)

4. ജനതയിലുള്ള ആഴത്തിലുള്ള വിശ്വാസം. ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാം വിധം ഒരു പട്ടാള അട്ടിമറിയെ നിരായുധരായ ജനങ്ങളെ മുന്‍നിര്‍ത്തി പരാജയപ്പെടുത്തിയത് തുര്‍ക്കി ജനതയിലുള്ള എര്‍ദോഗാന്റെ വിശ്വാസമാണ്. ആ ജനങ്ങള്‍ക്ക് തിരിച്ചും എര്‍ദോഗാനിലും അക് പാര്‍ട്ടിയിലും തികഞ്ഞ മതിപ്പും വിശ്വാസവുമാണ്.

5. ലോകത്തിന്റെ ഏത് കോണിലും പീഡിതര്‍ക്ക് സഹായ ഹസ്തവുമായി എത്തുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യം. പലസ്തീന്‍ മുതല്‍ നേപ്പാള്‍ ഭൂചലനം വരെ ഉദാഹരണങ്ങളാണ്. സഹായങ്ങളുമായി കപ്പലുകളും വിമാനങ്ങളും ദുരിധ ബാധിത മേഖലകളിലേക്ക് ഒട്ടും പിശുക്ക് കാണിക്കാതെ ആ ഭരണകൂടം അയച്ച് കൊണ്ടിരിക്കുന്നു.

6. വിഘടനവാദത്തെയും ഭീകരവാദത്തെയും ക്രിയാത്മകമായി നേരിട്ടു. കുര്‍ദു ഭീകരവാദത്തിന്റെ പേരില്‍ കുര്‍ദുകള്‍ക്കെതിരെ വംശഹത്യയല്ല നടത്തിയത്. തുര്‍ക്കിജനത എന്ന ആശയത്തിലേക്ക് അവരെ ആനയിക്കുകയായിരുന്നു. എന്നിട്ടും ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച വിരളം ചിലരെ നീതിപൂര്‍വ്വം കൈകാര്യം ചെയ്തതും ശ്രദ്ധേയമാണ്. അത് കൊണ്ടാണ് കുര്‍ദു ഭൂരിപക്ഷ മേഘലയില്‍ വരെ വിജയം നേടാന്‍ എര്‍ദോഗാനു സാധിച്ചത്.

7. അഭയാര്‍ത്ഥി പ്രളയം മധ്യേഷ്യയെയും യൂറോപ്പിനെയും പിടിച്ച് കുലുക്കിയപ്പോള്‍ 3 മില്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള മഹാമനസ്‌കത ആ ജനതക്കും ഭരണകൂടത്തിനും ഉണ്ടായി. അഭയാര്‍ത്ഥികള്‍ക്ക് ഭ്രഷ്ട് കല്‍പിക്കാനായിരുന്നു പടിഞ്ഞാറിന് ഉല്‍സാഹം

8. സാമ്പത്തിക പുരോഗതിയുടെ ആഴം മനസ്സിലാകാന്‍ ഒരു ഉദാഹരണം കൂടെ. കഴിഞ്ഞ ആറു വര്‍ഷമായി തുര്‍ക്കി എയര്‍ലൈന്‍സാണു യൂറോപ്പിലെ നമ്പര്‍ വണ്‍ എയര്‍ലൈന്‍സ്. ലോകത്തിലെ തന്നെ ആദ്യ പത്തില്‍ ഇടം നേടിയ ആ വിമാന കമ്പനി ഇത്രയും വളര്‍ന്നത് എര്‍ദോഗാന്റെയും അക് പാര്‍ട്ടിയുടെയും നേതൃത്വത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാന താവളത്തിന്റെ പണി തുര്‍ക്കിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

9. ഐ.എം.എഫിന്റെ 23.5 ബില്യണ്‍ ഡോളര്‍ കടം തിരിച്ചടച്ച് ഇനി കടം വാങ്ങിക്കില്ല എന്ന കരാര്‍ ഒപ്പിട്ട ഒരു പക്ഷേ ലോകത്തിലെ വിരലിലെണ്ണാന്‍ കഴിയുന്ന രാജ്യങ്ങളിലൊന്നായി തുര്‍ക്കിയെ മാറ്റി. ഇനി ഐ.എം.എഫിന് ലോണ്‍ തരാം എന്നും എര്‍ദോഗാന്‍ പ്രഖ്യാപിക്കുകയുണ്ടായി.

10. 2002ല്‍ വിദ്യഭ്യാസത്തിന് കേവലം 7.5 ബില്യന്‍ ലീറ ചിലവഴിച്ചിരുന്ന രാജ്യം 34 ബില്യണാക്കി 2012 ല്‍ അത് ഉയര്‍ത്തി. 98 യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 186 യുണിവേഴ്‌സിറ്റികള്‍ ആയി ഈ കാലയളവില്‍.

ഇസ്‌ലാമിസ്റ്റുകളെന്നാല്‍ ഐസ് ഭീകരര്‍ എന്ന് മുദ്രകുത്തുന്ന പടിഞ്ഞാറന്‍ സിദ്ധാന്തത്തിന്റെ അടിവേരറുക്കുന്ന കാഴ്ചയാണ് തുര്‍ക്കി നല്‍കിക്കൊണ്ടിരിക്കുന്നത്.

ഇക്കൂട്ടരുടെ ജനാധിപത്യ-മനുഷ്യാവകാശ പ്രേമം സത്യമാണെങ്കില്‍ അവര്‍ ശരിക്കും വിമര്‍ശിക്കേണ്ടത് ജനാധിപത്യ തുര്‍ക്കിയെ അല്ല, പകരം വംശീയ മതാധിപത്യ രാജ്യമായ ഇറാനെയാണ്. കാരണം, ഇറാനെ മരിക്കും വരെ ഒരു വംശീയ വാദി മൊല്ലാക്കയാണ് ഭരിക്കുന്നത്. ഏത് സര്‍ക്കാര്‍ വന്നാലും ഭരണം നടത്തുന്നത് അയാളും വിപ്ലവ ഗാര്‍ഡ് എന്ന വംശീയ പട്ടാളവുമാണ്. മൊല്ലാക്കാക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്കേ അവിടെ മല്‍സരിക്കാന്‍ തന്നെ പാടുള്ളൂ. ബാക്കിയുളവരെ ഓരോ കാരണങ്ങള്‍ പറഞ്ഞ് അയോഗ്യരാക്കും. ജനാധിപത്യത്തിന് വേണ്ടി സമരം നടത്തിയാല്‍ ജയിലോ കഴുമരമോ ഉറപ്പാണ്. ആയത്തുല്ലയെ വിമര്‍ശിച്ച പത്രമോ പത്രക്കാരോ പുറം ലോകം കാണില്ല. കുര്‍ദ് സുന്നീന്യൂനപക്ഷങ്ങള്‍ക്ക് നിരന്തര പീഡനമാണ് അവിടെ. നിരവധി വിമതരെ ഭീകരവാദകുറ്റം ചുമത്തി ഓരോ വര്‍ഷവും തൂക്കിലേറ്റുന്നു. ഇതിനെല്ലാം ജയ ജയ പാടുകയോ അല്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ചെയ്യുന്നവര്‍ക്ക് എര്‍ദോഗാനെ പറയാന്‍ എന്ത് അവകാശം? സീസിയും ഇറാന്നും ഇസ്രായേലും അറബ് രാജാക്കന്‍മാരും പടിഞ്ഞാറും ഒന്നിച്ച് എര്‍ദോഗാനെ എതിര്‍ക്കുമ്പോള്‍ ഉറപ്പിക്കാം എര്‍ദോഗാനാണ് ശരി എന്ന്.

ഈജിപ്തില്‍ അട്ടിമറി ഭയന്ന് മുര്‍സി നിയന്ത്രിക്കാന്‍ ഒരു വ്യഥാ ശ്രമം നടത്തിയിരുന്നു. അപ്പോള്‍ ചില ശുദ്ധമനസ്‌കര്‍ മുര്‍സിക്ക് ഏകാധിപത്യ മോഹമാണെന്ന് കരുതിവശായി വിമര്‍ശിച്ചു. പിന്നീട് ഭീകരമായ പട്ടാള അട്ടിമറി നടന്നപ്പോള്‍ ഈ ശുദ്ധന്‍മാര്‍ മുര്‍സിയെ വീണ്ടും വിമര്‍ശിച്ചു. നിങ്ങള്‍ എന്തു കൊണ്ട് ഇവരെ നേരത്തെ നിയന്ത്രിച്ചില്ല? അത്തരം ശുദ്ധ മനസും ഗുണകാംക്ഷയുമായി വരുന്നവര്‍ അറിയുക പട്ടാളം ഭരിക്കുന്ന നാടുകളില്‍ മീഡിയയും ജുഡീഷ്യറിയുമാണ് അവരുടെ പ്രധാന ആയുധങ്ങള്‍. ഇവ ശുദ്ധികരിക്കാതെ സ്വതന്ത്ര ജനാധിപത്യവ്യവസ്ഥയിലേക്ക് ഒരിക്കലും സഞ്ചരിക്കാനാവില്ല. അത്തരമൊരു ശുദ്ധീകരണം തുര്‍ക്കിയാലും ആവശ്യമാണ്. അല്ലാഹു തുര്‍ക്കിയെ കാക്കട്ടെ. ഇസ്‌ലാമിക സമൂഹത്തെയും.

Related Articles