Current Date

Search
Close this search box.
Search
Close this search box.

തവക്കുലും ആത്മവിശ്വാസവും

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്യുന്നവരെ അല്ലാഹു സഹായിക്കുമെന്ന വിശ്വാസിയുടെ അടിയുറച്ച ബോധ്യത്തില്‍ നിന്നാണ് ആത്മവിശ്വാസം ഉടലെടുക്കുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും തന്നെ സഹായിക്കാനും സംരക്ഷിക്കാനും അല്ലാഹുവുണ്ടെന്ന വിശ്വാസത്തില്‍ നിന്നാണ് ആത്മവിശ്വാസം വരുന്നത്. അവന്‍ എപ്പോഴും അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തില്‍ വിശ്വസിക്കുന്നവനായിരിക്കും. ‘അതിനാല്‍ ആര്‍ ദാനം നല്‍കുകയും ഭക്തനാവുകയും, അത്യുത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ, അവനു നാം ഏറ്റം എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും.’ (അല്ലൈല്‍: 5-7)

നമുക്ക് മുമ്പിലുള്ള ഏതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ അല്ലാഹുവിന്റെ കാരുണ്യം തന്നെ സജ്ജനാക്കുന്നുവെന്ന വിശ്വാസത്തില്‍ നിന്നാണ് ആത്മവിശ്വാസം ഉയിര്‍കൊള്ളുന്നത്. ഒരു ആയുധവും നല്‍കാതെ നമ്മെ യുദ്ധക്കളത്തിലേക്ക് തള്ളിയിറിക്കുമെന്ന് ഏറ്റവും കാരുണ്യവാനും നീതിമാനുമായ അല്ലാഹുവെക്കുറിച്ച് ചിന്തിക്കാവതല്ല.
ഇപ്രകാരം അല്ലാഹുവെക്കുറിച്ച് നല്ലത് വിചാരിക്കുകയും അവനില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് ആത്മവിശ്വാസം ജനിക്കുന്നത്. യാത്രയിലെ ഓരോ കാല്‍വെപ്പിലും അല്ലാഹു തന്നെ സഹായിക്കുന്നുണ്ടെന്ന് അവന്‍ തിരിച്ചറിയുന്നു. നിങ്ങള്‍ ദുര്‍ബലനും അശക്തനുമാണെന്ന് നിരന്തരം വിശ്വസിക്കുകയും ചെറിയ വീഴ്ചകളുടെ പേരില്‍ സ്വന്തത്തെ പഴിചാരുകയും ചെയ്യുമ്പോള്‍ പരാജയത്തിലായിരിക്കും ചെന്നെത്തുക. അല്ലാഹു തന്നോട് നീതി കാണിച്ചിട്ടില്ലെന്നും തനിക്ക് വഹിക്കാന്‍ കഴിയാത്ത ഭാരമാണ് തന്നെ വഹിപ്പിച്ചിരിക്കുന്നതെന്നും ഒരിക്കലും വിശ്വസിക്കുകയോ ധരിക്കുകയോ ചെയ്യരുത്. ‘അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല.’ (അല്‍ബഖറ: 286)

ഇപ്രകാരം നമ്മുടെ വിജയത്തിന്റെയും പരിശ്രമത്തിന്റെയും കേന്ദ്രം പ്രതീക്ഷയാണ്. അല്ലാഹുവിന്റെ പ്രീതിക്കായി നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവന്‍ പൂര്‍ത്തിയാക്കി തരുമെന്ന് നാം ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും വേണം. ഉത്കര്‍ഷതാ ബോധമാണ് വ്യക്തിവികാസത്തെ തകര്‍ക്കുന്നത്. അല്ലാഹുവിലും സ്വന്തത്തിലുമുള്ള വിശ്വാസത്തിന്റെ അഭാവത്തില്‍ നിന്നാണ് അപകര്‍ഷതാ ബോധം ഉണ്ടാകുന്നത്. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് നിങ്ങളൊരിക്കലും വിശ്വസിക്കുകയോ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാകുകയോ ചെയ്യരുത്. ആത്മവിശ്വാസം, പ്രതീക്ഷ, തീരുമാനം ഇവയെല്ലാമാണ് വിജയത്തിന്റെ പ്രധാന ഘടകങ്ങള്‍.

‘നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം’ എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരേേമല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്.’ (ആലുഇംറാന്‍: 173)
നാമിതില്‍ ജാഗ്രത പുലര്‍ത്തണം, എന്തൊക്കെയായാലും ഒരു തരം ആത്മവിശ്വാസം തന്നെയാണ് ഒരാള്‍ സ്വയം പര്യാപ്തനാണെന്ന് വാദിക്കുന്നതിന്റെ കാരണം. ആത്മവിശ്വാസത്തെ പറ്റിയുള്ള ആധുനിക കാഴ്ചപാട് തീര്‍ച്ചയായും ശിര്‍കിന്റെ പൈശാചിക രൂപമാണ്. സ്വയംപര്യാപ്തത അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നതിലൂടെയാണ് ആത്മവിശാസം കൈവരുന്നത്. അല്ലാഹു മാത്രമാണ് സ്വയംപര്യാപ്തന്‍. അവനല്ലാത്തവരെല്ലാം നിലനില്‍ക്കുന്നത് അവനെ അവലംബിച്ചാണ്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles