Current Date

Search
Close this search box.
Search
Close this search box.

തടവല്ല, വധശിക്ഷയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്

ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കും മറ്റ് പന്ത്രണ്ട് മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്കും 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച ഈജിപ്തിലെ ക്രിമിനല്‍ കോടതിയുടെ വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലാണ് എന്നിലുണ്ടാക്കിയത്. കാരണം അതേ സംഘടനയുടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്ക് വിധിച്ചിരിക്കുന്നത് വധശിക്ഷയാണ്. ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഉം അക്കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ വധശിക്ഷയുടെ രേഖകള്‍ മുഫ്തിക്ക് കൈമാറുകയും ചെയ്തിട്ടുള്ളതാണ്. അപ്രകാരം മുന്‍ സ്വേച്ഛാധിപതി ഹുസ്‌നി മുബാറകിനെയും അദ്ദേഹത്തിന്റെ മക്കളെയും ആഭ്യന്തര മന്ത്രി ഹബീബ് അല്‍-ആദിലിയെയും വെറുതെ വിട്ടതും അവിടത്തെ കോടതിയാണ്. മുര്‍സിക്ക് വധശിക്ഷ തന്നെ വിധിക്കുമെന്നും അത് വേഗത്തില്‍ നടപ്പാക്കുമെന്നും എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.

ഈജിപ്തിലെ നീതിന്യായ വ്യവസ്ഥ പരിഹാസപാത്രമായി മാറിയിരിക്കുന്നു. വിചാരണക്ക് സ്വീകരിക്കുന്ന രീതികളുടെയും നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള ഏറ്റവും ലളിതമായ നടപടികള്‍ പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്നതിന്റെ വെളിച്ചത്തില്‍ അത് രാഷ്ട്രീയ വല്‍കരിക്കപ്പെട്ടിരിക്കുന്നു എന്ന വിശേഷണത്തിനും അര്‍ഹമായിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി വധശിക്ഷകളാണ് അത് വിധിച്ചിട്ടുള്ളത്. ഒരു കാലത്ത് അറബ് ലോകത്ത് തന്നെ ഏറ്റവും ശക്തമായ നീതിന്യായ വ്യവസ്ഥയായിരുന്ന ഈജിപ്ഷ്യന്‍ നീതിന്യായ വ്യവസ്ഥക്ക് സ്വാതന്ത്ര്യവും നീതിയുമായി ഒരു ബന്ധവുമില്ലാതായിരിക്കുന്നു എന്നതിനെയാണ് ഇതെല്ലാം ശക്തിപ്പെടുത്തുന്നത്.

വധശിക്ഷ വിധിക്കാത്തതില്‍ എനിക്കുണ്ടായ ഞെട്ടല്‍ ഒരു പക്ഷേ എന്റെ ധൃതിയില്‍ നിന്നുണ്ടായതായേക്കാം. പ്രസിഡന്റ് മുര്‍സിയെ കാത്ത് വേറെയും കേസുകളുണ്ടല്ലോ. ജയില്‍ ഭേദനം, വൈദേശിക ശക്തികളുമായുള്ള അഥവാ ഹമാസുമായുള്ള ഗൂഢാലോചന തുടങ്ങിയവയെല്ലാം അക്കൂട്ടത്തിലുണ്ട്. വധശിക്ഷ അതിലേക്ക് നീട്ടിവെച്ചതായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മുര്‍സിക്കെതിരെ അട്ടിമറി നടക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പ് ഒരു മണിക്കൂറോളം സമയം പ്രസിഡന്റ് കൊട്ടാരത്തില്‍ വെച്ച് അദ്ദേഹവുമായി ഞാന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ദരിദ്രരോടും പ്രയാസപ്പെടുന്നവരോടും ഒപ്പം നിലകൊണ്ട് വളരെ അനുഭാവത്തോടെയുള്ള സംസാരമായിരുന്നു ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ശ്രവിച്ചത്. ഈജിപ്തിന്റെ മിലിറ്ററി വ്യവസായം മെച്ചപ്പെടുത്തല്‍, മുഴുവന്‍ മേഖലകളിലുമുള്ള പുരോഗതി, പ്രത്യേകിച്ചും കൃഷി സംബന്ധമായ കാര്യങ്ങള്‍, ഭക്ഷ്യകാര്യങ്ങളില്‍ പ്രത്യേകിച്ചും ഗോതമ്പിന്റെ കാര്യത്തിലുള്ള സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത, ഗോതമ്പ് ഇറക്കുമതിക്ക് അമേരിക്കയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ അദ്ദേഹം സംസാരിച്ചു.

ഞാനൊരിക്കലും ഒരു മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തനായിട്ടില്ല. ബ്രദര്‍ഹുഡിന്റെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ അംഗമാകുന്നതിനെ കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടുമില്ല. എന്നാല്‍ സത്യം പറയപ്പെടേണ്ടതുണ്ട്. ചിലരുടെയെല്ലാം കാഴ്ച്ചപ്പാടില്‍ പ്രസിഡന്റെ മുര്‍സിയുടെ ഭരണത്തിന്‍ ചില വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക രംഗത്തും ഭരണരംഗത്തുമുണ്ടായിട്ടുള്ള തകര്‍ച്ചകള്‍ ന്യായമായ കാരണങ്ങള്‍ തന്നെയാണ്. എന്നാല്‍ പതിനൊന്ന് മാസത്തില്‍ കുറഞ്ഞ കാലയളവ് മാത്രമാണ് അദ്ദേഹം ഭരണം നടത്തിയിട്ടുള്ളത്. ആ കാലം തന്നെ പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കൊടുങ്കാറ്റിന്റേതും മുന്നോട്ടുള്ള ഗമനത്തില്‍  തടസ്സം സൃഷ്ടിക്കുന്നതും പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താനുമുള്ള ഗൂഢാലോചനകളുടേതുമായിരുന്നു. അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഇരുമ്പഴികള്‍ക്ക് പിന്നിലടക്കപ്പെടുന്നതിലാണ് ആ ഗൂഢാലോചന അവസാനിച്ചത്.

ഈജിപ്തിന് അകത്തും പുറത്തുമുള്ള പലര്‍ക്കും എന്റെ ഈ സംസാരം ഇഷ്ടപ്പെടുന്നില്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം. എന്നാല്‍ ഏതെങ്കിലും ഒരു കക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയല്ല ഞാനെഴുതുന്നത്. വസ്തുതകളോട് സാധ്യമാകുന്നത്ര നീതി പുലര്‍ത്തുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശ്യം. അതിന്റെ പേരില്‍ എന്ത് തന്നെ ആക്ഷേപം ഉന്നയിച്ചാലും ശരി അത് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല.

കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുകയും ഇരുമ്പഴികള്‍ക്ക് പിന്നിലടക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന പ്രസിഡന്റ് മുര്‍സിയെ വെള്ള ജയില്‍ വസ്ത്രം അണിയിച്ച് നിന്ദിച്ചിരിക്കുകയാണ്. അത് മാറ്റി വധശിക്ഷക്ക് മുന്നോടിയായി അണിയിക്കുന്ന ഓറഞ്ച് നിറമുള്ള വസ്ത്രവും അവര്‍ അദ്ദേഹത്തെ അണിയിച്ചേക്കും. ഒരു മാധ്യമപ്രവര്‍ത്തകനെ പോലും ജയിലിലടക്കാതെ, ഒരു ചാനല്‍ ഓഫീസു പോലും അടച്ചുപൂട്ടാതെ ഈജിപ്തിന് അകത്തും പുറത്തുമുള്ള മുഴുവന്‍ വിമര്‍ശകര്‍ക്കും ശത്രുക്കള്‍ക്കും കെട്ടിച്ചമക്കലിന്റെ ആളുകള്‍ക്കും മുന്നില്‍ തന്റെ മാറിടം തുറന്നു വെക്കുകയായിരുന്നു മുര്‍സി.

സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ദേശീയ അനുരഞ്ജനവും ഇല്ലാതായിരിക്കുന്ന പശ്ചാത്തലത്തില്‍ സമ്പദ് ഘടനയെ നേരെ നിര്‍ത്തുന്നതും കുരുങ്ങിക്കിടക്കുന്ന പ്രതിസന്ധികളില്‍ നിന്ന് മോചിപ്പിക്കുന്നതുമായ ഒരു സുസ്ഥിരത ഈജിപ്തില്‍ കാണുക നമുക്ക് പ്രയാസം തന്നെയാണ്. ജനാധിപത്യ വ്യവസ്ഥക്ക് കീഴില്‍ എല്ലാ രാഷ്ട്രീയ കക്ഷികളില്‍ പെട്ടവര്‍ക്കും സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ കഴിയുമെന്ന വിശ്വാസവും ഉണ്ടായിത്തീരേണ്ടതുണ്ട്.

ഇത്തരം വിധികളില്‍ നീതി തൊട്ടുതീണ്ടിയിട്ടില്ലെന്ന് മാത്രമല്ല, അതില്‍ നിന്നുണ്ടാവുക ഭീകരതയും അക്രമവും മാത്രമായിരിക്കും. കാരണം ഭീകര സംഘടനകളുടെ താല്‍പര്യങ്ങള്‍ക്കാണ് അത് വളംവെക്കുക. വിവിധ തലങ്ങളില്‍ നിരാശപൂണ്ട് കഴിയുന്ന യുവാക്കളെ പോരാളികളാക്കി മാറ്റുന്നത് അതിലൂടെ എളുപ്പമാകുന്നു.

ഈജിപ്തിന്റെ ‘നല്ല’ പ്രസിഡന്റ് മുര്‍സിക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും എതിരെ കെട്ടിച്ചമച്ച കേസുകളുണ്ടാക്കി വധശിക്ഷയും തടവും വിധിക്കുമ്പോള്‍ മുബാറകും അയാളുടെ മക്കളും സര്‍വസ്വാതന്ത്ര്യവും ആസ്വദിച്ച് കഴിയുകയാണ്. നിരപരാധികളുടെ രക്തവും അഴിമതിയും പുരണ്ട ആ ഏടുകളെല്ലാം വെള്ളപൂശപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈജിപ്തിന്റെയും അതിന്റെ ഭാവിയുടെയും കാര്യത്തില്‍ നാം അസ്വസ്ഥപ്പെടേണ്ടതുണ്ട്. നാം അറിയുകയും സ്‌നേഹിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട ഈജിപ്തല്ല ഇതെന്ന് നാം ഉച്ചത്തില്‍ തന്നെ പറയും. അതിനും അവിടത്തെ ജനതക്കും എല്ലാ നന്മകളും സുസ്ഥിരതയും ഉണ്ടാകട്ടെ എന്നാണ് നാം ആഗ്രഹിക്കുന്നത്.

മൊഴിമാറ്റം: നസീഫ് തിരുവമ്പാടി

Related Articles