Current Date

Search
Close this search box.
Search
Close this search box.

തടവറയില്‍ നിന്നും; അബ്ദുല്ല അശ്ശാമി

ഒക്ടോബര്‍ അവസാനത്തില്‍ ഞങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന അബുസഅ്ബല്‍ ജയിലിലെ 7/3 സെല്ലില്‍ ഞങ്ങളുടെ സഹതടവുകാരിലൊരാളുടെ ഉമ്മയുടെ മരണവിവരം ഞങ്ങളില്‍ ചിലരറിഞ്ഞു. പക്ഷെ, മരിച്ചയാളുടെ മകനോട്, ഞങ്ങളുടെ സഹതടവുകാരനോട് ഈ വിവരം എങ്ങനെ പറയുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതുപോലെ തന്നെ, ചെറുപ്പക്കാരനായ ഞങ്ങളുടെ മറ്റൊരു സഹതടവുകാരന് തന്റെ ആദ്യത്തെ കുഞ്ഞിനെ ഒരു നോക്ക് കാണാനായത് ആഴ്ചകള്‍ക്ക് ശേഷമാണ്.

മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരേക്കും ജീവിതത്തെ തടഞ്ഞുനിര്‍ത്തുന്ന ദുരിതമാണ് ജയില്‍ ജീവിതം. ചിലര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ, ഭാര്യമാരെ, ജോലി, എല്ലാം നഷ്ടമാവുന്നു. കിടക്കാന്‍ ഏതാനും സെന്റിമീറ്റര്‍ സ്ഥലം, എഴുന്നേറ്റു നിന്നാല്‍ കിട്ടുന്ന ഏതാനും മീറ്റര്‍ സ്ഥലം, അതുമാത്രമേ ജയില്‍ ജീവിതത്തിലുള്ളൂ.

മെയ് 5-ന് എന്റെ ബര്‍ത്ത്‌ഡേ ഉറങ്ങിത്തീര്‍ക്കവേ, രണ്ടു ജയില്‍ഗാര്‍ഡുകള്‍ വന്ന് ഒമ്പതു മണിക്ക് ജയില്‍ ഓഫീസറെ കാണണമെന്നാവശ്യപ്പെട്ടു. അത് അസാധാരണമായൊരു നടപടിയായിട്ട് എനിക്ക് തോന്നി. ജയില്‍വകുപ്പ് മന്ത്രാലയത്തില്‍ നിന്നും എന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുക്കൊണ്ട് സന്ദേശം എത്തിയിട്ടുണ്ടായിരുന്നു. പിറ്റേ ദിവസം മെയ് 6നും ഈ സംഭവമുണ്ടായി.

ഞാന്‍ നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. നിരാഹാരസമരം തെറ്റാണെന്നാണ് ഒരിക്കല്‍ പറഞ്ഞത്. പിന്നീട് അവര്‍ പറഞ്ഞത് ഈജിപ്തിന് എന്നെ ആവശ്യമാണെന്നാണ്. ഞാന്‍ അവരോട് തിരിച്ച് ചോദിച്ചു ഞാന്‍ ജയിലില്‍ കിടക്കണമെന്നാണോ ഈജിപ്തിന്റെ ആവശ്യം..?

ആരോഗ്യം സൂക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യമെല്ലാം പറഞ്ഞ് അയാളുടെ സംസാരം തുടര്‍ന്നു. എന്റെ കേസ് പ്രൊസിക്യൂട്ടര്‍ക്കും കോടതിക്കും കൈമാറാമെന്നും അയാള്‍ പറഞ്ഞു. പക്ഷെ അതെല്ലാം നേരത്തെ തന്നെ നടന്നിരുന്നു. അരമണിക്കൂറോളം ആ സംസാരം, ‘എന്നെ തടവിലാക്കിയിരിക്കുന്നത് വെറുതെയാണെന്ന് എനിക്കും നിങ്ങള്‍ക്കുമറിയാം. ഇവിടെയുള്ളത് സ്വേഛാധിത്യവും അടിസ്ഥാനമില്ലാത്ത തീരുമാനങ്ങളുമാണ’ എന്ന് പറഞ്ഞ്, ഞാന്‍ അവസാനിപ്പിച്ചു. അപ്പോള്‍ അയാള്‍ ജയില്‍ ഓഫീസര്‍മാര്‍ക്കു നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: ഇയാളെ നിരന്തര നിരീക്ഷണത്തിനും പരിശോധനക്കും വിധേയമായി തടവിലാക്കണം.

ഈ രണ്ടു സംഭവങ്ങള്‍ക്കും പിന്നിലെന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലെങ്കിലും, വിജയം അടുത്തു തന്നെയാണെന്നതിന്റെ സൂചനയായിരുന്നു അത്. ഒരു വ്യക്തിയും അയാളെ ഭയക്കുകയും അയാളെ അനുനയിപ്പിക്കാന്‍ സകല അടവുകളും പ്രയോഗിക്കുന്ന ഒരു ഭരണകൂടവും തമ്മിലെ പരസ്പരം വിട്ടുകൊടുക്കാത്ത പോരിലാവും കാര്യങ്ങളെത്തുക എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നു.

ഈജിപ്തില്‍ നടക്കാന്‍ പോകുന്ന ഇലക്ഷന്‍ യൂറോപ്യന്‍ യൂനിയന്‍ നിരീക്ഷിക്കുമെന്നും വിദേശനയ വിഭാഗം മേധാവിയായ ബാരണസ് ആഷ്ടണ്‍ ഈജിപ്തിന്റെ ജനാധിപത്യ നടപടികളില്‍ സംതൃപ്തയാണെന്നുമൊക്കെ വാര്‍ത്തകള്‍ അറിഞ്ഞു.

ഞാന്‍ ഉറപ്പിച്ചു പറയട്ടെ, ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനം മാധ്യമസ്വാതന്ത്ര്യമാണെന്ന് ആഷ്ടണ്‍ തിരിച്ചറിയണം.

പീറ്റര്‍, ബാഹിര്‍, മുഹമ്മദ്, അല്‍അദിലി, സാമി, ശോകന്‍ തുടങ്ങി അനവധി മാധ്യമപ്രവര്‍ത്തകരെ പോലെ ഞാനും ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരിക്കെ മാധ്യമസ്വാതന്ത്ര്യമില്ലാത്ത ഒരു ജനാധിപത്യത്തെ എങ്ങനെയാണ് ആഷ്ടണ്‍ വിശ്വസിക്കുന്നത്..?

യാതൊരു വിധത്തിലുമുള്ള തെറ്റും ചെയ്യാതെ, ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരാണ് ഞങ്ങള്‍. ആഷ്ടണ്‍, ഒരു നാള്‍ എല്ലാം അവസാനിക്കും. ധീരമായ നിലപാട് സ്വീകരിക്കുന്നവരെ മാത്രമേ ചരിത്രം ഓര്‍ക്കുകയുള്ളൂ. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ഇനിയും സമയമുണ്ട്. വൃദ്ധനായ നൈജീരിയക്കാരന്റെ വായില്‍ നിന്നും പലവുരു ഞാന്‍ കേട്ടിട്ടുണ്ട്, ‘ഒരു നാള്‍ ഓരോ മനുഷ്യനും വിധിക്കപ്പെട്ടത് ലഭിക്കുക തന്നെ ചെയ്യും’

ഭൂതത്തേക്കാള്‍ ഭാവിയെ ശോഭനമാക്കുന്ന വഴിയിലാണ് ഞാനുള്ളതെന്ന് എനിക്ക് ബോധ്യമുണ്ട്. ഞാന്‍ എഴുതപ്പെടുന്ന ഒരു ഇതിഹാസമാണ്. അത് ശുഭപര്യവസാനിയായിരിക്കുക തന്നെ ചെയ്യും.

അബ്ദുല്ല അല്‍ശാമി
6 മെയ്, 2014
7.50 pm
തോറ ജയില്‍

വിവ : മുഹമ്മദ് അനീസ്‌

Related Articles