Current Date

Search
Close this search box.
Search
Close this search box.

തടവറയിലെ എന്റെ പ്രിയതമന്‍

ഈജിപ്ത് പട്ടാള ഭരണകൂടം അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുന്ന അല്‍-ജസീറ പത്രപ്രവര്‍ത്തരില്‍ ഒരാളാണ് അബ്ദുല്ല അശ്ശാമി. അദ്ദേഹത്തിന്റെ ഭാര്യ ജിഹാദ് ഖാലിദ് തന്റെ പ്രിതതമനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും കുറിച്ചെഴുതുന്നു:

മെയ് മാസത്തിന് തുടക്കമായി. ഞാന്‍ ആലോചിച്ചു, എന്റെ ഭര്‍ത്താവും ഞാനും അദ്ദേഹത്തിന്റെ ബര്‍ത്ത്‌ഡേ ഇപ്രാവശ്യമെങ്ങനെയാണ് ആഘോഷിക്കുക. അദ്ദേഹം അറിയാതെ ഒരു സര്‍പ്രൈസ് ടൂര്‍ ബുക് ചെയ്താലൊ? അല്ലെങ്കില്‍ സുഹൃത്തുക്കളുമൊരുമിച്ച് ഒരു പാര്‍ട്ടി സംഘടിപ്പിച്ചാലൊ? അതുമല്ലെങ്കില്‍ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ ആദ്യദിനം ചിലവഴിച്ച മെഡിറ്റേറിയന്‍ ദ്വീപിലേക്ക് പോയാലൊ..? എന്തു സമ്മാനമാണ് ഞാന്‍ അദ്ദേഹത്തിന് നല്‍കേണ്ടത്. ഒരു നല്ല കേക്കുണ്ടാക്കാന്‍ പഠിക്കാന്‍ ഇനി സമയമുണ്ടൊ..?

അദ്ദേഹത്തിന്റെ ബര്‍ത്ത്‌ഡേ ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് ആഘോഷിച്ചത് കഴിഞ്ഞവര്‍ഷമാണ്. തന്റെ ജീവിതത്തില്‍ ഏറ്റവും നല്ല ബര്‍ത്ത്‌ഡേ ആഘോഷം അതായിരുന്നെന്ന് അദ്ദേഹം അന്ന് പറയുകയുണ്ടായി. ഇനി എല്ലാ വര്‍ഷവും അത് ഞാന്‍ കൂടുതല്‍ മനോഹരമാക്കുമെന്ന് ഞാന്‍ അന്ന് അദ്ദേഹത്തിന് വാഗ്ദാനം നല്‍കി. അപ്പോള്‍ ഇത്തവണ എന്താണ് ഞാന്‍ ചെയ്യുക..?

ഓഹ്..നില്‍ക്കട്ടെ.. ഈ വര്‍ഷം കാര്യങ്ങള്‍ വ്യത്യസ്തമാണല്ലൊ. അബ്ദുല്ല സ്ഥലത്തില്ല. ഏതെങ്കിലും അസൈന്‍മെന്റുമായി ബന്ധപ്പെട്ട് ദീര്‍ഘയാത്രകളേതെങ്കിലും ഉള്ളതു കൊണ്ടൊന്നുമല്ല, ഞങ്ങള്‍ അടുത്ത ദിവസങ്ങളിലൊന്നും കാണാനിടയില്ല. ഏതാനും മൈല്‍ അകലത്ത് അബ്ദുല്ലയുണ്ട്. അദ്ദേഹം ഇപ്പോഴുള്ള സ്ഥലത്തെത്താന്‍ എനിക്ക് ഇവിടെ നിന്നും 20 മിനുട്ട് സമയം സഞ്ചരിച്ചാല്‍ മതി. പക്ഷെ, അത്ര ശരിയായ സ്ഥലത്തല്ലല്ലൊ അദ്ദേഹമുള്ളത്.

അബ്ദുല്ല കൂറ്റന്‍ കോണ്‍ക്രീറ്റ് ചുമരുകള്‍ക്കുള്ളില്‍ തടവിലാണ്. ഇരുമ്പ് കമ്പികളും സായുധരായ കാവല്‍ക്കാരും ഞങ്ങള്‍ക്കിടയിലുണ്ടാവും. ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാകുമെന്ന് ഞാന്‍ ആദ്യം പറഞ്ഞത്, ഇത്തവണ ബര്‍ത്ത്‌ഡേ ഒരുമിച്ച് ആഘോഷിക്കുന്ന കാര്യം ഉറപ്പില്ലാത്തതിനാലാണ്. ഞാന്‍ ആ നശിച്ച ജയിലറക്ക് പുറത്ത് നില്‍ക്കേണ്ടി വരുമൊ, അതല്ല തടവറയുടെ മുഷിപ്പില്‍ നിന്ന് അദ്ദേഹത്തെ സ്വല്‍പനേരത്തേക്ക് മോചിതനാവാന്‍ എന്നെ അവര്‍ അനുവദിക്കുമൊ..?

ഞാന്‍ മറ്റുപലതും ആലോചിക്കുകയാണ്.. എങ്ങനെയാണ് ജയിലില്‍ വെച് ഞങ്ങള്‍ ജന്മദിനമാഘോഷിക്കുക…? പത്തുപന്ത്രണ്ടാളുകളും അതിലേറെ ചാരന്മാരും ചുറ്റിലുമുണ്ടായാല്‍ എങ്ങനെയാണ് ഞങ്ങള്‍ ആ നിമിഷങ്ങള്‍ തള്ളിനീക്കുക. ഈ ജനങ്ങളില്‍ നിന്നൊക്കെയകന്ന് ഞങ്ങള്‍ക്കൊരു ആഘോഷം സാധ്യമാണൊ..?

ഈ വരുന്ന മെയ് 25 അബ്ദുല്ലക്ക് 26 വയസ് തികയും. 9490 ദിവസം അദ്ദേഹം ഭൂമിയില്‍ ജീവിച്ചതില്‍ 275 ദിവസം ഇതിനകം ഈജിപ്തിലെ കരിങ്കല്‍ തടവറയിലാണ്.
ഇനി അദ്ദേഹം മോചിതനായാല്‍, അതിന് അധികം നാളുകള്‍ വേണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു, എങ്ങനെയാണ് ഈ നഷ്ടങ്ങള്‍ നികത്താനാവുക..? എങ്ങനെ ഇതൊക്കെ ശരിയാകും..?

ഇന്ന് ഏപ്രില്‍ 30ന് അബ്ദുല്ല തന്റെ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചിട്ട് 100 ദിവസമാകുന്നു. സ്വാതന്ത്ര്യം, അതാണ് അദ്ദേഹത്തിന്റെ ആവശ്യം. അബ്ദുല്ല ജനിച്ചത് സ്വതന്ത്രനായിട്ടാണ്. എല്ലാ മനുഷ്യരും ജനിച്ചു വീഴുന്നത് സ്വതന്ത്രരായാണ്. ഒരു ശക്തിക്കും അവകാശമില്ല അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം നിഷേധിക്കാന്‍.

ഇതെനിക്ക് വല്ലാത്ത വേദനയാണുണ്ടാക്കുന്നത്. അന്നപാനീയങ്ങളില്ലാതെ 100 ദിവസം. അതിനേക്കാളപ്പുറം, അബ്ദുല്ലയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ ഈജിപ്ത് അധികൃതര്‍ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് എനിക്കൊരു പിടിയുമില്ല. ശരീരത്തിന്റെ ഭാരം നന്നേ കുറഞ്ഞിരിക്കുന്നു. നല്ലതു പോലെ നടക്കാന്‍ പോലുമാവുന്നില്ല. അദ്ദേഹത്തിന്റെ ശരീരത്തിനും ആന്തരികാവയവങ്ങള്‍ക്കും ഇനിയെന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല.

49 ദിവസം മുന്‍പ് ഞാനും അദ്ദേഹത്തിന്റെ നിരാഹാരസമരത്തോട് ഐക്യപ്പെടാന്‍ തീരുമാനിച്ചു. അദ്ദേഹം അനുഭവിക്കുന്നതിന്റെ ചെറിയൊരംശമെങ്കിലും എനിക്കനുഭവിക്കാമല്ലൊ. ഇപ്പോള്‍ ഞാന്‍ വെള്ളം മാത്രം കഴിച്ചാണ് ജീവിക്കുന്നത്.

ഇതെളുപ്പമല്ല; എന്റെ ഭര്‍ത്താവിനെ കുറിച്ചുള്ള ചിന്തകള്‍, മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും നിയമവാഴ്ചക്കും യാതൊരു വിലയും തങ്ങള്‍ കല്‍പിക്കുന്നില്ലെന്ന് തെളിയിച്ചു കഴിഞ്ഞ ഒരു ഭരണകൂടം ഭരിക്കുന്ന ഒരു രാജ്യത്ത് അദ്ദേഹത്തിന് എന്തു സംഭവിക്കുമെന്ന് ആലോചിച്ച് എനിക്ക് സഹിക്കുന്നില്ല. പക്ഷേ, എനിക്കഭിമാനമുണ്ട്. സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം ത്യജിക്കുന്നത്. സ്വന്തം സ്വാതന്ത്ര്യത്തിനു വേണ്ടിയല്ല, സത്യത്തിനു വേണ്ടി, എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് അദ്ദേഹം പൊരുതുന്നത്. എനിക്കഭിമാനമുണ്ട്, ആവിഷ്‌കാര സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷ പുലര്‍ത്തുന്ന, താന്‍ വിലമതിക്കുന്ന ഒരു കാര്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായ, ഒരാളുണ്ടല്ലൊ. അയാള്‍ എന്റെ ഭര്‍ത്താവാണല്ലൊ- എനിക്കഭിമാനമുണ്ട്.

ഒരുപാട് ആളുകള്‍ ഞങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതും പറഞ്ഞ് എന്നെ താക്കീത് ചെയ്യുന്നുണ്ട്. ശരീരത്തെ കുറിച്ചുള്ള ഇത്തരം സംസാരങ്ങളിലെന്തു കാര്യം; സ്വാതന്ത്ര്യം നമ്മില്‍ നിന്നും കവര്‍ന്നെടുത്താല്‍ പിന്നെയെന്തിനാണ് ശരീരത്തെ ചൊല്ലി പേടിക്കുന്നത്..?

കാര്യങ്ങള്‍ മരണത്തിന്റെ വക്കിലെത്തുമ്പോള്‍ എല്ലാം കൈവിട്ടുപോകുന്നുവെന്ന ഭയപ്പെടുന്ന ഒരു പെണ്ണുതന്നെയാണ് ഞാനും. പക്ഷേ, സ്വന്തം വിധിയെ താന്‍ തന്നെ തീരുമാനിക്കുമെന്നും അതിന് മറ്റാര്‍ക്കും അവകാശമില്ലെന്നും ഉറച്ചുവിശ്വസിക്കുന്നയാളാണ് അബ്ദുല്ല.

ഇങ്ങനെയൊക്കെ ഭയമുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാല്‍ എനിക്ക് പ്രത്യാശയുണ്ട്. അദ്ദേഹം ഉടനെ എന്റെയടുക്കലെത്തും. ഭീകരതക്കും അനീതിക്കും നേരെ എതിരുനിന്ന് തന്റെയും എല്ലാ പത്രപ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഈ യുവാവിന്റെ നിശ്ചദാര്‍ഢ്യത്തെ കുറിച്ച് ചരിത്രത്തില്‍ വീരഗാഥകള്‍ എഴുതപ്പെടുക തന്നെ ചെയ്യും, എനിക്കുറപ്പുണ്ട്.

വിവ : മുഹമ്മദ് അനീസ്‌

Related Articles