Current Date

Search
Close this search box.
Search
Close this search box.

തങ്ങളെ അടിച്ചമര്‍ത്തുന്ന വിശ്വാസത്തിലേക്കാണോ ഇവരുടെ പോക്ക് !

ഇസ്‌ലാം സ്ത്രകളോട് സ്വീകരിച്ചിരിക്കുന്ന നിലപാട് വളരെയധികം തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. ബുര്‍ഖയണിഞ്ഞ് ഭര്‍ത്താവിന്റെ രണ്ടടി പിന്നിലായി നീങ്ങുന്ന മുസ്‌ലിം സ്ത്രീയുടെ കാരികേച്ചറാണ് ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നത്. മറ്റേത് വിശ്വാസം വെച്ചു പുലര്‍ത്തുന്നവരേക്കാളെല്ലാം കൂടുതലായി സാംസ്‌കാരിക തലത്തില്‍ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുന്നവളാണ് മുസ്‌ലിം സ്ത്രീ. സ്ത്രീക്ക് ഏറ്റവും കുറഞ്ഞ വ്യക്തിസ്വാതന്ത്ര്യം നല്‍കുന്ന സമൂഹമാണ് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക സമൂഹം എന്നാണ് പലരും ധരിച്ചിരിക്കുന്നത്.

എന്നാല്‍ ബ്രിട്ടീഷ് വനിതള്‍ക്കിടയില്‍ ഇസ്‌ലാമിനോട് വല്ലാത്ത ഒരു അഭിനിവേശം തന്നെ നമുക്കിന്ന് കാണാം. അവരില്‍ നിന്നും ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. ഒരു കണക്ക് പ്രകാരം ഏകദേശം 50,000 ബ്രിട്ടീഷുകാര്‍ ഓരോ വര്‍ഷവും ഇസ്‌ലാം സ്വീകരിക്കുന്നുണ്ട്. അതിന്റെ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. അവരിലധികം സ്വന്തമായി തൊഴിലെടുക്കുന്ന ബാങ്കുദ്യോഗസ്ഥകളും ഡോക്ടര്‍മാരും മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. തങ്ങളെന്താണ് ചെയ്യുന്നതെന്ന വ്യക്തമായ ബോധ്യത്തോടെ തന്നെയാണ് അവരത് ചെയ്യുന്നത്. അതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമുള്ള എതിര്‍പ്പുകളും അവര്‍ നേരിടേണ്ടി വരാറുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ മരുമകള്‍ ലോറന്‍ ബൂത്, പ്രമുഖ ജേര്‍ണലിസ്റ്റ് യിവോണ്‍ റിഡ്‌ലി, എം ടിവി അവതാരിക ക്രിസ്റ്റിയാനെ ബേകര്‍ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.

സെപ്തംബര്‍ 11-ന് ശേഷം ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും സ്ത്രീകള്‍ കൂടുതലായി ഇസ്‌ലാം സ്വീകരിക്കുന്നുണ്ടെന്നും ഏതെങ്കിലും പള്ളികള്‍ അവകാശപ്പെട്ടതിന് രേഖാമൂലമുള്ള തെളിവുകളൊന്നുമില്ല.
‘ധാരാളം സ്ത്രീകളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ എനിക്ക് കിട്ടികൊണ്ടിരിക്കുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്നുവെന്ന തെറ്റായ പ്രചരണമുണ്ടാക്കുന്ന ഫലം വളരെയധികം അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. തെറ്റായ അത്തരം കാര്യങ്ങളാണ് അവരുടെ താല്‍പര്യത്തെ ഉത്തേജിപ്പിച്ചതെന്ന് സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു.’ ലെയ്സ്റ്ററിലെ ഇമാമായ ശൈഖ് ഇമാം ഇബ്‌റാഹീം മൊഗ്‌റയുടെ വാക്കുകളാണിത്.

തികഞ്ഞ പ്രൊഫഷണലുകളും സ്വതന്ത്രരുമായ പാശ്ചാത്യ സ്ത്രീകളെ അടിച്ചമര്‍ത്തലിന്റെ പ്രതീകമായ ഒരു വിശ്വാസം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്താണ്? ‘നവ മുല്ലമാരെ’ അതിലേക്ക് ആകര്‍ഷിക്കുന്ന ഘടകം എന്താണ്?

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് (CIS) ലെയ്‌സ്റ്ററിലെ പുതുമുസ്‌ലിംകളുടെ സഹകരണത്തോടെ നടത്തിയ പഠനം ഇസ്‌ലാം സ്വീകരിച്ച സ്ത്രീകളെ കുറിച്ച് വളരെ ആകര്‍ഷകമായ വിവരങ്ങളാണ് നല്‍കുന്നത്. ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് വിവരിക്കുന്ന 129 പേജ് വരുന്ന റിപോര്‍ട്ട് വ്യക്തമായ ചില ചിത്രങ്ങളാണ് നല്‍കുന്നത്. വിശ്വാസ മാറ്റം ഉണ്ടാക്കുന്ന സാമൂഹികവും വൈകാരികവും പലപ്പോഴും സാമ്പത്തികമായുമുളള പ്രയാസങ്ങളെ കുറിച്ചത് പറയുന്നു. ഇസ്‌ലാമിനെ കുറിച്ച് സ്ഥിരപ്രതിഷ്ഠ നേടിയ ധാരണകള്‍ നിലനില്‍ക്കുന്നതോടൊപ്പം സ്ത്രീകള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരാകുന്നതിന്റെ കാരണങ്ങളെയും അത് വിലയിരുത്തുന്നു. ഇസ്‌ലാമിനെ കുറിച്ച് അറിയാനുള്ള താല്‍പര്യം അവരില്‍ ഉണ്ടായിരുന്നതായി കാണാം, പ്രത്യേകിച്ചും സെപ്റ്റംബര്‍ 11-ന് ശേഷം അത് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിന്റെ യാതൊരു നിയന്ത്രണവുമില്ലാത്ത സ്വാതന്ത്ര്യത്തിനെതിരെ ആത്മീയ തേടിയുള്ള അന്വേഷണവും അതിന്റെ കാരണങ്ങളില്‍ പെട്ടതാണ്. മുസ്‌ലിം ബോയ് ഫ്രണ്ടിനെ വിവാഹം ചെയ്യുന്നതിന് ഇസ്‌ലാം സ്വീകരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. അവരില്‍ പലരും ഇസ്‌ലാമിനെ കുറിച്ച് അറിയുന്നത് ബോയ് ഫ്രണ്ടില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ആണ്. ജിജ്ഞാസ കാരണം അതിലെത്തുകയും പിന്നീട് അതില്‍ ആകൃഷ്ടരായവരും ഉണ്ട്.

കത്തോലിക്കാ വിശ്വാസിയായിരുന്ന അനിസ അകിന്‍സനെ ഇസ്‌ലാമിലെത്തിച്ചത് ഇസ്‌ലാമിനെ കുറിച്ച ഒരു ലഘുലേഖയായിരുന്നു. ‘എന്നെ സംബന്ധിച്ച് വളരെ മുഷിപ്പന്‍ ഒന്നായിരുന്നു അത്, എന്നാല്‍ അതിലെ ചില പേജുകളില്‍ ഞാന്‍ അന്വേഷിച്ചിരുന്ന കാര്യമായിരുന്നു. എന്നില്‍ അതൊരു പ്രകാശമുണ്ടാക്കി. അതുകൊണ്ട് തന്നെ ഞാന്‍ കൂടുതല്‍ പഠിക്കുകയും വായിക്കുകയും ചെയ്തു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞാനൊരു മുസ്‌ലിമായി മാറി.’

കരോലിന്‍ ബെയ്റ്റ് എന്ന ബാങ്കറുടെ ഉറ്റസുഹൃത്ത് ഒരു മുസ്‌ലിമിനെ വിവാഹം കഴിച്ചതാണ് ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ‘ഞാന്‍ തെരെഞ്ഞെടുത്ത പുസ്തകങ്ങള്‍ എന്നെ പ്രചോദിപ്പിച്ചു. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ വളരെ യുക്തിപൂര്‍ണമാണ്. വ്യക്തിപരമായി തന്നെ നങ്ങള്‍ക്കതിനെ സമീപിക്കാവുന്നതാണ്.’

പാശ്ചാത്യന്റെ എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന സ്ത്രീകള്‍ എന്തു കൊണ്ട് തനി പിന്തിരിപ്പനും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതുമായ ഒരു വിശ്വാസത്തെ പുല്‍കുന്നു എന്ന് ആളുകള്‍ അറിയേണ്ടതുണ്ട്.

വ്യത്യസ്ത പ്രായത്തിലും വ്യത്യസ്ത വിശ്വാസം വെച്ചു പുലര്‍ത്തിയിരുന്നവരുമായ 50-ഓളം സ്ത്രീകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അവരില്‍ പലര്‍ക്കും കുടുംബത്തില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. തികച്ചും അപരിഷ്‌കൃതമായ വിശ്വാസം സ്വീകരിച്ചത് അവരില്‍ ഒരാളുടെ പിതാവിനെ ഞെട്ടിക്കുക തന്നെ ചെയ്തു. അവളെ ഉപേക്ഷിക്കുകയാണ് അയാള്‍ ചെയ്തത്. തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നാണ് അവളുടെ സഹോദരന്‍ അതിനോട് പ്രതികരിച്ചത്. ബ്രിട്ടന്റെ ഇസ്‌ലാമിക വത്കരണത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണത് ചെയ്ത്. അയല്‍ക്കാരോടെല്ലാം തന്റെ സഹോദരി മരിച്ചു എന്നാണവന്‍ പറഞ്ഞത്. അവള്‍ വിദേശ യാത്ര പോയപ്പോള്‍ അവളുടെ കുടുംബം തന്നെ സെക്യൂരിറ്റി വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കി വരുന്നത് ഒരു ഭീകരവാദിയാണെന്ന്. മതവിശ്വാസികളായ കുടുംബങ്ങളേക്കാള്‍ ശത്രുതയോടെയാണ് നിരീക്ഷരവാദികളായവര്‍ ഇസ്‌ലാം സ്വീകരണത്തോട് പ്രതികരിച്ചത്. പുതിയ സമൂഹത്തിലും ചുറ്റുപാടിലും സ്വീകാര്യത കിട്ടുന്നതിനായി വളരെയധികം പൊരുതേണ്ടി വന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ ഗൗരവപൂര്‍ണമായ പഠനമാണിത്. മുന്‍ധാരണകള്‍ നിറഞ്ഞ ഒരു വിഷയത്തില്‍ അത് ചര്‍ച്ചകള്‍ ഉണ്ടാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. മുന്‍ധാരണകള്‍ ഏകപക്ഷീയമല്ലെന്നും ശ്രദ്ധേയമാണ്.

വിവ : അഹ്മദ് നസീഫ്‌

Related Articles