Current Date

Search
Close this search box.
Search
Close this search box.

തക്ബീറിന്റെ പൊരുള്‍ നഷ്ടപ്പെടാതിരിക്കട്ടെ

കടുത്ത പരീക്ഷണങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ നിന്നാണ്  മുസ്‌ലിം ലോകത്തിന്റെ വലിയൊരു ഭാഗം ഇത്തവണ ഹജ്ജിനെയും പെരുന്നാളിനെയും സ്വീകരിക്കുന്നത്. ഇറാഖിലും സിറിയയിലും നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും ഐഎസ് ഭീകരര്‍ നടത്തി കൊണ്ടിരിക്കുന്ന അതിക്രമങ്ങളും, യമനിലെ പ്രശ്‌നങ്ങള്‍, ഈജിപ്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍, ജൂത കുടിയേറ്റക്കാരും അധിനിവേശ ഭരണകൂടവും മസ്ജിദുല്‍ അഖ്‌സക്കും ഖുദ്‌സ് നിവാസികള്‍ക്കും നേരെ നടത്തുന്ന കയ്യേറ്റങ്ങള്‍, തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രതിസന്ധികളെ കുറിച്ച് നാം നിരന്തരം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. സ്വന്തം നാട്ടില്‍ സമാധാനം ലഭിക്കാതെ നാടുവിട്ടോടുന്ന അഭയാര്‍ഥികളുടെ കാലത്ത് നാടിന്റെ നിര്‍ഭയത്വത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ഥിച്ച ഇബ്‌റാഹീം നബിയുടെ മാതൃകക്ക് ഏറെ പ്രസക്തിയുണ്ട്. ജീവിതത്തില്‍ ഭക്ഷണം, പാര്‍പ്പിടം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ പോലെ പ്രധാനമാണ് സമാധാനം. അതുകൊണ്ടു തന്നെ തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഒരു വിശ്വാസിയുടെ ബാധ്യതയായിട്ടു തന്നെ മനസ്സിലാക്കണം.

അപ്രകാരം ഈ സന്ദര്‍ഭത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഇബ്‌റാഹീമി മാതൃക. മഹാനായ അദ്ദേഹം ‘അല്ലാഹു അക്ബര്‍’ എന്ന് പ്രഖ്യാപിച്ചപ്പോള്‍ അല്ലാഹുവേക്കാള്‍ വലുതായി മറ്റൊന്നും മുന്നിലുണ്ടായിരുന്നില്ല. സ്വന്തം കുടുംബവും പ്രിയ പുത്രനുമെല്ലാം അല്ലാഹുവിന് മുന്നില്‍ ചെറുതായിരുന്നു. അത്തരത്തില്‍ മാനസികമായി ‘അല്ലാഹു അക്ബറി’നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതു കൊണ്ടു മാത്രമാണ് അല്ലാഹുവിന്റെ കല്‍പന സ്വീകരിച്ച് തനിക്ക് പ്രിയപ്പെട്ടതെല്ലാം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്. ജീവിതത്തിലെ സകലതും അല്ലാഹുവിന് സമര്‍പ്പിച്ചതിലൂടെയാണ് ‘മുസ്‌ലിംകളില്‍ ഒന്നാമന്‍’ എന്ന യോഗ്യതക്ക് അദ്ദേഹം അര്‍ഹനായത്. എന്നാല്‍ മുസ്‌ലിംകളെന്ന് അവകാശപ്പെട്ട് ജീവിക്കുന്ന നമ്മുടെയെല്ലാം ജീവിതത്തില്‍ അല്ലാഹുവിനേക്കാള്‍ വലുതായി എന്തൊക്കെയുണ്ടെന്ന വിലയിരുത്തലിനുള്ള സമയം കൂടിയാണിത്. നമ്മുടെ കുടുംബവും സമ്പത്തും ഇച്ഛകളും ചിലപ്പോഴെങ്കിലും അല്ലാഹുവിന്റെ കല്‍പനകള്‍ക്കും മീതെ വരാറില്ലേ? അവക്ക് വേണ്ടി നാം അല്ലാഹുവിന്റെ കല്‍പനകളെ മാറ്റി വെക്കുമ്പോള്‍ ‘മുസ്‌ലിം’ എന്ന നമ്മുടെ വിശേഷണത്തിനാണത് പരിക്കേല്‍പ്പിക്കുന്നത്.

ഹജ്ജ് ഉയര്‍ത്തുന്ന മറ്റൊന്നു ഉന്നത മൂല്യമാണ് മാനവിക സാഹോദര്യവും സമത്വവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന വ്യത്യസ്ത ഭാഷക്കാരും വര്‍ഗക്കാരും വര്‍ണക്കാരുമായ മുസ്‌ലിംകള്‍ സമ്മേളിക്കുന്ന അറഫയിലെ ബഹുജന സംഗമം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഏറ്റവും ഉന്നതമായ പ്രതീകമാണ്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തകര്‍ക്കാനുള്ള എല്ലാവിധ കുതന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കെ, മദ്ഹബിന്റെയും സംഘടനയുടെയും പേരില്‍ പരസ്പരം കടിച്ചുകീറുകയും പാരപണിയുകയും ചെയ്യുന്നവരായി മുസ്‌ലിം സമുദായം മാറുന്നത് ദുഖകരമാണ്. മുസ്‌ലിം സമൂഹത്തിന്റെ ഐക്യവും പരസ്പര സാഹോദര്യവും നിലനിര്‍ത്താന്‍ ബാധ്യതയുള്ള മഹല്ല് സംവിധാനങ്ങള്‍ പോലും അനൈക്യത്തിനും അസഹിഷ്ണുതക്കും വളം വെച്ചുകൊടുക്കുന്നതായിട്ടുള്ള വാര്‍ത്തകള്‍ നാം കേള്‍ക്കേണ്ടി വരുന്നു. മുസ്‌ലിംകളെ തരം കിട്ടുമ്പോഴെല്ലാം ദ്രോഹിച്ചിട്ടുള്ള ജൂതസമുദായത്തോടു പോലും സഹിഷ്ണുതയോടെ വര്‍ത്തിച്ച പ്രവാചകന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് അംഗീകരിച്ച ഒരാള്‍ സ്വന്തം സംഘടയുടെ ആളല്ലാത്തതിന്റെ പേരില്‍ അസഹിഷ്ണുതയോടെ വര്‍ത്തിക്കാന്‍ എങ്ങനെയാണ് സാധിക്കുക? അവര്‍ മരണപ്പെട്ടാല്‍ മഹല്ല് സംവിധാനത്തിന് കീഴിലുള്ള മയ്യിത്ത് കട്ടിലും മറ്റ് അനുബന്ധ സൗകര്യങ്ങളും നല്‍കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യം ‘താനിഷ്ടപ്പെടുന്നത് തന്റെ സഹോദരന് ഇഷ്ടപ്പെടുന്നത് വരെ നിങ്ങളാരും മുസ്‌ലിമാവുകയില്ലെ’ന്ന് പ്രഖ്യാപിച്ച പ്രവാചകന്റെ അനുയായികള്‍ക്ക് എവിടെ നിന്നും ലഭിച്ചു! സംഘടനകള്‍ക്കും വര്‍ഗത്തിനും വംശത്തിനും അതീതമായി മനുഷ്യനെ കാണാനും സ്‌നേഹിക്കാനുമാണ് അറഫ നമ്മെ പഠിപ്പിക്കുന്നത്. സംഘടനയും ഇച്ഛകളും അല്ലാഹുവിന്റേയും അവന്റെ ദൂതന്റെയും കല്‍പനകളേക്കാള്‍ വലുതാകുമ്പോള്‍ നമ്മുടെ തക്ബീറുകളുടെ പൊരുളാണ് നഷ്ടമാകുന്നതെന്ന് പ്രത്യേകം ഓര്‍ക്കുക. ഹജ്ജിലൂടെ പകര്‍ന്നു നല്‍കുന്ന സന്ദേശം ഏറ്റെടുത്ത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ നാം ഒരോരുത്തര്‍ക്കും സാധിക്കേണ്ടതുണ്ട്.

Related Articles