Current Date

Search
Close this search box.
Search
Close this search box.

തകര്‍ന്ന വീടിന്റെ താക്കോള്‍; ദൃഢനിശ്ചയത്തിന്റെ പ്രതീകം

nakba-48.jpg

ആട്ടിയോടിക്കപ്പെട്ടിട്ട് 66 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഫലസ്തീനികളുടെ ഓര്‍മയില്‍ നിന്നും തങ്ങളുടെ ഗ്രാമവും ചരിത്ര നഗരങ്ങളും മറഞ്ഞിട്ടില്ല. അവിടേക്ക് മടങ്ങുമെന്നും തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും ദൃഢനിശ്ചയം ചെയ്തിരിക്കുന്നവരാണവര്‍. ബത്‌ലഹേമിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ‘ആയിദ’ ക്യാമ്പില്‍ അനാദോല്‍ ലേഖകന്‍ ഒരു സന്ദര്‍ശനം നടത്തി. 27 ഫലസ്തീന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ആറായിരത്തോളം അഭയാര്‍ഥികളാണ് 115 ച.കി.മീ വ്യാപ്തിയുള്ള ക്യാമ്പില്‍ കഴിയുന്നത്.

അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും അബ്ദുല്‍ മജീദ് അബൂസുറൂര്‍ അനദോല്‍ ലേഖകനോട് പറയുന്നു: ‘ബൈത് നാതീവ് ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ ആട്ടിയിറക്കപ്പെട്ടിട്ട് 66 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, അവിടത്തെ തോട്ടങ്ങളും പൂന്തോപ്പുകളും ഇന്നും ഓര്‍ക്കുന്നു. സയണിസ്റ്റ് സംഘങ്ങളുടെ കൂട്ടകശാപ്പില്‍ നിന്ന് ഗ്രാമവാസികള്‍ ഓടിരക്ഷപ്പെടുന്ന രംഗം മനസ്സില്‍ ഇപ്പോഴുമുണ്ട്.’

നക്ബയുടെ സമയത്ത് എനിക്ക് 18 വയസ്സായിരുന്നു. വിവിധ ഇനം പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്തിരുന്ന തോട്ടങ്ങളായിരുന്നു ഞങ്ങളുടേത്. അതിക്രമങ്ങള്‍ നിറഞ്ഞ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നെങ്കിലും ആശ്വാസകരമായ ഒരു ജീവിതമായിരുന്നു അന്നെന്ന് 84 കാരനായ അദ്ദേഹം ഓര്‍ക്കുന്നു. ‘സയണിസ്റ്റ് ഗ്രൂപ്പുകള്‍ ഞങ്ങള്‍ക്ക് നേരെ അക്രമണം നടത്തുകയും, വധിക്കുകും ആട്ടിയോടിക്കുകയും ചെയ്തു. പരിമിതമായ ആയുധങ്ങളും സൗകര്യങ്ങളും മാത്രം കൈവശമുണ്ടായിട്ടും വിപ്ലവകാരികളുമായി അവര്‍ക്ക് ശക്തമായ ഏറ്റുമുട്ടല്‍ തന്നെ നടത്തേണ്ടി വന്നു’ ഇത്രയും പറഞ്ഞ് അല്‍പസമയം മൗനത്തിലായ അബൂസുറൂല്‍ തുടര്‍ന്നു: ‘എന്റെ മൂത്ത സഹോദരന്‍ രക്തസാക്ഷിയായി, അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ അന്ന് ആയിട്ടുണ്ടായിരുന്നുള്ളൂ. പോരാളികളോടൊപ്പം ഫലസ്തീന്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ പോരാടിയാണ് അദ്ദേഹം വിടവാങ്ങിയത്.’

ബൈത് നതീഫ് ഗ്രാമത്തെ കുറിച്ചദ്ദേഹം വാചാലനാവുന്നുണ്ട്: ‘സയണിസ്റ്റുകള്‍ പ്രവേശിക്കുന്നതിന് മുമ്പു തന്നെ ഞാന്‍ ഗ്രാമം വിട്ടോടി. ദേര്‍ യാസീന്‍ പോലുള്ള നിരവധി കൂട്ടകശാപ്പുകള്‍ നടത്തിയാണ് അവര്‍ വരുന്നത്. അവര്‍ ഗ്രാമത്തില്‍ കയറിയപ്പോള്‍ തന്നെ മുഴുവന്‍ വീടുകളും തകര്‍ത്തു. ആളുകള്‍ തങ്ങളുടെ എല്ലാം ഉപേക്ഷിച്ച് ബത്‌ലഹേം മലകളിലേക്ക് ഓടുകയാണ് ചെയ്തത്. കുറെയാളുകള്‍ അടുത്ത ദിവസം മടങ്ങി വന്ന് തങ്ങള്‍ക്ക് കൊണ്ടു പോകാന്‍ കഴിയുന്ന വസ്തുക്കള്‍ കൊണ്ടു പോയിരുന്നു. ഞങ്ങളില്‍ ചിലരൊക്കെ കരുതിയിരുന്നത് കുറിച്ചു ദിവസം കഴിഞ്ഞാല്‍ മടങ്ങി പോകാമെന്നു തന്നെയായിരുന്നു. ഭൂമി വിരിപ്പായും ആകാശം പുതപ്പായും സ്വീകരിച്ച് അവര്‍ കഴിഞ്ഞു പോന്നു. 1948-ല്‍ ശൈത്യകാലം തുടങ്ങിയതോടെ ബത്‌ലഹേം ഗ്രാമങ്ങളില്‍ സന്നദ്ധ സംഘടനകളൊരുക്കിയ ടെന്റുകളിലെ അഭയാര്‍ത്ഥികളായി ഞങ്ങള്‍ മാറി. ആ വീടുകള്‍ ഒരു ജനതയുടെ ദുരിതത്തിന്റെ പ്രതീകമായി ഇന്ന് മാറിയിരിക്കുന്നു.’

നക്ബക്ക് ശേഷം അനുഭവിച്ച ദുരിതങ്ങളും അദ്ദേഹം ഓര്‍ക്കുന്നു. തന്റെ ഗ്രാമത്തില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണമെന്നതാണ് അദ്ദേഹത്തിന്റെയും ആഗ്രഹം. ‘തിരിച്ചു പോകാനുള്ള അനുവാദം ഇപ്പോള്‍ ലഭിക്കുകയാണെങ്കില്‍ കാല്‍നടയായി തന്നെ അവിടേക്ക് പോകും’ വാര്‍ധക്യത്തെയും രോഗത്തെയും അവഗണിച്ച് ആവേശത്തോടെ അദ്ദേഹം പറയുന്നു. വീട് തകര്‍ക്കപ്പെട്ടെങ്കിലും അതിന്റെ താക്കോല്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൈകളില്‍ സുരക്ഷിതമായിട്ടുണ്ട്.

1948 മെയ് 15 നെ കുറിക്കുന്നതിനായിരുന്നു ഫലസ്തീനികള്‍ ‘നക്ബ’യെന്ന് വിശേഷിപ്പിക്കുന്നത്. അന്നായിരുന്ന ജൂതഭീകര സംഘങ്ങള്‍ ഫലസ്തീന്‍ മണ്ണില്‍ അധിനിവേശം നടത്തിയത്. തദ്ദേശീയരെ മുഴുവന്‍ ആട്ടിയോടിച്ച് ഇസ്രയേല്‍ രാഷ്ട്രത്തിന് തറക്കല്ലിട്ടതായി അവര്‍ പ്രഖ്യാപിച്ചു. സായുധമായ പ്രതിരോധം കൊണ്ടല്ലാതെ മടങ്ങാനുള്ള അവകാശം ലഭിക്കില്ല, എന്ന് വിശ്വസിക്കുന്നവരാണ് മിക്ക ഫലസ്തീനികളും. അതില്‍ വിട്ടുവീഴ്ച്ചക്ക് ഒരുങ്ങുന്നവന്‍ വഞ്ചകനാണ്. അതില്‍ ഒരു വിട്ടുവീഴ്ച്ചയും ഞങ്ങള്‍ അംഗീകരിക്കില്ല, അതിന് ആര്‍ക്കും അവകാശവുമില്ലെന്ന് മുസ്‌ലിം ബുറാഖഅ പറയുന്നു.

ആട്ടിയോടിക്കപ്പെട്ട് വീടോ തൊഴിലോ ഇല്ലാതെയായ ആ കാലം ഒരു പേടിസ്വപ്‌നമായിട്ടാണ് പലരും ഓര്‍ക്കുന്നത്. 1948 മെയ് 15-ന് ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കുമ്പോള്‍ ഫലസ്തീനികള്‍ക്കത് ‘നക്ബ’ (ദുരന്തം)യാണ്. എട്ടു ലക്ഷത്തോളം ഫലസ്തീനികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടു. വെസ്റ്റ്ബാങ്കിലും ഗസ്സയിലും ജോര്‍ദാനിനും ഈജിപ്തിലും സിറിയയിലും ലബനാനിലും ഇറാഖിലുമെല്ലാം അവര്‍ അഭയാര്‍ഥികളായി എത്തി. കണക്കുകള്‍ പ്രകാരം 531 ഫലസ്തീന്‍ ഗ്രാമങ്ങളും നഗരങ്ങളുമാണ് 1948ല്‍ ഇസ്രയേല്‍ തകര്‍ത്തത്. പതിനയ്യായിരത്തില്‍ പരം ഫലസ്തീനികളുടെ ജീവനും അവര്‍ അപഹരിച്ചു.
അവലംബം : അല്‍മുജ്തമഅ്

വിവ: അഹ്മദ് നസീഫ്‌

Related Articles