Current Date

Search
Close this search box.
Search
Close this search box.

ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി: പാണ്ഡിത്യം വിനയമാക്കിയ മഹാപ്രതിഭ

അക്കാദമിക വൈദഗ്ദ്യം, നേതൃശേഷി, വൈജ്ഞാനിക പാടവം എന്നിവയാല്‍  ശ്രദ്ധേയനായ ആധുനിക ഇസ്‌ലാമിക പണ്ഡിതനായിരുന്നു അന്തരിച്ച ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി , അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളിലെ പഠനം  അദ്ദേഹത്തിന്റെ അക്കാദമിക മികവിന് വഴിയൊരുക്കുകയുണ്ടായി. സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ദീര്‍ഘകാലം പ്രൊഫസറായി സേവനമനുഷ്ടിച്ച അദ്ദേഹം അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ പാര്‍സി, ഹിന്ദി ,ഫ്രഞ്ച് , ജര്‍മന്‍ ഭാഷകളില്‍ കൂടി അവഗാഹം നേടിയിരുന്നു എന്നത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമക്ക് തിളക്കം കൂട്ടുന്നു.

നിലവിലെ അക്കാദമിക പണ്ഡിതന്മാരില്‍ നിന്ന് ഭിന്നമായി കാലഘട്ടത്തിലെ നൂതന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക ചിന്താധാരയുടെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ അദ്ദേഹം അഹോരാത്രം പരിശ്രമിക്കുകയുണ്ടായി. ഇന്ത്യയിലെ ഇതരവേദങ്ങളെയും ദര്‍ശനങ്ങളെയും പറ്റി പരിജ്ഞാനം നേടാനും വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ അവയെ വിലയിരുത്താനും ഇസ്‌ലാമിക പ്രബോധകരെയും വിദ്യാര്‍ഥി തലമുറയെയും അദ്ദേഹം നിരന്തരമായി ഉല്‍ബോധിപ്പിക്കുകയുണ്ടായി. മതതാരതമ്യപഠനം, തസവ്വുഫ്, ധാര്‍മിക വിജ്ഞാനം എന്നീ മേഖലകളില്‍ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി. ഇസ് ലാമിക ചിന്താസരണിയില്‍ ആധുനിക കാലത്ത് ഇറങ്ങിയ ശ്രദ്ദേയമായ പുസ്തകങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ ‘സൂഫിസവും ശരീഅത്തും : സര്‍ഹിന്ദി ചിന്തകളുടെ അപഗ്രഥനം’ എന്നത്. നാം പതിറ്റാണ്ടുകളായി പടിക്കു പുരത്തു നിര്‍ത്തിയിരുന്ന സൂഫിസം എന്ന ചിന്താപദ്ധതിയെ അടുത്തറിയാനും ആഴത്തില്‍ മനസ്സിലാക്കാനുമുള്ള ശ്രമമാണ് ഈ കൃതിയെ വ്യതിരിക്തമാക്കുന്നത്. പരമ്പരാഗത രീതിയിലുള്ള മഹാന്മാരുടെ ജീവിതത്തിലെ അതിശയോക്തി കലര്‍ന്ന കഥകള്‍കപ്പുറം ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായി സൂഫിസത്തെ അപഗ്രഥിക്കുകയും അത് ഇസ്‌ലാമിന്റെ ഭാഗം തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നതുമായിരുന്നു പ്രസ്തുത പഠനം. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഈ പുസ്തകം അബ്ദുറഹ്മാന്‍ മുന്നൂര്‍ മലയാളത്തിലേക്ക് തര്‍ജുമ ചെയ്തിട്ടുണ്ട്.
ഇബ്‌നുസീനയുടെയും മുഅ്തസില വിഭാഗത്തിന്റെയും ചിന്തകളെ കുറിച്ച് ബൃഹത്തായ പ്രബന്ധങ്ങള്‍ തയ്യാറാക്കിയ അദ്ദേഹം ഇബ്‌നു തൈമിയ്യയുടെ ചിന്തകളെ പറ്റി ബൃഹദ്ഗ്രന്ഥവും തയ്യാറാക്കുകയുണ്ടായി. വേദങ്ങളെയും അവയുടെ സാരാംശങ്ങളെയും പഠിക്കേണ്ടതിന്റെ മികച്ച ഉദാഹരണമായി മൗലാനാ മൗദൂദിയുടെ രചനകളെ അദ്ദേഹം ഉദാഹരിക്കുന്നു. വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ ക്രിസ്തുമതത്തെ അവലോകനം ചെയ്യാന്‍ ബൈബിള്‍ നിയമങ്ങള്‍ മാത്രമല്ല, എന്‍സൈക്ലോപീഡിയ ഓഫ് ബ്രിട്ടാനിക്ക പോലും മൗദൂദി ഉദ്ദരിച്ചതായി അദ്ദേഹം വിശദീകരിക്കുന്നു.  അമേരിക്ക, പാകിസ്ഥാന്‍, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നിറങ്ങുന്ന അക്കാദമിക് ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. ഖൗമി യക് ജീഹതി ഓര്‍ ഇസ്‌ലാം (ഉര്‍ദു), മഖ്‌സൂദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വ്വുര്‍ (ഉര്‍ദു), സൂഫിസം ആന്റ് ശരീഅത്ത് (ഇംഗ്ലീഷ്) ഇന്റട്രൊഡക്ഷന്‍ ടുദി എക്‌സിജീസ് ഓഫ് ഖുര്‍ആന്‍(ഇംഗ്ലീഷ്) മആലിമുത്തസവ്വുഫില്‍ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നി തൈമിയ്യ (അറബി) എന്നിവയാണ് പ്രസിദ്ധ കൃതികള്‍. ഇബ്‌നു തൈമിയ്യ എക്‌സ്പൗണ്ടസ് ഇസ്‌ലാം, കമ്യൂണിറ്റി ഇന്‍ ദ ക്രീസ് ഓഫ് അത്ത്വഹാവി, ഇബ്‌നു തൈമിയ്യയുടെ രിസാലതുല്‍ ഉബൂദിയ്യ എന്നിവ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളാണ്.
അദ്ദേഹത്തിന്റെ അക്കാദമിക മികവും വൈജ്ഞാനിക പാടവവും ഇന്ത്യയിലെ ഇസ്‌ലാമിക നവോഥാന പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയുണ്ഡായി. കാലഘട്ടത്തിലെ നൂതന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാത്തില്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ദല്‍ഹിയില്‍ ഇസ്‌ലാമിക അക്കാദമി അദ്ദേഹം സ്ഥാപിച്ചു. സിദ്ധീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള വിഷന്‍ 2016 പോലുളള ബൃഹത്തായ പദ്ധതികള്‍ക്ക് പ്രാരംഭം കുറിച്ചത് അദ്ദേഹം ജമാഅത്തിന്റെ അമീര്‍ ആയിരുന്ന കാലത്താണ്. കേരളത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിരുന്ന അദ്ദേഹം ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ പോലുള്ള വൈജ്ഞാനിക കേന്ദ്രങ്ങളുടെ ഉന്നമനത്തിനായി സേവനങ്ങളര്‍പ്പിക്കുകയുണ്ടായി. ശാന്തപുരം അല്‍ജാമിഅയുടെ ചാന്‍സലറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി അന്തരിച്ചു

Related Articles