Current Date

Search
Close this search box.
Search
Close this search box.

ഡിസംബറിലെ വിപ്ലവകാരി

ഡിസംബര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്നു വരുന്ന ഒന്നാണ് ക്രിസ്തുമസ്. യേശു ക്രിസ്തുവിന്റെ ജന്മദിനത്തിലേക്ക് ചേര്ത്ത് നടത്തുന്ന പ്രസ്തുത ആഘോഷത്തിന് ആ വിപ്ലവകാരിയുമായി യാതൊരു ബന്ധവുമില്ല എന്നുള്ള സത്യം മിക്ക ക്രൈസ്തവ പണ്ഡിതന്മാരും അംഗീകരിച്ചതാണ്. പാഗന്‍സ് വിശ്വാസികളുടെ ആഘോഷമായിരുന്നു ഡിസംബര്‍ 25-ലെ ‘അജയ്യനായ സുര്യന്റെ പിറന്നാള്’. ഡിസംബര്‍മാസത്തിന്റെ അവസാനസമയം പകലിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നത് വര്‍ഷം മുഴുവന്‍ പ്രകാശം തന്നിട്ടും, സൂര്യദേവന്‍ മരിക്കുന്നില്ല എന്നും അടുത്ത വര്‍ഷവും അദ്ദേഹം വരും എന്ന ശുഭാപ്തിവിശ്വാസമാണ് പ്രസ്തുത ആഘോഷത്തിന്റെ അടിസ്ഥാനം. സമൂഹത്തിലുണ്ടായിരുന്ന പാഗന്‍സ് വിശ്വാസികളുടെ കടുത്തവെറുപ്പ് വരാതിരിക്കാന്‍ പാഗന്‍സ് വിശ്വാസങ്ങളെ ക്രൈസ്തവവിശ്വാസവുമായി സംയോജിപ്പിക്കാനുള്ള റോമന്‍ചക്രവര്‍ത്തിയുടെ തിരുമാനത്തിന്റെ ഭാഗമായിരുന്നു യേശുവിന്റെ ഡിസംബര്‍ 25ഉള്ള ജനനം.

ചരിത്രത്തിലെന്നും മതപൗരോഹിത്യം ചെയ്തിട്ടുള്ളത് സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയെന്ന പണിയാണ്. മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ച് മതത്തെ ആരാധനാലയങ്ങളുളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ട് ഭരണകൂടങ്ങള്‍ക്ക് എതിരെ ഉയരുന്ന ശബ്ദങ്ങളെ പൗരോഹിത്യത്തെ കൊണ്ട് തങ്ങള്‍ക്കനുകൂലമാക്കുക എന്ന തന്ത്രമാണ് ഭരണാധികാരികള്‍ സ്വീകരിച്ചത്. സാമ്രാജ്യത്വ കുത്തകകള്‍ക്കെതിരെ നിര്‍ഭയത്വത്തോടെ ഉറച്ചുനിന്നു പോരാടാന്‍ സാധ്യതയുള്ള ഏക സംഘം കറകളഞ്ഞ ദൈവവിശ്വാസം ഹൃദയത്തില്‍ ഏറ്റെടുത്തവരായിരിക്കും. അവര്‍ ചലിക്കുന്നത് പ്രവാചകന്മാരുടെ പാതയിലും.

മാനവരാശിയെ എല്ലാവിധ ബന്ധനങ്ങളില്‍ നിന്നും മുക്തമാക്കി സാക്ഷാല്‍ സൃഷ്ടാവിന്റെ നിയമങ്ങള്‍  അനുസരിച്ച് ജീവിക്കാനും അത് സ്ഥാപിക്കാനും വേണ്ടിയല്ലാതെ ഒരു പ്രവാചകനെയും ദൈവം ഭൂമിയിലേക്ക് അയച്ചിട്ടില്ല. ദൈവത്തിന്റെ പരമാധികാരത്തില്‍ ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരെ പങ്കാളികളാക്കുകയും  തങ്ങളുടെ അനുസരണവും ഭക്തിയും ആരാധനയും ദൈവത്തിനും അവര്‍ക്കുമിടയില്‍ വിഭജിക്കുകയും ചെയ്യുന്നതില്‍ നിന്നും അവരെ തടയാനും, സാക്ഷാല്‍  ദൈവത്തിന് മാത്രം ഇതെല്ലാം സമര്‍പ്പിക്കുക എന്ന് ഉദ്‌ബോധിപിക്കാനും വേണ്ടിയായിരുന്നു യേശുവും നിയോഗിതനായത്. ‘നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ’ (മത്തായി 4:10) അദ്ദേഹത്തിന്റെ സകല പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം ആകാശത്ത് ദൈവത്തിന്റെ പ്രകൃതിനിയമം  അനുസരിക്കപെടുന്നതുപോലെ ഭൂമിയിലും അവന്റെ സാന്മാര്‍ഗിക നിയമവും അനുസരിക്കപെടണമെന്നായിരുന്നു. ‘നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ.’ (മത്തായി 6:10)

യേശു വന്നത് പുതിയ മതം സ്ഥാപിക്കാനായിരുന്നില്ല മറിച് മോശാ പ്രവാചകന്റെ ന്യായപ്രമാണത്തെ പിന്‍പറ്റാനും അതില്‍ അടിഞ്ഞുകൂടിയ വൈകല്യങ്ങളെ നീക്കാനുമായിരുന്നു.’ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നുവെന്നു നിരൂപിക്കരുത്. നീക്കാനല്ല, നിവര്‍ത്തിപ്പാനത്രേ ഞാന്‍ വന്നത്. (മത്തായി 5:17) ക്രിസ്തുവും അദ്ദേഹത്തിന്റെ ശിഷ്യന്മാരും (അപ്പോസ്തലന്മാര്‍) പ്രബോധനം ചെയ്തത് ഈ സന്ദേശമായിരുന്നു. പക്ഷെ യഹൂദമത നേതൃത്വം തള്ളികളഞ്ഞ ക്രിസ്തുവിന്റെ സന്ദേശത്തെ പൂര്‍ണതയോടെ ജനങ്ങളില്‍ എത്തിച്ചത് ക്രിസ്തുവിന്റെ പ്രിയ ശിഷ്യന്മാരായ അപോസ്തലന്മാര്‍ ആയിരുന്നു. പൗരോഹിത്യം വികലമാക്കിയ മോശൈയുടെ ന്യായപ്രമാണത്തിന്റെ വൈകല്യങ്ങള്‍ മാറ്റി പൂര്‍ണമായി പിന്‍പറ്റുവാണ് അവര്‍ ആഹ്വാനം ചെയ്തത്. കൃത്യമായ സാമുഹിക സാമ്പത്തിക രാഷ്ട്രിയ നീതിന്യായ ദൈവിക നിയമങ്ങള്‍ അടങ്ങുന്നതായിരുന്നു ക്രിസ്തുവിന്റെ സന്ദേശം, പക്ഷെ ഇതില്‍ നിന്നും ഏറെ ഭിന്നമാണ് നിലവിലുള്ള ക്രിസ്തിയ സഭ. ‘കുരിശു മാര്‍ഗം’ എന്ന പുതിയ വിശ്വാസം അവതരിപിച്ച് യഥാര്‍ത്ഥ യേശുവിന്റെ ദര്‍ശനത്തെ വികലമാക്കി ചിത്രീകരിച്ചത് യേശുവിനെ ഒരിക്കല്‍ പോലും നേരിട്ടു കണ്ടിടില്ലാത്ത പൗലോസിന്റെ അധ്യാപനങ്ങള്‍ ആണെന്ന് കാണാം.

യേശുവിന്റെ അധ്യാപനങ്ങള്‍  പിന്‍പറ്റിയ അപ്പോസ്തലന്മാരെ ഇല്ലാതാക്കുക എന്ന ദൗത്യം റോമന്‍ ഭരണകൂടത്തിന്റെതായിരുന്നു. അവര്‍ യെരുശലെമിനെ ആക്രമിച്ചു. യേശുവിന്റെ പരിശുദ്ധ അപോസ്തലന്മാരുടെ നേതാവായ പത്രോസിനെ തലകീഴാക്കി ക്രൂശിച്ചു കൊന്നു. അദ്ദേഹത്തിന്റെ ധാരാളം അനുയായികള്‍ രക്തസാക്ഷികളായി. പൌലോസിനെ റോമന്‍ ഭരണകൂടം അറസ്റ്റ് ചെയ്യുകയും റോമിലേക്ക് കൊണ്ടുപോകുകയും വിചാരണ നടത്തുകയും പിന്നീട് വധിക്കുകയും ചെയ്തു എന്നതാണ് പ്രബലമായ അഭിപ്രായം. പക്ഷെ വലിയൊരളവോളം  പൗലോസിന്റെ പ്രബോധനം വഴി ക്രിസ്തിയ ദര്‍ശനമെന്ന് തെറ്റിധരിക്കപെട്ട പൗലോസിന്റെ മതത്തിലേക്ക് ധാരാളം അനുയായികള്‍  ആകൃഷ്ടരായി. പിന്നിട് വ്യാപിച്ച ഈ ക്രിസ്തിയ മതത്തെ റോമന്‍ രാജാവ്  സ്വീകരിക്കുകയായിരുന്നു. അത് രാഷ്ട്രീയ പരമായി റോമന്‍ സാമ്രജ്യത്വത്തിനു വലിയ നേട്ടവുമായിരുന്നു. റോമന്‍ ചക്രവര്‍ത്തി അവരുടെ പഴയ ആചാരങ്ങള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക്  കടത്തിക്കൂട്ടി. പിന്നിട് ത്രിയേകത്വവും, ഉണ്ണിയേശു ആരാധനയും, ക്രിസ്തുമസും, കുരിശും അങ്ങനെ പല ആചാരങ്ങളും കടന്നുകൂടി. മതകാര്യങ്ങള്‍ പൗരോഹിത്യത്തിന് മേല്‍ നിശ്ചയിച്ച് കൊടുത്തു. ദൈവരാജ്യം വന്നുകഴിഞ്ഞു എന്ന് തെറ്റിധരിപ്പിക്കുകയും ചെയ്തു.

റോമന്‍ സാമ്രാജ്യം യേശുവിനെതിരെ തിരിയാന്‍ കാരണം തന്നെ അവിടത്തെ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്തതിനാലാണ്. എല്ലാ പ്രവാചകന്മാരും ദൈവിക രാജ്യത്തിനുവേണ്ടിയാണ്  ജനങ്ങളെ പ്രബോധനം ചെയ്തത്. ദൈവത്തിനെ നിയമങ്ങള്‍ മാത്രം അനുസരിക്കാന്‍ അവര്‍ ഉദ്‌ഘോഷിച്ചു. നിയമ നിര്‍മാണാധികാരം ദൈവത്തിനു മാത്രം എന്നവര്‍ പഠിപിച്ചു. പക്ഷെ സാമ്രാജ്യത്വ കുത്തകകള്‍ ആ അധികാരം ഏറ്റെടുത്തു. ആരെ എപ്പോള്‍ ഏത് ദിവസത്തില്‍ സ്‌നേഹിക്കണമെന്ന് നിശ്ചയിച്ചവര്‍ ആ മഹാവിപ്ലവകാരിക്കും ഒരു ദിവസം നിശ്ചയിച്ചു കൊടുത്തു. വര്‍ണ്ണ വിവേചനത്തിനും, സാമ്രജ്യത്വത്തിനുമെതിരെ ശബ്ദം ഉയര്‍ത്തിയ സംഗീതഞ്ജനായിരുന്നു ബോബ് മാര്‍ലി. അദ്ദേഹത്തെ പോലും അവരുടെ ഉല്പന്നമാക്കി മാറ്റാന്‍ സാധിക്കുന്ന ഈ രാഷ്ട്രിയ സാഹചര്യത്തില്‍ കൊക്കൊകോള കൈയില്‍ ഉയര്‍ത്തിപിടിച്ചു ക്രിസ്തുമസ് ആശംസിക്കുന്ന സാന്താക്ലോസ് നമുക്ക് നല്‍കുന്ന സന്ദേശം എന്താണ്?

Related Articles