Current Date

Search
Close this search box.
Search
Close this search box.

ഡിസംബര്‍ 6 മറവിക്കെതിരെ ഓര്‍മയുടെ കലാപങ്ങള്‍

കൂട്ടമറവിയുടെ അല്‍ഷിമേഴ്‌സ് ആഘോഷിക്കപ്പെടുന്ന കാലത്ത് ഓര്‍മ ഒരു കലാപമാണ്. ‘ഇനിയും മറക്കാറായില്ലേ’ എന്ന് ഡിസംബര്‍ ആറിന്റെ സ്മരണക്ക് നേരെ ചോദ്യമുയര്‍ത്തുന്നവരുടെ അകം പേറുന്നതും ആ കലാപഭീതിയാണ്. ആ പേടി ഭരണകൂട ഏജന്‍സികള്‍ ഔദ്യോഗികമായി ഏറ്റെടുക്കുമ്പോഴാണ് ബാബരിയുടെ ഓര്‍മകള്‍ പേറുന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ മതതീവ്രവാദമാണെന്ന കണ്ടെത്തലുകളുണ്ടാകുന്നത്. ‘ഡിസംബര്‍ 6, മതേതര ഇന്ത്യയുടെ തീരാകളങ്കം’ എന്ന് കണ്ണീരൊഴുക്കിയവരായിരുന്നു യഥാര്‍ഥത്തില്‍ ആ ദിനത്തെ മുഖ്യധാരയില്‍ നിരന്തരം ഓര്‍മപ്പെടുത്തേണ്ടിയിരുന്നത്. കര്‍സേവകര്‍ ബാബരിയില്‍ നിന്നും താഴേക്ക് തള്ളിയിട്ട താഴികക്കുടങ്ങള്‍ പരിക്കേല്‍പ്പിച്ചത് നമ്മുടെ മതേതരത്വത്തിനാണെങ്കില്‍ അതിനെതിരായുള്ള ഓര്‍മകളെയും മതേതരവല്‍കരിക്കുകയാണ് വേണ്ടത്. അത്തരം ഓര്‍മകളില്‍നിന്ന് മതേതരത്വം ഓടിയൊളിച്ചപ്പോഴാണ് അതുവരെ സമൂഹമനസ്സിന്റെ ഭിത്തിയില്‍ തെളിയാതിരുന്ന ഡിസംബര്‍ ആറിന്റെ കറുത്ത പോസ്റ്ററുകള്‍ക്ക് കൂടുതല്‍ നിറം കൈവന്നത്. മതവും ജാതിയും പരിശോധിച്ച് അത്തരം പോസ്റ്ററുകളെ ഡി.എന്‍.എ ടെസ്റ്റിന് വിധിക്കുകയല്ല; അതിനെ മറികടക്കുന്ന ഓര്‍മകളുടെ അനേകം നിറം ഡിസംബര്‍ ആറിന് മേല്‍ ചാര്‍ത്തുകയാണ് മതേതരവേദികളും പാര്‍ട്ടികളും ചെയ്യേണ്ടത്.

മോഡി ഗുജറാത്തിലെ രക്തക്കളത്തിലൂടെ ഇന്ദ്രപ്രസ്ഥത്തിലേക്ക് കുറുക്ക് വഴി തേടുമ്പോള്‍ ഡിസംബര്‍ 6 ന് അയാളുടെ മുന്‍ഗാമികള്‍ പരിക്കേല്‍പ്പിച്ച നമുക്കുള്ളിലെ മതേതരത്വം കൂടുതല്‍ വിശദീകരണങ്ങളാവശ്യപ്പെടുന്നുണ്ട്. മതേതരത്വത്തിനുള്ളിലെ ജാതിയും മതവും എത്ര ഒളിച്ചുവെച്ചിട്ടും ചിലപ്പോഴെങ്കിലും ചിലരില്‍നിന്ന് അറിയാതെ പുറത്ത് ചാടുന്ന സമയം കൂടിയാണിത്. അതുകൊണ്ടു കൂടിയാണ് ചില ഓര്‍മകളും ഓര്‍മപ്പെടുത്തലുകളും നമ്മുടെ മതേതരത്വത്തിന് വര്‍ഗീയമാവുകയും മറ്റ് ചിലത് ആഘോഷമാവുകയും ചെയ്യുന്നത്. സത്യത്തില്‍ നമ്മുടെ രാജ്യത്തിന്റെ മതേതരത്വം ഉള്ളില്‍ പേറുന്ന മതത്തിന്റെ പൂര്‍ണ നഗ്‌നത ആദ്യമായി വെളിപ്പെട്ടതിന്റെ ഓര്‍മപ്പെടുത്തല്‍ ദിവസം കൂടിയാണ് ഡിസംബര്‍ 6. തീവ്രഹിന്ദുത്വ വാദികളുടെ കാവിനിറം മാത്രമല്ല ദേശീയവാദികളുടെ മൃദുഹിന്ദുത്വത്തിന്റെ തനിനിറം കൂടിയാണ് ബാബരിയുടെ ചരിത്രം ഓര്‍മിപ്പിക്കുന്നത്. അത്തരം ഓര്‍മകളുടെ കയ്പുരസം തികട്ടുന്നത് കൊണ്ടാണ് ചിലര്‍ എല്ലാറ്റിനും മറവിയെന്ന മതേതര സിദ്ധൗഷധം നിര്‍ദേശിക്കുന്നത്. നഷ്ടപ്പെട്ടവര്‍ക്കേ വേദനയുടെ ദുഃഖമറിയൂ. ഒരു പള്ളിയുടെ താഴികക്കുടമായിരുന്നില്ല ഡിസംബര്‍ ആറിന് മുസ്‌ലിം സമുദായത്തിന് നഷ്ടപ്പെട്ടത്. മറിച്ച് കാലങ്ങളായി അവരുടെ മനസ്സിന്റെ ആഴത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു രാജ്യത്തെക്കുറിച്ച വിശ്വാസങ്ങളായിരുന്നു. പരിക്കേറ്റ ആ വിശ്വാസത്തിന്റെ വേദനകളും മുറിവുകളും ഇന്നും ഉണങ്ങിയിട്ടില്ല. അതിന് സമ്മതിച്ചിട്ടില്ല എന്നതാകും ശരി. ഈ രാജ്യത്തിലെ കപട രാഷ്ട്രീയക്കാര്‍ ആ മുറിവിലെ ചോരപ്പാടുകളെ പോലും ബാലറ്റുപേപ്പറിലെ മഷിയടയാളങ്ങളാക്കുകയായിരുന്നു. വോട്ടുബാങ്കിന് വേണ്ടി തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും അവരെ വേട്ടയാടി. ‘തീവ്രവാദ വേട്ടകളുടെ’ മറവില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ കല്‍തുറുങ്കിലടക്കപ്പെടുന്നതങ്ങനെയാണ്. തൊപ്പിയും താടിയും വെച്ചവര്‍ ദേശവിരുദ്ധരല്ലെന്ന് സ്വയം തെളിയിക്കേണ്ട ഗതികേടില്‍ അതെത്തി നില്‍ക്കുന്നു. ബാബരിയുടെ മിനാരത്തിന്റെ ചിഹ്നം പേറുന്ന വിശ്വാസവും അവരുടെ ഭാഷയിലെ പുസ്തകം പോലും അറസ്റ്റ് ചെയ്യപ്പെടുന്ന ഈ കറുത്ത കാലത്ത് ഡിസംബര്‍ ആറ് വെറുതെ കടന്നുപോവേണ്ട ഒരു ദിവസമല്ല. നമ്മുടെ രാജ്യം അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കുന്ന മതേതരത്വത്തിനുള്ളില്‍ അതിനെ ഹൈജാക്ക് ചെയ്യുന്നവിധം വളര്‍ന്നു പന്തലിച്ച വര്‍ഗീയ മതബോധങ്ങളെ പ്രശ്‌നവല്‍ക്കരിക്കാന്‍ ഡിസംബര്‍ ആറുകള്‍ നിമിത്തമാവേണ്ടിയിരിക്കുന്നു. അത്തരം ഓര്‍മകള്‍ നമ്മുടെ രാജ്യശില്‍പ്പികള്‍ നെയ്‌തെടുത്ത മതേതരത്വത്തെ വീണ്ടെടുക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

Related Articles