Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ റാഡിക്കല്‍ ഇസ്‌ലാം പ്രയോഗം അനുചിതം: ഒബാമ

വാഷിംഗ്ടണ്‍: മുസ്‌ലിംകള്‍ക്ക് മുമ്പില്‍ കുടിയേറ്റത്തിന്റെ വാതില്‍ അടക്കണമെന്നാവശ്യപ്പെട്ട റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായിട്ടാണ് ട്രംപ് റാഡിക്കല്‍ ഇസ്‌ലാം എന്ന പ്രയോഗം ഉയര്‍ത്തുന്നതെന്നും ഒബാമ ആരോപിച്ചു. നൂറ് കോടിയിലേറെ വരുന്ന മുസ്‌ലിംകളെ ഭീകരതയുടെ കളത്തില്‍ വെക്കുന്നതിലൂടെ അവരെ ഭീകരരെന്ന് വിശേഷിപ്പിക്കുന്നവരുടെ ലക്ഷ്യങ്ങളാണ് സാക്ഷാല്‍കരിക്കപ്പെടുന്നത്. ഒരിക്കലും ആ കെണിയില്‍ അകപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഒര്‍ലാന്‍ഡോ, ഫോര്‍ട്ട്ഹുഡ്, സാന്‍ ബെര്‍നാഡിനോ വെടിവെപ്പുകള്‍ നടത്തിയത് അമേരിക്കക്കാരായിരുന്നു എന്നും ഒബാമ സൂചിപ്പിച്ചു. വിശ്വാസ സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന അമേരിക്കന്‍ ഭരണഘടനക്ക് വിരുദ്ധമായ മുസ്‌ലിംകളോട് എങ്ങനെ വേറിട്ട സമീപനം സ്വീകരിക്കാനാവുമെന്നും ഒബാമ ചോദിച്ചു. ട്രംപിന്റെ ‘റാഡിക്കല്‍ ഇസ്‌ലാം’ പ്രയോഗം അനുചിതമാണെന്നും പടിഞ്ഞാറിനും ഇസ്‌ലാമിനും ഇടയിലാണ് യുദ്ധമെന്ന് പറയുന്നവരുടെ വാദത്തെയാണത് ശക്തിപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഒര്‍ലാന്‍ഡോയിലുണ്ടായത് പോലുള്ള ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തടയുക പ്രയാസമാണെന്ന് പറഞ്ഞ ഒബാമ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും നല്‍കി. മാനസിക വിഭ്രാന്തിക്കടിമപ്പെട്ടവന്‍ എന്നാണ് അക്രമിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ സംസാരത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. അമേരിക്കയെ അക്രമിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന താക്കീതും ഐഎസിനെ അഭിമുഖീകരിച്ച് ഒബാമ നല്‍കി. ഭീകരര്‍ സമാനമായ ആക്രമണങ്ങള്‍ നടത്തുന്നത് തടയാന്‍ ആയുധങ്ങള്‍ക്കുള്ള നിയന്ത്രണം അമേരിക്കയില്‍ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles