Current Date

Search
Close this search box.
Search
Close this search box.

ഞാനൊരു അമേരിക്കന്‍ മുസ്‌ലിം നേതാവ്, അവര്‍ എന്റെ വിവരങ്ങള്‍ ചോര്‍ത്തി

വര്‍ഷങ്ങള്‍ക്ക് മുമ്പ് മിന്നെസൊറ്റാ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരിക്കെ, അമേരിക്കയുടെ ചരിത്രം പഠിക്കും തോറും ഞാന്‍ അതിന്റെ സ്ഥാപക പിതാക്കളില്‍ ഏറെ ആകൃഷ്ട്ടനായിരുന്നു. അന്ന് അധികാരത്തിലിരുന്നവരുടെ കണ്ണിലെ കരടായി തങ്ങള്‍ മാറും എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നു ഈ രാജ്യത്തിന്റെ പുരോഗതിക്കു സഹായകമാവുമെന്ന് കരുതിയിരുന്ന സംഗതികള്‍ക്ക് വേണ്ടി അവര്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചതും, ഉറച്ച ശബ്ദമായി മുഴങ്ങിയതും. ഇന്ന് ഓരോ അമേരിക്കന്‍ പൗരനും അഭിമാനത്തോടെ അനുഭവിക്കുന്ന മൂല്യങ്ങളും അവകാശങ്ങളും അവരുടെ പ്രയത്‌നഫലമായി ഉണ്ടായതാണ്.

പുതുതായി പുറത്തുവന്ന എന്‍.എസ്.എ യുടെ വിവരം ചോര്‍ത്തലിന് ഇരയായ അമേരിക്കന്‍-മുസ്‌ലിം നേതാക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ ദുഃഖിതനാണെങ്കിലും അതെന്നെ അത്ഭുതപ്പെടുത്തുന്നില്ല. പൊതു വ്യവഹാരത്തിലെ പ്രസക്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഞാനെന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് വരുന്നു. വ്യക്തിപരമായി ഉന്നംവെക്കപ്പെട്ടതിലൂടെ ഞാനിപ്പോള്‍ ഉള്‍പ്പെട്ടിട്ടുള്ളത് വളരെ നല്ല കൂട്ടുകാരുള്ള ഒരു ലിസ്റ്റിലാണ്.

റെവ. മാര്‍ട്ടിന്‍ ലൂതര്‍ കിംങ് ജെ.ആര്‍, വാഷിംഗ്ട്ടണ്‍ പോസ്റ്റ് കോളമിസ്റ്റായ ആര്‍ട്ട് ബുച്ച്‌വാള്‍ഡ്, ബോക്‌സര്‍ മുഹമ്മദ് അലി എന്നിവരൊക്കെ തന്നെ ചാരവൃത്തിക്ക് ഇരയായിട്ടുണ്ട്. സെനെറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ വിവരങ്ങള്‍ സി.ഐ.എ  ചോര്‍ത്തിയ സംഭവം ഈ വര്‍ഷം ആദ്യം വെളിച്ചത്തു വന്നിരുന്നു. 1970കളില്‍ എഫ്.ബി.ഐ, സി.ഐ.എ, എന്‍.എസ്.എ എന്നിവയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണങ്ങള്‍ നടത്തിയ സെനറ്റര്‍ ഫ്രാങ്ക് ചര്‍ച്ചും വിവരം ചോര്‍ത്തലിന് ഇരയായിരുന്നു. 1975 ല്‍ ഫ്രാങ്ക് ചര്‍ച്ച് മുന്നറിയിപ്പ് നല്‍കി, ‘ഒരു ഏകാധിപതി ഈ രാജ്യത്തിന്റെ ഭരണം കൈയ്യാളുകയാണെങ്കില്‍, ഇന്റലിജന്‍സ് സംവിധാനത്തിന് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള സാങ്കേതിക സൗകര്യങ്ങള്‍ കൊണ്ട് ഏകാതിപത്യം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കും’.

മേല്‍ പരാമര്‍ശിച്ച ചരിത്രപുരുഷന്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നില്ലായെങ്കിലും, നമ്മുടെ തന്നെ ഗവണ്‍മെന്റിന്റെ കുടിലതന്ത്രങ്ങളുടെ ഭാഗമായി  ചാരവൃത്തിക്കിരയായ ധീരദേശാഭിമാനികളുടെ ആ നീണ്ട പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. 1994 ല്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക്ക് റിലേഷന്‍സിന്റെ (CAIR) സ്ഥാപനത്തില്‍ ഞാനും പങ്കാളിയായിരുന്നു. യു.എസില്‍ മുസലിം പൗര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ഏറ്റവും വലിയ സംഘടന ഇന്ന് CAIR ആണ്. വൈറ്റ് ഹൗസ് ഉള്‍പ്പെടെ നിരവധി ഗവണ്‍മെന്റ് ഏജന്‍സികളുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണ് ഈയുള്ളവന്‍ കാത്തു സൂക്ഷിച്ചു വരുന്നത്. ഒരു എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എന്ന നിലയില്‍ ഗവണ്‍മെന്റ് പോളിസികള്‍ക്കെതിരെ ഒരുപാട് നിലപാടുകള്‍ എനിക്കെടുക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഗവണ്‍മെന്റ് പോളിസികളോടുള്ള വിയോജിപ്പുകളെ അക്രമമായിട്ടാണ് കണക്കാക്കുന്നതെങ്കില്‍, എല്ലാ അമേരിക്കന്‍ പൗരന്‍മാരുടെയും വായ മൂടികെട്ടാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതില്‍ അത്ഭുതപ്പെടാനില്ല. പൗരന്‍മാര്‍ക്ക് അഭിപ്രായ സ്വതന്ത്ര്യമുള്ള രാഷ്ട്രമാണ് നമ്മുടേത്.

മറ്റു ലക്ഷകണക്കിന് അമേരിക്കക്കാരെ പോലെ തന്നെ, വഴിതെറ്റിപോകുന്നുവെന്ന് കരുതപെട്ട യു.എസ് ഫോറിന്‍ പോളിസിയെ ഞാനും പ്രതികൂലിച്ചിട്ടുണ്ട്. അത്‌പോലെ എന്റെ രാജ്യം ശരിയായ ദിശയിലായിരുന്നപ്പോഴൊക്കെ വിദേശങ്ങളിലെ ഉള്‍ക്കെള്ളാന്‍ സന്നദ്ധരല്ലാത്ത കേള്‍വിക്കാര്‍ക്ക് മുന്നില്‍ അമേരിക്കന്‍ നയങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിലക്കൊണ്ടിട്ടുണ്ട് എന്നതും സത്യമാണ്. ഇറാഖ് യുദ്ധത്തെ ഞാന്‍ എതിര്‍ത്തു. തീവ്രവാദത്തിനെതിരെ നിലക്കൊണ്ടതോടൊപ്പം ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിച്ചു. ബില്‍ ഓഫ് റൈറ്റ്‌സ് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് CAIR കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നു, അവയ്ക്കു വേണ്ടി വാദിച്ചിരുന്നു. 2006 ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെ വിട്ടുകിട്ടുന്നതിനായി അപ്പീലുമായി  ഇറാഖില്‍ പോയിരുന്നു. ഈയടുത്തായി, ഇറാനില്‍ തടവിലാക്കപ്പെട്ട അമേരിക്കന്‍ പദയാത്രികരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പുറപ്പെട്ട ക്രിസ്ത്യന്‍ നേതാക്കളുടെ സംഘത്തോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. ഞങ്ങളുടെ ആ സന്ദര്‍ശനം തടവുകാരുടെ മോചനത്തില്‍ വളരെ നിര്‍ണായകമായെന്ന് ഇറാന്‍ അതോറിറ്റികള്‍ പിന്നീട് അറിയിച്ചു. ഇറാനിയന്‍ ഗവണ്‍മെന്റ് പിടിച്ചുവെച്ച മുന്‍ യു.എസ് മറൈന്‍ അമീര്‍ ഹെക്തമി, വിരമിച്ച എഫ്.ബി.ഐ ഏജന്റ് റോബര്‍ട്ട് ലെവിസണ്‍ എന്നിവരെ വിട്ടുകിട്ടുന്നതിനു വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ നോ-ഫ്‌ളൈ ലിസ്റ്റ്, വംശീയമായും മതപരമായുമുള്ള വേട്ടയാടല്‍ തുടങ്ങിയ  നമ്മുടെ ഭരണഘടനയെ തരംതാഴ്ത്തുന്ന നയങ്ങള്‍ക്കെതിരെയും ഞാന്‍ നിലക്കൊണ്ടു.

പക്ഷെ CAIR ഉം ഞാനും ഇതൊക്കെ ചെയ്തതിനോടൊപ്പം തന്നെ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലായി നടത്തിയ 107 പത്ര പ്രസ്താവനകളിലൂടെ ഭീകരപ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിച്ചു കൊണ്ടിരിക്കുന്നു, അത് എവിടെ നടന്നാലും, എപ്പൊ നടന്നാലും, ആര് ചെയ്താലും ശരി. CAIR ന്റെ ‘ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് അറിയുക’ എന്ന ഗൈഡ് ഊന്നി പറയുന്നു, ‘ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നിങ്ങളുടെ സമൂഹത്തില്‍ നടക്കുന്നതായി അറിയുകയാണെങ്കില്‍, അത് ബന്ധപ്പെട്ടവരെ എത്രയും പെട്ടെന്ന് അറിയിക്കുക എന്നത് നിങ്ങളുടെ മതപരവും പൗരസംബന്ധിയുമായ ബാധ്യതയാണ്.’
ഇന്റലിജന്‍സ് സമൂഹത്തിന്റെ സാങ്കേതിക ശക്തിയുടെ സാധ്യമായ പ്രത്യാഘാതങ്ങളെ കുറിച്ച് സെനറ്റര്‍ ചര്‍ച്ചിന്റെ 1975 ലെ മുന്നറിയിപ്പാണ് കഴിഞ്ഞാഴ്ച്ച സംഭവിച്ചത്. ലിബര്‍ട്ടി എന്നത് ഒരു പാരിതോഷികമാണ്, അത് സംരക്ഷിക്കാന്‍ നമ്മുടെ നിതാന്ത ജാഗ്രത അനിവാര്യമാണ് എന്നാണ് ഇതൊക്കെ നമ്മെ ഉണര്‍ത്തുന്നത്.

പേടികൂടാതെ സംസാരിക്കുന്നവരുടെ ശബ്ദങ്ങളെ അമേരിക്ക അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്, ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത് വെച്ച് പൊറുപ്പിക്കാന്‍ പാടില്ല. നിയമാനുവര്‍ത്തികളായ എല്ലാ അമേരിക്കന്‍ പൗരന്‍മാരും ഇത്തരം നയങ്ങള്‍ക്കെതിരെ പൊതു സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത് സ്ഥിതിഗതികള്‍ മാറ്റുമെന്നാണ് എന്റെ പ്രതീക്ഷ.

നിഹാദ് അവദ്, കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക്ക് റിലേഷന്‍സിന്റെ (CAIR) സ്ഥാപനത്തില്‍ പങ്കാളിയും എക്‌സിക്യുട്ടിവ് ഡയറക്ട്ടറുമാണ്. യു.എസില്‍ മുസലിങ്ങളുടെ പൗരാവകാശങ്ങള്‍ക്കു വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് CAIR. 9/11 ന് ദിവസങ്ങള്‍ക്ക് ശേഷം വൈറ്റ് ഹൗസില്‍ വെച്ച് ബുഷ് നടത്തിയ പത്രസമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട മുസ്‌ലിം നേതാക്കളില്‍ നിഹാദ് അവദും ഉണ്ടായിരുന്നു.

വിവര്‍ത്തനം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles