Current Date

Search
Close this search box.
Search
Close this search box.

ജലാലുദ്ദീന്‍ അല്‍ റൂമി

പൗരസ്ത്യരും പാശ്ചാത്യരും ഒരുപോലെ ആദരിക്കുന്ന അദ്ധ്യാത്മക ചിന്തകനും സൂഫി കവിയുമായിരുന്നു ജലാലുദ്ദീന്‍ മുഹമ്മദ് ബിന്‍ മുഹമ്മദ് ഹുസൈന്‍ അല്‍ റൂമി. 1207 സെപ്തംബര്‍ 30-ന് അഫ്ഗാനിസ്ഥാനിലാണ് ജലാലുദ്ദീന്‍ ജനിച്ചത്.  ഇദ്ദേഹത്തിന്റെ പിതാമഹാന്മാരുടെ പരമ്പര ഖലീഫ അബൂബക്കര്‍(റ) വരെ എത്തുന്നുവെന്ന് പറയപ്പെടുന്നു. ധാരാളം കവിതകളും കഥകളും രചിച്ച ഈ സൂഫീവര്യന്് പ്രഗല്‍ഭരായ അനേകം ശിഷ്യന്മാരുണ്ടായിരുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ വിവാഹിതനായ ജലാലുദ്ദീന്‍ സമര്‍ഖന്ത്, ഇസ്താംബൂള്‍, എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച് കുടുംബസമേതം റോമിന്റെ ഒരു ഭാഗമായിരുന്ന കോനിയയില്‍ സ്ഥിര താമസമാക്കിയതുമുതലാണ്  ജലാലുദ്ദീന്‍ ‘ റൂമി ‘ എന്നറിയപ്പെട്ടു തുടങ്ങിയത്. അദ്ദേഹത്തിന്റെ കൂട്ടുകാരനും സഹചാരിയുമായിരുന്ന ഹുസാം സലബിയടെ പ്രേരണയാലാണ് റൂമി തന്റെ പ്രശസ്ത കവിതാസമാഹാരമായ ‘മസ്‌നാവി ‘എഴുതി പൂര്‍ത്തിയാക്കിയതത്രെ. നാല്‍പത്തിമൂന്ന്‌വര്‍ഷം കൊണ്ട് എഴുതിത്തീര്ത്ത  ഈ ഇതിഹാസ കാവ്യത്തെകുറിച്ച് ‘ എല്ലാ മതങ്ങളുടേയും താഴ്‌വേരായ മൂലവേര് ‘ എന്നാണ് റൂമി വിശേഷിപ്പിച്ചത്. മനുഷ്യജീവിതം മൂന്ന് ഘട്ടങ്ങളാണെന്നും ഒന്നാം ഘട്ടത്തില്‍ അവന്‍ ഭൗതികവസ്തക്കളേയോ സൃഷ്ടികളേയോ ആരാധിച്ചുതുടങ്ങുമെന്നും, തുടര്‍ന്ന് അവന്‍ ദൈവത്തെ ആരാധിക്കാന്‍ തുടങ്ങുമെന്നും ഇതില്‍ നിന്നും പുരോഗമിച്ച് മൂന്നാം ഘട്ടത്തില്‍ അവന്‍ ആരാധിക്കുന്നുണ്ടെന്നോ ഇല്ലെന്നോ പറയാതെ അവന്‍ തന്നെയാണ് ദൈവം എന്ന് പറഞ്ഞുതുടങ്ങുമെന്നും അതോടെ അവന്റെ അസ്തിത്വം ഇല്ലാതായി ദൈവാസ്തിത്വം മാത്രമായി മാറുമെന്നും റൂമിസിദ്ധാന്തിച്ചു. ഏതാനും കാലത്തെ രോഗത്തെതുടര്‍ന്ന് 1273 ഡിസമ്പര്‍ 17-ാം തിയതിയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഒരു തുള്ളിജലം പോലും തറയില്‍ വീഴാതെ റൂമിയുടെജഡം കുളിപ്പിച്ച് സംസ്‌കരിച്ച ശിഷ്യന്മാര്‍ ആ വെള്ളം മുഴുവന്‍ പാത്രങ്ങളില്‍ ശേഖരിച്ച് പുണ്യജലമായി കുടിക്കുകയാണ് ചെയ്തത്. ഇരുപത്തിയാറ് തലമുറകളായി പരിപാലിച്ചുവരുന്ന ജലാലുദ്ദീന്‍ റൂമിയുടെ തുര്‍ക്കിയിലെ കോനിയയിലുള്ള ശ്മശാനം ഇന്നും സ്ഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമത്രെ.

Related Articles