Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമില്‍ അടച്ചുപൂട്ടിയ ചര്‍ച്ച് പ്രതിഷേധത്തെത്തുടര്‍ന്ന് തുറന്നു

ജറൂസലം: ജറൂസലേമില്‍ ഇസ്രായേലിന്റെ നിയമനടപടികള്‍ക്കെതിരെ പ്രതിഷേധ സൂചകമായി അടച്ച ക്രൈസ്തവരുടെ ചര്‍ച്ച് തുറന്നു. നിയമ നടപടികളില്‍ നിന്നും ഇസ്രായേല്‍ ഭരണകൂടം പിന്മാറിയതിനെത്തുടര്‍ന്നാണ് ചര്‍ച്ച് വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തത്. ഞായറാഴ്ചയാണ് ഇസ്രായേല്‍ ചര്‍ച്ചിനുമേലെ പുതിയ നികുതി പരിഷ്‌കാരവും ഭൂമി കൈമാറല്‍ നിയമവും കൊണ്ടുവന്നത്. മൂന്നു ദിവസത്തെ പ്രതിഷേധത്തിനു ശേഷം ചൊവ്വാഴ്ചയാണ് ഇസ്രായേല്‍ നടപടിയില്‍ നിന്നും പിന്മാറിയത്.

ഇസ്രായേല്‍ ഭരണകൂടത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച് അടച്ചുപൂട്ടാന്‍ ക്രിസ്ത്യന്‍ മതനേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. പുണ്യഭൂമിയായ ജറൂസലേമില്‍ ക്രൈസ്തവര്‍ക്കെതിരെ ഇസ്രായേലിന്റെ വ്യവസ്ഥാപിതവും അഭൂതപൂര്‍വവുമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ സര്‍ക്കാര്‍ തങ്ങള്‍ക്കു നേരെ കാണിക്കുന്ന വിവേചനമാണ് നടപടികള്‍ക്ക് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി.

പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ഇസ്രായേല്‍ കൈയേറാനുള്ള നീക്കത്തിലും നിര്‍ദിഷ്ട നികുതി സമ്പ്രദായത്തിലും പ്രതിഷേധിച്ചായിരുന്നു  ചര്‍ച്ച് താല്‍ക്കാലികമായി അടച്ചത്. കിഴക്കന്‍ ജറൂസലേമിലെ ഇസ്രായേലിന്റെ അധിനിവേശ പ്രദേശത്താണ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. യേശുവിനെ കുരിശിലേറ്റിയതും പിന്നീട് ഉയര്‍ത്തെഴുന്നേറ്റതും ഇവിടെ വച്ചെന്നാണ് ക്രൈസ്തവരുടെ വിശ്വാസം. ലോകത്താകമാനമുള്ള ക്രൈസ്തവ വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രവും പുണ്യഭൂമിയുമാണിത്.

 

 

Related Articles