Current Date

Search
Close this search box.
Search
Close this search box.

‘ജയിലനുഭവങ്ങളിലെ’ ജനാധിപത്യ വിരുദ്ധത

കേരള സര്‍ക്കാറിന്റെ അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് സര്‍ക്കാറിന് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ നിരോധനം ആവശ്യപ്പെട്ട 14 പുസ്തകങ്ങളില്‍ പെട്ടതാണ് സൈനബുല്‍ ഗസാലിയുടെ ‘ജയിലനുഭവങ്ങള്‍’. 175 പേജുകളുള്ള പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ദേശവിരുദ്ധവും ജനാധിപത്യത്തിനും മതേതരത്വത്തിനും നിരക്കാത്തതുമാണെന്നാണ് മേരി ജോസഫ് സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നത്. 1960 കളില്‍ ഈജിപ്തിന്റെ മണ്ണില്‍ ജമാല്‍ അബ്ദുന്നാസിറിന്റെയും കിങ്കരന്‍മാരുടെയും സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകരുടെ നേതൃനിരയില്‍ പെട്ട വ്യക്തിത്വമായിരുന്നു സൈനബുല്‍ ഗസാലി. കാരിരുമ്പും ചാട്ടവാറും ഉപയോഗിച്ച് അബ്ദുന്നാസിറിന്റെ കിരാത ഭരണകൂടം നടത്തിയ തേര്‍വാഴ്ച്ച ‘ജയിലനുഭവങ്ങളിലൂടെ’ വരച്ചു കാട്ടുകയായിരുന്നു അവര്‍.

ചരിത്ര പുരുഷന്‍മാരുടെ ജയിലനുഭവങ്ങളും തടവറയില്‍ നിന്നുരവം കൊണ്ട കൃതികളും മറ്റെന്തിനേക്കാളും ചരിത്രത്തിലെന്നും ഇടം പിടിച്ചിട്ടുണ്ട്. അനീതിക്കെതിരെ ശബ്ദിക്കാന്‍ മനുഷ്യ കുലത്തെ പ്രേരിപ്പിക്കുന്ന ഇത്തരം കൃതികളുടെ കൂടെ എണ്ണപ്പെടുന്ന ഒരു ഗ്രന്ഥത്തെ ദേശവിരുദ്ധ പരാമര്‍ശം ആരോപിച്ച് മാറ്റി നിര്‍ത്തുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്.

അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഗ്രന്ഥവുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്. ‘ഈജിപ്തിലെ മുസ്‌ലിം വനിതാ നേതാവായ സൈനബുല്‍ ഗസാലിയുടെ ആത്മകഥയാണ് ഇത്. ഒരു രാജ്യത്ത് ഇസ്‌ലാമിക ഭരണവും ശരീഅത്ത് നിയമവും സ്ഥാപിക്കേണ്ടതുണ്ടെന്ന രീതി ശാസ്ത്രം ഈ പുസ്തകത്തിലെ പേജ് 38  വ്യക്തമാക്കുന്നു. ഇസ്‌ലാമിക രാജ്യം സ്ഥാപിതമാകുന്നത്, ആ രാജ്യത്തിലെ ജനങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറാകുമ്പോഴാണ്. ഈ ആവശ്യത്തിനായി തുടര്‍ച്ചയായ പ്രക്ഷോഭത്തിനും മതപ്രബോധനത്തിനും എഴുത്തുകാരി പ്രേരിപ്പിക്കുന്നു. രാജ്യത്തിലെ 75 ശതമാനം ജനങ്ങള്‍ ഇസ്‌ലാമിനെ മതമായും ജീവിതവഴിയായും സ്വീകരിക്കുമ്പോഴാണ് ഇസ്‌ലാമിക രാജ്യവും സ്ഥാപിതമാകുന്നത്. ഇത് വ്യക്തമായും ദേശവിരുദ്ധവും മതേതരത്വ വിരുദ്ധവുമാണ്.’

ഈ പുസ്തകം വായിക്കുകയും തടവറയിലെ തീക്ഷ്ണാനുഭവങ്ങളെയും ചെറുത്തു നില്‍പ്പിനെയും ഓരോ വരികളിലൂടെയും അനുഭവിച്ചറിയുന്ന വായനക്കാരന് മനസ്സിലാവില്ല ഇതെങ്ങനെ ‘വിലക്കപ്പെട്ട കനിയായി’ എന്ന്.

മുസ്‌ലിം ന്യൂനപക്ഷ പ്രദേശമായ കേരളത്തിലല്ല, തൊണ്ണൂറ് ശതമാനം മുസ്‌ലിംകളുള്ള ഈജിപ്തിലെ ഭരണവ്യവസ്ഥയെ കുറിച്ചാണ് സൈനബുല്‍ ഗസാലി ഇവിടെ പരാമര്‍ശിക്കുന്നത്. ‘രാജ്യത്തിലെ 75 ശതമാനം ജനങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുമ്പോഴാണ് ഇസ്‌ലാമിക രാജ്യവും സ്ഥാപിതമാകുന്നത്’ എന്നത് എങ്ങനെയാണ് ജനാധിപത്യ വിരുദ്ധമാകുന്നത് എന്നതിന്റെ ഉത്തരം ജനാധിപത്യ വിശ്വാസിയായ ഒരാള്‍ക്ക് എവിടെ നിന്നു ലഭിക്കാനാണ്..?

പ്രസ്തുത പുസ്തകത്തിന്റെ 38-ാം പേജില്‍ ഗ്രന്ഥകാരി ഇങ്ങനെ കുറിക്കുന്നു : ‘സ്ത്രീകളും പുരുഷന്‍മാരും യുവാക്കളും വയോജനങ്ങളുമായ മുസ്‌ലിം സമൂഹത്തിന്റെ 13 വര്‍ഷത്തെ ദീര്‍ഘമായ ഇസ്‌ലാമിക പരിശീലന പരിപാടികള്‍ കഴിഞ്ഞാലുടന്‍ നാട്ടിലുടനീളം ഒരു സ്ഥിതി വിവരാന്വേഷണം നടത്തുക. ഇസ്‌ലാം ഒരു മതവും രാഷ്ട്രവുമാണെന്ന് വിശ്വസിക്കുകയും ഇസ്‌ലാമിക ഭരണ സംസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപ്പെടുകയും ചെയ്ത മുസ്‌ലികളുടെ എണ്ണം സമുദായത്തിന്റെ 75 ശതമാനമായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനത്തിന് ഞങ്ങള്‍ ആഹ്വാനം ചെയ്യും.’ ഈ നിശ്ചിത ശതമാനം തികഞ്ഞില്ലെങ്കില്‍ പതിമൂന്ന് വര്‍ഷക്കാലം പഠന പരിശീലന പരിപാടികള്‍ തുടരുമെന്നും ഇസ്‌ലാമിക ഭരണ സംഹിത അംഗീകരിക്കാന്‍ സമൂഹം പാകപ്പെടുന്നതു വരെ ഈ പ്രക്രിയ തുടരുമെന്നും സൈനബുല്‍ ഗസാലി എഴുതുന്നു.

അക്രമ ഭരണകൂടങ്ങള്‍ക്കെന്നും നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഭയമായിരുന്നു. ഭീകരമായ അടിച്ചമര്‍ത്തല്‍ രീതിയാണ് അവര്‍ക്കെന്നും പഥ്യം. പക്ഷെ, സൈനബുല്‍ ഗസാലിയുടെ പിന്‍തലമുറക്കാര്‍ ഇന്നും ഈജിപ്തിലെ വിപ്ലവ വസന്തത്തിന് വര്‍ണങ്ങള്‍ നല്‍കുന്നു. സമകാലിക ഈജിപ്തില്‍ പ്രക്ഷോഭ വിരുദ്ധ നിയമം പാസ്സാക്കിയതിന് ശേഷവും ഇരുന്നൂറിലേറെ സ്ത്രീകളെ സീസിയുടെ സൈന്യവും പോലീസും അറസ്റ്റു ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

‘അട്ടിമറി വിരുദ്ധ സ്ത്രീ’ എന്ന സംഘടന തയ്യാറാക്കിയ പഠന റിപോര്‍ട്ടില്‍ അറസ്റ്റു ചെയ്ത സ്ത്രീകളെ തടവറകളില്‍ ബോധം നഷ്ടപ്പെടുന്നത് വരെ മര്‍ദിക്കുന്നുണ്ടെന്നു എന്ന് പറയുകയുണ്ടായി. മിക്ക തടവുകാരെയും നിര്‍ബന്ധിച്ച് ഗര്‍ഭ, കന്യകാത്വ പരിശോധന നടത്തുന്നതായും ക്രിമിനലുകള്‍ക്കൊപ്പം വനിതാ തടവുകാരെ പാര്‍പ്പിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

മുല്ലപ്പൂ വിപ്ലവത്തിലൂടെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ പിഴുതെറിയുകയും ജനാധിപത്യ വ്യവസ്ഥയില്‍ മുര്‍സിയെ ഭരണാധികാരിയായി തെരെഞ്ഞെടുക്കുകയും ചെയ്ത ശേഷം രാജ്യത്ത് നടന്ന പട്ടാള അട്ടിമറിക്കെതിരെ ഇന്നും രാജ്യസ്‌നേഹികള്‍ അവിടെ ശബ്ദിച്ചു കൊണ്ടിരിക്കുന്നു.

Related Articles