Current Date

Search
Close this search box.
Search
Close this search box.

ജയിച്ചാല്‍ സ്വാതന്ത്ര്യ സമരം ; തോറ്റാല്‍ വിഘടനവാദം

1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം അഅ്‌സമിനെ ബംഗ്ലാദേശിലെ വിവാദ ട്രൈബ്യൂണല്‍ 90 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നു. 91 വയസ്സുള്ള പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ നല്‍കാത്തതെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. 1969 മുതല്‍ 2000വരെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്നു ഗുലാം അഅ്‌സം. പരമഭക്തനും സാത്വികനുമായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ബംഗ്ലാദേശിന്റെ പിറവി വരെ കിഴക്കന്‍ പാക്കിസ്ഥാനും പടിഞ്ഞാറന്‍ പാക്കിസ്ഥാനും ഒന്നായിരുന്നു. മുജീബുറഹ്മാന്റെ നേതൃത്വത്തില്‍ കിഴക്കന്‍ പാക്കിസ്ഥാനെ പടിഞ്ഞാറില്‍ നിന്ന് വേര്‍പ്പെടുത്താനായി സമരം ആരംഭിച്ചു. മറ്റ് രാജ്യങ്ങളുടെ പ്രത്യക്ഷ സഹായം ലഭിച്ചതിനാല്‍ അത് വിജയിച്ചു. അങ്ങിനെ കിഴക്കന്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശായി മാറി. സമരം വിജയിച്ചില്ലായിരുന്നുവെങ്കില്‍ അതിന് നേതൃത്വം നല്‍കിയവരും അതില്‍ അതില്‍ പങ്കാളികളായവരും രാജ്യദ്രോഹികളും വിഘടനവാദികളുമായി മാറുമായിരുന്നു. വിജയിച്ചതിനാല്‍ സമരത്തെ എതിര്‍ത്തവരായി രാജ്യദ്രോഹികള്‍. അഥവാ ജയാപജയങ്ങളാണ് രാജ്യസ്‌നേഹവും രാജ്യദ്രോഹവും തീരുമാനിക്കുന്നത്. ശരിയും തെറ്റുമല്ല.

ലോകത്ത് പലരാജ്യങ്ങളിലും പ്രാദേശിക സ്വയം ഭരണത്തിനായുള്ള മുറവിളികളും സമരങ്ങളും നടക്കാറുണ്ട്. ചില പ്രവിശ്യകള്‍ വേറിട്ടു പോകാന്‍ പൊരുതാറുണ്ട്. അവരൊക്കെ വിജയം വരെ രാജ്യദ്രോഹികളും വിഘടനവാദികളുമായി മുദ്രകുത്തപ്പെടുന്നു. വിജയിക്കുന്നതോടെ സ്വാതന്ത്ര്യസമര സേനാനികളും വിമോചനപ്പോരാളികളുമായി മാറുന്നു. ശക്തിയും ജയവുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സത്യവും നീതിയുമല്ലെന്നര്‍ത്ഥം.

രാജ്യസ്‌നേഹം, രാജ്യദ്രോഹം എന്നീ പദങ്ങള്‍ അധികാരം നടത്തുന്നവര്‍ക്ക് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ഉപാധികളായാണ് പലപ്പോഴും മാറാറുള്ളത്. ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം നടത്തിയവര്‍ രാജ്യദ്രോഹികളായിരുന്നു. ബ്രിട്ടീഷുകാര്‍ നാടുവിട്ടതോടെ സ്വാതന്ത്ര്യസമരസേനാനികളായി.

ഇപ്പോഴും ഭരണകൂടം തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിര് നില്‍ക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. നിരപരാധികളെ വെടിവെച്ചു കൊല്ലുന്നവരെയും തടവിലിടുന്നവരെയും രാജ്യസ്‌നേഹികളെന്ന് വിളിച്ച് വാഴ്ത്തുകയും ചെയ്യുന്നു. നിരപരാധികളെ ദ്രോഹിക്കുന്നവരും ലക്ഷം കോടികളുടെ അഴിമതി നടത്തുന്നവരും ദേശസ്‌നേഹികള്‍! പാവപ്പെട്ടവരുടെയും മര്‍ദ്ദിതരുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെയും കൂടെ നില്‍ക്കുന്നവരും അവര്‍ക്കായി ശബ്ദിക്കുന്നവരും ദേശദ്രോഹികളും!

ബംഗ്ലാദേശില്‍ ഇപ്പോള്‍ ശിക്ഷവിധിക്കപ്പെട്ടവരെ പ്രതിചേര്‍ത്ത് നടപടികള്‍ സ്വീകരിച്ചത് 42 കൊല്ലത്തിനു ശേഷം. അതും ബംഗ്ലാദേശിലെ ജനം വോട്ടുചെയ്തു വിജയിപ്പിച്ച് അധികാരത്തിലേറിയവരെ. അന്നത്തെ സമരത്തെ എതിര്‍ത്തവരിലേറെപ്പേരും ഇപ്പോള്‍ ഭരണത്തില്‍ പങ്കാളികളായിരിക്കെയാണിത്. വിദേശ ഇടപെടലില്ലാതെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ശിക്ഷിക്കപ്പെട്ടവര്‍ അധികാരത്തിലും കുറ്റവാളികള്‍ പ്രതിസ്ഥാനത്തുമെത്തുകതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
 

Related Articles