Current Date

Search
Close this search box.
Search
Close this search box.

ജമ്മു കാശ്മീര്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കുമിടയിലെ അകല്‍ച്ചയാണ് പ്രശ്‌നം: ഉവൈസി

ഹൈദരാബാദ്: കാശ്മീരിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ജനങ്ങള്‍ക്കും സര്‍ക്കാറിനും ഇടയിലെ അകല്‍ച്ചയും ഭരണ നിര്‍വഹണത്തിന്റെ അഭാവവുമാണെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. അന്യഥാബോധം വലിയ വിഷയമാണെന്നും അവിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും ‘ദ ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനിടയില്‍ മുപ്പതിലേറെ പേര്‍ അവിടെ കൊല്ലപ്പെട്ടിരിക്കുന്നു. അവിടെ ഭരണ നിര്‍വഹണം നടക്കുന്നില്ല. മുഫ്തി സാഹിബിന്റെ (മുന്‍ ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ്) മരണത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാസങ്ങളെടുത്തു. നിങ്ങള്‍ (ബി.ജെ.പി) അധികാരത്തിലിരിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്തുകൊണ്ട് ഇത്രയേറെ സമയമെടുക്കുന്നു. അദ്ദേഹം ചോദിച്ചു.
മുഫ്തി സഈദ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിന് ഏതാനും ആയിരം ആളുകളാണ് പങ്കെടുത്തത്. അതേസമയം തീവ്രവാദിയുടെ ജനാസ നമസ്‌കാരത്തില്‍ നാല്‍പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു. ജനങ്ങള്‍ക്കും സര്‍ക്കാറിനും ഇടയില്‍ വലിയ വിടവുണ്ടെന്നാണിത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും നിയന്ത്രിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഒന്നരക്കോടി തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം അദ്ദേഹം നിറവേറ്റിയില്ലെന്നും ഉവൈസി ആരോപിച്ചു.
നിയമ സഹായം ഭരണഘടന പ്രകാരമുള്ള മൗലികാവകാശമാണെന്ന് ഐഎസ് ബന്ധം ആരോപിക്കപ്പെട്ട് ഹൈദരാബാദില്‍ പിടിയിലായ അഞ്ച് പേര്‍ക്ക് നിയമസഹായം നല്‍കുമെന്ന തന്റെ നിലപാടിനെ ന്യായീകരിച്ചു കൊണ്ട് ഉവൈസി പറഞ്ഞു. ഐഎസിനെ നിരന്തരം വിമര്‍ശിക്കുന്ന മുസ്‌ലിം നേതാക്കളില്‍ ഒരാളാണ് താനെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles