Current Date

Search
Close this search box.
Search
Close this search box.

ജമാല്‍ അബ്ദുന്നാസിറിനു പഠിക്കുന്ന അബ്ദുല്‍ ഫത്താഹ് സീസി

പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ശേഷം ഇഖ്‌വാനികളെ അറുകൊല ചെയ്യുകയും തുല്യതയില്ലാത്ത പീഢനങ്ങള്‍ക്കിരയാക്കുകയും ചെയ്തത് ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമല്ല. ഈജിപ്ഷ്യന്‍ ചരിത്രത്തിലാദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സിയെ അട്ടിമറിക്കാന്‍ ലോകരാഷ്ട്രങ്ങളെയും മതമേലധ്യക്ഷന്മാരെയും പൈശാചിക ശക്തികളെയും കൂട്ടുപിടിച്ച് ഈജിപ്ഷ്യന്‍ സൈനിക മേധാവിയും പ്രതിരോധ മന്ത്രിയുമായ അബ്ദുല്‍ ഫത്താഹ് സീസി നടത്തിയ നാടകങ്ങള്‍ ജമാല്‍ അബ്ദുന്നാസിറിന്റേതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. സേഛ്വാധിപതിയും അധികാരമോഹിയുമായിരുന്ന ജമാല്‍ അബ്ദുന്നാസിര്‍, തന്റെ സ്വതന്ത്ര പ്രയാണത്തില്‍ എന്നും തടസ്സമാവുമെന്ന ദൂരക്കാഴ്ചയോടെ ഇഖ്‌വാനെ പൂര്‍ണമായും രംഗത്തുനിന്ന് തുടച്ചുനീക്കാനുള്ള പദ്ധതികളാവിഷ്‌കരിച്ചതു പോലെ തന്നയാണ് അഭിനവ നാസറായ സീസിയും ചെയ്തുകൊണ്ടിരിക്കുന്നത്.

1954 ഒക്ടോബര്‍ 26-ന് അലക്‌സാണ്ട്രിയയില രന്‍ശിയ മൈതാനിയില്‍ ജമാല്‍ അബ്ദുന്നാസിര്‍ സംഘടിപ്പിച്ച വധശ്രമനാടകത്തിന്റെ വിവിധരൂപങ്ങള്‍ ഈജിപ്തിലും തുനീഷ്യയിലും ഇന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് കാണാം. നാസിര്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിലേക്ക് തുരുതുരാ വെടിയുണ്ടകള്‍! നസിറിന് ഒരു പോറലുമേല്‍ക്കുന്നില്ല! നാസിര്‍ തന്നെ നടത്തിയ ആ നാടകത്തിന്റെ കുറ്റം നീചമായി ഇഖ്‌വാനുമേല്‍ ആരോപിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ ഇഖ്‌വാന് അതില്‍ യാതൊരു പങ്കുമുണ്ടായിരുന്നില്ല. മാത്രമല്ല, നാസിറിനെ കൊല്ലണമെങ്കില്‍ അയാളുടെ പേര്‍സണല്‍ സെക്യൂരിറ്റിയില്‍ തന്നെ അതു ഭംഗിയായി നിര്‍വഹിക്കാനുള്ള ഇഖ്‌വാനികളുണ്ടായിരുന്നുവെന്നും പക്ഷെ, ഇഖ് വാന്‍ അതു ഉദ്ദേശിച്ചിരുന്നില്ലെന്നും സയ്യിദ് ഖുതുബ് വ്യക്തമാക്കിയിട്ടുണ്ട്. നാസിര്‍ ഒരു വ്യക്തി മാത്രമാണ്, അയാളെ വിപാടനം ചെയ്തു പരിഹരിക്കാവുന്നതല്ല ജാഹിലിയ്യത്തിന്റെ പ്രശ്‌നം എന്നതായിരുന്നു ഇഖവാന്റെ നിലപാട്.

വധശ്രമത്തെത്തുടര്‍ന്നു ആയിരക്കണക്കിന് ഇഖ്‌വാനികള്‍ തടവിലാവുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. നഗ്ന ശരീരങ്ങളില്‍ നിരന്തരം ചമ്മട്ടിപ്രഹരങ്ങള്‍, ചാട്ടവാറുകള്‍ മനുഷ്യമാംസം തുടച്ചെടുത്തു, ഭീകരായുധമുപയോഗിച്ച് അവരുടെ അസ്ഥികൂടങ്ങള്‍ തച്ചുടച്ചു. വേട്ടനായ്ക്കളെ വിട്ട് നിരായുധരായ മനുഷ്യരെ അക്രമിച്ചു. തുല്യതയില്ലാത്ത പീഡനങ്ങളാണ് ഇഖ്‌വാനികള്‍ അന്നു ഏറ്റുവാങ്ങിയത്. വധശ്രമക്കേസ് വിചാരണ ചെയ്യാനായി ജമാല്‍ അബ്ദുസാലിമിന്റെ നേതൃത്വത്തില്‍ ഇന്ന് ബംഗ്ലാദേശില്‍ കാണുന്നതു പോലെ പ്രത്യേക കോടതിയുണ്ടാക്കി. വിചാരണ നാടകങ്ങള്‍ക്ക് ശേഷം കോടതി 1954 ഡിസംബര്‍ 4-ന് ഇഖ്‌വാന്‍ നേതാക്കളില്‍ ആറുപേര്‍ക്ക് വധശിക്ഷയും ഏഴുപേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ഒരു പക്ഷെ, മുര്‍സിയുടെ കാര്യത്തിലും ഇതിന്റെ തനിയാവര്‍ത്തനത്തിന് നാം സാക്ഷ്യം വഹിച്ചേക്കാം.

ഫലസ്ത്വീന്‍ യുദ്ധത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് ഫര്‍ഗലി, ഇഖ്‌വാന്‍ സെക്രട്ടറിയായും പ്രമുഖ ചിന്തകനുമായിരുന്ന അബ്ദുല്‍ ഖാദിര്‍ ഔദ, സൂയസ്‌കനാലിലും അധിനിവേശ ശക്തികള്‍ക്കെതിരെ അത്ഭുതകരമായ പോരാട്ടങ്ങള്‍ നടത്തിയ യൂസുഫ് ത്വല്‍അത്, ഹിന്ദാവി, ഇബ്‌റാഹീമുത്ത്വയ്യിബ്, മഹ്മൂദ് അബ്ദുല്ലത്വീഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.

1954-ല്‍ ഈ ആറു പേരെയും തൂക്കിക്കൊന്ന സന്ദര്‍ഭത്തില്‍ പ്രസിദ്ധ അറബി സാഹിത്യകാരനും പണ്ഡിതനുമായിരുന്ന ശൈഖ് അലി ത്വന്‍താവി എഴുതിയ ലേഖനം ഒരേ സമയം അഭിനവ നാസിറിസ്റ്റുകളുടെ ഉറക്കം കിടത്തുന്നതും ഇഖ്‌വാനികളെ ആവേശോന്മുഖമാക്കുന്നതുമാണ്. ഒറ്റയടിക്ക് അഞ്ച് ലക്ഷം കോപ്പികളാണ് ആ പുസ്തകം വിറ്റഴിഞ്ഞുപോയത്.  പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിനു മുന്നില്‍ അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസികളെ റമദാന്‍ മാസത്തില്‍ വെടിവെച്ചുകൊന്നും റാബിഅതുല്‍ അദവിയ്യയില്‍ സമാധാനപരമായി പ്രക്ഷേഭം നടത്തുന്നവര്‍ക്കെതിരെ നിറയൊഴിച്ചും അഭിനവ നാസറിസ്റ്റുകള്‍ കലിതുള്ളുമ്പോള്‍ ശൈഖ് അലി ത്വന്‍താവി തന്റെ പടവാളിനേക്കാള്‍ മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍ കൊണ്ട് കുറിച്ചിട്ട വരികള്‍ നമുക്ക് ഒന്ന്കൂടി വായിക്കാം. : ‘ഇന്ന് ദുഖത്തിന്റെ ദിനമല്ല, സന്തോഷത്തിന്റെ സുദിനമാണ്. ഇന്ന് ഇഖ്‌വാനികളോടൊപ്പമിരുന്ന് ഞാന്‍ അനുശോചനമല്ല, ആശംസകളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചെടുത്തോളം രക്തസാക്ഷിയായി മരിക്കുക എന്നതിനേക്കാള്‍ വലിയ നേട്ടം വേറെ വല്ലതുമുണ്ടോ?

ഇതുപോലൊരു തെമ്മാടിയുടെ കൈകൊണ്ട് കൊല്ലപ്പെടാനും എന്നിട്ട് രക്തസാക്ഷിയായിക്കൊണ്ട് സ്വര്‍ഗത്തിലേക്ക് നടന്നുചൊല്ലാനും സാധിച്ചെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. ഞാനിപ്പറയുന്നതിന് അല്ലാഹു സാക്ഷി!

ജമാല്‍ അബ്ദുന്നാസിര്‍! ഒരു ദിവസം നീ അല്ലാഹുവിന്റെ മുമ്പില്‍ ഒറ്റക്ക് നില്‍ക്കേണ്ടിവരും. അന്നു നിന്റെ കൂടെ സൈന്യവും ആയുധങ്ങളും ടാങ്കുകളൊന്നുമുണ്ടാകില്ല. ഏകാകിയായി അല്ലാഹുവിലേക്ക് നീ തെളിക്കപ്പെടുകയായിരിക്കും. എന്നിട്ട് ചോദിക്കപ്പെടും, എന്തിനായിരുന്നു ഈ പരിശുദ്ധാത്മാക്കളെ നശിപ്പിച്ചതെന്ന്? ക്ഷമാലുക്കളായ ഈ സ്ത്രീകളെ എന്തിനാണ് നീ വിധവകളാക്കിയതെന്ന്? അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഒരു സംഘടനയെ എന്തിനാണ്, അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളെ സന്തോഷിപ്പിക്കുന്നതിനായി കുരുതി കൊടുത്തതെന്ന്? നീ എത്ര പോയാലും മഹ്ശറയിലൂടെ പോകാതെ കഴിയും എന്നു കരുതേണ്ടതില്ല….

അബ്ദുന്നാസിര്‍, ആരെയാണ് നീ കൊന്നതെന്നറിയാമോ? ഇസ്‌ലാമിലെ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് അഗാധജ്ഞാനണ്ടായിരുന്ന പണ്ഡിതനെ. നാളെ അദ്ദേഹത്തെ നമുക്കാവശ്യമായി വരുമ്പോള്‍ അങ്ങനെയൊരാളുണ്ടാവില്ല! അപ്പോള്‍ നമുക്ക് ദുഖിക്കേണ്ടിവരും. നമ്മുടെ ശത്രുക്കള്‍ അന്നു സന്തോഷിക്കും! ‘ഇസ്‌ലാമിലെ ക്രിമിനല്‍ നിയമങ്ങള്‍’എന്ന കൃതിയുടെ ശില്‍പിയെയാണ് നീ കൊന്നത്. അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട, പല യൂനിവേഴ്‌സിറ്റികളിലും പഠിപ്പിക്കുന്ന ഗ്രന്ഥം. അതിന്റെ ഗ്രന്ഥകാരനെ ആദരിക്കാന്‍ ആളുകള്‍ ആഗ്രഹിച്ചു. അപ്പോഴാണവര്‍ അറിയുന്നത്, അദ്ദേഹത്തിന് ആദരിക്കല്‍ ചടങ്ങിന് വരാന്‍ കഴിയില്ല. ജമാല്‍ നാസിര്‍ അദ്ദേഹത്തെ കഴുമരം നല്‍കി ആദരിച്ചിരിക്കുന്നുവെന്ന്!

മുജാഹിദുകളുടെ നായകന്‍ ഫര്‍ഗലിയെയാണ് നാസിര്‍, നീ ബലികൊടുത്തത്. ബ്രിട്ടീഷ് റേഡിയോ ദിവസം മൂന്ന് തവണ ഫര്‍ഗലിയുടെ തലക്ക് അയ്യായിരം പൗണ്ട് വില പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്ക് ആ തല കൊണ്ടുകൊടുത്തു!

നീ തൂക്കിലേറ്റിയവര്‍ തഖ്‌വയുടെ ഇമാമുകളായിരുന്നു. സന്മാര്‍ഗത്തിന്റെ വിളക്കുകളായിരുന്നു. പാതിരാവുകളില്‍ ഉണര്‍ന്നിരിക്കുകയും ഖുര്‍ആനും തസ്ബീഹുകളുമായി കഴിഞ്ഞുകൂടുന്നവരുമായിരുന്നു. പകല്‍വേളകളെ ജിഹാദുകൊണ്ടും കര്‍മങ്ങള്‍ കൊണ്ടും നിറക്കുന്നവരായിരുന്നു.

നിങ്ങള്‍ ഇഖ്‌വാനികളേ, അറിയുക, പരീക്ഷണങ്ങള്‍ പരിശീലനമാകുന്നു….ഇന്ന്, ഏറ്റവും വലിയ പരീക്ഷണത്തിനു വിധേയമായപ്പോള്‍ നിങ്ങളതില്‍ വിജയിച്ചു. തൂക്കുമരങ്ങള്‍ക്ക് ഇഖ്‌വാനികളുടെ ഈമാനിനെ പിടിച്ചുലക്കാന്‍ കഴിഞ്ഞില്ല. ഓര്‍ക്കുക, ഇമാം ഹസനുല്‍ ബന്ന നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു, വലിയ വിപത്തുകള്‍ വരാനിരിക്കുന്നുവെന്ന്. അതിലേക്കാണിപ്പോള്‍ നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നത്. അന്തിമ വിജയം, അല്ലാഹുവാണെ, നിങ്ങള്‍ക്കു തന്നെയായിരിക്കും. കാരണം ഇസ്‌ലാമിന്റെ സന്മാര്‍ഗത്തിലൂടെയാണ് നിങ്ങളുടെ സഞ്ചാരം’.

അവലംബം : അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ – ഐ. പി. എച്ച്‌

Related Articles