Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള പാതയിലാണ് തുനീഷ്യ

rashid-gannooshi.jpg

അറബ് വസന്തത്തിലൂടെ ആദ്യത്തെ ഏകാധിപതി സ്ഥാനഭ്രഷ്ടനായിട്ട് അഞ്ച് വര്‍ഷം കഴിയുന്ന ഈ അവസരത്തില്‍, ജനാധിപത്യത്തിലേക്കുള്ള മാറ്റം എന്നത് പ്രതീക്ഷച്ചതിനേക്കാള്‍ വളരെ വേഗം കുറഞ്ഞതും സൂക്ഷ്മവുമാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ലോകജനശ്രദ്ധ പിടിച്ചു പറ്റിയ ജനകീയ വിപ്ലവത്തിന് ശേഷവും, മേഖല ഇപ്പോഴും സംഘര്‍ഷഭരിതമാണ്, മാറ്റത്തിന് വേണ്ടിയുള്ള ശുഭപ്രതീക്ഷകള്‍ ഇതുവരെയും സഫലമായിട്ടില്ല. സമാധാനപരമായ മാറ്റത്തിന് വേണ്ടിയുള്ള എല്ലാ വഴികളും അടച്ചുപൂട്ടിയ കൊണ്ട് ഏകാധിപത്യ ദുര്‍ഭരണകൂടങ്ങള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ നിന്നാണ് ഐ.എസ്സിന് വളരാനുള്ള ഇടം ലഭിച്ചത്. ഹിംസയിലും, മരണത്തിലും അധിഷ്ഠിതമാണ് അവരുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട്.

പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയിലാണെങ്കില്‍ കൂടിയും, അറബ് വസന്തത്തിന് തുടക്കം കുറിച്ച തുനീഷ്യ മേഖലയിലെ പ്രകാശഗോപുരമായി ഇന്നും നിലകൊള്ളുന്നു. രാഷ്ട്രത്തിന്റെ ജനാധിപത്യ പദ്ധതി ഇപ്പോഴും ശൈശവദശയില്‍ തന്നെയാണ് – ഇന്നും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ സംബന്ധിച്ച് ഓര്‍മപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ – പക്ഷെ, ശുഭാപ്തിവിശ്വാസം കൈവിടാതിരിക്കാന്‍ നിരവധി കാരണങ്ങളും അതോടൊപ്പമുണ്ട്. ഇസ്‌ലാമും ജനാധിപത്യവും പരസ്പരം ചേര്‍ന്ന് പോകുന്നതല്ലെന്ന് വാദിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കുള്ള മികച്ച മറുപടി തന്നെയാണ് തുനീഷ്യയുടെ പുരോഗതി. സുതാര്യവും, കാര്യക്ഷമവുമായ തെരഞ്ഞെടുപ്പുകള്‍ നാം നടത്തുകയുണ്ടായി. രാഷ്ട്രീയ-ഭരണകൂട തലങ്ങളില്‍ സ്ത്രീകള്‍ വളരെ സജീവമായി ഇടപെടുന്നുണ്ട്. നിയമവാഴ്ച്ചയും, അധികാര വിഭജനവും, അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള മനുഷ്യാവകാശങ്ങളും രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കുന്ന ഒരു ഭരണഘടന നമുക്ക് ഇന്നുണ്ട്.

സ്ഥിരമായ ഒരു ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള പാതയിലൂടെയാണ് തുനീഷ്യ ഇപ്പോള്‍ സഞ്ചരിക്കുന്നത്. അതിനിടെ ഞങ്ങളുടെ അയല്‍ക്കാരില്‍ ഒരുപാട് പേര്‍ പാതിവഴിയില്‍ വീണുപോയി. രാഷ്ട്രീയ മാറ്റമെന്ന ഘട്ടത്തിലൂടെ കടന്ന് പോകുന്ന രാജ്യങ്ങള്‍ ദുര്‍ബലാവസ്ഥയിലായിരിക്കുമെന്നും, രാഷ്ട്രതാല്‍പര്യങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ അധീശത്വം നേടിയാല്‍ രാഷ്ട്രം അരക്ഷിതാവസ്ഥയിലേക്ക് കൂപ്പ്കുത്തുമെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ചരിത്രം നമുക്ക് നിരന്തരം കാണിച്ച് തന്നിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടിയായ അന്നഹ്ദ ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് തുനീഷ്യയിലെ വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍, ബിസിനസ്സുകാര്‍, സിവില്‍ സമൂഹ സംഘടനകള്‍ എന്നിവരുമായി തൂനീഷ്യയുടെ നന്മക്ക് വേണ്ടി ഒരു രാഷ്ട്രീയ ഐക്യത്തിലെത്താനുള്ള വഴികള്‍ തേടിയത്. മാറ്റത്തിന്റെ സമയത്ത് ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭരണം കൈയ്യാളരുത്. ഇക്കാരണം കൊണ്ടാണ്, വിപ്ലവാനന്തരം ഒരു മൂന്ന് കക്ഷി സര്‍ക്കാറിന് രൂപം നല്‍കാന്‍ ഞങ്ങള്‍ മറ്റു പാര്‍ട്ടികളെ സമീച്ചതും, 2014-ല്‍ ഭരണത്തില്‍ നിന്ന് താഴെയിറങ്ങിയതും. ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു, പക്ഷെ ശക്തമായ ഒരു ജനാധിപത്യ രാഷ്ട്രമുണ്ടാക്കാന്‍ കേവലം ഭൂരിപക്ഷത്തിന്റെ പിന്‍ബലം മാത്രം പോരെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. മൗലിക തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായഐക്യം വളരെ പ്രധാനമാണ്. ജനാധിപത്യ നവോത്ഥാനത്തിന് സ്വീകരിച്ച എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാടാണ് തുനീഷ്യയുടെ രാഷ്ട്രീയ-സാമൂഹിക സ്ഥിരതയുടെ ആണിക്കല്ല്.

ഇത്തരത്തിലുള്ള രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് മേഖലയിലെ രാഷ്ട്രങ്ങളെല്ലാം ഇന്ന് തേടുന്നത്. ഭിന്നിച്ച് നില്‍ക്കുന്ന കക്ഷികള്‍ക്കിടയിലെ ഐക്യം രാജ്യത്തിന്റെ സ്ഥിരതക്ക് വളരെ പ്രധാനമാണ്. ബഹുസ്വരതയെ ബഹുമാനിക്കുകയും, എല്ലാവര്‍ക്കും തുല്ല്യഅവകാശങ്ങള്‍ വകവെച്ച് കൊടുക്കുകയും ചെയ്യുന്നതിലൂടെയാണ് വിഭാഗീയതയെയും, തീവ്രവാദത്തെയും, രാഷ്ട്രീയകുത്തവല്‍ക്കരണത്തെയും അഭിമുഖീകരിക്കാന്‍ സാധിക്കുകയുള്ളു. തുനീഷ്യയില്‍ ഇന്ന് കാണുന്നത് പോലെ, രാഷ്ട്രീയ സഹവര്‍ത്തിത്വത്തിലാണ് മേഖലയുടെ ശോഭനമായ ഭാവിയിലേക്കുള്ള തുറവിയുള്ളത്.

എന്നിരുന്നാലും, കലങ്ങി മറിഞ്ഞ് കിടക്കുന്ന ഒരു മേഖയില്‍ സ്ഥിതി ചെയ്യുന്ന തുനീഷ്യക്ക്, ജനാധിപത്യത്തിലേക്കുള്ള യാത്ര ഒറ്റക്ക് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ജനാധിപത്യ മാറ്റത്തില്‍ രാജ്യസുരക്ഷ എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. ജനാധിപത്യത്തിലേക്കുള്ള തുനീഷ്യയുടെ പുരോഗതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കണം രാജ്യത്ത് ഐ.എസ്സ് ആക്രമണങ്ങള്‍ നടത്തിയത്. അസ്ഥിരതയും, നിയമവിധേയ രാഷ്ട്രീയ അധികാരത്തിന്റെ അഭാവവുമാണ് ഐ.എസ്സിന്റെ മുഖ്യപോഷകങ്ങള്‍. ലോകത്തുള്ള മറ്റു തീവ്രവാദ സംഘങ്ങളെ പോലെതന്നെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളിലും ഐ.എസ്സ് ഏര്‍പ്പെടുന്നുണ്ട്. സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക് വളരെ ലളിതമായ പരിഹാരങ്ങള്‍ മുന്നോട്ട് വെക്കുന്ന ഐ.എസ്, ഭയവും, വെറുപ്പും ഇളക്കിവിട്ടാണ് സംഘത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക് ലളിതമായ പരിഹാരങ്ങളില്ലെന്ന് ലോകത്തുള്ള നയരൂപകര്‍ത്താക്കള്‍ നിര്‍ബന്ധമായും തിരിച്ചറിയണം. അതെ, നമ്മുടെ സുരക്ഷാ സേനകള്‍ക്ക് കാര്യക്ഷമമായ പരിശീലനവും അത്യാധുനിക ആയുധങ്ങളും നല്‍കി ഈ ഭീഷണികളെ നാം നേരിടേണ്ടതുണ്ട്. തീവ്രവാദത്തെ പിന്തുണക്കുന്നതിന്റെ മൂലകാരണങ്ങളിലേക്ക് നോക്കുമ്പോള്‍ തീവ്രവാദവിരുദ്ധ പോരാട്ടത്തിന് നൂതനമായ തന്ത്രങ്ങള്‍ വളരെ അനിവാര്യമാണ്. ഭാവിയെ സംബന്ധിച്ച് ജനങ്ങളെ ഭയപ്പെടുത്തിയും, അത്യാവശ്യക്കാര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയുമാണ് തീവ്രവാദ സംഘങ്ങള്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ പിന്തുണ നേടിയെടുക്കാറുള്ളത്. പ്രദേശിക തലത്തിലെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതും, പ്രത്യേകിച്ച് യുവാക്കള്‍ക്ക് സാമ്പത്തിക-തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ പ്രദേശിക വികസന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മ കാരണമുണ്ടായ നിരാശയില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച്ചത്തെ പ്രതിഷേധപ്രകടനങ്ങള്‍ ഉടലെടുത്തത്. തുനീഷ്യന്‍ ജനതക്ക് കൂടുത ഐശ്വര്യപൂര്‍ണ്ണമായ ഒരു ഭാവി പ്രദാനം ചെയ്യുന്നതിന്റെ അനിവാര്യതയിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടിയത്.

സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയത് കൊണ്ട് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയില്ല. വിവിധ വഴികളിലൂടെ തീവ്രവാദ സംഘങ്ങള്‍ പ്രചരിപ്പിക്കുന്ന അവരുടെ ആശയങ്ങള്‍ക്ക് തടയിടാന്‍ ആശയത്തിലും പ്രവര്‍ത്തനത്തിലും ഒത്ത് പോകുന്ന എതിര്‍ ആഖ്യാനങ്ങള്‍ അനിവാര്യമാണ്. സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമെന്ന നിലയില്‍ ജനാധിപത്യത്തെയും, രാഷ്ട്രീയ ബഹുസ്വരതെയും പിന്തുണക്കുക എന്നത് ഈ എതിര്‍ ആഖ്യാനത്തിന്റെ കേന്ദ്രബിന്ദുവാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമോ അനുകൂലമാകില്ലേ എന്നൊന്നും പരിഗണിക്കാതെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അന്താരാഷ്ട്രാ നായകരും ജനാധിപത്യ പ്രക്രിയയെ ബഹുമാനിക്കുകയാണ് വേണ്ടത് എന്നാണ് ഇതര്‍ത്ഥമാക്കുന്നത്.

രാഷ്ട്രീയ ആധിപത്യം പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള തങ്ങളുടെ ഉദ്യമത്തെ ന്യായീകരിക്കാനാണ് ഐ.എസ്സും മറ്റു തീവ്രവാദ സംഘങ്ങളും മതത്തെ ചൂഷണം ചെയ്യുന്നത്. കാര്യക്ഷമമായ ഒരു എതിര്‍ ആഖ്യാനം കൊണ്ട് ഇതിനെ എതിരിടുക തന്നെ വേണം. ലോകത്തെ കോടികണക്കിന് വരുന്ന മുസ്‌ലിംകള്‍ ജീവിതം കൊണ്ട് അനുഷ്ഠിക്കുന്ന യഥാര്‍ത്ഥ ഇസ്‌ലാമിന്റെ ആത്മാവിനെ ജനസമക്ഷം അവതരിപ്പിക്കുകയും വേണം – കാരുണ്യത്തിനും, പരസ്പര ബഹുമാനത്തിന്റെയും, ഐക്യദാര്‍ഢ്യത്തിന്റെയും, സഹവര്‍ത്തിത്വത്തിന്റെയും മതമാണ് ഇസ്‌ലാം. മുസ്‌ലിം ഡെമോക്രാറ്റുകളുടെ ഒരു പാര്‍ട്ടിയെന്ന നിലയില്‍, ഐ.എസ്സിനെയും, അവരുടെ ദുര്‍വ്യാഖ്യാനങ്ങളെയും ഇല്ലാതാക്കാനുള്ള ഏറ്റവും മികച്ച വഴി ഇസ്‌ലാമിനെ കുറിച്ചുള്ള ആഴമേറിയ വായനകളാണെന്നാണ് അന്നഹ്ദ വിശ്വസിക്കുന്നത്.

അറബ് വിപ്ലവങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാറായോ എന്ന് ഇനിയും പറയാറായിട്ടില്ല. യൂറോപ്പില്‍ മാറ്റങ്ങളുണ്ടാവാന്‍ നൂറിലധികം വര്‍ഷങ്ങള്‍ എടുത്തു. അതിനിടെ നിരന്തരമായ രക്തരൂക്ഷിത കലാപങ്ങളും വിപ്ലവങ്ങളും ഉണ്ടായി. ജനാധിപത്യ മാറ്റത്തിന്റെ പുതിയ ഘട്ടത്തിലേക്കാണ് അറബ് ലോകം ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നത്. ഫലങ്ങളുണ്ടാവാന്‍ ചിലപ്പോള്‍ പത്തോ ഇരുപതോ വര്‍ഷങ്ങള്‍ എടുത്തേക്കാം. വംശീയ, സാംസ്‌കാരിക, മതകീയ വൈജാത്യങ്ങളാല്‍ സമ്പന്നവും, അതുപോലെ ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനവുമായ ഒരു മേഖലയില്‍, ജനാധിപത്യ മാറ്റത്തിലേക്കുള്ള പാത എല്ലായ്‌പ്പോഴും കുണ്ടുംകുഴികളും നിറഞ്ഞതായിരിക്കും.

അതുകൊണ്ടാണ്, ഈ വെല്ലുവിളികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഐക്യത്തോടെ നിലനില്‍ക്കേണ്ടത് വളരെ പ്രധാനമാണെന്ന് പറയുന്നത്. സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനുള്ള ഏക വഴി രാഷ്ട്രീയ സംവാദം തന്നെയാണ്. രാഷ്ട്രീയ സഹകരണം മാറ്റത്തിന്റെ ശക്തമായ അടിസ്ഥാനമാണെന്ന് തുനീഷ്യ കാണിച്ച് തന്നു. സ്വാതന്ത്ര്യം, മനുഷ്യാന്തസ്സ്, സമത്വം എന്നിവ നമ്മുടെ ജനാധിപത്യ പ്രക്രിയയെ നയിക്കുമെന്ന് ഉറപ്പുവരുത്തുന്ന ഒരു ശക്തമായ ദര്‍ശനത്തിന് വേണ്ടി രാഷ്ട്രീയവും സാമൂഹികവുമായ ഭിന്നതകള്‍ മാറ്റി വെച്ച് തുനീഷ്യക്കാര്‍ ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയ സംവാദവും, പരസ്പര സഹകരണവും മാത്രമാണ് സിറിയ, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നാം ഇന്ന് കാണുന്ന സംഘട്ടനങ്ങള്‍ക്കുള്ള ഏക പരിഹാരം.

മാറ്റം അത്ര എളുപ്പം സംഭവിക്കുന്ന ഒന്നല്ല. നവോത്ഥാനം എല്ലായ്‌പ്പോഴും ചെറുത്ത് നില്‍പ്പും എതിര്‍പ്പും ഉണ്ടാക്കും. വിപ്ലവം ഉയര്‍ത്തിപിടിച്ച സാമൂഹിക-സാമ്പത്തിക പ്രായസങ്ങളെ ദുരീകരിക്കുന്നതിനായുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളിലാണ് തുനീഷ്യയുടെ ത്രികക്ഷി സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സുഹൃത്തുക്കളുടെയും സഖ്യകക്ഷികളുടെയും സഹായം തുനീഷ്യയെ സംബന്ധിച്ചിടത്തോളെ വളരെ അനിവാര്യമായിരിക്കുന്ന സന്ദര്‍ഭമാണിത്. പ്രയാസങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ജനാധിപത്യ പാതയിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടരുക തന്നെ ചെയ്യും.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles