Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തിലെ കാട്ടാള നിയമങ്ങള്‍

ജമ്മു-കാശ്മീരിലും, അരുണാചല്‍ പ്രദേശ്, ആസാം, മേഘാലയ, മിസോറാം, നാഗാലാന്റ്, ത്രിപുര, മണിപ്പൂര്‍ ഉള്‍പ്പടെയുള്ള ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ പട്ടാളത്തിന് പ്രത്യേകാധികാരങ്ങള്‍ നല്‍കിക്കൊണ്ട് 1958 ല്‍ പാര്‍ലിമെന്റ് പാസാക്കിയ കരിനിയമമാണ് (Armed Forces Special Powers Act) ‘അഫ്‌സ്പ’ എന്നപേരില്‍ അറിയപ്പെടുന്നത്. 1942-ലെ ബ്രിട്ടീഷ് കരിനിയമങ്ങളുടെ മാതൃകയിലുള്ള ഈ പട്ടാളനിയമം സൈനികര്‍ക്ക് ചോദ്യം ചെയ്യാനാവാത്ത പ്രത്യേക അധികാരങ്ങളാണ് നല്‍കിയിരിക്കുന്നത്. പട്ടാളക്കാര്‍ക്ക് ഏത് സ്ഥലവും ഏതവസരത്തിലും പരിശോധിക്കാം, ഒരു മുന്നറിയിപ്പും കൂടാതെ ആരേയും എപ്പോഴും അറസ്റ്റ്‌ചെയ്യാം, ഒരു സൂചനയും നല്‍കാതെ വെടിവെച്ചുകൊല്ലാം. ഇതിനെതിരെ ഒരു കോടതിയേയും സമീപിക്കാനാവില്ല.

‘അഫ്‌സ്പ’ നിയമം നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു-കാശ്മീരിലും  സൈനികര്‍ നടത്തുന്ന അതിക്രമങ്ങള്‍ പട്ടാളക്കോടതിയാണ് പരിഗണിക്കേണ്ടത്. എന്നാല്‍ സൈനികരെ പട്ടാളക്കോടതി ശിക്ഷിക്കുന്നത് വളരെ അപൂര്‍വ്വമാണ്. പ്രത്യേക നിയമത്തിന്റെ പരിരക്ഷയുള്ളതുകൊണ്ട് യൂനിഫോമിനുള്ളിലെ പ്രതികള്‍ സിവില്‍കോടതികളുടെ നിയമനടപടികളുടെ പരിധിക്ക് പുറത്താണ്. ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ച് സൈനികരെ കുറ്റവിചാരണ ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുവാദം വേണം. പോലീസ് രജിസ്റ്റര്‍ചെയ്ത കേസുകളില്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് സംസഥാനസര്‍ക്കാര്‍ പ്രതിരോധ അഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി തേടേണ്ടതുണ്ട്. പക്ഷേ, ഉത്തമവിശ്വാസത്തോടെ കൃത്യനിര്‍വ്വഹണം നടത്തുന്ന സൈനികരെ അവഹേളിക്കുകയും അവരുടെ ആത്മവീര്യം നശിപ്പിക്കുകയുമാണിതെന്ന വിശദീകരണത്തോടെ ആരോപണം  തള്ളിപ്പോവുകയാണ് പതിവ്. ‘അഫ്‌സ്പ’ യുടെ  മറവില്‍ സൈനികരുടേയും ബി.എസ്,എഫ്. ജവാന്മാരുടേയും കയ്യേറ്റങ്ങള്‍  55 വര്‍ഷമായി തുടരുന്നു.

1997 ജനുവരിയില്‍ കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ രാത്രി കയറിച്ചെന്ന പട്ടാളക്കാര്‍ മാതാവിനെ പൂട്ടിയിട്ട് രണ്ട് പെണ്‍മക്കളെ പീഡിപ്പിച്ച സംഭവം വിവാദമായപ്പോള്‍, സൈനികര്‍ നടത്തിയ കയ്യേറ്റത്തിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. നാട്ടുകാരുടെ പ്രക്ഷോഭത്തെ നേരിട്ട സര്‍ക്കാര്‍ കേസെടുക്കാന്‍ പ്രതിരോധ മന്ത്രലയത്തിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല.  ഒരു നടപടിയും സ്വീകരിക്കാതെ സൈനികരെ വെറുതെവിട്ടു. 1999 ഡിസംബറില്‍ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് വീട്ടില്‍കയറി പട്ടാള മേജറും കൂട്ടുകാരും വീട്ടുകാരിയെ ബലാല്‍സംഗം ചെയ്തു. മാനം നഷ്ടപ്പെട്ട കുടുംബം ഗതിയില്ലാതെ നാടുവിട്ടു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും ഒമ്പത് കൊല്ലം കഴിഞ്ഞ് കേസ് ഹൈക്കോടതിയിലെത്തിയിട്ടും പ്രതികളെ പ്രോസിക്യട്ട് ചെയ്യാനുള്ള അപേക്ഷ പ്രതിരോധമന്ത്രാലയം ഇതുവരെ പരിഗണനക്കെടുത്തിട്ടില്ല. സൈനികര്‍ക്കൊന്നും സംഭവിച്ചില്ല.     കാശ്മീരിലെ പഹല്‍ഗാവില്‍ 2002 ഏപ്രിലില്‍ മാതാവിന്റെ കണ്‍മുമ്പില്‍ പതിനേഴുകാരി മകളെ കൂട്ട മാനഭംഗം നടത്തിയ ബി. എസ്. എഫ്. 58 ാം ബറ്റാലിയനിലെ ജവാന്മാരും അവസാനം  ഒരു കേസുമില്ലാത രക്ഷപ്പെടുകയായിരുന്നു. 2004 നവംബര്‍ ആറിന് രാത്രി സഹോദരനെ വീട്ടിനു പുറത്തേക്ക്  തള്ളി പെണ്‍ുട്ടിയെ മാനഭംഗപ്പെടുത്തിയ 30-ാം രാഷ്ട്രീയ റൈഫിള്‍സിലെ മേജറെ പട്ടാളക്കോടതി വിചാരണചെയ്തു സര്‍വീസില്‍നിന്ന് പുറത്താക്കിയെങ്കിലും മേല്‍ക്കോടതിയെ സമീപിച്ച ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തിരിച്ചു കയറി.     മനോരമ ദേവി എന്ന 32 കാരിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ആസാം റൈഫിള്‍സ് സേനാ അംഗങ്ങള്‍ അവളെ ബലാല്‍ക്കാരം ചെയ്ത് കൊന്നു. രണ്ടുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടുകിട്ടിയത്. പ്രതിഷേധം ആളിക്കത്തിയതോടെ 2004 ജൂലായി അഞ്ചാം തിയതി 15 സ്ത്രീകള്‍ ആസാം റൈഫിള്‍സിന്റെ ആസ്ഥാനത്തുനിന്ന് അരകിലോമീറ്റര്‍ അകലെയുള്ള രാജ്ഭവനിലേക്ക് പൂര്‍ണനഗ്നരായി ദേഹം മറക്കാന്‍ ”Indian Army Rape Us Kill Us Take Our Flesh” എന്നെഴുതിയ ഒരൊറ്റ ബാനറുമായാണ് പ്രകടനം നടത്തിയത്. മറ്റൊന്നും ആയുധമാക്കാനില്ലാത്തവര്‍ക്ക് സ്വന്തം നഗ്നത തന്നെ ആയുധം. വെറും യാഥാസ്ഥിക ഗ്രാമീണ സ്ത്രീകളായിരുന്നു ഈ കടുംകൈക്ക് മുതിര്‍ന്നത്.    
    
ഇംഫാലില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ മാലോം ഗ്രാമത്തില്‍ 2000 നവംബര്‍ 2 ന് ബസ്സ് കാത്തുനില്‍ക്കുകയായിരുന്ന 17 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള പത്ത് നിരപരാധികളായ നാട്ടുകാരെ ഒരു പ്രകോപനവും കൂടാതെ സുരക്ഷാസേന വെടിവെച്ചുകൊന്നു ഈ സംഭവം യുവ കവയിത്രി ഇറോം  ശര്‍മീളയെ ഞെട്ടിച്ചു. അതോടെ അവരുടെ ജീവിത്തില്‍ ഇതൊരു വഴിത്തിരിവായി. 2000 നവംബര്‍ 5 ന്ന് തുടങ്ങിയ  ശര്‍മീളയുടെ നിരാഹാര  സമരത്തിന്  ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. സൈനിക കാട്ടാളത്തത്തിനെതിരെ പരാതിപ്പെടാന്‍ അനുവദിക്കുക അരനൂറ്റാണ്ടായി തുടരുന്ന സായുധസേനാ പ്രത്യേകാധികാരനിയമം പിന്‍വലിക്കുക. ജനാധിപത്യത്തേയും രാഷ്ട്രീയത്തേയും മറികടക്കാന്‍ പട്ടാളത്തെ അനുവദിക്കാതിരിക്കുക. ശര്‍മീളക്ക്  പിന്തുണക്കാര്‍ കുറവായിരുന്നു. ചില മനുഷ്യാവകാശ പ്രസ്ഥാനങ്ങളും, മണിപ്പൂരിലെ വനിതാസംഘടനകളും, വിദ്യാര്‍ത്ഥികൂട്ടായ്മകളും മാത്രമായിരുന്നു അന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്നത്. ഇപ്പോള്‍ അവിടെ മാലോം ഗ്രാമത്തില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ ഒരു രക്തസാക്ഷി സ്മാരകംനിര്‍മിച്ചിരിക്കുന്നു. ആത്മഹത്യാശ്രമം എന്ന കുറ്റത്തിന് ഇംഫാലിലെ ആസ്പത്രിയില്‍ തടവുകാരുടെ മുറിയില്‍ അടക്കപ്പെട്ട ശര്‍മീള ശിക്ഷാകാലാവധി തീര്‍ന്നപ്പോള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഡല്‍ഹിയിലേക്ക് ഒളിച്ചുകടന്ന് തന്റെ നിരാഹാരസത്യാഗ്രഹം തുടര്‍ന്നു. മൂന്നാം ദിവസം രാജ്ഘട്ടില്‍ വെച്ച് അറസ്റ്റിലായി. പോലീസ് അവരെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്ക് മാറ്റിെയങ്കിലും അവര്‍ അവിടെയും സത്യാഗ്രഹം തുടര്‍ന്നു. പോലീസ് അവര്‍ക്ക് ബലംപ്രയോഗിച്ച് നിര്‍ബന്ധമായി് കുഴലുകള്‍ വഴി മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുന്നു. മുപ്പത്തിനാലുകാരിയായ ഈ യുവതി വര്‍ഷങ്ങളായി ഉമിനീര്‍പോലും ഇറക്കിയിട്ടില്ല. ഉണങ്ങിയ പഞ്ഞിക്കഷണം കൊണ്ടാണ് ചുണ്ടുകള്‍ വൃത്തിയാക്കുന്നതും പല്ലുതേക്കന്നതും. അവരുടെ ആന്തരാവയവങ്ങള്‍ക്കെല്ലാം ഗുരുതരമായ ക്ഷതം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു.

കാശ്മീരില്‍ 17 വര്‍ഷമായി കാണാതായവരുടെ അമ്മമാരും, സഹോദരിമാരും, മക്കളുമടങ്ങിയ ഒരു പ്രസ്ഥാനമുണ്ട്. അവരെ നയിക്കുന്നത് ജെ.കെ.എല്‍.എഫ്.(ജമ്മു-കാശ്മീര്‍ ലിബറേഷന്‍ഫ്രന്റ് നേതാവ് യാസീന്‍മാലിക്കാണ്. മതേതര ജനധിപത്യകാശ്മീരാണ് ഈ ഗാന്ധിയന്റെലക്ഷ്യം. സായുധസേനയുടെ അതിക്രമങ്ങള്‍ക്ക് ഇവരും ഇരയാണ്.                         

മാനഭംഗക്കേസുകളില്‍ പ്രതികളായ പട്ടാളക്കാരെ പട്ടാളക്കോടതിയല്ല സിവില്‍ കോടതികള്‍ ക്രിമിനല്‍ നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കുകയാണ് വേണ്ടതെന്നാണ് ജസ്റ്റിസ് ജെ. എസ്. വര്‍മ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. സൈന്യം ദുരുപയോഗം ചെയ്യുന്ന ‘അഫ്‌സ്പ’ നിയമം പുനഃപരിശോധിക്കണമെന്നും കമ്മിറ്റി ശിപാര്‍ശി ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും നിയമദുരുപയോഗത്തിനെതിരെ രേഖാപരമായി വിശദവിവരങ്ങള്‍ അടുത്തദിവസം പുറത്തുവിടുകയുണ്ടായി. മണിപ്പൂരില്‍ വലിയൊരുവിഭാഗം ജനങ്ങളുടെ അംഗീകാരവും ബഹുമാനവും നേടിയ ശര്‍മീള മരിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഭയന്ന് എങ്ങിനെയെങ്കിലും അവരുടെ ജീവന്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കനത്ത ബന്ധവസ്സോടെ ആസ്പത്രിയിലെ ജയില്‍മുറിയില്‍ പാര്‍പ്പിച്ച് ബലാല്‍ക്കാരമായി മൂക്കിലൂടെ കടത്തിയ ട്യൂബ് വഴി ഭക്ഷണം നല്‍കുകയാണ്. അവരെ കാണാന്‍ രണ്ടാഴ്ച മുമ്പെങ്കിലും അപേക്ഷസമര്‍പ്പിക്കണം. എന്നാലും അനുവാദം ലഭിച്ചെന്നുവരില്ല. കുടുംബാംഗങ്ങള്‍ക്കുപോലും പലപ്പാഴും അനുവാദം കിട്ടാറില്ല. സായുധസേനയുടെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതുന്ന ശര്‍മീളയുടെ പേരില്‍ ഐ.പി.സി 309 (ആത്മഹത്യാശ്രമം) അനുസരിച്ചാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മാത്രമേ കസ്റ്റഡിയില്‍ വെക്കാനാവു. അതുകഴിഞ്ഞാല്‍ വിട്ടയക്കണം. അവര്‍ ജയില്‍വിട്ടാല്‍ ഒരു ദിവസം കഴിഞ്ഞ് വീണ്ടും അറസ്റ്റ്‌ചെയ്ത് ജയിലിലടക്കും. ഇതാണ് പതിവ്

ഡല്‍ഹി സന്ദര്‍ശിച്ച നോബല്‍ സമ്മാന ജേതാവ് ഷിറിന്‍ ഇബാദി ”ശര്‍മീള മരിക്കുകയാണെങ്കില്‍ ഇന്ത്യന്‍ പാര്‍ലിമെന്റും, കോടതികളും നീതിന്യായവ്യവസ്ഥയും, പട്ടാളവും, പ്രധാനമന്ത്രിയും, രാഷ്ട്രപതിയും ഉത്തരവാദികളാണ്. അവരുടെ പോരാട്ടത്തിന് വേണ്ടത്ര പിന്തുണകൊടുക്കാത്ത എല്ലാമാധ്യമങ്ങളും ഉത്തരവാദികളാണ്.” എന്നാണ് പ്രസ്താവിച്ചത്.
(അവലംബം : ഔട്ട്‌ലുക്ക് വാരിക)

വിവ : മുനഫര്‍ കൊയിലാണ്ടി   

Related Articles