Current Date

Search
Close this search box.
Search
Close this search box.

ചോര വാര്‍ന്നൊലിക്കുന്ന കാശ്മീര്‍

അഞ്ചാമത് ഹാര്‍ട്ട് ഓഫ് ഏഷ്യ-ഇസ്താബൂള്‍ മിനിസ്റ്റീരിയല്‍ പ്രോസസ് കോണ്‍ഫറന്‍സ്‌ കഴിഞ്ഞ ഡിസംബര്‍ 9-ന് പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ വെച്ച് നടക്കുകയുണ്ടായി. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി എന്നിവര്‍ സംയുക്തമായാണ് പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പരിപാടിയില്‍ 17 രാഷ്ട്രങ്ങളുടെയും, 12 അന്താരാഷ്ട്രാ, പ്രാദേശിക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. മുന്നോട്ടുള്ള ഗമനത്തിന് ശക്തിപകരുന്ന ഒരു സന്ദേശവുമായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അവര്‍ പറയുകയുണ്ടായി. ഭീകരവാദ വിരുദ്ധ പോരാട്ടം, മയക്ക് മരുന്ന് വിരുദ്ധ പോരാട്ടം, ദുരിതാശ്വാസം, വിദ്യാഭ്യാസം, കച്ചവടം, നിക്ഷേപം, പ്രാദേശിക വികസനം എന്നിവയിലാണ് കോണ്‍ഫറന്‍സ് ശ്രദ്ധയൂന്നിയത്. പതിവ് പോലെ, ഏഷ്യയുടെ ഹൃദയമായ കാശ്മീര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല! ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തുടരാന്‍ ഇരുകൂട്ടരും തീരുമാനിച്ചു എന്ന് മാത്രമാണ് അവിടെ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞ ഏക കാര്യം. പക്ഷെ കാശ്മീര്‍ എവിടെയും പരാമര്‍ശിച്ച് കണ്ടില്ല!.

തുര്‍ക്കിയാണ് പ്രസ്തുത കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചത്. ഹാര്‍ട്ട് ഓഫ് ഏഷ്യ പ്രോസസ്സ് എന്ന തലകെട്ടിന് കീഴില്‍ നിന്ന് കൊണ്ടുള്ള ചര്‍ച്ചക്ക് 2011-ല്‍ ഇസ് താംബൂളിലാണ് തുടക്കമിട്ടത്. സുരക്ഷ, രാഷ്ട്രീയം, സാമ്പത്തികം എന്നിവയുമായി ബന്ധപ്പെട്ട് ഏഷ്യന്‍ മേഖലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ഇടം പ്രദാനം ചെയ്യുക എന്നതായിരുന്നു ഈ സംരഭത്തിന്റെ ലക്ഷ്യം. കൂടാതെ അഫ്ഗാനിസ്ഥാനും അയല്‍രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്നതും അതിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതുപോലെ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രാദേശിക സഹകരണവും ലക്ഷ്യമിട്ടിരുന്നു. ലോകത്തിലെ രണ്ട് വന്‍ശക്തികള്‍ തമ്മില്‍ പരസ്പരം പോരടിക്കുന്ന ഒരു യുദ്ധകക്കളമായി അഫ്ഗാനിസ്ഥാന്‍ ഇന്നു തുടരുകയാണ്. ആദ്യം റഷ്യക്കാരാണ് അവിടേക്ക് അതിക്രമിച്ച് കയറിയത്. അന്നത്തെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് വരെ വഴിവെച്ച രീതിയില്‍ അമേരിക്കക്കാര്‍ അഫ്ഗാനില്‍ നിന്നും അവരെ മാനംകെടുത്തി തുരത്തിയോടിച്ചു. റഷ്യന്‍ സൈന്യത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഗറില്ലാ പോരാളികള്‍ക്ക് ആയുധവും പരിശീലനവും നല്‍കിയത് അമേരിക്കയായിരുന്നു. ആ പോരാളികളില്‍ അമേരിക്ക തന്നെ എല്ലാവിധ പരിശീലനവും നല്‍കി വളര്‍ത്തിയെടുക്കുകയും പിന്നീട് അമേരിക്കക്ക് എതിരെ തിരിയുകയും ചെയ്ത ഉസാമാ ബിന്‍ ലാദനും ഉള്‍പ്പെടും. ബഹുരാഷ്ട്രസൈന്യവുമായാണ് അമേരിക്ക അഫ്ഗാനിലേക്ക് അതിക്രമിച്ച് കടന്ന് വന്നത്. പക്ഷെ അഫ്ഗാനികളെ പരാജയപ്പെടുത്താന്‍ അമേരിക്കക്ക് സാധിച്ചില്ല, അവസാനം അമേരിക്കന്‍ സൈന്യത്തിന് അഫ്ഗാന്‍ വിട്ടോടേണ്ടി വന്നു. അമേരിക്കന്‍ സൈന്യത്തിന്റെ തിരിച്ച് പോക്ക് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. തന്ത്രപ്രധാന പ്രദേശമായത് കൊണ്ടാണ് വന്‍ശക്തികള്‍ അഫ്ഗാന്‍ കൈപിടിയിലാക്കുന്നതിന് വേണ്ടി പരസ്പരം ശണ്ഠ കൂടുന്നത്. മധ്യേഷ്യന്‍ രാജ്യങ്ങളുടെയും ഇറാന്റെയും അയല്‍വാസിയാണ് അഫ്ഗാനിസ്ഥാന്‍. അമേരിക്ക കൊളുത്തിയ തീ ഇന്ന് മിഡിലീസ്റ്റ് മൊത്തം വ്യാപിച്ച് കഴിഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് മേല്‍ അമേരിക്കക്ക് താല്‍പര്യമില്ലെങ്കിലും, അഫ്ഗാനിസ്ഥാന്‍ നിയന്ത്രിക്കാനുള്ള ഒരു ഉത്തോലകമായിട്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഉപയോഗപ്പെടുത്താനാണ് അമേരിക്ക ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

40-കളില്‍ കാശ്മീരിന്റെ അവസ്ഥ ഏതാണ് ഇതുപോലെ തന്നെയായിരുന്നു. ഇന്ത്യയെയും പാകിസ്ഥാനെയും കരുക്കളായി ഉപയോഗിച്ചാണ് അവിടെയും രണ്ട് വന്‍ശക്തികള്‍ അവര്‍ തമ്മിലുള്ള പോരാട്ടം കനപ്പിച്ചത്. അക്കാലത്ത് രണ്ട് വന്‍ ശക്തികള്‍ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാശ്മീര്‍ സാക്ഷിയായി. റഷ്യന്‍ സാമ്രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാനുള്ള പ്രധാനവഴിയായിട്ടാണ് കാശ്മീരിനെ ആംഗ്ലോ-സാക്‌സണ്‍സ് കണ്ടത്. ഇക്കാരണത്താലായിരുന്നു അവര്‍ ഗില്‍ജിത്ത് പ്രവിശ്യയെ വിഭജിച്ച് ഗില്‍ജിത്ത് ഏജന്‍സിയാക്കി പരിവര്‍ത്തിപ്പിച്ചത്. വിഭജനത്തിന് മുമ്പ് പാരിസില്‍ വെച്ച് ജോര്‍ജ്ജ് മാര്‍ഷലും ഏണസ്റ്റ് ബെവിനും തമ്മില്‍ ഒരു സുപ്രധാന ചര്‍ച്ച നടക്കുകയുണ്ടായി. ഗില്‍ജിത്ത് പ്രവിശ്യ അവരുടെ നിയന്ത്രണത്തില്‍ വെക്കുന്നതിന്റെ പ്രധാന്യത്തെ സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത്. പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള ഏരിയയില്‍ തന്നെ ഗില്‍ജിത്തിനെ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് ഇരുവര്‍ക്കും തോന്നി. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം അവര്‍ക്ക് അതിലുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ ഒരു പുതിയ ഘടകം കൂടി കടന്ന് വന്നിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈന ഇപ്പോള്‍ ഒരു വഴിവെട്ടുന്നുണ്ട്.ചൈനയെ നിയന്ത്രിക്കുക എന്നതാണ് ഇപ്പോള്‍ അമേരിക്കയുടെ താല്‍പ്പര്യം. അഫ്ഗാനിസ്ഥാന് ഇടയിലുള്ള ഒരു തടസ്സമായി പാകിസ്ഥാനെ ഉപയോഗപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അപകടകരവും അല്ലാത്തതുമായ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഒരു വന്‍ മാര്‍ക്കറ്റ് മാത്രമാണ് ഇന്ത്യ.

കഴിഞ്ഞ 68 വര്‍ഷമായി മൊത്തം ദക്ഷിണേഷ്യയെ ബാധിച്ചിരിക്കുന്ന ഹൃദയവേദനയാണ് കാശ്മീര്‍. ഒരു പ്രശ്‌നബാധിത പ്രദേശമെന്ന നിലക്ക് 70-കളില്‍ മാത്രമാണ് അഫ്ഗാനിസ്ഥാന്‍ ലോകജനശ്രദ്ധയാകര്‍ഷിക്കുന്നത്. 1979-ലെ സോവിയറ്റ് അധിനിവേശത്തിന് ശേഷമാണ് അഫ്ഗാനിലെ യഥാര്‍ത്ഥ പ്രശ്‌നം ആരംഭിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമായി. കൊലപാതകങ്ങള്‍ കൈയ്യും കണക്കുമല്ലാതെ അരങ്ങേറി. ദശലക്ഷകണക്കിന് ആളുകള്‍ പാകിസ്ഥാനിലേക്ക് പാലായനം ചെയ്തു. അഭയാര്‍ത്ഥികളുടെ കൂടെ വയലന്‍സും അതിര്‍ത്തി കടന്ന് വന്നു. പാകിസ്ഥാനില്‍ വെച്ച് പരിശീലനം ലഭിച്ച യുവതാലിബാനികള്‍ റഷ്യക്കാരെ തുരത്തിയോടിക്കാന്‍ വേണ്ടി അഫ്ഗാനിസ്ഥാനിലേക്ക് നുഴഞ്ഞ് കയറി. അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ എത്തിയ റഷ്യക്കാര്‍ക്കെതിരെ ജിഹാദ് ചെയ്യാനായി സ്വയംസന്നദ്ധനായെത്തിയ ഉസാമ ബിന്‍ ലാദനെ പോലെയുള്ള ആളുകള്‍ക്ക് പരിശീലനം നല്‍കിയത് അമേരിക്കയാണ്. അവസാനം, ഉസാമാ ബിന്‍ ലാദന്‍ അവര്‍ അര്‍ഹിച്ചത് തിരിച്ച് കൊടുക്കുകയും ചെയ്തു!

കഴിഞ്ഞ നാല് നൂറ്റാണ്ടായി പുറത്ത് നിന്ന് വന്നവരുടെ അടിച്ചമര്‍ത്തലിന് കാശ്മീര്‍ ജനത ഇരയായി കൊണ്ടിരിക്കുകയാണ്. അതില്‍ കഴിഞ്ഞ 25 വര്‍ഷമാണ് ഏറ്റവും ദുരിതങ്ങള്‍ നിറഞ്ഞത്. 100000-ത്തിലധികം കാശ്മീരികള്‍ കൊല്ലപ്പെട്ടു. 40000-ത്തിലധികം വിധവകളും, 100000-ത്തിലധികം അനാഥകുട്ടികളും ഇപ്പോള്‍ അവിടെ ജീവിക്കുന്നുണ്ട്. ആയിക്കണക്കിന് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും മാനഭംഗത്തിന് ഇരയാവുകയും ചെയ്തു. ആയിരകണക്കിന് വീടുകളും മറ്റു കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. ഇതുവരെ ഒരു വിവരവും ലഭിക്കാത്ത വിധത്തില്‍ 8000-ത്തില്‍ അധികം ആളുകള്‍ കാശ്മീരില്‍ നിന്നും അപ്രത്യക്ഷരായി. ഇതിനേക്കാള്‍ വലിയൊരു ദുരന്തം ഇനിയെന്താണുള്ളത്. പാശ്ചാത്യശക്തികള്‍ നേതൃത്വം നല്‍കുന്ന മനുഷ്യാവകാശ കാവല്‍ക്കാരൊന്നും തന്നെ ഏഷ്യയുടെ രക്തംവാര്‍ന്നൊലിക്കുന്ന ഹൃദയമായി കാശ്മീരിനെ കണക്കാക്കാന്‍ ഇപ്പോഴും തയ്യാറല്ല.ഭൗതിക താല്‍പ്പര്യങ്ങള്‍ക്ക് പാശ്ചാത്യര്‍ അവരെ തന്നെ വിറ്റുകഴിഞ്ഞു, ഒരു കാലത്ത് അവര്‍ അഭിമാനം കൊണ്ടിരുന്ന ജീവിത മൂല്യങ്ങള്‍ അവരിന്ന് മറന്ന മട്ടാണ്. എന്നെങ്കിലുമൊരു ദിവസം ഏഷ്യയുടെ ഹൃദയമെന്ന് പറയപ്പെടുന്ന അഫ്ഗാനിസ്ഥാനെയടക്കം മുഴുവന്‍ ഏഷ്യയെയും കത്തിച്ചാമ്പലാക്കാന്‍ കഴിയുന്ന ഒരു വെടിപ്പുരയാണ് കാശ്മീര്‍ എന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സിലാക്കേണ്ടതുണ്ട്.

(ജമ്മു കാശ്മീര്‍ മുന്‍ ടൂറിസം ജനറല്‍ ഡയക്ടറും, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനുമാണ് മുഹമ്മദ് അഷ്‌റഫ്.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles