Current Date

Search
Close this search box.
Search
Close this search box.

ചെച്‌നിയയില്‍ നടന്നത് ളിറാര്‍ സമ്മേളനം

chechna-conf.jpg

പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളും, അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം ഏല്‍പിക്കപ്പെടുകയും അതിന് സാക്ഷികളാവുകയും ചെയ്തതിനാല്‍ (മാഇദ: 44)  അല്ലാഹുവില്‍ നിന്നുള്ള അമാനത്ത് ഏല്‍പിക്കപ്പെട്ടവരുമാണ്. യഥാര്‍ഥ പണ്ഡിതന്‍മാരുടെ വിശേഷണമായി അല്ലാഹു വ്യക്തമാക്കിയിരിക്കുന്നത് അവര്‍ രഹസ്യമായും പരസ്യമായും അല്ലാഹുവിനെ ഭയക്കുമെന്നുള്ളതാണ്. (ഫാതിര്‍: 28) അല്ലാഹു അല്ലാത്ത മറ്റാരെയും ഭയക്കരുതെന്ന് അവര്‍ക്കും മുഴുവന്‍ വിശ്വാസികള്‍ക്കും അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക.” (മാഇദ: 44) ഭൂമിയിലെ ധിക്കാരികള്‍ക്കും അക്രമികള്‍ക്കും മുന്നില്‍ മുട്ടുവളക്കുകയോ കുമ്പിടുകയോ ചെയ്യില്ലെന്നും അവരുടെ വിശേഷണമാണ്. അല്ലാഹു ഇഷ്ടപ്പെടുന്ന പണ്ഡിതന്‍മാരുടെ വിശേഷണം കാണുക: ”അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്കു എത്തിച്ചുകൊടുക്കുന്നവരാണവര്‍. അവര്‍ അല്ലാഹുവെ പേടിക്കുന്നു. അവനല്ലാത്ത ആരെയും പേടിക്കുന്നുമില്ല. കണക്കുനോക്കാന്‍ അല്ലാഹു തന്നെ മതി.” (അല്‍അഹ്‌സാബ്: 39)

ഫെഡറല്‍ റഷ്യക്ക് കീഴിലുള്ള രാഷ്ട്രങ്ങളില്‍ ഒന്നായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയില്‍ ഒരു ഇസ്‌ലാമിക സമ്മേളനം നടക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. ‘ആരാണ് അഹ്‌ലുസ്സുന്ന വല്‍ജമാഅ?’ എന്ന തലക്കെട്ടിലായിരുന്നു അത്. ആ സമ്മേളനത്തിന്റെ തലക്കെട്ടും അതിന്റെ ലക്ഷ്യവും അതിലേക്ക് ക്ഷണിക്കപ്പെട്ടവരും അതില്‍ പങ്കെടുക്കുന്നവരും ആരാണെന്നതും ആത്മാഭിമാനമുള്ള മുസ്‌ലിം പണ്ഡിതന്‍മാരെ അസ്വസ്ഥപ്പെടുത്തിയ പോലെ എന്നെയും അസ്വസ്ഥപ്പെടുത്തി. അതിനോട് ഏറ്റവുമധികം സത്യസന്ധത പുലര്‍ത്തുന്ന പേര് ‘മുഅ്തമറു ളിറാര്‍’ (ദ്രോഹത്തിന്റെ സമ്മേളനം) എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അല്ലാഹു പറയുന്നു: ”പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.” (മാഇദ: 2) അവരുടെ സഹകരണം നന്മയിലും തഖ്‌വയിലുമല്ല. മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും മസ്ജിദു ളിറാര്‍ പണിതവരെ പോലെയാണവര്‍.

റഷ്യക്ക് കീഴിലുള്ള ചെച്‌നിയയുടെ പ്രസിഡന്റിന്റെ മേല്‍നോട്ടത്തിലാണ് സമ്മേളനം. ഭീകരതക്കെതിരെയുള്ള യുദ്ധത്തിന്റെ പേരില്‍ സിറിയയിലെ നമ്മുടെ സഹോദരങ്ങളെ റഷ്യയുടെ വിമാനങ്ങളും മിസൈലുകളും കൊന്നൊടുക്കുകയും അവരുടെ വീടുകള്‍ തകര്‍ത്തു കളയുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണിത്. ഭീകരതയുടെ നിര്‍മാതാക്കാളായ അവര്‍ക്ക് തന്നെയാണ് ഭീകരര്‍ എന്ന വിശേഷണം ഏറ്റവും നന്നായി ചേരുക.

നിരാശാജനകമായ ആ സമ്മേളനത്തില്‍ പങ്കെടുത്തവരും അതിന്റെ പ്രായോജകരും ഉണ്ടാക്കിയെടുത്ത ഗര്‍ത്തത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു അതിലെ സമാപന പ്രസ്താവന. ഇസ്‌ലാമില്‍ നിന്നും വ്യതിചലിച്ച വിഭാഗങ്ങള്‍ക്കെതിരെ അഹ്‌ലുസ്സുന്നയെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്നതിന് പകരം അഹ്‌ലുല്‍ ഹദീസിന്റെയും സലഫികളുടെയും അഹ്‌ലുസ്സുന്നയെന്ന വിശേഷണം എടുത്തു കളയുകയാണ് ചെയ്തത്. അവര്‍ അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ സുപ്രധാന ഘടകമായിരിക്കെയാണിത്. നമ്മുടെ ശത്രുക്കള്‍ പരസ്പരം കൈകോര്‍ക്കുകയും മുസ്‌ലിം നാടുകള്‍ ഒന്നിനും പിറകെ ഒന്നായി ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ പരസ്പരം തള്ളിപ്പറയാനാണ് നമ്മുടെ സമുദായത്തിന്റെ വിധി എന്നു തോന്നിപ്പിക്കും വിധമാണത്.

അല്ലാഹുവിലും അവന്റെ ഗ്രന്ഥത്തിലും ദൂതനിലും വിശ്വസിക്കുകയും കുഫ്‌റിന് കാരണമാകുന്ന ബിദ്അത്തുകളെ നിരാകരിക്കുകയും ഖുര്‍ആനും പ്രവാചകചര്യക്കും അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ് അഹ്‌ലുസ്സുന്ന അഥവാ മുസ്‌ലിം ഉമ്മത്ത്. ദൈവിക സരണിയോട് പുറം തിരിഞ്ഞു നില്‍ക്കാത്ത മുഴുവന്‍ മുസ്‌ലിംകളും ആ വിശേഷണത്തിന് അര്‍ഹരാണ്. ഉമ്മത്തിന്റെ മുറിവുകളും വേദനയും വര്‍ധിച്ച് വ്യാപിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഘടകങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ചരിത്രം ചികഞ്ഞെടുക്കാനുള്ള സമയം നമുക്കില്ല. ഉമ്മത്തിന്റെ പവിത്ര ഗേഹങ്ങള്‍ വിലപിക്കുകയും അതിന്റെ പവിത്രതക്ക് കളങ്കമേല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. ഫലസ്തീനിലും സിറിയയിലും യമനിലുമെല്ലാം ഉമ്മത്തിന്റെ രക്തമാണ് ചിന്തപ്പെട്ടു കൊണ്ടിരിക്കുന്നത്.

വിശ്വാസകാര്യങ്ങളിലെ ശാഖാപരമായ വൈജ്ഞാനിക വിയോജിപ്പുകള്‍ക്ക് ഏറെ പഴക്കമുണ്ട്. ഗ്രന്ഥങ്ങളും വൈജ്ഞാനികാന്തരീക്ഷമുള്ള ക്ലാസ് മുറികളും അത് ചര്‍ച്ച ചെയ്യുന്നു. നിലവിലെ കാലഘട്ടത്തിന് പുറത്തു ജീവിക്കുന്ന ഇക്കൂട്ടര്‍ പുതുതായി അത് ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ഉമ്മത്തിന്റെ വര്‍ത്തമാന കാലത്തെ ഭൂതകാലത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. അതിന്റെ ഇന്നിനെയും നാളെയെയും ഇന്നലെകളില്‍ തളച്ചിടുന്നു. കിഴക്കും പടിഞ്ഞാറും ഉമ്മത്തിനെതിരെ ഒന്നിക്കുകയും ഇന്നലെകളിലെ ശത്രുക്കള്‍ കൈകോര്‍ക്കുകയും ചെയ്തിരിക്കുന്ന സമയത്ത് അതിനെ കക്ഷികളും വിഭാഗങ്ങളുമാക്കി പിച്ചിചീന്തുകയാണവര്‍.

ഇറാനും അവരുടെ വാലായി വര്‍ത്തിക്കുന്നവരും ചെയ്തു കൂട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിധ വിയോജിപ്പിന്റെ സ്വരവും അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ പ്രതിനിധികളായി സ്വയം അവരോധിക്കപ്പെട്ടവരില്‍ നിന്നും നാം കേട്ടില്ല. സിറിയയില്‍ ഹിസ്ബുല്ല സായുധ സംഘങ്ങള്‍ കാണിച്ചു കൂട്ടുന്നതിനെതിരെ ഒരക്ഷരം ഉരിയാടപ്പെട്ടില്ല. യമനില്‍ കൊലയും നശീകരണ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഹൂഥികളെ കുറിച്ചും ഒന്നും പറയുകയുണ്ടായില്ല. അഹ്‌ലുസ്സുന്നയെ പിഴപ്പിക്കാന്‍ ആഫ്രിക്കയിലും ഏഷ്യയിലും പ്രബോധകരെ നിയോഗിച്ചവരാണവര്‍. റഷ്യ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിലും എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. അവര്‍ നിശ്ചയിച്ച ഭ്രമണപഥത്തിലൂടെ നീങ്ങുന്നവരില്‍ നിന്നും അതുണ്ടാവാത്തതില്‍ അത്ഭുതമില്ല.

റഷ്യയും കൂട്ടാളികളും അന്യായമായി രക്തം ചിന്തിയപ്പോള്‍ മൗനം പാലിച്ച, അറബ് ലോകത്തെ സ്വേച്ഛാധിപതികള്‍ക്ക് വേണ്ടി ആര്‍പ്പുവിളിച്ച, രക്തം ചിന്താന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കിയ, ഈജിപ്തില്‍ സീസിയെയും സിറിയയില്‍ ബശ്ശാറിനെയും യമനില്‍ അലി അബ്ദുല്ല സാലിഹിനെയും ഹൂഥികളെയും പിന്തുണച്ച നാണക്കേടിന്റെ പര്യായമായ പണ്ഡിതന്‍മാരായിരുന്നു സമ്മേളനത്തിലുണ്ടായിരുന്നത്. സമ്മേളനത്തിന് അലങ്കാരമായി അവിടെ നിന്നും ഇവിടെ നിന്നുമുള്ള ചില നല്ലവരായ പണ്ഡിതന്‍മാരെയും വെച്ചിരുന്നു. അഹ്‌ലുസ്സുന്നയെ നിര്‍ണയിച്ചതിന് ശേഷം ഇനി എന്താണ് ചെയ്യാനുള്ളത്? എന്ന ചോദ്യമാണ് നാം ചോദിക്കുന്നത്. സിറിയയിലും യമനിലും ഇറാഖിലുമുള്ള ശിയാക്കള്‍ക്കും നുസൈരികള്‍ക്കും എതിരെയുള്ള ശബ്ദം അവരില്‍ നിന്നും നാം കേള്‍ക്കുമോ?

ഇസ്‌ലാമിക സമൂഹത്തിനും അതിന്റെ യുവാക്കള്‍ക്കുമുള്ള ബോധത്തിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയാണ് ഞാന്‍. യഥാര്‍ഥ ഇസ്‌ലാമിനും സത്യത്തിന്റെ പ്രകാശത്തിനുമെതിരെയുള്ള യുദ്ധമാണ് സമ്മേളനം കൊണ്ട് അവര്‍ ഉദ്ദേശിച്ചത്. അല്ലാഹു അവരെ നിന്ദ്യരാക്കിയിരിക്കുന്നു. അവരിലെ മുതിര്‍ന്ന പണ്ഡിതന്‍മാര്‍ തന്നെ സമാപന പ്രസ്താവനയെ തള്ളിപ്പറഞ്ഞതോടെ സമ്മേളനം ചാപിള്ളയെയാണ് പ്രസവിച്ചിരിക്കുന്നത്. ”അല്ലാഹു ആരെയെങ്കിലും അപമാനിതനാക്കുകയാണെങ്കില്‍ അയാളെ ആദരണീയനാക്കാന്‍ ആര്‍ക്കുമാവില്ല.” (അല്‍ഹജ്ജ്: 18)

2010ല്‍ ഒരു ചെച്‌നിയന്‍ പണ്ഡിത സംഘം എന്റെയടുക്കല്‍ വന്നിരുന്നു. ‘ഇസ്‌ലാം സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും മതം’ എന്ന തലക്കെട്ടില്‍ ചെച്‌നിയയില്‍ നടക്കുന്ന ഒരു സമ്മേളനത്തിലേക്ക് ക്ഷണിക്കാനാണ് അവര്‍ വന്നത്. ആ ക്ഷണം നിരസ്സിക്കുകയാണ് ഞാന്‍ ചെയ്തത്. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാനാണ് അവരുദ്ദേശിക്കുന്നതെന്നും ചെച്‌നിയന്‍ പ്രസിഡന്റിന്റെ മേല്‍നോട്ടത്തിലാണ് സമ്മേളനമെന്നും അവരെന്നോട് പറയുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. അവരുടെ സമ്മേളനത്തിന് ഒരു സന്ദേശം നല്‍കാന്‍ അവരെന്നോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞതനുസരിച്ച് ഒരു സന്ദേശം ഞാന്‍ നല്‍കി. ചെച്‌നിയയില്‍ യാതൊരു വിധ പോരാട്ടവും നടക്കാത്ത സന്ദര്‍ഭത്തിലായിരുന്നു അത്. എന്നാല്‍ എന്റെ വാക്കുകളിലൂടെ ഞാന്‍ ചെച്‌നിയന്‍ മുജാഹിദുകളെ വഞ്ചിച്ചുവെന്ന് ആളുകള്‍ പ്രചരിപ്പിച്ചു. റഷ്യയുടെ ആക്രമണത്തില്‍ സിറിയ അന്ന് കഷ്ടപ്പെടുന്നുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ചെച്‌നിയന്‍ നേതാക്കള്‍ സിറിയന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചെച്‌നിയയും റഷ്യയും അവര്‍ക്ക് കീഴിലുള്ള ഇസ്‌ലാമിക് റിപബ്ലിക്കുകളും സന്ദര്‍ശിക്കുന്നതിന് പിന്നെ എത്രയോ തുറന്ന ക്ഷണങ്ങള്‍ എനിക്ക് ലഭിച്ചു. ചെച്‌നിയന്‍ പ്രസിഡന്റ് പ്രത്യേക വിമാനം അയക്കാമെന്ന് വരെ അറിയിച്ചിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അതെല്ലാം നിരസ്സിക്കാന്‍ എനിക്ക് സാധിച്ചു.

വിവ: നസീഫ്‌

Related Articles