Current Date

Search
Close this search box.
Search
Close this search box.

ചൂഷണം എന്ന പദത്തിന്റെ വയസ്സെത്ര?

വെറുതെ മനസ്സില്‍ തോന്നിയ ഒരാലോചനയാണ്. എന്നാലും അതില്‍ കാര്യമില്ലാ എന്നു നിങ്ങള്‍ പറയരുത്. ചൂഷണം എന്ന പദത്തിന്റെ വയസ്സെത്രയാണെന്ന ആലോചനയില്‍ പുറകിലേക്ക് കുറെ സഞ്ചരിച്ച് നാം ചെന്നെത്തുക മനുഷ്യന്‍ സാമൂഹ്യമായി ജീവിക്കാന്‍ തുടങ്ങിയ സന്ദര്‍ഭത്തിലായിരിക്കും. അവിടന്നങ്ങോട്ട് ഒരു കൂട്ടര്‍ ചൂഷകരും മറ്റൊരു കൂട്ടര്‍ ചൂഷിതരുമായ സാമൂഹ്യ ഘടന രൂപപ്പെട്ടിട്ടുണ്ട്.

നമ്മള്‍ ഈ ലോകത്തിന്റെ ഭൂപടമെടുത്തു മുന്നില്‍ വച്ചിട്ട് അതില്‍ ചൂഷിതരും ചൂഷകരുമില്ലാത്ത പ്രദേശമോ രാജ്യമോ തെരഞ്ഞാല്‍ നിരാശയായിരിക്കും ഫലം. ലോകത്ത് നടന്നിട്ടുള്ള – ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന സ്വതന്ത്ര്യ സമരങ്ങള്‍, വിപ്ലവങ്ങള്‍ എല്ലാം സ്വതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ വേണ്ടി ചൂഷിത സമൂഹം നടത്തിയ പോരാട്ടങ്ങളാണ്. ചൂഷണ രഹിത സമൂഹത്തിന്റെ സ്വപ്‌നം നല്‍കിയാണ് എല്ലാ പുതിയ ആദര്‍ശങ്ങളും ലോകത്ത് ഉല്‍ഭവിച്ചത്. 1516 ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ തോമസ് മൂര്‍ ഉട്ടോപ്യ എന്ന നോവലെഴുതുന്നത് ഉട്ടോപ്‌സ് എന്ന ചൂഷണ രഹിത ദ്വീപിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്. പക്ഷെ സംഭവ്യമല്ലാത്തത് എന്നര്‍ഥം വരുന്ന ഉട്ടോപ്യ എന്ന ഗ്രീക്ക് പദമാണ് അതിനദ്ദേഹം നല്‍കിയ പേര്. തൊഴിലാളികളെ നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് ചങ്ങലകള്‍ മാത്രം നേടാനോ സ്വപ്‌ന സുന്ദര ലോകം എന്ന പ്രലോഭന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് കമ്യൂണിസം വളര്‍ന്നത്. പക്ഷെ കോടിക്കണക്കിന് മനുഷ്യരെ കൊന്നു തീര്‍ത്തിട്ടും ഇന്നും സ്വപ്‌ന സുന്ദരമായ ലോകം സൃഷ്ടിക്കാന്‍ സാധിച്ചില്ല എന്നു മാത്രമല്ല, സ്വയം അപ്രസക്തമായി എന്നതാണ് കമ്യൂണിസത്തിന്റെ കാര്യം.

ചൂഷണത്തിന്റെ അനന്തര ഫലമാണ് അവസര നിഷേധം. തൊഴില്‍, വിദ്യാഭ്യാസം എന്നു തുടങ്ങി തങ്ങളുടെ സ്വതസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍  പോലും പലപ്പോഴും ചൂഷിത സമൂഹത്തിന് കഴിയാറില്ല. തങ്ങളെക്കാള്‍ കഴിവുകുറഞ്ഞ പലരുടെയും ചൂഷണത്തിനു വിധേയരായി അവരുടെ ജീവിതം തീരുന്നു. ഇതൊക്കെ ഇപ്പൊ ഇങ്ങനെ എഴുതാന്‍ കാരണം ചരിത്രത്തിലെ പ്രഗല്‍ഭനായ പാട്ടുകാരന്‍ ബിലാല്‍ ബിന്‍ റബാഹി(റ) നെക്കുറിച്ച് വായിച്ചപ്പോഴാണ്.

ഒന്നാലോചിച്ചു നോക്കൂ. ഉമയ്യത്തിന്റെ കുതിരപ്പന്തിയില്‍ ചൂഷണത്തിനു വിധേയനായി ജീവിതം തീര്‍ന്നു പോകേണ്ടുന്ന ബിലാല്‍ പക്ഷെ തുല്യതയില്ലാത്ത പാട്ടുകാരനായത്, കഅ്ബയുടെ മുകളില്‍ കയറി ബാങ്ക് വിളിച്ചത് അവസരം കിട്ടിയപ്പോഴല്ലേ?  ഒരിറ്റു വെള്ളം പോലും കുടിക്കാനില്ലാതെ മരണപ്പെട്ടു പോകുന്ന സോമാലിയന്‍ കുഞ്ഞുങ്ങളില്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പോലെ പ്രഗല്‍ഭനായ ഒരു ശാസ്ത്രജ്ഞന്‍ ഇല്ല എന്നു പറയാന്‍ നമുക്കാകുമോ? പോഷകാഹാരക്കുറവുമൂലം മരിച്ചു തീരുന്ന നമ്മുടെ നാട്ടിലെ ആദിവാസികള്‍, കലുഷിതമായ ഭൂമിയില്‍ വെടിയുണ്ട കൊണ്ട് വിശപ്പടക്കുന്ന ഫലസ്തീന്‍ ബാലന്‍മാര്‍, സിറിയന്‍ അഭയാര്‍ഥികള്‍, ഇന്നും യൂറോപ്യന്‍ നാടുകളില്‍ തുടരുന്ന വര്‍ണ്ണ വിവേചനത്തിന്റെ ഇരകള്‍, അന്യായമായി ജയിലറകളില്‍ അടക്കപ്പെട്ടവര്‍…

ഇങ്ങനെ ചൂഷിത വിഭാഗത്തെ തരംതിരിച്ചാല്‍ എത്ര പ്രഗല്‍ഭരെ നമുക്കവരില്‍ നിന്നും കിട്ടേണ്ടതായിരുന്നു. എത്ര വലിയ സംഭാവനകള്‍ അവര്‍ക്ക് ലോകത്തിനു നല്‍കാന്‍ കഴിയുമായിരുന്നു. ഞാന്‍ പിന്നെയും ബിലാലിലേക്കു വരുന്നു. കാരണം അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന് പ്രതീക്ഷയുടെ പൊന്‍കിരണമാണ് ബിലാല്‍(റ). ആരാണ് ബിലാലിന്റെ ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടത്.

അവിടെ നാം അറബിക്ക് അനറബിയേക്കാള്‍ പ്രാധാന്യമില്ലാത്ത, ചീര്‍പ്പിന്റെ പല്ലു പോലെ സമന്‍മാരാണ് മനുഷ്യരെന്ന പാഠം നല്‍കിയ ഒരു ആദര്‍ശത്തെ പരിചയപ്പെടുന്നു. വിശ്വാസിയുടെ സ്വഭാവമാണ് അടിമകളെ മോചിപ്പിക്കല്‍ എന്ന് ആ ആദര്‍ശത്തിന്റെ മൗലിക സ്രോതസ്സായ ഗ്രന്ഥം പറയുന്നു. ചൂഷണത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞവരായിരുന്നു ആ ആദര്‍ശത്തിന്റെ പ്രവാചകന്‍മാര്‍.

ഒരിക്കലും നടക്കാത്ത ഉട്ടോപ്യന്‍ സ്വപ്‌നത്തെക്കുറിച്ച വാഗ്ദാനങ്ങള്‍ നല്‍കുകയല്ല, മറിച്ച് നിര്‍ഭയമായി വഴിനടക്കാല്‍ കഴിയുന്ന സംഭവ്യമായ ഒരു ലോകത്തെ സൃഷ്ടിക്കാന്‍ അവര്‍ പണിയെടുത്തു. അവരിലെ അവസാനത്തെ പ്രവാചകന്റെ 23 വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവിലതാ നാം ബിലാലിനെ കാണുന്നു. വിശുദ്ധഗേഹത്തിനു മുകളില്‍ കയറി വിജയപ്രഖ്യാപനം നടത്തുന്ന ബിലാല്‍ (റ). ചൂഷണരഹിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍, സ്വപ്‌ന സന്ദരമായ ഒരു ലോകം പടുത്തുയര്‍ത്താന്‍ ഭൗതികയിലധിഷ്ഠിതമായ സിദ്ധാന്തങ്ങള്‍ക്ക് സാധ്യമല്ല, മറിച്ച് സ്‌നേഹം, ദയ, കാരുണ്യം തുടങ്ങി ദൈവികമായ ഗുണങ്ങള്‍ പരിപോഷിപ്പിക്കുന്ന ദൈവികമായ പ്രത്യയശാസ്ത്രത്തിനെ അതിനുള്ള കരുത്തുള്ളൂ.

Related Articles