Current Date

Search
Close this search box.
Search
Close this search box.

ചര്‍ച്ചയാകുന്ന തുര്‍ക്കിയുടെ മതേതരത്വം

turki.jpg

രാജ്യത്തിന് ആവശ്യമായ ഒരു പുതിയ ഭരണഘടനയെ കുറിച്ചാണ് തുര്‍ക്കി നിവാസികളൊക്കെ ഇന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ സ്വഭാവം എന്തായിരിക്കണമെന്നതിനെ പറ്റിയും ചൂടേറിയ സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച പുതിയ ഭരണഘടനയില്‍ മതേതരത്വത്തിന് സ്ഥാനമില്ലെന്ന് പറഞ്ഞ ടര്‍ക്കിഷ് പാര്‍ലമെന്റ് സ്പീക്കറുടെ പ്രസ്താവന വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുമ്പെങ്ങോ വിസ്മരിച്ചുപോയ ഒരു വിഷയമാണ് വീണ്ടും ചര്‍ച്ചയിലേക്ക് ഉയര്‍ന്നുവന്നിരിക്കുന്നത്. എന്തു തന്നെയായാലും, സെക്യുലറിസം എന്താണെന്നതിനുള്ള ഉത്തരം ഈ ചര്‍ച്ചകളില്‍ നിന്ന് ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കാം.

മതേതരത്വം എന്തെന്നതിനുള്ള ഉത്തരം തുര്‍ക്കിയുടെ ഭൂതകാലത്തില്‍ തന്നെയുണ്ട്. മതേതരത്വം അതിന്റെ സ്വഭാവമായി സ്വീകരിച്ച ഏക മുസ്‌ലിം രാഷ്ട്രമാണ് തുര്‍ക്കി. ഭേദഗതി വരുത്താനാവാത്ത ആര്‍ട്ടിക്കിളുകള്‍ പ്രകാരം ടര്‍ക്കിഷ് ഭരണഘടന അതിന് അടിവരയിടുന്നു. 1961-ലും 1982-ലും ടര്‍ക്കിഷ് ഭരണഘടന തന്നെ ഭേദഗതി ചെയ്യപ്പെട്ടെങ്കിലും രണ്ട് ഭേദഗതികളിലും ‘മതേതരത്വം’ എന്ന രാഷ്ട്രത്തിന്റെ സ്വഭാവം ഭേദഗതികള്‍ക്ക് അതീതമാണ് എന്ന് തറപ്പിച്ചു പറഞ്ഞിരിക്കുന്നു. സൈനിക അട്ടിമറികള്‍ക്ക് പോലും തുര്‍ക്കി സാക്ഷ്യം വഹിച്ചെങ്കിലും മതേതരത്വം സംരക്ഷിക്കാന്‍ ഭരണഘടനയ്ക്കായി. എന്നാല്‍ 1970-കള്‍ക്ക് ശേഷം സ്വയം മതേതരവാദികള്‍ എന്ന് വിശേഷിപ്പിച്ചവര്‍ ഈ ആശയത്തെ മറ്റൊരു തരത്തില്‍ ഉപയോഗിച്ചുതുടങ്ങി. 1980-കള്‍ ആയപ്പോഴേക്കും ടര്‍ക്കിഷ് യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഹിജാബ് നിരോധിക്കപ്പെട്ടു. അതുപോലെ രാജ്യവ്യാപകമായി മദ്രസകളും ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളും അടച്ചുപൂട്ടി. സൈന്യത്തിലും മറ്റ് സര്‍ക്കാര്‍ മേഖലകളിലും സേവനമനുഷ്ഠിക്കുന്ന ഭക്തരായ ഉദ്യോഗസ്ഥര്‍ പോലും ഹിറ്റ്‌ലിസ്റ്റില്‍ പെടുത്തപ്പെട്ടു. 1997-ല്‍ വലതു ഭരണ കക്ഷിയെ അട്ടിമറിച്ച് ഉത്തരാധുനിക സൈന്യം അധികാരം പിടിച്ചെടുത്തു. 1999-ല്‍ മുഖമക്കന ധരിച്ച് പാര്‍ലമെന്റിലേക്ക് നടക്കുന്ന എം.പി എന്നത് ഒരു പ്രതിന്ധിയായി പോലും കണ്ടിരുന്നു. ഇതൊക്കെ ‘മതേതരത്വത്തെ സംരക്ഷിക്കാനുള്ള’ തത്രപാടിന്റെ ഭാഗമായിരുന്നു.

ഇവര്‍ക്ക് മതേതരത്വം എന്നാല്‍ ‘മതവിരുദ്ധത’യായിരുന്നു. ജനങ്ങളെ സ്വാതന്ത്ര്യ ബോധത്തിലേക്ക് നയിക്കുന്നതിന് പകരം മതവിഭാഗങ്ങളെ അടിച്ചമര്‍ത്താനാണ് അവര്‍ ശ്രമിച്ചിരുന്നത്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ അക് പാര്‍ട്ടിക്ക് പോലും ഈ അവസ്ഥക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ല. 2007-ല്‍ അന്നത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന അബുല്ലാ ഗുല്ലിന്റെ ഭാര്യ മുഖമക്കന ധരിച്ചു എന്ന പേരില്‍ സൈന്യം സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുക പോലുമുണ്ടായി. അന്ന് ആ നിവേദനത്തെ ശക്തമായ ഭാഷയില്‍ സര്‍ക്കാര്‍ വിമര്‍ശിക്കുകയുണ്ടായി. പഴയ തുര്‍ക്കിയെ പോലെ സെക്യുലറിസം തന്നെയാണ് ആധുനിക തുര്‍ക്കിയും പിന്തുടരുന്നത്. തീവ്ര-വലതു വിഭാഗങ്ങള്‍ വിഭാവന ചെയ്യുന്നത് പോലെ മതനിരാസമല്ല മതേതരത്വം, അത് മതനിരപേക്ഷതയാണ്. 2007-ല്‍ സര്‍ക്കാര്‍ നടത്തിയ പ്രതികരണത്തില്‍ നിന്നും അത് വ്യക്തമാണ്. എല്ലാ മതങ്ങളോടും തുല്യ അകലം പാലിക്കുക, ഏതെങ്കിലും പ്രത്യേക മതവിഭാഗത്തോട് സര്‍ക്കാറിന് ചായ്‌വില്ലാതിരിക്കുക എന്നതാണ് മതനിരപേക്ഷതയുടെ സ്വഭാവം. എല്ലാ മതങ്ങളെയും അതിന്റെ വിശ്വാസികളെയും തുല്യമായി സംരക്ഷിക്കുക എന്ന ബാധ്യത കൂടി സര്‍ക്കാറിനുണ്ട്. 2011-ലെ ഈജിപ്ത് സന്ദര്‍ശനവേളയില്‍ ചാനല്‍ അവതാരക മോനാ ശസ്‌ലിയോട് പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്, ”മതേതരത്വം എന്നത് മതനിരാസമോ നിരീശ്വരവാദമോ അല്ല, വിശ്വാസ സ്വാതന്ത്ര്യമാണ് അത് ഉറപ്പുവരുത്തേണ്ടത്”.

മുസ്‌ലിം രാഷ്ട്രങ്ങളിലെ വിഘടനവാദികള്‍ പലപ്പോഴും മതേതരത്വം എന്ന ആശയത്തെ വികലമാക്കാന്‍ ശ്രമിക്കാറുണ്ട്. അന്യന്റെ മതം നോക്കാതെ അവനെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുക എന്നതാണ് മതേതരത്വം പഠിപ്പിക്കുന്നത്. മതേതര സ്വഭാവമുള്ള മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ ഇവ പ്രത്യേകം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. മതവിഭാഗങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധമായല്ല, വിശ്വാസ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാനാണ് മതേതരത്വം ഉപയോഗപ്പെടുത്തേണ്ടത്. മുസ്‌ലിംകള്‍ ആയതിന്റെ പേരില്‍ പ്രജകളെ ജയിലില്‍ അടക്കുന്ന, അവരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങളെ നമുക്കിന്ന് കാണാം. ഖുര്‍ആന്‍ പഠിപ്പിച്ച ജനാധിപത്യമാണ് മതേതരത്വത്തിലൂടെ നടപ്പാക്കപ്പെടേണ്ടത്, അല്ലാതെ തീവ്ര-ഇടതു-വലതു ആശയങ്ങളല്ല.

വിവ: അനസ് പടന്ന

Related Articles