Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ തടവറയും സാമ്രാജ്യത്വ മനസ്സും

obama-guantanamo.jpg

ക്യൂബയിലെ വിവാദ അമേരിക്കന്‍ തടവറ അടച്ചുപൂട്ടാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചു കൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഔദ്യോഗിക പദവിയിലെ തുടക്കം. അടുത്തിടെ, പ്രസിഡന്റ് അതിനായി വീണ്ടും ശ്രമിച്ചിരുന്നു. തടവുകാരില്‍ ചിലരെ, അവരെ സ്വീകരിക്കാമെന്ന് സമ്മതിച്ച രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും, ഭൂരിഭാഗത്തെയും അമേരിക്കയിലെ തന്നെ ജയിലുകളിലേക്ക് കൊണ്ടുവരാനുമുള്ള പദ്ധതി അദ്ദേഹം കോണ്‍ഗ്രസ്സിന് അയച്ചുകൊടുത്തിരുന്നു.

എന്നാല്‍ ഡെമോക്രാറ്റുകളില്‍ നിന്നും റിപ്പബ്ലിക്കന്‍മാരില്‍ നിന്നും പദ്ധതിക്ക് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. എന്തുകൊണ്ടാണ് ഒബാമ ഗ്വാണ്ടനാമോ അടച്ചുപൂട്ടുന്നത് എന്നതിന് ചില കാരണങ്ങളുണ്ട്. ഒന്നാമതായി, അമേരിക്കയുടെ ശത്രുപക്ഷത്തേക്ക് ആളെ കൂട്ടുന്ന ഒന്നായാണ് ഇപ്പോള്‍ അത് വീക്ഷിക്കപ്പെടുന്നത്. 2006-ല്‍ മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി മാര്‍ഗരറ്റ് ബെക്കറ്റ് വാദിച്ചത് പോലെ: ‘ഗ്വാണ്ടനാമോ ക്യാമ്പിന്റെ നിലനില്‍പ്പ് സുരക്ഷയേക്കാള്‍ ദുഃസ്വാധീനമാണ് ഉണ്ടാക്കുന്നത്.’

കൂടാതെ വളരെയധികം ചെലവേറിയതാണ് അതിന്റെ നടത്തിപ്പ്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ (എ.സി.എല്‍.യു) കണക്ക് പ്രകാരം 2013-ല്‍ ഓരോ തടവുകാരനും വേണ്ടി 5 മില്ല്യണ്‍ ഡോളറാണ് ചെലഴിക്കപ്പെട്ടത്.

മൂന്നാമത്തെയും നാലാമത്തെയും കാരണങ്ങള്‍ വളരെ ലളിതവും അതിലേറെ പ്രധാനവുമാണ്. നിയമപരമായ മൗലികാവകാശങ്ങള്‍ തടവുകാര്‍ക്ക് അനുവദിച്ചു കൊടുക്കുന്നതില്‍ വലിയ പരാജയമാണ് സംഭവിച്ചത്. ഇത് അമേരിക്കന്‍ ഭരണഘടനക്ക് വിരുദ്ധവുമാണ്. അത് ജനാധിപത്യത്തിന്റെ കാവലാളുകള്‍ എന്ന അമേരിക്കയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നോക്കുമ്പോള്‍, ഒബാമയുടെ പദ്ധതി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഗ്വാണ്ടനാമോക്ക് പകരം ഒബാമ സമര്‍പ്പിക്കുന്ന ബദലുകള്‍ പ്രസ്തുത പദ്ധതിയുടെ ദൗര്‍ബല്യങ്ങളില്‍ നിന്നും നമ്മുടെ ശ്രദ്ധതെറ്റിച്ച് കൂടാ. എന്നുവെച്ചാല്‍, ഗ്വാണ്ടാനമോ അടച്ച് പൂട്ടുന്നതിലൂടെ, യാതൊരു വിചാരണയും കൂടാതെ അനിശ്ചിതകാലമായി അതില്‍ കഴിയുന്ന 34 തടവുകാരുടെ തടവുജീവിതം അവസാനിക്കില്ല എന്നതാണ് വസ്തുത.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒബാമയുടെ നീക്കം വിജയം കണ്ടാല്‍ തന്നെയും (അതിന് സാധ്യതയൊന്നുമില്ല), വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കപ്പെട്ടിരിക്കുന്നവര്‍ ജയിലില്‍ കിടക്കെ തന്നെയാവും അദ്ദേഹം അടുത്ത വര്‍ഷം പ്രസിഡന്റ് സ്ഥാനം ഒഴിയുക. ശേഷം ആരുവന്നാലും ഭൂതകാലത്തിലെ സാമാജ്യത്വ ശക്തികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു വ്യത്യാസവും സംഭവിക്കാന്‍ പോകുന്നില്ല.

ഒരു ലോകശക്തിയെന്ന നിലയില്‍ ചില അസാധാരണമായ ഭാഗ്യങ്ങള്‍ അനുഭവിച്ച രാജ്യമാണ് അമേരിക്ക. മറ്റു രാജ്യങ്ങളില്‍ ഒരുപാട് അധിനിവേശങ്ങളും, കടന്ന് കയറ്റങ്ങളും, പിടിച്ചെടുക്കലും നടത്തുകയുണ്ടായെങ്കിലും, യൂറോപ്യന്‍ രാഷ്ട്രങ്ങളെ പോലെ ഒരു സാമ്രാജ്യത്വ ശക്തിയായി അമേരിക്ക വ്യാപകമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. ലോകത്തുനീളം അമേരിക്കക്ക് ജനസമ്മതിയുണ്ട് അതേസമയം തന്നെ ലോകം മുഴുവന്‍ തങ്ങളുടെ സൈനിക സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളില്‍ അത് ഏര്‍പ്പെടുന്നുമുണ്ട്.

ജോര്‍ജ്ജ് ഡബ്ല്യൂ ബുഷിന്റെ ഭരണകാലത്തെ യുദ്ധങ്ങളും, ഒബാമ യുഗത്തിലെ അധിനിവേശനയങ്ങള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്ന് കയറ്റം, ഏകാധിപതികള്‍ക്കുള്ള പിന്തുണ എന്നിവയെല്ലാം ഒരു പരമ്പരാഗത സാമ്രാജ്യമായി അമേരിക്കയെ തോന്നിക്കുന്നതിന് ഇടയാക്കി. വിദേശ രാജ്യങ്ങളില്‍ അവരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെയാണ് അമേരിക്ക തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നത്.

അമേരിക്കയുടെ സാമ്രാജ്യത്വ കാഴ്ച്ചപ്പാടുകളുമായി ഒരുപാട് തരത്തില്‍ ചേര്‍ന്ന് പോകുന്നതാണ് ഗ്വാണ്ടാനമോ തടവറ. ഏറ്റവും ചുരുങ്ങിയത് ഏതെങ്കിലുമൊരു സാമ്രാജ്യത്വ നിര്‍വചനവുമായി ഒത്തുപോകുന്നതാണ്, ഒരു വിദേശരാജ്യത്ത് ആ രാജ്യത്തിന്റെ  ഇച്ഛക്ക് വിരുദ്ധമായി അവരുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു നാവികത്താവളം എന്ന നിലയില്‍ അമേരിക്ക സ്ഥാപിച്ച ഗ്വാണ്ടാനമോ തടവറ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഭീഷണിയായി കാണുന്നവരെ നേരിടുന്നതിനും, തോന്നിയതു പോലെ നിയമം നടപ്പാക്കുന്നതിനും അമേരിക്ക സ്വീകരിച്ച വിശാലമായ സമീപനത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്  ഗ്വാണ്ടനാമോ. കുറ്റാരോപിതരല്ലാത്ത നിരപരാധികളെ പോലും പിടിച്ചു കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദന-പീഡനങ്ങല്‍ക്ക് വിധേയമാക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ നടപടികള്‍ക്ക് അബൂ ഗരീബ് മുതല്‍ സി.ഐ.എ ഇരുട്ടറകള്‍ വരെയുള്ള വ്യക്തമായ തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. എതിര്‍ക്കുന്നവരെ യാതൊരു വിചാരണയും കൂടാതെ കോടതിബാഹ്യമായ നടപടികളിലൂടെ തടവില്‍ പാര്‍പ്പിക്കുക എന്നത് പിടിച്ചടക്കേണ്ട ഭൂമിയിലെ ജനതക്ക് നേരെ വിവിധ യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ അനുവര്‍ത്തിച്ചിരുന്ന പ്രധാനരീതിയായിരുന്നു.

1936-ലെ അറബ് വിപ്ലവ സമയത്ത് ഫലസ്തീനിലെ ബ്രിട്ടീഷ് അധികാരികള്‍ ചെയ്ത കാര്യങ്ങള്‍ ഇതിന് ഉദാഹരണമാണ്. യാതൊരു തെളിവുമില്ലാതെ, തോക്ക് കൈവശം വെച്ചു എന്ന കുറ്റംചാര്‍ത്തി 48 മണിക്കൂറിനുള്ളിലാണ് അറബ് വിമതരെ അന്നത്തെ ബ്രിട്ടീഷ് സൈനിക കോടതികള്‍ വധശിക്ഷക്ക് വിധേയരാക്കിയിരുന്നത്. കുറ്റാരോപിതര്‍ക്ക് ഒരു വക്കീലിനെ വെക്കാനുള്ള സാവകാശം പോലും അവര്‍ നല്‍കിയിരുന്നില്ല. ഇതിന് ഒരുപാട് തെളിവുകള്‍ രേഖസൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ നിന്നും ഓര്‍മകളില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും. തൊട്ടടുത്ത വര്‍ഷം, യാതൊരു വിചാരണയും കൂടാതെയാണ്, ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നും നൂറുകണക്കിന് മൈലുകള്‍ അകലെയുള്ള സെയ്ച്ചലസ് എന്ന സ്ഥലത്ത് അറബ് വിപ്ലവനേതാക്കളെ തടവിലിട്ടത്. ‘അധിനിവേശ ശക്തികള്‍ യാതൊരു നിയമവും ഇല്ലാത്ത ഇടങ്ങള്‍ സൃഷ്ടിക്കുന്നു. എന്നിട്ടവിടെ നിയമവാഴ്ച്ചക്ക് പകരം അവരുടെ തോന്നിവാസങ്ങള്‍ പ്രതിഷ്ഠിക്കുന്നു’ എന്നാണ് പ്രൊഫസര്‍ ലാലിഹ് ഖലീലി ഈ പ്രതിഭാസത്തെ വിശദീകരിച്ചത്.

വിദേശരാജ്യങ്ങളിലെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും തടവുകാരെ മാറ്റാനുളള ഒബാമയുടെ പദ്ധതി തീര്‍ച്ചയായും നല്ല കാര്യം തന്നെയാണ്. എന്നാല്‍, അമേരിക്കയിലെ അതീവസുരക്ഷാ തടവറകളിലേക്കാണ് അവരുടെ അനിശ്ചിതകാല തടവ് മാറ്റപ്പെടുന്നത് എന്ന വസ്തുത അത്ര നല്ല കാര്യമല്ല.

സി.ഐ.എ ഇരുട്ടറകള്‍ അടച്ചു പൂട്ടാന്‍ ഒബാമക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, അതൊരു പുരോഗതിയായി കണക്കാക്കാന്‍ ഒരിക്കലും കഴിയില്ല. സി.ഐ.എ നടത്തിയ പീഢന-മര്‍ദ്ദനങ്ങള്‍ നിയമവിരുദ്ധമാണെന്ന് ഒബാമ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ ഒരാള്‍ പോലും ഇതുവരെ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സി.ഐ.എ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ മുമ്പില്‍ ഉണ്ട് താനും.

നിയമവാഴ്ച്ച യഥാവിധം നടപ്പാക്കി കൊണ്ട് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാനുള്ള വഴികള്‍ ഒബാമ തേടിയിട്ടില്ലെന്നത് വ്യക്തമാണ്. ഇതുതന്നെയാണ് ഭാവി പ്രസിഡന്റുമാരും പിന്തുടരാന്‍ പോകുന്നത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles