Current Date

Search
Close this search box.
Search
Close this search box.

ഗീലാനിയെ കുറിച്ച് ആരും മിണ്ടുന്നില്ല

s-a-r-gilani.jpg

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കോലാഹങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ എസ്.എ.ആര്‍ ഗീലാനിയെ കുറിച്ച് മൗനം പാലിക്കുകയാണ്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ്ബില്‍ നടത്തിയ പരിപാടിയാണ് ഗീലാനിക്ക് രാജ്യദ്രോഹ പട്ടം നേടിക്കൊടുത്തത്. ”ഉപ്പയ്ക്ക് വേണ്ടി ഒരൊറ്റ പ്രതിഷേധം പോലും ഡല്‍ഹിയില്‍ നടന്നില്ല. ആരും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ട്?”, ഗീലാനിയുടെ മകള്‍ നുസ്‌റത്ത് ചോദിക്കുന്നു. ഗീലാനിയുടെ മക്കളായ ആതിഫും നുസ്‌റത്തും നിയമപോരാട്ടമാണ് ഉദ്ദേശിക്കുന്നത്. 2001-ല്‍ അദ്ദേഹത്തിന്റെ ആദ്യ അറസ്റ്റിന് ശേഷം അവര്‍ പിന്തുടര്‍ന്ന അതേ മാര്‍ഗം. എന്നാല്‍ രാജ്യദ്രോഹക്കുറ്റത്തിന് കനയ്യ കുമാറിന് ഒപ്പം തന്നെ അറസ്റ്റിലായ എസ്.എ.ആര്‍ ഗീലാനി എന്ന മനുഷ്യനെ കുറിച്ച് മീഡിയകളും പൊതുസമൂഹവും പാലിക്കുന്ന മൗനമാണ് ഏറെ ഭീകരം. അദ്ദേഹത്തിന്റെ പേരില്‍ ആരും സംവാദങ്ങളോ ചര്‍ച്ചകളോ നടത്തുന്നില്ല.

ഗീലാനിയുടെ ഭാര്യയ്ക്ക് ”നിങ്ങളുടെ ഭര്‍ത്താവ് ജയിലിലാണ്, നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും ഞങ്ങള്‍ വധിക്കും” എന്നുള്ള ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നതായി ഒരു ഇന്റര്‍വ്യൂവില്‍ അവര്‍ വെളിപ്പെടുത്തുന്നു. കാശ്മീരിലെ ബാരാമുള്ള സ്വദേശിയായ ഗീലാനി 2002-ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. എന്നാല്‍ 2003-ല്‍ ഹൈക്കോടതിയും 2005-ല്‍ സുപ്രീംകോടതിയും അദ്ദേഹത്തെ തെളിവില്ലാത്തതിന്റെ പേരില്‍ വിട്ടയക്കുകയാണുണ്ടായത്.  അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ അതിനെ ക്രൂരവും രാഷ്ട്രീയ പ്രേരിതവുമായ തന്ത്രം എന്ന് വിശേഷിപ്പിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു. അഫ്‌സല്‍ ഗുരുവിന് അനുകൂലമായ തെളിവുകള്‍ പോലീസ് നശിപ്പിക്കുകയായിരുന്നുവെന്നും തനിക്ക് ഒരു അഭിഭാഷകനെ നിയമിക്കാനുള്ള അവകാശം പോലും നല്‍കാതെ പോലീസ് സുപ്രീം കോടതി നിയമങ്ങളെ പോലും കാറ്റില്‍ പറത്തുകയായിരുന്നുവെന്നും ഗീലാനി ആരോപിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ മക്കളെ പോലും പോലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വെക്കുകയുമുണ്ടായി.

തങ്ങളോട് അഭിപ്രായഭിന്നത വെച്ചുപുലര്‍ത്തുന്ന എല്ലാവരെയും രാജ്യദ്രോഹികളും ക്രിമിനലുകളുമായി ചിത്രീകരിച്ച് തുറുങ്കിലടക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്വതന്ത്ര കശ്മീര്‍ എന്ന ആശയം ഈ സര്‍ക്കാറിന് അത്യന്തം ഭീകരമായ ഒന്നാണ്.  എന്നാല്‍ അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയായി കാണുന്ന പി.ഡി.പിയുമായി സഖ്യത്തിലേര്‍പെടുന്നത് അവര്‍ക്ക് ഒരു പ്രശ്‌നമേയല്ല.

രാജ്യസ്‌നേഹം എന്നത് പൗരന്മാരുടെ മേല്‍ അടിച്ചേല്‍പിക്കേണ്ട ഒന്നല്ല. അതുപോലെ തീവ്രദേശീയതയക്കെതിരെ സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതും ദേശ വിരുദ്ധമാകുന്നില്ല. ആരും ഇവിടെ ഇന്ത്യ എന്ന രാജ്യത്തിന് എതിരെയല്ല സംസാരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാറിനെതിരെയാണ് സമൂഹം ശബ്ദമുയര്‍ത്തുന്നത്. ഇവിടുത്തെ ജനവിഭാഗങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. എസ്.എ.ആര്‍ ഗീലാനിയെ പോലുള്ളവരെ നിശബ്ദരാക്കി എത്രകാലം ഈ സര്‍ക്കാര്‍ തങ്ങളുടെ തീവ്രദേശീയ നിലപാടുകള്‍ രാജ്യത്ത് നടപ്പിലാക്കും?

(ജെ.എന്‍.യുവില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിനിയാണ് ലേഖിക)

വിവ: അനസ് പടന്ന

Related Articles