Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിന്റെ കാവല്‍ ഭടന്‍മാര്‍ക്ക് നന്ദി

murabitun-aqsa.jpg

വിശുദ്ധ നഗരത്തിന്റെയും അവിടത്തെ മസ്ജിദിന്റെയും ആരാധനാലയങ്ങളുടെയും അറബ് തനിമ കാത്തുസൂക്ഷിക്കുന്നതില്‍ വലിയ ഉത്തരവാദിത്വമാണ് തങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്ന് അനുദിനം സാക്ഷ്യപ്പെടുത്തി കൊണ്ടിരിക്കുകയാണ് ആത്മാഭിമാനമുള്ള അതിന്റെ കാവല്‍ ഭടന്‍മാര്‍. ധിക്കാരികളായ സയണിസ്റ്റ് തെമ്മാടിത്തത്തിന്റെയും വഞ്ചനയുടെയും കാലത്ത് അതിന് യോഗ്യര്‍ അവര്‍ തന്നെയാണെന്ന് നന്നായി അറിയുന്ന സര്‍വലോകങ്ങളുടെയും സ്രഷ്ടാവാണ് അവരെ ഈ ദൗത്യത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്.

മസ്ജിദുല്‍ അഖ്‌സയെ ബന്ധനത്തില്‍ നിന്നു മോചിപ്പിക്കുന്നതിനും അതിന് മേലുള്ള ഉപരോധം തകര്‍ക്കുന്നതിനുമായി നാലുപാടു നിന്നും പത്തും നൂറും ആയിരങ്ങളും അടങ്ങുന്ന അവരുടെ സംഘം അഖ്‌സയിലേക്ക് പുറപ്പെടുകയാണ്. രക്തസാക്ഷിത്വം തേടുന്ന അവരുടെ പക്കല്‍ സമര്‍പ്പിക്കാന്‍ തങ്ങളുടെ ജീവനല്ലാതെ മറ്റൊന്നുമില്ല. ഇസ്രയേല്‍ ആജ്ഞകള്‍ക്ക് വഴങ്ങാന്‍ അവര്‍ തയ്യാറല്ല. വിശുദ്ധ ഭവനത്തിലെ ഓരോ ബാങ്കുവിളിക്കും ഒപ്പം അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നത് ആ ഭവനത്തെ സംരക്ഷിക്കാന്‍ അതിന് അര്‍ഹരായ ഒരു ജനതയുണ്ടെന്നാണ്.

അധര്‍മത്തിന് നേരെയുള്ള വിശ്വാസി പക്ഷത്തിന്റെ വെല്ലുവിളിയാണത്. ധിക്കാരികളായ അധിനിവേശകര്‍ക്കെതിരെയുള്ള സംരക്ഷകരുടെ ചെറുത്തുനില്‍പാണത്. രക്തസാക്ഷിത്വം കൊതിക്കുന്നവര്‍ക്കും ആയുധബലം കൊണ്ടും അറബ് ഭരണകൂടങ്ങളുടെ ഒത്താശയോടെയും വിശുദ്ധ പ്രദേശങ്ങളെ ജൂതവല്‍കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമിടയിലെ പോരാട്ടമാണിത്.

വിശുദ്ധ ഫലസ്തീന്റെ മുഴുവന്‍ ഭൂപ്രദേശങ്ങളെയും പോലെ ഖുദ്‌സും അറബ് ഇസ്‌ലാമിക നഗരമാണ്. അവിടത്തുകാരുടെ നിലക്കാത്ത സമര്‍പണത്തിന്റെയും ധീരതയുടെയും ഫലമായി അതങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും. ജൂതന്‍മാര്‍ക്ക് ഈ നഗരത്തിന്‍ മേല്‍ ഏതെങ്കിലും തരത്തിലുള്ള അധികാരമോ സ്ഥാനമോ ഇല്ല. വേദഗ്രന്ഥങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. അക്കാര്യം യുനെസ്‌കോ സ്ഥിരീകരിച്ചിട്ടുള്ളതുമാണ്.

ഖുദ്‌സിന്റെ രക്ഷക്കായി രംഗത്ത് വരാന്‍ ഖുദ്‌സിലെ ഗ്രാന്റ് മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. മുഴുവന്‍ ആളുകളോടും ജുമുഅ നിര്‍വഹിക്കാനായി മസ്ജിദുല്‍ അഖ്‌സയിലേക്ക് പുറപ്പെടാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകള്‍ ഉപയോഗിക്കരുതെന്നും മസ്ജിദില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ ഗേറ്റുകള്‍ക്ക് മുമ്പില്‍ നമസ്‌കരിക്കാനുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഖുദ്‌സിലെ ആണുങ്ങള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തനമാണത്. ധീരരായ അവരുടെ നിശ്ചയദാര്‍ഢ്യത്തെയാണത് കുറിക്കുന്നത്.

ഒരു മതകീയ യുദ്ധമാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. അതില്‍ ഒരിക്കലും അവര്‍ ജയിക്കാന്‍ പോകുന്നില്ല. മുമ്പുകഴിഞ്ഞ എല്ലാ യുദ്ധങ്ങൡും ജൂതന്‍മാര്‍ പരാജയപ്പെട്ട പോലെ ഇതിലും പരാജയപ്പെടും. ചരിത്രത്തില്‍ അതിന് ഖലീഫമാരുടെയും പ്രവാചക പൗത്രന്‍മാരുടെയും സഹാബിമാരുടെയുമെല്ലാം എത്രയോ ഉദാഹരണങ്ങളുണ്ട്, പ്രധാനമായ പാഠങ്ങളും. ഗസ്സക്ക് മേലുള്ള ആക്രമണം വിയോജിപ്പുകളെല്ലാം മാറ്റിവെച്ച് അറബികളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ചുവെങ്കില്‍, ലോകത്തെ ഒന്നര ബില്യണ്‍ വരുന്ന മുസ്‌ലിംകളുടെ ഒന്നാമത്തെ ഖിബ്‌ലയും മൂന്നാമത്തെ പവിത്രഗേഹവും വിഭജനത്തിനോ ജൂതവല്‍കരണത്തിനോ അല്ലെങ്കില്‍ ഒരേസമയം അവ രണ്ടിനും വിധേയമാക്കപ്പെടുകയോ ചെയ്താല്‍ എന്തായിരിക്കും അവസ്ഥ?

നെതന്യാഹുവിന്റെ കാല്‍പാദങ്ങളില്‍ പ്രണമിക്കുന്ന ഭരണാധികാരികളെ പോലെയല്ല അഖ്‌സയുടെ സംരക്ഷകര്‍. ഡോണള്‍ഡ് ട്രംപിന്റെ പ്രീതി നേടാന്‍ കോടിക്കണക്കിന് ഡോളര്‍ വാരിവിതറുന്ന ഭരണാധികാരികളെ പോലെയും അല്ല അവര്‍. ഈ സമൂഹത്തിന് അവകാശപ്പെട്ട സമ്പത്താണ് ഇത്തരത്തില്‍ വാരിവിതറുന്നത്. അഖ്‌സയുടെ കാവല്‍ഭടന്‍മാര്‍ക്കും ഇസ്‌ലാമിക ലോകത്തെ അന്തസ്സുള്ളവര്‍ക്കും അധിനിവേശകരുമായി സന്ധിയാവാനോ അവരെ കൂട്ടുകാരായി കാണാനോ സാധിക്കില്ല. കാരണം അല്ലാഹുവുമായി കരാര്‍ ചെയ്തവരും ആ കരാര്‍ പാലിക്കുന്നവരുമാണവര്‍. എത്ര വലിയ പ്രയാസങ്ങള്‍ നേരിട്ടാലും അവരതില്‍ വിട്ടുവീഴ്ച്ച കാണിക്കില്ല. മുന്‍ഗാമികളായ വിശ്വാസികളുടെ പാതയിലാണവര്‍ ചരിക്കുന്നത്.

മസ്ജിദുല്‍ അഖ്‌സയിലെ ഇമാമുമാര്‍ നടത്തിയിട്ടുള്ള പത്രപ്രസ്താവനകളും സംസാരങ്ങളുമെല്ലാം നിരീക്ഷിക്കുന്നവരാണ് നമ്മള്‍. അന്തസ്സും അഭിമാനവും ആത്മവിശ്വാസവുമല്ലാത്തതൊന്നും അതില്‍ പ്രകടമാവുന്നില്ല. ഏറ്റവും ശക്തമായ വെല്ലുവിളികളാണ് അതിലുള്ളത്. ട്രംപിനെ ഇമാമായി കണ്ട് അയാളുടെ പിന്നില്‍ നമസ്‌കരിക്കാന്‍ തിരക്കുകൂട്ടുന്ന അറബ് നേതാക്കളോട് ഒരു ഇമാമും സഹായം തേടുന്നത് നാം കേട്ടില്ല. യമനിലെ പട്ടിണിപ്പാവങ്ങളോടല്ലാതെ മറ്റാരോടും യുദ്ധം ചെയ്യാത്ത അറബ് സൈന്യങ്ങളുടെയും അവയുടെ നേതാക്കളുടെയും പേരുച്ചരിച്ച് കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമായ അവിടെ നമസ്‌കരിക്കാനെത്തിയ ഒരാളുടെ പോലും നാവ് മലിനപ്പെടുന്നതും നാം കേട്ടില്ല.

അറബ് ഇസ്‌ലാമിക നവോത്ഥാനത്തിന്റെ തുടക്കം ഖുദ്‌സില്‍ നിന്നായിരിക്കും. മുസ്‌ലിം ഉമ്മത്തിനെ ബാധിച്ചിരിക്കുന്ന സകല മാലിന്യങ്ങളും അഴുക്കുകളും നുരകളുമെല്ലാം അത് ശുദ്ധീകരിക്കും. അതിന്റെ മിനാരങ്ങളില്‍ നിന്ന് യഥാര്‍ഥ വിശ്വാസത്തിന്റെ തക്ബീറുകള്‍ മുഴങ്ങും. വിശ്വാസത്തെ വേര്‍തിരിക്കുന്ന ചരിത്രപരമായ നിമിഷങ്ങളായിരിക്കും അത്. യഥാര്‍ഥ ജിഹാദിനെയും വ്യാജ ജിഹാദിനെയും വേര്‍തിരിക്കുന്ന നിമിഷങ്ങള്‍. സത്യത്തെയും അധര്‍മത്തെയും വേര്‍തിരിക്കുന്ന നിമിഷങ്ങള്‍. വിശ്വാസികളായ പ്രബോധകരെയും കൊട്ടാരപണ്ഡിതന്‍മാരെയും വേര്‍തിരിക്കുന്ന നിമിഷങ്ങള്‍.

അഖ്‌സയുടെ കാവല്‍ക്കാരേ, വിശ്വാസികളേ, അന്തസ്സിന്റെയും അഭിമാനത്തിന്റെയും ഉടമകളേ, നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയും പ്രതാപവും വീണ്ടെടുത്തു തന്നിരിക്കുന്നു. നിങ്ങള്‍ക്ക് നന്ദി, അല്ലാഹു നിങ്ങള്‍ക്ക് പ്രതിഫലം നല്‍കട്ടെ. നിങ്ങള്‍ക്ക് മാത്രമല്ല, ഉമ്മുല്‍ ഫഹ്മില്‍ നിന്നുള്ള മൂന്ന് രക്തസാക്ഷികള്‍ക്കും നന്ദി.

ഈ മണ്ണിന്റെ കാര്യത്തില്‍ ഒരു കീഴടങ്ങല്‍ ഇല്ല. മുഴുവന്‍ ഫലസ്തീന്‍ ഭൂമിയിലെയും അധിനിവേശം അവസാനിപ്പിക്കാതെ സമാധാനവുമില്ല. നമുക്ക് കാത്തിരുന്ന് കാണാം.

വിവ: നസീഫ്‌

Related Articles