Current Date

Search
Close this search box.
Search
Close this search box.

ഖിലാഫത്ത് പ്രഖ്യാപനം കെട്ടുകഥ മാത്രം

ഇറാഖിലെ സുന്നീ വിമത വിഭാഗമായ ഐ.എസ്.ഐ.എസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) രാജ്യത്ത് പുതിയ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. അവരവകാശപ്പെടുന്ന പ്രകാരം ഇറാഖിന്റെയും സിറിയയുടെയും ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച പുതിയ ഇസ്‌ലാമിക രാഷ്ട്രം ലോകത്തെ മുഴുവന്‍ മുസ്‌ലിംകളുടെയും രാഷ്ട്രമാണെന്നും ഐ.എസ്.ഐ.എസ് വ്യക്തമാക്കിയിരിക്കുന്നു. തത്സംബന്ധമായ വാര്‍ത്തകള്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇറാഖിലെ പുതിയ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ലോക മുസ്‌ലിം പണ്ഡിത വേദിയുടെ ഉപാധ്യക്ഷനായ ഡോ. അഹ്മദ് റൈസൂനി നടത്തിയ പ്രതികരണം താഴെ :

‘ഇറാഖില്‍ ‘ഇസ്‌ലാമിക ഖിലാഫത്ത്’ സ്ഥാപിച്ചതായുള്ള പ്രഖ്യാപനം മരീചികയോ ദിവാ സ്വപ്‌നമോ ആണ്. ആയുധ ശേഷികൊണ്ട് തങ്ങളുടെ അധികാരം കൈവശപ്പെടുത്തിയ സ്വേഛാധിപതിയില്‍ നിന്നും സ്വാതന്ത്ര്യം തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് ഇറാഖിലെ മുസ്‌ലിം ജനത ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് ആയുധധാരികളായ പുതിയ ഒരു വിഭാഗം ഇസ്‌ലാമിക ഖിലാഫത്ത് പുനസ്ഥാപിച്ചതായി അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. വാളിന്റെ പിന്‍ബലത്തില്‍ ഖലീഫയെ പ്രതിഷ്ടിച്ച ഇക്കൂട്ടര്‍ വാളുയര്‍ത്തിപ്പിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്ക് വഴങ്ങാനും തങ്ങളെ അനുസരിക്കാനും ജനങ്ങളെ നിര്‍ബന്ധിക്കുകയാണ്.

ഖിലാഫത്ത് സ്ഥാപിച്ചതായുള്ള പ്രഖ്യാപനം യാഥാര്‍ഥ്യമല്ല, കെട്ടുകഥ മാത്രമാണത്. മരുഭൂമിയിലോ ഗുഹയിലോ ഉള്ള അജ്ഞാതനായ വ്യക്തിക്ക് അജ്ഞാതരായ ആളുകള്‍ അനുസരണ പ്രതിജ്ഞ ചെയ്തിരിക്കുന്നു! അവരുടെ ആളുകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണിത്, മറ്റാരെയും അത് ബാധിക്കുന്നില്ല. ഉമര്‍ (റ) പറഞ്ഞതായി സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം വന്നിട്ടുണ്ട് : ‘മുസ്‌ലിംകളുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ആരെങ്കിലും ആര്‍ക്കെങ്കിലും അനുസരണ പ്രതിജ്ഞ ചെയ്താല്‍ ആ അനുസരണ പ്രതിജ്ഞയിലൂടെ അവര്‍ രണ്ട് പേരും കൊല്ലപ്പെടാന്‍ സ്വയം സന്നദ്ധരാകുകയാണ്’

സദ്ദാം ഹുസൈനും, അദ്ദേഹത്തിന് ശേഷം അമേരിക്കന്‍ അധിനിവേശ ശക്തികളും, ശേഷം ഇറാന്റെ പിന്തുണയോടെ ഇപ്പോള്‍ നടക്കുന്ന വിഭാഗീയ ഭരണകൂടവും തുടര്‍ന്നുവന്ന അക്രവും അനീതിയും നിറഞ്ഞ സ്വേഛാധിപത്യ ഭരണമാണ് ഇറാഖില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിത്ത് പാകിയത്. ഈ അക്രിമകളായ ഭരണാധികാരികള്‍ തന്നെയാണ് എല്ലാത്തിന്റെയും ഉത്തരവാദികളും.

Related Articles