Current Date

Search
Close this search box.
Search
Close this search box.

ഖറദാവിയോടൊപ്പമുള്ള റമദാന്‍ അനുഭവങ്ങളിലൂടെ

റമദാന്‍ രാവുകളെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രഭാഷണവും പ്രാര്‍ഥനയും വഴി സജീവമാക്കാറുള്ള ഡോ. യൂസുഫുല്‍ ഖറദാവി 1961 സെപ്തംബര്‍ പന്ത്രണ്ടാം തീയ്യതി മുപ്പത്തിയഞ്ചാം വയസ്സിലാണ് ആദ്യമായി ഖത്തറിലെത്തുന്നത്.

1985ല്‍ ചികിത്സക്ക് ജര്‍മ്മനിയില്‍ പോയ റമദാന്‍ ഒഴിച്ചാല്‍ 85ന്റെ ക്ഷീണവും പരവശതയും വകവെക്കാതെ അദ്ദേഹം മദ്്‌റസതുത്തറാവീഹ് എന്ന പരിപാടി വിശുദ്ധമാസത്തില്‍ നടത്തി വരാറുണ്ട്.

ഖത്തര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ക്ഷണമനുസരിച്ച് അല്‍ മഅ്ഹദുദ്ദീനിന്റെ (റലീജിയസ് ഇന്‍സ്റ്റിറ്റിയൂട്ട്) തലവനായി വരാന്‍ ഖറദാവിക്ക് ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ഒരുപാട് കടമ്പകള്‍ കടക്കേണ്ടിവന്നു. ആദ്യത്തെ റമദാന്‍ വന്നപ്പോള്‍ മതവിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ ശൈഖ് അബ്ദുല്ല തുര്‍ക്കി അദ്ദേഹത്തെ അന്നത്തെ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമാരായിരുന്ന ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനിയുടെ കൊട്ടാരത്തിന് മുമ്പിലെ പള്ളിയില്‍ അസറിനു ശേഷം ക്ലാസെടുക്കാന്‍ നിയോഗിച്ചു. പൊതുയോഗത്തില്‍ പൊതുജനങ്ങളോടൊപ്പം ശൈഖ് ഖലീഫ അതീവ താല്പര്യത്തോടെ ക്ലാസില്‍ പങ്കെടുത്തു വന്നു.

രാജകുടുംബത്തിലെ പ്രമുഖാംഗങ്ങള്‍ പലരും വിദൂര പ്രദേശങ്ങളില്‍ നിന്ന് ക്ലാസിലെത്തിയതായി ഖറദാവി ഓര്‍ക്കുന്നു. രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു പള്ളിയിലേക്ക് മാറ്റിയപ്പോള്‍ ശൈഖ് ഖലീഫ എനിക്ക് ഖറദാവി തന്നെ വേണമെന്ന് വാശിപ്പിടിച്ചു. അദ്ദേഹം രാഷ്ട്രത്തിന്റെ ഭരണാധികാരിയായപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അപേക്ഷ മാനിച്ച് പരിപാടി കൊട്ടാരത്തിനുള്ളിലെ പള്ളിയിലേക്ക് മാറ്റി. തുടര്‍ച്ചയായി മുപ്പത്തി അഞ്ച് വര്‍ഷം അദ്ദേഹം ക്ലാസ് കേള്‍ക്കാന്‍ എത്തിയിരുന്നു. ഭരണാധികാരികള്‍ക്ക് നേരെ വിമര്‍ശനമുണ്ടായാല്‍ ‘അങ്ങ് ഞങ്ങളെ തോല്പിച്ചു കളഞ്ഞല്ലോ?’ എന്ന് ശൈഖ് ഖലീഫ പ്രതികരിക്കാറുണ്ടായിരുന്നു.

സൈനിക ജയിലില്‍ അടക്കപ്പെട്ട കാലത്തെ പതിവ് തുടര്‍ന്നു കൊണ്ട് തന്റെ രീതിയിലുള്ള തറാവീഹ് നമസ്‌കാരം ആദ്യം ആരംഭിച്ചത് ദോഹ നഗരത്തിലെ ഉംഗുവൈലിനയിലുള്ള മസ്ജിദു രിഫാഇലായിരുന്നു. പ്രാര്‍ഥനക്കെത്തുന്ന നാട്ടുകാരുടെ അനുമതിയോടു കൂടി ആരംഭിച്ച ആ രീതി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ആളുകള്‍ ഏറിയപ്പോള്‍ അതേ സ്ഥലത്തുള്ള ദര്‍വീശ് മസ്ജിദിലേക്കും പിന്നെ റയ്യാന്‍ റോഡിലെ ഖലീഫാ പള്ളിയിലേക്കും മാറി.

എഴുപതുകളില്‍ നവോത്ഥാനസംരംഭങ്ങള്‍ സജീവമായതിന്റെ പ്രതിഫലമെന്നോണം ഖറദാവിയുടെ റമദാന്‍ രാവുകളിലും വിവിധ നാട്ടുകാരായ സത്രീ പുരുഷന്മാരുടെ എണ്ണവും കൂടിവന്നു. മന്ത്രിസഭയിലെ അംഗങ്ങളും ഉന്നത ഉദ്വേഗസ്ഥരും ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ എത്തുന്ന ദീവാന്‍ അമീരിക്ക് തൊട്ടടുത്ത പള്ളിയിലേക്ക് രാത്രി നമസ്‌കാരം മാറേണ്ടി വന്നത് അങ്ങിനെയാണ്. ഓരോ രാത്രിയിലും ഖുര്‍ആനിന്റെ മുപ്പതിലൊരംശം ഓതിത്തീര്‍ക്കും. തറാവീഹ് നമസ്‌കാരം പകുതി കഴിഞ്ഞാല്‍ അന്നോതിയ ഏതെങ്കിലും സൂക്തങ്ങള്‍ ഓതി വിശദീകരിച്ച് പ്രസംഗിക്കും.

ചാരിറ്റി സംഘടനകളും സകാത്ത് ഫണ്ടും സ്ഥാപിതമല്ലാതാവുന്ന കാലത്ത് ഫിത്വര്‍ സകാത്ത് ശേഖരിച്ച് അര്‍ഹരായ ആളുകളുള്ള രാജ്യങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന പതിവ് തുടങ്ങിയത് ഖറദാവിയാണ്. പ്രാര്‍ഥനക്കെത്തുന്നവര്‍ പരസ്പരം ബന്ധപ്പെടാനായി ‘ഇടവും വലുപ്പവുമുള്ളവര്‍ പരിചയപ്പെടുക’ എന്ന ആഹ്വാനം കേട്ട് പലനാട്ടുകാരും തമ്മില്‍ സലാം പറഞ്ഞ് പരിചയപ്പെടും. പ്രസംഗവും അവസാന റക്അത്തിലെ പ്രാര്‍ഥനയും ഖത്തര്‍ റേഡിയോ തല്‍സമയം പ്രക്ഷേപണം ചെയ്യാറുണ്ട്. ഇരുപത്തേഴാം രാവിലും ഖുര്‍ആന്‍ സമാപിക്കുന്ന രാത്രിയിലും നടക്കുന്ന ഖുനൂതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പള്ളി മുറ്റവും കവിഞ്ഞ് റോഡിലെത്താറുണ്ട്.

വിശുദ്ധ ഖുര്‍ആനില്‍ വിവരിച്ച അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങള്‍ വിളിച്ചു കൊണ്ട് ഇന്നലെയെക്കാള്‍ നല്ല ഇന്നിനും, ഇന്നിനേക്കാള്‍ നല്ല നാളേക്കും വേണ്ടി ഭരണാധികാരികള്‍ക്കും പണ്്ഡിതന്മാര്‍ക്കും നേര്‍വഴികാട്ടാന്‍ വേണ്ടി, ഫലസ്തീനിലെയും അഫ്ഗാനിലെയും ഇറാഖിലേയും മറ്റനേകം രാഷ്ട്രങ്ങളിലേയും പീഢിതരായ സഹോദരന്മാര്‍ക്ക് വേണ്ടി, സയണിസ്റ്റ് അമേരിക്കന്‍ ശക്തികളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താനായി പടച്ച തമ്പുരാനോട് ആകാശത്തേക്ക് കൈ ഉയര്‍ത്തി ദുആ ഇരക്കുമ്പോള്‍ ഏങ്ങലടികളോടെയാണ് പിന്നിലുള്ളവര്‍ ആമീന്‍ ചൊല്ലുക.

കഠിനമായ വേദന കാരണം ഏതാനും വര്‍ഷങ്ങളായി ഖറദാവി മറ്റുള്ളവരെ ഇമാമത്ത് ഏല്‍പിച്ച് പ്രസംഗവും പ്രാര്‍ഥനയും നിര്‍വഹിക്കുകയാണ് പതിവ്. എന്നാല്‍ ഈജിപ്ഷ്യന്‍ തടവറയില്‍ കഴിച്ചു കൂട്ടിയ വിശുദ്ധമാസങ്ങളാണ് തന്റെ ഓര്‍മ്മയില്‍ ഏറെ മധുരതരമായി നില്ക്കുന്നതെന്ന് ഖറദാവി ഓര്‍ക്കുന്നു. കാരക്കയോ അത്തിപ്പഴമോ പതിവ് പലഹാരമോ വിശപ്പകറ്റാന്‍ മതിയായവ ഇല്ലാതിരിക്കുകയും സംഘമായി ഫര്‍ദോ തറാവീഹോ നമസ്‌കരിക്കാന്‍ അനുമതിയില്ലാത്ത സൈനിക ജയിലിലെ അനുഭവങ്ങള്‍ അക്ഷരങ്ങള്‍ക്കും വാചകങ്ങള്‍ക്കും വര്‍ണിക്കാന്‍ പറ്റാത്ത വിധം ദുരിത പൂര്‍ണമായിരുന്നു. അന്നും വര്‍ധിച്ച ആത്മവീര്യത്തോടെയാണ് തങ്ങള്‍ നോമ്പ് നോറ്റതും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചതും.

അത്തൂറിലെ ജയില്‍ വാസകാലത്ത് വന്നണഞ്ഞ റമദാനില്‍ വിവിധ സെല്ലുകളില്‍ ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ശൈഖ് ഗസ്സാലി, ശൈഖ് അബ്ദുല്ലത്തീഫ് അല്‍ അശ്ആഇ എന്നിവര്‍ തറാവീഹ് നസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. അവസാന പത്തിന്റെ രാവുകളിലെ അന്ത്യയാമങ്ങളില്‍ മര്‍ദ്ദിതരെങ്കിലും സച്ചരിതരായ തടവുകാര്‍ ആരാധാനാകര്‍മ്മങ്ങള്‍ക്ക് ഏറെ സമയം ചെലവിട്ടു. ഇരപത്തി ഏഴാം രാവില്‍ ശൈഖ് മുഹമ്മദുല്‍ഗസ്സാലിയുടെ പ്രസംഗം കഴിഞ്ഞ ശേഷം ഖറദാവി നേരത്തെ തയ്യാറാക്കിയ കവിത വായിച്ചു. സെക്കന്ററി പരീക്ഷക്കെത്തുന്നതിന് മുമ്പ് നടന്ന ജയില്‍വാസം തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരുപാട് പാഠങ്ങള്‍ നല്‍കിയതായി എണ്‍പത്തി അഞ്ച് കഴിഞ്ഞ ആ മഹാ പണ്ഡിതന്‍ പറയുന്നു

Related Articles