Current Date

Search
Close this search box.
Search
Close this search box.

ഖറദാവിയെ കാത്ത് ദോഹയിലെ മിമ്പറും മിഹ്‌റാബും

അര നൂറ്റാണ്ടിലേറെക്കാലം പ്രൗഢഗംഭീരമായ പ്രഭാഷണവും ആര്‍ദ്രതയാര്‍ന്ന പ്രാര്‍ത്ഥനയും വഴി ഖത്തറിലെ റമദാന്‍ രാവുകള്‍ക്ക് ജീവന്‍ പകര്‍ന്ന അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദി അദ്ധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി, കൈറോയില്‍ ചെലവഴിക്കാന്‍ തീരുമാനിച്ച ഒഴിവുകാലം വെട്ടിച്ചുരുക്കി ദോഹയില്‍ തിരിച്ചെത്തി. ഈജിപ്തിലെ സുഖകരമല്ലാത്ത രാഷ്ട്രീയ കാലാവസ്ഥക്ക് പുറമെ, പുതിയ അമീര്‍ നാടുവിട്ടു പോകാന്‍ കല്‍പിച്ചതായി പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് തെളിയിക്കാന്‍ കൂടിയാണ് ഖറദാവി തിരിച്ചു വരുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 1961 സെപ്റ്റംബര്‍ 12ാം തിയ്യതിയാണ് മുപ്പത്തി അഞ്ചുകാരനായ ഖറദാവി ആദ്യമായി ഖത്തറിലെത്തുന്നത്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (ബ്രദര്‍ ഹുഡ്) സംഘടനയുടെ സജീവ പ്രവര്‍ത്തകനായതിന്റെ പേരില്‍ തടവ് ശിക്ഷയടക്കം പല പല പീഢനങ്ങള്‍ സഹിക്കേണ്ടി വന്ന അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ ക്ഷണമുണ്ടായിട്ടും ദോഹയിലെത്താന്‍ പല കടമ്പകള്‍ കടക്കേണ്ടി വന്നു.

ശൈഖ് അഹമദ് ബിന്‍ അലി ആല്‍ ഥാനി ഭരണാധികാരിയായിരുന്ന കാലത്ത്, 1475 റിയാല്‍ ശമ്പളത്തില്‍ മഅ്ഹദുദ്ദീനി എന്ന മത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനായി വന്ന ഖറദാവി, ലീവില്‍ ആദ്യ തവണ ജന്‍മനാടായ ഈജിപ്തില്‍ പോയപ്പോഴും ചോദ്യം ചെയ്യലിനും തടവിലിടലിനും വിധേയനായിരുന്നു. ജുമുഅ നമസ്‌ക്കാരാനന്തരം ദീവാന്‍ അമീരിക്ക് സമീപമുള്ള വലിയ പള്ളിയില്‍ ചെയ്ത പ്രസംഗത്തിലൂടെ ഖത്തറില്‍ ഖറദാവി വേഗം പ്രശസ്തനായി. ‘വിധിവിലക്കുകള്‍’ എന്ന കൃതിയിലൂടെ അദ്ദേഹത്തെപറ്റി കേട്ടറിഞ്ഞ രാജകുടുബാംഗങ്ങളും പണ്ഡിതന്‍മാരും കാണാനെത്തുകയും പരിചയപ്പെടുകയും ചെയ്തു. ഖത്തറിലെത്തിയ ആദ്യ ദിവസം തന്നെ വന്നു കണ്ട ശൈഖ് അബ്ദുല്ല ഇബ്രാഹിം അല്‍ അന്‍സാരി, ദീര്‍ഘകാലം ശറഈ കോടതികളുടെ തലവനായിരുന്ന ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആല്‍ മഹമൂദ്, സുഊദിയിലെ വിദ്യാഭ്യാസ വകുപ്പ് തലവനും മുതിര്‍ന്ന ഖത്തരി പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ മാനിഅ്, രണ്ടംഗ മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന ശൈഖ് ഖാസിം ബിന്‍ ഹമദ് തുടങ്ങിയവരെല്ലാം ഖറദാവിയുമായി അടുത്ത് ബന്ധപ്പെട്ടു. ആദ്യത്തെ റമദാനില്‍, അന്നത്തെ കിരീടാവകാശി ശൈഖ് ഖലീഫയുടെ കൊട്ടാരത്തിന് സമീപമുള്ള പള്ളിയില്‍ അസറിന് ശേഷം പ്രസംഗിക്കാന്‍ നിയോഗിക്കപ്പെട്ടു. പൊതുജനങ്ങളോടൊപ്പം താല്‍പര്യപൂര്‍വ്വം ക്ലാസില്‍ പങ്കെടുത്ത ശൈഖ് ഖലീഫ, അമീറായ ശേഷവും റയ്യാന്‍ കൊട്ടാരത്തിനുള്ളിലെ പള്ളിയില്‍ തുടര്‍ച്ചയായി മുപ്പത്തി അഞ്ച് വര്‍ഷം അദ്ദേഹത്തിന്റെ ക്ലാസ് കേള്‍ക്കാനെത്തിയിരുന്നു. ഭരണാധികാരികളെ വിമര്‍ശിച്ചാല്‍ ‘അങ്ങ് ഞങ്ങളുടെ തൊലിപൊളിച്ചല്ലോ’ എന്നു മാത്രമായിരിക്കും കമന്റ്. അദ്ദേഹം തന്നെയാണ് ഖറദാവിക്ക് ഖത്തര്‍ പൗരത്വവും പാസ്‌പോര്‍ട്ടും നല്‍കി ആദരിച്ചത്. ആദ്യം ഉംഗുവൈലിനയിലും തുടര്‍ന്ന് റയ്യാന്‍ റോസിലെ ഖലീഫ മസ്ജിദിലും, ഒടുവില്‍ ദീവാന്‍ അമീരിക്കടുത്ത വലിയ പള്ളിയിലും അദ്ദേഹം അര നൂറ്റാണ്ടുകാലം നടത്തിയ തറാവീഹ് നമസ്‌ക്കാരത്തിലും പ്രാര്‍ത്ഥനയിലും സ്ത്രീകളും കുട്ടികളുമടക്കം അനേകം പേര്‍ പങ്കെടുത്തിരുന്നു. ഇരുപത്തി ഏഴാം രാവിലും അവസാന രാത്രിയിലും നടത്തുന്ന ഖിയാമുല്ലെയ്‌ലിന് റോസില്‍ നിന്നാണ് പലരും നമസ്‌ക്കരിക്കാറുള്ളത്. തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും യമനിലും നടന്ന വസന്ത വിപ്ലവങ്ങള്‍ക്ക് ജുമുഅ ഖുത്വുബയും അല്‍ ജസീറ ചാനലും വഴി ഇന്ധനം പകര്‍ന്ന ഖറദാവിക്കു തന്നെ തഹ്‌രീര്‍ സ്‌ക്വയറിലെ ചരിത്രപ്രസിദ്ധമായ ജുമുഅക്ക് നേതൃത്വം നല്‍കാനും നിയോഗം ഉണ്ടായി. തന്റെ കണ്ണീരും വിയര്‍പ്പും ഒഴുക്കി വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ക്കെതിരെ നടന്ന പട്ടാള അട്ടിമറിക്കെതിരെ അവിടെ നിന്നു തന്നെ ശബ്ദമുയര്‍ത്തിയ ഖറദാവി, മുമ്പ് രണ്ട് റമദാനുകള്‍ സൈനിക തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ദോഹയിലെത്തുമ്പോള്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പ്രതീക്ഷിക്കുന്നു, ഈ നോമ്പിന് ഉമര്‍ ബിന്‍ ഖത്താബ് പള്ളിയിലെ മിമ്പറില്‍ നിന്ന് ആ ഘനഗംഭീരന്‍ ഖുത്വുബക്ക് മിഹ്‌റാബില്‍ നിന്ന് ആര്‍ദ്രതയാര്‍ന്ന പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ കഴിയുമെന്ന്.

Related Articles