Current Date

Search
Close this search box.
Search
Close this search box.

കേരള സര്‍ക്കാറിന്റെ പുസ്തകപ്പേടി

ഏതാണ്ട് നാലു പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ്. ‘വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നു’ എന്ന കുറ്റം ചുമത്തി ഡല്‍ഹി ഭരണകൂടം ഒരുകൂട്ടം ഉര്‍ദു പത്രങ്ങളെ പ്രോസിക്യൂട്ട് ചെയ്തു. ഇന്ദിര ഗാന്ധിയാണ് അന്ന് പ്രധാനമന്ത്രി. ഐ.കെ. ഗുജ്‌റാലായിരുന്നു വാര്‍ത്താവിതരണ മന്ത്രി. ‘ദഅ്‌വത്ത്’ ദിനപത്രത്തിന്റെ എഡിറ്റര്‍ മുഹമ്മദ് മുസ്‌ലിം വിഷയം സംസാരിക്കാനായി ഗുജ്‌റാലിനെ ചെന്നുകണ്ടു. പ്രോസിക്യൂഷനോ ന്യായാധിപന്മാരോ ഉര്‍ദു വായിക്കുന്നില്ല എന്നതായിരുന്നു മുസ്‌ലിം സാഹിബിന്റെ പ്രധാന വാദമുഖം. ഒരു മുഖപ്രസംഗത്തിന്റെയോ ലേഖനത്തിന്റെയോ സൂക്ഷ്മാര്‍ഥങ്ങള്‍ പ്രകടിപ്പിക്കാന്‍ പരിഭാഷക്ക് സാധിക്കില്ലെന്നും ഇതിലൂടെ ന്യായാധിപന്മാരുടെ മനസ്സില്‍ മുന്‍വിധികള്‍ സൃഷ്ടിക്കാന്‍ പ്രോസിക്യൂഷന് എളുപ്പം സാധിക്കുമെന്നുമുള്ള മുസ്‌ലിം സാഹിബിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് ഗുജ്‌റാല്‍ തിരിച്ചറിഞ്ഞു. അങ്ങനെ അപേക്ഷ പരിഗണിക്കാമെന്ന് ഗുജ്‌റാല്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കി.

കുറച്ചുദിവസങ്ങള്‍ക്കുശേഷം ഗുജ്‌റാലിനെ കാണാന്‍ വീണ്ടും മുസ്‌ലിം സാഹിബ് എത്തി. ഇത്തവണ ഒരു നിവേദകസംഘത്തെയും കൂട്ടിയായിരുന്നു വരവ്. ഉര്‍ദു പത്രങ്ങളുടെ മേല്‍ മൊത്തമായുള്ള പ്രോസിക്യൂഷനെ സംബന്ധിച്ച പരാതി ഗുജ്‌റാല്‍ സ്വീകരിച്ചു. പക്ഷേ, പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രാലയത്തിനായിരുന്നു. അതിന് പ്രധാനമന്ത്രിയുടെ നിര്‍ദേശവും വേണം. നിവേദനം സ്വീകരിക്കാന്‍ ശ്രീമതി ഗാന്ധി സമ്മതിച്ചു. ഡല്‍ഹി ഭരണകൂടത്തിന്റെ സമീപനരീതിയുടെ ബലഹീനത മുസ്‌ലിം സാഹിബ് നന്നായി തുറന്നുകാട്ടി. ഭരണകൂടം കേസിനാസ്പദമാക്കിയതില്‍ പലതും അത്യന്തം പരിഹാസ്യമായിരുന്നു. ‘ഖുശ്തര്‍ ഗുറാമി’യായിരുന്നു പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ഒരു ലേഖകന്‍. അയാള്‍ മുസ്‌ലിമായിരിക്കുമെന്നായിരുന്നു ഡല്‍ഹി ഭരണകൂടത്തിന്റെ ധാരണ. യഥാര്‍ഥത്തില്‍ പത്രാധിപരുടെ തൂലികാനാമമായിരുന്നു അത്. മുസ്‌ലിമാണെന്ന ധാരണയിലാണ് ഭരണകൂടം അദ്ദേഹത്തിനെതിരെ കേസെടുത്തത്. ‘ബീസ്വീന്‍സദ്ദി’യുടെ പത്രാധിപര്‍ രാംലാല്‍ തന്റെ പത്രം വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നതായി കുറ്റാരോപണം ചുമത്തിയിരിക്കുന്നത് മുസ്‌ലിം പത്രമാണെന്ന ധാരണയിലാണെന്ന് ഇന്ദിര ഗാന്ധിയെ അറിയിച്ചു. അതോടെ ഡല്‍ഹി ഭരണകൂടത്തിന്റെ ഹരജി പൊളിഞ്ഞു. എല്ലാ കേസുകളും പിന്‍വലിക്കാന്‍ ഇന്ദിര ഗാന്ധി ഉത്തരവിടുകയും ചെയ്തു.

കേരളത്തിലെ പുസ്തകവേട്ട
മലയാളത്തിലെ പ്രമുഖ പ്രസാധനാലയമായ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങള്‍ നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതായി മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് മേല്‍സംഭവം അനുസ്മരിച്ചത്. ഡല്‍ഹി ഭരണകൂടം ഉര്‍ദു പത്രങ്ങളുടെമേല്‍ വെച്ചുകെട്ടിയ കുറ്റപത്രവും കേരള ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലവും താരതമ്യം ചെയ്താല്‍ ബാലിശതയില്‍ അവ തമ്മിലുള്ള സാധര്‍മ്യം എളുപ്പം വ്യക്തമാകും. സര്‍ക്കാറിന്റെ ഗില്ലറ്റിന്‍ കാത്തിരിക്കുന്ന ഈ പുസ്തകങ്ങളുടെ കൂട്ടത്തില്‍ രാജ്യത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും സെക്കുലര്‍ ആക്ടിവിസ്റ്റുമായ രാം പുനിയാനിയുടെ ‘വര്‍ഗീയത: മിത്തും യാഥാര്‍ഥ്യവും’ എന്ന പുസ്തകം കൂടി ഉള്‍പ്പെടുന്നു എന്നതാണ് രസാവഹം. ഇന്ദിര ഗാന്ധിയോട് പരാതിപ്പെട്ട ‘ബീസ്വീന്‍ സദ്ദി’യുടെ പത്രാധിപര്‍ രാംലാലിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു ആവര്‍ത്തനംതന്നെയാണ് രാം പുനിയാനിയിലും സംഭവിച്ചിരിക്കുന്നത്. കേരള സര്‍ക്കാറിന്റെ പബ്‌ളിക് റിലേഷന്‍ വകുപ്പില്‍നിന്ന് വിരമിച്ച ടി.വി. വേലായുധനാണ് പ്രസ്തുത പുസ്തകത്തിന്റെ പരിഭാഷകന്‍. ‘ബീസ്വീന്‍ സദ്ദി’ കോളമിസ്റ്റ് ഖുശ്തര്‍ ഗുറാമിയുടെ പേരിലെ മുസ്‌ലിം ഛായയൊന്നും മൂലഗ്രന്ഥകാരന്റെയും പരിഭാഷകന്റെയും പേരിലില്ല. എന്നിട്ടും മുന്‍പിന്‍ ആലോചിക്കാതെയാണ് ഈ പുസ്തകത്തെ ‘കരിമ്പട്ടിക’യില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്. അതിന്റെ വിതരണം നടത്തുന്നത് ഇസ്‌ലാമിന്റെ പേരുള്ള ഒരു പ്രസാധനാലയമാണല്‌ളോ. എങ്കില്‍ എന്തെങ്കിലും ‘രാജ്യദ്രോഹം’ അതിലില്ലാതിരിക്കില്ല. പ്രോസിക്യൂഷനെക്കുറിച്ച് മുസ്‌ലിം സാഹിബ് ഗുജ്‌റാലിനെ തെര്യപ്പെടുത്തിയ മുന്‍വിധിതന്നെ.

കോഴിക്കോട്ടെ മുസ്‌ലിം പ്രസാധനാലയങ്ങളെ മാത്രം ലക്ഷ്യംവെച്ച് കുറച്ചുമുമ്പ് പൊലീസ് ഒരു പുസ്തക റെയ്ഡ് നടത്തിയിരുന്നല്ലോ. അന്ന് പിടികൂടിയ പുസ്തകങ്ങളിലൊന്ന് ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം’ എന്ന ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് പുറത്തിറങ്ങിയ പുസ്തകത്തിന്റെ പുനര്‍മുദ്രണമായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു ആ പുസ്തകത്തിന്റെ കര്‍ത്താക്കള്‍. ‘കേരളകൗമുദി’യുടെ പത്രാധിപരായിരുന്ന കെ. സുകുമാരന്‍, സഹോദരന്‍ അയ്യപ്പന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കറിന്റെ പിതാവ് കെ.പി. കുമാര്‍ തുടങ്ങിയവര്‍. കേരളത്തിലെ മേല്‍ജാതിവിരുദ്ധ സമരത്തില്‍ ചരിത്രപ്രാധാന്യമുള്ള പുസ്തകമായിരുന്നു അത്. പൊലീസിനെന്ത് ചരിത്രം! ‘ഇസ്‌ലാം നല്ലതാണെന്ന്’ പറഞ്ഞതായിരുന്നു പൊലീസിന്റെ ‘പ്രശ്‌നം’. പ്രസിദ്ധീകരിക്കുന്നത് മുസ്‌ലിം പ്രസാധനാലയമാണെങ്കില്‍ എഴുതിയതാരാണെങ്കിലും അത് പൊലീസ് ദൃഷ്ടിയില്‍ അപകടകാരിയാകാതെ വയ്യല്ലോ.

തുടര്‍ക്കഥ
ആദ്യം പ്രതിയാക്കുക. പിന്നെ കുറ്റം കെട്ടിച്ചമക്കുക. ഇതാണ് പൊലീസ് രീതി. അതൊരു പൊതുരീതിയാണെന്ന് തോന്നും. തുടക്കത്തില്‍ പരാമര്‍ശിച്ച മുസ്‌ലിം സാഹിബുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും സ്ഥിതി അതുതന്നെയായിരുന്നു. ബംഗ്ലാദേശ് യുദ്ധകാലത്ത് സെക്യൂരിറ്റി ആക്ട് പ്രകാരം വ്യാപകമായ അറസ്റ്റ് നടന്നപ്പോള്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫസറായിരുന്ന ഡോ. മദന്‍ ഗോപാല്‍, പ്രഭു ദയാല്‍, ഹന്‍സ്രാജ് പാണ്ഡെ തുടങ്ങിയ മാര്‍ക്‌സിസ്റ്റുകാരുടെ കൂട്ടത്തില്‍ മുസ്‌ലിം സാഹിബ് അടക്കമുള്ള ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമുണ്ടായിരുന്നു. അറസ്റ്റിന്റെ കാരണം അഞ്ചു ദിവസത്തിനകം അറസ്റ്റ് ചെയ്യപ്പെട്ടവരെ അറിയിക്കണമെന്ന് ആക്ടില്‍ വ്യവസ്ഥയുണ്ട്. ഡല്‍ഹി ചീഫ് ജസ്റ്റിസ് ഹര്‍ദയാല്‍ ഹാര്‍ഡിയുടെ മുന്നില്‍ കേസ് വന്നപ്പോള്‍ ചട്ടം ലംഘിക്കപ്പെട്ട വിവരം ജമാഅത്ത് അമീര്‍ മൗലാനാ അബുല്ലൈസ് ജഡ്ജിയുടെ ശ്രദ്ധയില്‍പെടുത്തി. ചീഫ് ജസ്റ്റിസ് അധികൃതരോട് ശക്തമായ ഭാഷയില്‍ വിശദീകരണം ആവശ്യപ്പെട്ടു. തടവുകാരോട് ഖേദപ്രകടനം നടത്തിയശേഷം ഹോം സെക്രട്ടറിയെയും ബന്ധപ്പെട്ടവരെയും വിളിച്ചുവരുത്തി ഈ അനീതിയെക്കുറിച്ച് ഗൗരവത്തില്‍ സംസാരിക്കുകയും ചെയ്തു. പക്ഷേ, പിന്നീട് നടപടികളൊന്നുമുണ്ടായില്ല. വിചാരണ കൂടാതെ എല്ലാവരെയും വിട്ടയക്കുകയായിരുന്നു.

ഈ സംഭവത്തില്‍ അറസ്റ്റിനുശേഷം ധിറുതിപിടിച്ച് കെട്ടിച്ചമച്ചതായിരുന്നു കുറ്റപത്രം. വിചിത്രവും അപഹാസ്യവുമായ വിവരങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ‘ദഅ്‌വത്തി’ല്‍ പ്രസിദ്ധീകരിച്ച സുദീര്‍ഘമായ ഒരു ലേഖന പരമ്പരയില്‍ മുസ്‌ലിം സാഹിബ് അത് വിസ്തരിച്ച് വിശകലനം ചെയ്തിട്ടുണ്ട്. സൗദി എംബസിയിലെ വിരുന്നില്‍ പങ്കെടുത്തതും ഹജ്ജ് സീസണില്‍ സൗദി എയര്‍ലൈന്‍സ് ‘ദഅ്‌വത്തി’ല്‍ പരസ്യം നല്‍കിയതുമായിരുന്നു അതില്‍ ചിലത്. ഈ കുറ്റപത്രം ചമക്കുമ്പോള്‍ വിരുന്നില്‍ പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ അലി അഹ്മദും കേന്ദ്രമന്ത്രി ശഫീഖ് ഖുറൈശിയടക്കം നിരവധി എം.പിമാരുമുണ്ടായിരുന്നു എന്നതൊന്നും ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞിരുന്നില്ല. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്ന അനവധാനതയും അമളിയും ചൂണ്ടിക്കാട്ടാനാണ് മുകളില്‍ പരാമര്‍ശിച്ച സംഭവം ഉദ്ധരിച്ചത്. മുസ്‌ലിം സാഹിബിന്റെ അറസ്റ്റ് വാറന്റില്‍ മുഹമ്മദ് മുസ്‌ലിം ഭോപാലി എന്നായിരുന്നു പേര്. വഴിക്കുവെച്ച് പൊലീസിന് സംശയമായി. ഭോപാല്‍ക്കാരനു പകരം ഡല്‍ഹിക്കാരനെയാണല്‌ളോ അറസ്റ്റ് ചെയ്തിരിക്കുന്നത്. ‘പ്രതി’ താന്‍ തന്നെയാണെന്ന് മുസ്‌ലിം സാഹിബ് ഉറപ്പുനല്‍കിയപ്പോഴാണ് പൊലീസിന് ആശ്വാസമായത്.

കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും കാണാം അനവധാനതയുടെയും ചിരിക്ക് വകനല്‍കുന്ന വിവരങ്ങളുടെയും ഉദാഹരണങ്ങള്‍. ‘അല്ലാഹുവല്ലാതെ ദൈവമില്ല’ എന്ന് അച്ചടിച്ചുകളഞ്ഞു എന്നതാണ് ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന പുസ്തകത്തിലെ ‘ഗുരുതരമായ കുറ്റം’. ഇത് വായിക്കുമ്പോള്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളെപ്പറ്റി പോലും ധാരണയില്ലാത്തവരാണോ സര്‍ക്കാറിന്റെ സത്യവാങ്മൂലം തയാറാക്കുന്നവരെന്ന് നമ്മള്‍ അന്ധാളിച്ചുപോകും. ഇങ്ങനെ പോവുകയാണെങ്കില്‍ മലയാളത്തിലിറങ്ങിയ എല്ലാ ഖുര്‍ആന്‍ പരിഭാഷകളും നിരോധിക്കപ്പെടാന്‍ ഏറെക്കാലമൊന്നും വേണ്ടിവരില്ല. ‘ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം’ ആണ് സര്‍ക്കാറിന്റെ കരിങ്കണ്ണുദോഷബാധയേറ്റ മറ്റൊരു പുസ്തകം. അതിന്റെ പരിഭാഷകനായി സത്യവാങ്മൂലത്തിലുള്ള പേര് വി.പി. മുഹമ്മദ് എന്നാണ്. എന്നാല്‍, പുസ്തകത്തിലുള്ള പേര് അങ്ങനെയല്ല.

ഇന്ത്യയിലെ നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാന്‍ പ്രേരണ നല്‍കുന്ന പുസ്തകം എന്ന ധ്വനിയാണ് ഇതിനെക്കുറിച്ച് സത്യവാങ്മൂലത്തിലുള്ളത്. വാസ്തവത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പ് മൗലാനാ മൗദൂദി ചെയ്ത ഒരു പ്രഭാഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും റിപ്പബ്ലിക്കാകുന്നതിനും മുമ്പ് ചെയ്ത ഒരു പ്രസംഗം എങ്ങനെയാണ് ഇന്ത്യന്‍ നിയമങ്ങള്‍ക്ക് എതിരാകുക? 1945ല്‍ ഈ പ്രഭാഷണം ഇതേ വിഷയകമായി അല്ലാമ ഇഖ്ബാല്‍, മൗലാനാ ആസാദ്, സഈദ് ഹലീം പാഷ, ഡോ. ഹമീദുല്ല, പ്രഫ. അബ്ദുല്‍ഖാദിര്‍ എന്നിവരുടെ ലേഖനങ്ങളോടൊപ്പം ഹൈദരാബാദ് ദക്കനിലെ നഫീസു അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ റിപ്പബ്‌ളിക് നിലവില്‍ വരുന്നതിനു മുമ്പുള്ള ഒരു പ്രസംഗം ഇന്ത്യന്‍ നിയമങ്ങള്‍ക്കെതിരാവുന്നതിന്റെ യുക്തി എന്താണ്? യഥാര്‍ഥത്തില്‍ പാശ്ചാത്യ ജനാധിപത്യവും ഇസ്‌ലാമിക ജനാധിപത്യവും തമ്മിലുള്ള താരതമ്യപഠനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സ്‌റ്റേറ്റിന്റെ പരമാധികാരവും നിലവിലെ ജനാധിപത്യരീതികളും ഇതില്‍ നിരൂപണവിധേയമാകുന്നുണ്ട് എന്നത് ശരിയാണ്. സ്‌റ്റേറ്റിന്റെ പരമാധികാരസങ്കല്‍പം നിരൂപണം ചെയ്തതാണ് കുറ്റമെങ്കില്‍ സ്‌റ്റേറ്റിന് പരമാധികാരമില്ലെന്ന് ലാസ്‌കിയും സ്‌റ്റേറ്റിന്റെ പരമാധികാരം എന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് പ്ലൂരലിസ്റ്റുകളും വാദിച്ചിട്ടുണ്ട്. ബഹുജനാഭിപ്രായം മുഖേനയോ അസാധാരണ നിയമമാര്‍ഗങ്ങളിലൂടെയോ യഥാര്‍ഥ ജനാധിപത്യ സമൂഹത്തിലെ സാധാരണ വഴികളിലൂടെയോ കൈകാര്യം ചെയ്യപ്പെടുന്ന അധികാരം ഉത്തരവാദിത്തമില്ലാത്തതിനാല്‍ പരമാധികാരമെന്ന് വിശേഷിപ്പിക്കാവതല്ലെന്നാണ് ഴാക്ക് മാര്‍ട്ടിന്‍ പറയുന്നത്. ദീര്‍ഘവീക്ഷണത്തോടും സൂക്ഷ്മതയോടും ഉപയോഗിക്കാന്‍ മനുഷ്യന് സാധ്യമല്ലാത്ത കേവല പരമാധികാരത്തിന്റെ ഉറവിടം ഏകദൈവം മാത്രമേ ആകാവൂ എന്നാണ് ഫ്രഞ്ച് രാഷ്ട്രമീമാംസകനായ അലക്‌സ് ദ നോക്വില്ലിന്റെ അഭിപ്രായം. ഇത്തരം ചിന്തകള്‍ രാജ്യത്തിന്റെ നിയമത്തിനെതിരാണെങ്കില്‍ അതൊക്കെ പകര്‍ത്തിയ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ സര്‍വവിജ്ഞാനകോശമായിരിക്കും ആദ്യം നിരോധിക്കേണ്ടിവരുക. പിന്നെ നമ്മുടെ കലാലയങ്ങളില്‍ രാഷ്ട്രമീമാംസ പഠിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യാം.
ഇത്തരമൊരു സര്‍ക്കാറിന്റെ കീഴില്‍ ഗാന്ധി സാഹിത്യത്തിനും രക്ഷയുണ്ടാവില്ല. കാരണം, വ്യക്തി സ്‌റ്റേറ്റിന്റെ അടിമയല്ലെന്നും ഇന്നത്തെ സ്‌റ്റേറ്റ് സംഘടിത ഹിംസയുടെ രൂപമാണെന്നുമാണ് ഗാന്ധിജിയുടെ വീക്ഷണം. ‘ഇന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള ജനാധിപത്യം വെള്ളം ചേര്‍ത്ത നാസിസമോ ഫാഷിസമോ ആണ്. അങ്ങേയറ്റം നാസിഫാഷിസ്റ്റ് പ്രവണതകള്‍ മറയ്ക്കാനുള്ള വെറുമൊരു മുഖംമൂടി മാത്രമാണത്’ (ഗാന്ധി സാഹിത്യം വാള്യം മൂന്ന്, രാഷ്ട്രതന്ത്രം, കേരള ഗാന്ധിസ്മാരകനിധി, 1983). ഏറ്റവും കുറഞ്ഞ അധികാരമുള്ള സ്‌റ്റേറ്റാണ് ഏറ്റവും നല്ല സ്‌റ്റേറ്റ് എന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. സത്യവാങ്മൂലത്തില്‍ സൂചന നല്‍കിയ പേജുകളില്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് രീതികളെയും പാര്‍ലമെന്റിനെയും കുറിച്ച് മൗദൂദി പറഞ്ഞ അതേ കാര്യങ്ങള്‍ ഗാന്ധിജിയുടെ ഹിന്ദ് സ്വരാജിലും കാണാം. പാര്‍ലമെന്റിനെ മച്ചിപ്പെണ്ണും വേശ്യയുമായാണ് അതില്‍ ഗാന്ധിജി വിശേഷിപ്പിച്ചിട്ടുള്ളത്. ആ പാര്‍ലമെന്റ് ഒരു നന്മയും ചെയ്യാത്തതുകൊണ്ടാണ് താന്‍ അത്തരം കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നതെന്ന് ഗാന്ധിജി പറയുന്നു (ഹിന്ദ് സ്വരാജ്, അധ്യായം അഞ്ച്). ആഭ്യന്തര മന്ത്രാലയം ഇനി ഗാന്ധി സാഹിത്യവും ഹിന്ദ് സ്വരാജും കൂടി നിരോധിക്കുമോ?

ഇന്റലിജന്‍സ് വിഭാഗത്തിന്റെ ‘ഇന്റലിജന്‍സി’ല്‍ അമിത വിശ്വാസമര്‍പ്പിക്കുന്നതിനു പകരം, സമയം കിട്ടുകയാണെങ്കില്‍ നിരോധം കാത്തുനില്‍ക്കുന്ന പുസ്തകങ്ങള്‍ ആഭ്യന്തരമന്ത്രി ചെന്നിത്തല അവധാനതയോടെ ഒന്ന് വായിക്കുന്നത് കൊള്ളാം. അപ്പോള്‍ പഴയ കോണ്‍ഗ്രസുകാരനായിരുന്ന ഐ.കെ. ഗുജ്‌റാലില്‍ അദ്ദേഹത്തിന് മാതൃക കണ്ടത്തൊനാകും.

കടപ്പാട് : മാധ്യമം

Related Articles