Current Date

Search
Close this search box.
Search
Close this search box.

കെ ജി രാഘവന്‍ നായര്‍ : ഖുര്‍ആനികാശയങ്ങള്‍ക്ക് കാവ്യാവിഷ്‌കാരം നല്‍കിയ അതുല്യ പ്രതിഭ

‘കാരുണ്യസിന്ധുവാമല്ലാഹുവിന്‍ തിരു
നാമത്തിലോതുന്നു ദിവ്യമാം സൂക്തികള്‍’-(അമൃതവാണി)

‘ബിസ്മില്ലാഹിര്‍റഹ്മാനി റഹീം’ എന്നത് എത്ര സുന്ദരമായാണ് കെ ജി രാഘവന്‍ നായര്‍ മലാളത്തനിമയിലേക്ക് പകര്‍ത്തിയിട്ടുള്ളത്.  മധുസൂദനന്‍ നായര്‍ ആലപിച്ച അമൃതവാണിയുടെ അര്‍റഹ്മാന്‍ അധ്യായമടങ്ങുന്ന ഭാഗം കേള്‍ക്കാനിടയായപ്പോള്‍ തന്നെ വിശുദ്ധ ഖുര്‍ആന്റെ മാധുര്യം അസാമാന്യമായ രീതിയില്‍ മലയാളത്തിലേക്ക് കോറിയിട്ട ഇദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെ തൊട്ടറിഞ്ഞിരുന്നു. കോളേജിലെ അക്ഷരശ്ലോക മത്സരത്തില്‍ അമൃതവാണിയിലെ ഭാഗങ്ങള്‍ മനോഹരമായി ആലപിക്കുന്നത്  കേള്‍ക്കുമ്പോള്‍ ഈ അനുരാഗം വര്‍ധിച്ചുവന്നു. വിശുദ്ധ ഖുര്‍ആന്റെ ആശയം കാവ്യരൂപത്തില്‍ ആവിഷ്‌കരിക്കുക സാഹസിക യത്‌നമാണ്. അതിനാല്‍ തന്നെ ഉര്‍ദു ഒഴികെയുളള ഭാഷകളില്‍ ഇത് വിരളമാണ്. ‘ ഈ സാഹസത്തിന് എന്തിന് മുതിര്‍ന്നു’ എന്ന സുഹൃത്തുക്കളുടെയും വിമര്‍ശകരുടെയും ചോദ്യത്തിന് കെ ജി രാഘവന്‍ നായര്‍ അമൃതവാണിയുടെ മുഖവുരയില്‍ ഇങ്ങനെ പ്രതികരിച്ചു.

‘ 1969 അവസാനം ഞാന്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് പ്രകൃതി സുന്ദരമായ അനങ്ങന്‍ മലയുടെ താഴവാരത്തുള്ള, ചുനങ്ങാട് ദേശത്ത് താമസമാക്കി. അതിനു ശേഷമാണ് സി എന്‍ അഹ്മദ് മൗലവി രചിച്ച പരിശുദ്ധ ഖുര്‍ആന്റെ പരിഭാഷ വാങ്ങാനും പഠിക്കാനും ഇടയായത്. വായിക്കും തോറും  എനിക്ക് അത്ഭുതവും ആവേശവും വര്‍ധിച്ചുവന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും വായിച്ചിരുന്നു. അതിനാല്‍ തന്നെ ബൈബിളിനെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ എനിക്ക് വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇസ്‌ലാമിനെ പറ്റിയും ഖുര്‍ആനിനെ പറ്റിയും എനിക്കുണ്ടായ ധാരണകള്‍ തിരുത്തിക്കുറിക്കേണ്ടി വന്നു. ഈ ഘട്ടത്തിലാണ് പരിശുദ്ധ ഖുര്‍ആന്റെ സന്ദേശത്തിന് കാവ്യാവിഷ്‌കാരം നല്‍കണമെന്ന ആശയം രൂപം കൊണ്ടത്.
ഇതിന് പ്രാരംഭമായി മുഹമ്മദ് നബിയുടെ ജീവചരിത്രം വായിക്കാന്‍ തുടങ്ങി. അക്കാലത്തെ അറേബ്യയെ പറ്റിയും അവിടത്തെ മനുഷ്യരുടെ ജീവിതരീതിയെപ്പറ്റിയും ഉള്ള വിശദമായ വിവരണങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉണ്ടായിരുന്നു. വൈകാതെ ഞാന്‍ അമൃതവാണിയുടെ രചനയാരംഭിച്ചു.
അതിനിടെ എന്റെ ബന്ധുവും പണ്ഡിതനുമായ ഡോ. പികെ നാരായണപിള്ളയെ കാണാന്‍ തിരുവനന്തപുരത്ത് പോവുകയുണ്ടായി. ഡോ. പിള്ളയോട് എന്റെ രചനയെപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ നിരുല്‍സാഹപ്പെടുത്തുകയാണ് ചെയ്തത്. ‘ ഇ്‌സ്‌ലാമിന്റെ ആത്മീയവും ഭൗതികവുമായ എല്ലാ കാര്യങ്ങളും ഉള്‍ക്കൊളളുന്ന ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. അതു ഖുര്‍ആന്റെ മലയാളത്തിലും ഇംഗഌഷിലും ഉള്ള എല്ലാ വിവര്‍ത്തനങ്ങളും ആഴത്തില്‍ പഠിച്ച ശേഷമേ അതിന്റെ ഉള്ളടക്കം സമര്‍പ്പിക്കാന്‍ ഒരുങ്ങാവൂ എന്നദ്ദേഹം നിര്‍ദ്ദേശിച്ചു.
അടുത്ത ദിവസം അദ്ദേഹത്തിന്റെ ആത്മ സുഹൃത്തും ‘അതുല്യ തീര്‍ഥാടനം’ പോലുള്ള കൃതികളുടെ കര്‍ത്താവുമായ എസം എം എ കരീമിനെ ഞങ്ങള്‍ സന്ദര്‍ശിച്ചു. അദ്ദേഹം എനിക്ക് ഖുര്‍ആന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പല പരിഭാഷകളും നല്‍കി. അദ്ദഹത്തിന്റെ സഹായമില്ലായിരുന്നുവെങ്കില്‍ ഈ ഗ്രന്ഥം വെളിച്ചം കാണുമായിരുന്നില്ല.. ഇതിന്റെ വിവര്‍ത്തനം പൂര്‍ത്തിയായപ്പോള്‍ എസ് എം എ കരീം ഒന്നര വര്‍ഷവും പ്രൊഫസര്‍ മുഹമ്മദ് ഹുസൈന്‍ ആറുമാസവും എന്റെ കൈയെഴുത്ത് പ്രതി പരിശോധിക്കുകയുണ്ടായി. അതിനു ശേഷം ടി കെ ഉബൈദും അബ്ദുറഹ്മാന്‍ മുന്നൂരും ഒരു കൊല്ലം നീണ്ടു നിന്ന പരിശോധനക്ക് വിധേയമാക്കി. ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്തു.’ ( കെ ജി രാഘവന്‍ നായര്‍)

1997ല്‍ കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്‌ളിഷിംഗ് ഹൗസ് (ഐ.പി.എച്ച്) പ്രസിദ്ധീകരിച്ച അമൃതവാണിക്ക് മലയാള സാഹിത്യകൃതികളുടെ ഗണത്തില്‍ മഹനീയമായ സ്ഥാനമുണ്ട് എന്നതില്‍ സംശയമില്ല. മലയാള സാഹിത്യത്തിലെ കുലപതികളെല്ലാം ഈ യാഥാര്‍ഥ്യം അംഗീകരിച്ചതാണ്.

‘അമൃതവാണി സശ്രദ്ധം വായിച്ചു. ലളിതമായും സുഗമമായും ആശയം ഗ്രഹിക്കാന്‍ കഴിയുന്നുണ്ട്. പദ്യരീതിയും ഒഴുക്കുള്ളതുതന്നെ’. (ഒ.എന്‍.വി. കുറുപ്പ്)
‘അമൃതവാണിയുടെ ആദ്യഭാഗം വായിച്ചു. സുഗമമായി വായിക്കാന്‍ പറ്റും. ആശയം അനായാസമായി മനസ്സിലാക്കാം. എന്നെപ്പോലുള്ളവര്‍ക്ക് ഖുര്‍ആനിലേക്ക് പ്രവേശിക്കാന്‍ ഇതു വഴിയൊരുക്കും’  (അയ്യപ്പപണിക്കര്‍)

‘അമൃതവാണിയുടെ ഏതാനും ഭാഗങ്ങള്‍ ഞാന്‍ വായിച്ചു. മുമ്പ് ആരും ചെയ്യാത്ത മഹത്തായ കര്‍മമാണ് ഇത്. ‘അള്ളോപനിഷത്’ എന്ന പേരില്‍ സംസ്‌കൃതത്തില്‍ ഇത്തരം ഒരു കൃതിയുണ്ട്. പക്ഷേ, മലയാളത്തില്‍ ഇത് ആദ്യത്തേതാണ്. കവിതയിലും ആശയത്തിലും ഇത് മികവു പുലര്‍ത്തുന്നു’. (പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍)

‘ലളിതവും സരളവുമായ ശൈലിയില്‍ രചിച്ചിട്ടുള്ള ഈ ഗ്രന്ഥം ഏതു സഹൃദയനേയും ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണ്. ദീര്‍ഘകാലത്തെ സാരസ്വത തപസ്യയുടെ ഫലമാണ് ഈ വാങ്മയമെന്ന് സൂക്ഷ്മദൃക്കുകള്‍ക്കു ബോധ്യമാകും. ഈ അമൃതവാണി ഇസ്ലാം മതത്തിന്റെ മഹത്ത്വം ഗ്രഹിക്കാന്‍ വളരെ ഉപകരിക്കുമെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. മതസൌഹാര്‍ദ്ദത്തിനു കൂടി ഈ ഗ്രന്ഥം ഉതകുമെന്ന് രേഖപ്പെടുത്തുവാനും എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ വിവര്‍ത്തനം മുഖേന ശ്രീ. രാഘവന്‍ നായര്‍ മലയാളികളെ അനുഗ്രഹിച്ചിരിക്കുകയാണ’്. (എം.പി. അപ്പന്‍)

‘അമൃതവാണിയുടെ ആദ്യഭാഗം മനസ്സിരുത്തി വായിച്ചു. ഭക്തിയുടെ അമൃതും കവിതയുടെ സുതാര്യവും ലളിതവുമായ മനോഹാരിതയും സമ്മേളിച്ചിരിക്കുന്നു’. (പി.കെ. ഗോപി)

മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഖുര്‍ആനികാശയങ്ങള്‍ ഗ്രഹിക്കാന്‍ ഏറെ സഹായകമാകുന്ന ഗ്രന്ഥമാണിത്. എന്നാല്‍ കെ ജി രാഘവന്‍ നായരുടെ പതിറ്റാണ്ടുകാലത്തെ അശ്രാന്ത പരിശ്രമങ്ങള്‍ക്കുള്ളില്‍ പൂവണിഞ്ഞ ഈ യത്‌നത്തെ അര്‍ഹിക്കുന്ന അളവില്‍ സ്വാംശീകരിക്കാനും പ്രചരിപ്പിക്കാനും നാം പരിശ്രമിച്ചിട്ടുണ്ടോ എന്ന അന്വേഷണം വളരെ പ്രധാനമാണ്. അമൃതവാണിയുടെ ചില അധ്യാങ്ങള്‍ക്ക് മധുസൂദനന്‍ നായരും, പി കെ ഗോപിയും ശബ്ദാവിഷ്‌കാരം നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ അര്‍റഹ്മാന്‍ അധ്യായത്തില്‍ അനന്തമായ ദൈവികാനുഗ്രഹങ്ങളെ കുറിച്ചും ആവര്‍ത്തിച്ചു പ്രതിപാദിച്ചുകൊണ്ട് നിഷേധികളെ വെല്ലുവിളിക്കുന്ന ഭാഗമെല്ലാം എത്ര മനോഹരമായിട്ടാണ് രാഘവന്‍ നായര്‍ കാവ്യാവിഷ്‌കാരം നല്‍കിയത്!
‘ ഒട്ടേറെ സിദ്ദികള്‍ നല്‍കുന്നു രക്ഷകന്‍
ആവുമോ നിങ്ങള്‍ക്ക് തള്ളുവാനേതുമേ? (അര്‍റഹ്മാന്‍ : 21)

ലോകര്‍ക്ക് മുഴുവനും മാര്‍ഗദര്‍ശനവും വെളിച്ചവുമായി അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്റെ ആശയ പ്രപഞ്ചത്തെ മലയാളി ലോകത്ത് പ്രസരിപ്പിക്കാനുള്ള ശേഷി തീര്‍ച്ചയായും ഈ ഗ്രന്ഥത്തിനുണ്ട്. രാഘവന്‍ നായര്‍ക്ക് ശേഷവും കാലത്തെ അതിജീവിച്ചുകൊണ്ട് ഈ ഗ്രന്ഥം പ്രഭപരത്തുക തന്നെ ചെയ്യും തീര്‍ച്ച!

1911-ല്‍ പത്തനം തിട്ടയിലെ തിരുവല്ലയില്‍ ജനിച്ച രാഘവന്‍ നായര്‍ ദീര്‍ഘകാലം ഡിഫന്‍സ് എക്കൗണ്ട്‌സില്‍ ജോലി ചെയ്തു.1969ല്‍ കണ്ണൂരില്‍ നിന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ചീഫ് പേ എക്കൗണ്ട്‌സ് ഓഫീസറായി റിട്ടയര്‍ ചെയ്തു. പിന്നീട് ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് താമസമാക്കി. െ്രെകസ്തവ ദര്‍ശനം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്. കഥാസരിത് സാഗരത്തിലെ ചില കഥകള്‍ക്ക് പദ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ട്.

Related Articles