Current Date

Search
Close this search box.
Search
Close this search box.

കെട്ടുകഥകളാണ് ഈജിപ്ഷ്യന്‍ ജനാധിപത്യത്തെ അട്ടിമറിച്ചത്

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈജിപ്തിലെ വിപ്ലവത്തിന്റെ രണ്ടാം തരംഗമെന്ന് വിളിക്കപ്പെട്ട പ്രകടത്തില്‍ പങ്കെടുക്കാനായി ഈജിപ്ഷ്യന്‍ പ്രക്ഷോഭകര്‍ തഹ്‌രീര്‍ ചത്വരത്തില്‍ ഒത്തുകൂടി. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ നീക്കം ചെയ്യണമെന്ന് അവര്‍ ആഹ്വാനം ചെയ്തു – അപ്പോള്‍ അദ്ദേഹം തന്റെ പദവിയില്‍ ഒരുവര്‍ഷം മാത്രമാണ് പൂര്‍ത്തിയാക്കിയിരുന്നത് – 2011-ല്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പുറത്താക്കിയതിന്റെ അനിവാര്യമായ തുടര്‍ച്ചയാണ് അതെന്ന് അവര്‍ അവകാശപ്പെട്ടു.

മുര്‍സിയെ നീക്കം ചെയ്യുന്നതിന് നിരത്തിയ ന്യായീകരണങ്ങളില്‍ ഭൂരിഭാഗവും തെളിയിക്കാന്‍ കഴിയാത്ത മിത്തുകളേക്കാള്‍ തരംതാണവയായിരുന്നു. മുര്‍സിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നതിന് വേണ്ടി പ്രചരിക്കപ്പെട്ട കെട്ടുകഥകളെ തുറന്നു കാട്ടാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.

കെട്ടുകഥ 1: മുര്‍സി ഒരു ഏകാധിപതിയായിരുന്നു
മുര്‍സി ഒരു ഏകാധിപതിയായി മാറി കഴിഞ്ഞു എന്നതായിരുന്നു മുര്‍സി-വിരുദ്ധ ഈജിപ്ഷ്യന്‍ പൗരന്‍മാരുടെ ഒരു സ്ഥിരം പല്ലവി – ഒരു ആധുനിക ഫറോവ. ‘താടി വളര്‍ത്തിയ മുബാറക്’ മാത്രമാണ് മുര്‍സി എന്നതിന് തെളിവായി വിമര്‍ശകര്‍ പൊതുവെ ചൂണ്ടികാണിച്ചിരുന്നത് രണ്ട് കാര്യങ്ങളാണ്: ഒന്ന്, മുര്‍സിക്ക് അമിതാധികാരം നല്‍കി കൊണ്ട് 2012 നവംബറില്‍ പുറപ്പെടുവിച്ച വിവാദ ഉത്തരവ്. രണ്ട്, മുര്‍സി ഈജിപ്തിനെ ‘ബ്രദര്‍ഹുഡ്‌വല്‍ക്കരിക്കുകയാണ്’ എന്ന ആരോപണങ്ങള്‍.

കെട്ടുകഥ 2: ഏകാധിപത്യപരമായ വിധി
2012 നവംബറിലെ ഉത്തരവ് മുര്‍സിയെ ഒരു ഏകാധിപതിയാക്കി മാറ്റി എന്ന വാദങ്ങള്‍ നിരവധി കാരണങ്ങള്‍ കൊണ്ട് അംഗീകരിക്കാന്‍ സാധിക്കില്ല. ആദ്യമായി, മുര്‍സിയുടെ പ്രത്യേകാധികാരങ്ങള്‍ താല്‍ക്കാലികം മാത്രമായിരുന്നു. രണ്ടാമതായി, ഈജിപ്തിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ജനാധിപത്യവല്‍ക്കരിക്കുന്നത് സൗകര്യമൊരുക്കി കൊടുക്കുന്നതിന് വേണ്ടിയായിരുന്നു മുര്‍സിക്ക് ചില പ്രത്യേകാധികാരങ്ങള്‍ നല്‍കിയത്. ഭരണഘടനാ ഭേദഗതി പ്രക്രിയ പൂര്‍ത്തീകരിക്കണമെന്നും, പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നുമായിരുന്നു മുര്‍സിയുടെ ആവശ്യം.

ജനാധിപത്യത്തിലേക്കുള്ള ഈജിപ്തിന്റെ മാറ്റത്തിന് ഇടംകോലിടുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നത് അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഈജിപ്തിന്റെ ജുഡീഷ്യറിയായിരുന്നു. ഈ ജുഡീഷ്യറിയെയാണ് പ്രത്യേകാധികാരം നേടിയതിലൂടെ മുര്‍സി മറികടന്നത്. മുര്‍സി തന്റെ പ്രത്യേകാധികാരം പ്രഖ്യാപിക്കുമ്പോഴേക്കും, ഈജിപ്തിലെ ആദ്യ മന്ത്രിസഭയെയും, രാഷ്ട്ര ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനെയും ജുഡീഷ്യറി പിരിച്ചുവിട്ടു കഴിഞ്ഞിരുന്നു.

ഏറെ പ്രധാന്യമര്‍ഹിക്കുന്ന കാര്യമെന്താണെന്നാല്‍, 2012-ല്‍ പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കുന്നതിന് തൊട്ടുമുമ്പ്, ഈജിപ്തിലെ രണ്ടാം  constitutional assembly-യെ പിരിച്ചുവിടുമെന്നും, സൈന്യത്തെ രാഷ്ട്രീയത്തില്‍ നിന്നും നീക്കം ചെയ്തു കൊണ്ട് മുമ്പ് പുറപ്പെടുവിച്ചിരുന്ന ജനാധിപത്യവിധി റദ്ദു ചെയ്യുമെന്നും ജഡ്ജിമാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം, പ്രത്യേകാധികാരങ്ങള്‍ സ്വീകരിക്കാനുള്ള മുര്‍സിയുടെ നീക്കത്തെ അനുകൂലിച്ചു കൊണ്ട് ഹാര്‍വാര്‍ഡിലെ നിയമ പ്രൊഫസര്‍ നൂഹ് ഫെല്‍ഡ്മാന്‍ രംഗത്ത് വന്നു. മുര്‍സിയുടെ നീക്കം ഈജിപ്തിനെ നശിപ്പിക്കുകയല്ല, മറിച്ച് ഈജിപ്തില്‍ നാമ്പെടുത്തു വരുന്ന ജനാധിപത്യത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുകയെന്ന് അദ്ദേഹം വാദിച്ചു. മുര്‍സിയുടെ പ്രത്യേകാധികാരത്തിന്റെ ഗുണവശങ്ങള്‍ വളരെ കുറച്ച് മാത്രമാണ് ജനസമക്ഷം വിശദീകരിക്കപ്പെട്ടത്. അത് വേണ്ടവിധം ജനങ്ങളിലേക്ക് എത്തിയില്ല. പക്ഷെ മുര്‍സി ഏകാധിപതിയായി മാറുകയാണെന്ന വാദങ്ങള്‍ പര്‍വ്വതീകരിക്കപ്പെടുകയാണുണ്ടായത്. എന്തൊക്കെ തന്നെയായാലും, മുര്‍സിയുടെ പ്രത്യേകാധികാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട് ഒരുമാസം തികയുന്നതിന് മുമ്പ് തന്നെ 2012 ഡിസംബറില്‍ അവയെല്ലാം റദ്ദു ചെയ്യപ്പെട്ടു.

കെട്ടുകഥ 3: ഈജിപ്തിനെ ബ്രദര്‍ഹുഡ്‌വല്‍ക്കരിക്കുന്നു
തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് എന്ന നിലയില്‍, തന്റെ സ്വന്തം പാര്‍ട്ടി അംഗങ്ങളാലും തന്റെ രാഷ്ട്രീയ കാര്യപരിപാടികള്‍ നടപ്പില്‍ വരുത്തുന്നതിന് വേണ്ടി തന്നെ സഹായിക്കാന്‍ സന്നദ്ധരാവുന്നവരാലും വലയം ചെയ്യപ്പെടാനുള്ള ജനാധിപത്യപരമായ അവകാശം മുര്‍സിക്കുണ്ടായിരുന്നു. ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കും, അതിനോട് കൂറുപുലര്‍ത്തുന്നവര്‍ക്കും മുര്‍സി നിയമം നല്‍കിയതിനെ, ഈജിപ്തിന്റെ ‘ബ്രദര്‍ഹുഡ്‌വല്‍ക്കരണ’മായിട്ടാണ് പ്രതിപക്ഷത്തിരുന്ന ഭൂരിഭാഗം പേരും നോക്കി കണ്ടത്. ഞാന്‍ മുമ്പൊരിടത്ത് സൂചിപ്പിച്ചത് പോലെ, ‘ബ്രദര്‍ഹുഡ്‌വല്‍ക്കരണം’ എന്നത് അതിശയോക്തി കലര്‍ത്തിയ പര്‍വതീകരണവും, പൊതുജനത്തെ വഴിതെറ്റിക്കലുമായിരുന്നു.

2013 ജൂണ്‍ അവസാനത്തോടും കൂടി, മൊത്തം 35 ഈജിപ്ഷ്യന്‍ കാബിനറ്റ് അംഗങ്ങളില്‍ 11 പേര്‍ മാത്രമാണ് മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളായി ഉണ്ടായിരുന്നത്. 27 ഗവര്‍ണര്‍മാര്‍ ഉണ്ടായിരുന്നതില്‍ 10 പേര്‍ മാത്രമായിരുന്നു ബ്രദര്‍ഹുഡ് അംഗങ്ങള്‍. ഇതൊന്നും തന്നെ അത്ര വലിയ സംഖ്യകളൊന്നുമല്ല. കൂടാതെ ഇസ്‌ലാമിസ്റ്റുകളല്ലാത്ത ഒരുപാട് രാഷ്ട്രീയക്കാര്‍ മുര്‍സി ഗവണ്‍മെന്റില്‍ പങ്കാളിത്തം വഹിക്കുന്നതില്‍ നിന്നും വ്യവസ്ഥാപിതമായി തന്നെ ഒഴിഞ്ഞു നിന്നിരുന്നു എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കെട്ടുകഥ 4: മുസ്‌ലിം ബ്രദര്‍ഹുഡാണ് ഈജിപ്തിന്റെ 2012 ഭരണഘടന എഴുതിയത്
ബ്രദര്‍ഹുഡ്-വിരുദ്ധ ഈജിപ്ഷ്യന്‍മാര്‍ അവകാശപ്പെട്ടിരുന്നതിന് വിരുദ്ധമായി ബ്രദര്‍ഹുഡ് അല്ല ഈജിപ്തിന്റെ 2012 ഭരണഘടന എഴുതി തയ്യാറാക്കിയത്. ചില ഇസ്‌ലാമിസ്റ്റുകളല്ലാത്ത രാഷ്ട്രീയക്കാര്‍ അസംബ്ലിയില്‍ നിന്നും പിന്‍മാറിയത് സത്യം തന്നെയാണ്. പക്ഷെ ഔപചാരിക ജനാധിപത്യ പ്രക്രിയകളെയും, തെരഞ്ഞെടുപ്പുകളെയും അട്ടിമറിക്കാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമെന്ന നിലക്കാണ് ഈ പിന്‍വാങ്ങലുകള്‍ മനസ്സിലാക്കപ്പെടേണ്ടത്.

പിന്‍വാങ്ങിയ ആളുകള്‍ അസംബ്ലി സംവിധാനിച്ച രീതിയെ സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. പക്ഷെ അസംബ്ലിയുടെ പ്രാഥമിക സംവിധാനം പോലും നിര്‍ത്തിവെക്കപ്പെട്ടു. രാഷ്ട്രീയമാണ് അസംബ്ലിയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, സ്വതന്ത്രമായല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഇസ്‌ലാമിസ്റ്റേതരര്‍ പരാതി പറയുന്നതായി അസംബ്ലിയിലെ ഒരു ലിബറല്‍ അംഗമായ മുഹമ്മദ് മുഹിയുദ്ദീന്‍ വ്യക്തമാക്കി.

2012-ല്‍ പുറത്തുവിട്ട മാര്‍ഗരേഖ ഒരു ഇസ്‌ലാമിസ്റ്റ് പ്രകടനപത്രികയേ ആയിരുന്നില്ല. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുകള്‍ നടത്തണം, കാലാവധി നിര്‍ണയം, ഒരു ഇംപീച്ച്‌മെന്റ് വകുപ്പ്, രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രസ്തുത മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

രാഷ്ട്രത്തിന്റെ നിയമനിര്‍മാണത്തില്‍ പ്രാഥമിക സ്രോതസ്സ് ഇസ്‌ലാമിക നിയമമായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന രണ്ടാം വകുപ്പിനെ ചുറ്റിപ്പറ്റിയുള്ള ഭയാശങ്കകളില്‍ അധികവും യാതൊരു അടിസ്ഥാനവുമില്ലാത്തതായിരുന്നു. പ്രസ്തുത വകുപ്പ് 1971 മുതല്‍ക്ക് തന്നെ ഈജിപ്ഷ്യന്‍ ഭരണഘടനയുടെ ഭാഗം തന്നെയാണ്. കൂടാതെ ഭൂരിഭാഗം വരുന്ന ഈജിപ്ഷ്യന്‍ പൗരന്‍മാരും പ്രസ്തുത വകുപ്പ് ഉള്‍പ്പെടുത്തുന്നതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. പറഞ്ഞു വരുമ്പോള്‍, മുര്‍സിക്ക് ശേഷം വന്ന ഈജിപ്തിന്റെ പുതിയ ഭരണഘടനയിലും നിയമനിര്‍മാണത്തില്‍ ഇസ്‌ലാമിക നിയമത്തെ പ്രാഥമിക സ്രോതസ്സാക്കി കൊണ്ടുള്ള വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെട്ടുകഥ 5: ഈജിപ്ഷ്യന്‍ ജനത മുര്‍സിയെ തള്ളിപ്പറഞ്ഞിരിക്കുന്നു
ചിലപ്പോള്‍ ജനാധിപത്യേതര നടപടിക്രമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കാം, മുര്‍സി-വിരുദ്ധ പ്രക്ഷോഭകരെ ‘ജനത’ എന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങളും രാഷ്ട്രീയ വൃത്തങ്ങളും വിശേഷിപ്പിച്ചത്. മുര്‍സി ഭരണത്തിനെതിരെ പ്രതിഷേധിക്കാന്‍ തെരുവുകളില്‍ ദശലക്ഷകണക്കിന് ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ ഒത്തുകൂടിയെന്ന് അവര്‍ വാദിച്ചു. 33 ദശലക്ഷം പ്രക്ഷോഭകര്‍ തഹ്‌രീര്‍ ചത്വരത്തില്‍ മുര്‍സിക്കെതിരെ ഒരുമിച്ചു കൂടിയെന്നാണ് കണക്കുകള്‍. യുക്തിപരമായും ഗണിതശാസ്ത്രപരമായും ഇത് അസാധ്യമാണ്. ഒരു ചെറിയ ഫുട്ബാള്‍ സ്റ്റേഡിയത്തിന്റെ വലിപ്പം മാത്രമാണ് തഹ്‌രീര്‍ സ്‌ക്വയറിനുള്ളത്. ദശലക്ഷ കണക്കിന് പ്രക്ഷോഭകരം ഉള്‍ക്കൊള്ളാന്‍ അതിന് ഒരിക്കലും സാധിക്കുകയില്ല.

2013 ജൂണ്‍ 30-നും ജൂലെ 3-നും ഇടയില്‍ ഈജിപ്തിലുടനീളം 20 പ്രതിഷേധ സംഗമങ്ങളാണ് ഉണ്ടായിരുന്നത്. മൊത്തം 84 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ പത്ത് ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വരുന്ന പ്രക്ഷോഭകര്‍ മാത്രമേ മുര്‍സിക്കെതിരെ തെരുവിലിറങ്ങാന്‍ വഴിയുള്ളു എന്നാണ് ശാസ്ത്രീയ പരിശോധനകള്‍ തെളിയിക്കുന്നത്. വലിയ അളവിലുള്ള പ്രക്ഷോഭങ്ങള്‍ തന്നെയാണ് അരങ്ങേറിയത്, പക്ഷെ അവര്‍ അവകാശപ്പെട്ടിരുന്നത് പോലുള്ള വലിപ്പം അതിനുണ്ടായിരുന്നില്ലെന്ന് മാത്രം.

പട്ടാള അട്ടിമറിക്ക് മുമ്പ് 50 ശതമാനത്തിലധികം വരുന്ന ഈജിപ്ഷ്യന്‍ ജനതയുടെ പിന്തുണ മുര്‍സിക്കുണ്ടായിരുന്നു എന്നാണ് ആധികാരിക പോളിംങ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതിന് ശേഷവും 40 ശതമാനം വരുന്ന ഈജിപ്ഷ്യന്‍ ജനത മുര്‍സിയുടെ കൂടെ തന്നെയാണുള്ളത്.

ഉപസംഹാരം
ഇവിടെ അവതരിപ്പിച്ച കെട്ടുകഥളാണ് -2011 ജനുവരിയില്‍ മുബാറക്കിനെതിരെ നടന്ന പ്രക്ഷോഭകളെ മുസ്‌ലിം ബ്രദര്‍ഹുഡ് എതിര്‍ത്തിരുന്നു എന്നും ആരോപണമുണ്ടായിരുന്നു – 2013-ല്‍ മുര്‍സിക്കെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകര്‍ന്നത്. ആത്യന്തികമായി, ഈ കെട്ടുകഥകളാണ് ജനാധിപത്യത്തിന്റെ പാതയില്‍ നിന്നും ഈജിപ്തിനെ വളരെ ദൂരേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്.

മുബാറക്കാനന്തര ഈജിപ്തില്‍, തുടര്‍ച്ചയായി നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് വെന്നിക്കൊടി പാറിച്ചു. അതില്‍ നാലെണ്ണത്തില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മുര്‍സിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതിന് വേണ്ടി, ഈജിപ്തിലെ പ്രതിപക്ഷത്തിന് പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

ഭൂരിപക്ഷം ലഭിക്കുമെന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നെങ്കില്‍, ഭൂരിപക്ഷം വരുന്ന പാര്‍ലമെന്ററി സീറ്റുകള്‍ പ്രതിപക്ഷം നേടിയെടുക്കയും, രാഷ്ട്രീയ ആവലാതികളുടെ മൂല കാരണങ്ങളെ അവര്‍ അഭിസംബോധന ചെയ്യുകയും ചെയ്യുമായിരുന്നു.

പക്ഷെ അതിന് പകരം, ഈജിപ്തിലെ മുര്‍സി-വിരുദ്ധ പ്രതിപക്ഷം ഒരുമിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന വഴിയാണ് സ്വീകരിച്ചത്. പട്ടാള അട്ടിമറിയുടെ അപകടങ്ങളെ സംബന്ധിച്ച എല്ലാവിധ ആഭ്യന്തര-അന്താരാഷ്ട്ര മുന്നറിയിപ്പുകളും അവര്‍ അവഗണിച്ചു. ഖേദകരമെന്നും പറയട്ടെ, അവരും, എല്ലാ ഈജിപ്ഷ്യന്‍ പൗരന്‍മാരും, ഇപ്പോള്‍ അതിന് കനത്ത വില നല്‍കി കൊണ്ടിരിക്കുകയാണ്.

*(നോര്‍ത്ത് അലബാമ സര്‍വകലാശാലയിലെ  Department of Communications അസിസ്റ്റന്റ് പ്രൊഫസറാണ് മുഹമ്മദ് അല്‍മസ്‌രി.)

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം :  അല്‍ജസീറ

Related Articles