Current Date

Search
Close this search box.
Search
Close this search box.

കുട്ടിക്കുറ്റവാളികള്‍; പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ആരെ?

കേരളീയ സമൂഹത്തിലും കുട്ടിക്കുറ്റവാളികള്‍ വര്‍ധിക്കുന്നതിന്റെ സൂചനകളാണ് ഓരോ ദിവസവും നാം കേള്‍ക്കുന്നതും വായിക്കുന്നതും. സമൂഹവും നാം ജീവിക്കുന്ന ചുറ്റുപാടും എത്തിയിരിക്കുന്ന സാംസ്‌കാരിക തകര്‍ച്ചയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. നിഷ്‌കളങ്കതയുടെ പ്രതീകമായി അറിപ്പെടുന്ന കുട്ടികള്‍ പോലും ക്രൂരതയുടെ പ്രതീകമായി മാറുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? മൂല്യങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരന്തരീക്ഷത്തിലാണ് നമ്മുടെ ജീവിതം. സ്വന്തം താല്‍പര്യങ്ങളെയും മോഹങ്ങളെയും സംരക്ഷിക്കുക എന്നത് പരമപ്രധാന ലക്ഷ്യമായി മാറുമ്പോള്‍ ജീവിത മൂല്യങ്ങള്‍ വലിയ ഭാരമായി മാറുകയാണിന്ന്. മനുഷ്യന്റെ ഇച്ഛയും മൂല്യങ്ങളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ പലപ്പോഴും ജയിക്കുന്നത് മനുഷ്യന്റെ ഇച്ഛകളായി മാറുന്നു. ഇതെല്ലാം കണ്ടും കേട്ടും വളരുന്ന ഒരു കുട്ടി കുറ്റകൃത്യങ്ങളും മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളും ചെയ്യുന്നത് അത്ഭുതമൊന്നുമല്ല. വീട്ടില്‍ അച്ഛനോട് കള്ളം പറയുന്ന അമ്മയെ കണ്ട് വളരുന്ന കുട്ടി മനസ്സിലാക്കുന്നത് കള്ളം പറയുന്നത് അത്രവലിയ തെറ്റൊന്നുമല്ല എന്നല്ലേ? അതുകൊണ്ട് തന്നെ കള്ളം പറയല്‍ അവനെ സംബന്ധിച്ചടത്തോളം തിന്മയോ തെറ്റോ ആകുന്നില്ല. ഇനി അവന്‍ സമൂഹത്തില്‍ ഇറങ്ങിയാലും അവിടെയും മുഴച്ചു നില്‍ക്കുന്നത് അധാര്‍മികതയുടെ ശക്തികളും അവരുടെ പ്രവര്‍ത്തനങ്ങളുമാണ്.

‘ആളുകള്‍ ജനിക്കുന്നത് രാജകുമാരന്‍മാരും രാജകുമാരിമാരുമായിട്ടാണ്, അവരുടെ രക്ഷിതാക്കളാണ് അവരെ തവളകളാക്കുന്നത്.’ എന്ന എറിക് ബേണിന്റെ വാക്കുകള്‍ പ്രസക്തമാണ്. ട്രാന്‍സാക്ഷനല്‍ അനാലൈസിസ് എന്ന മനശാസ്ത്ര വിശകല രീതിയുടെ പിതാവായി അറിയപ്പെടുന്ന ലോകപ്രശസ്ത മനശാസ്ത്ര വിദഗ്ദനാണ് അദ്ദേഹം. ‘എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണെന്ന’ പ്രവാചക വചനത്തിന്റെ മറ്റൊരു വായനാണ് എറിക് ബേണിന്റെ വാക്കുകള്‍. ഒരു കുട്ടിയുടെ സ്വഭാവം രൂപീകരിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും ചുറ്റുപാടിനും ഉള്ള പ്രസക്തിയാണത് വിളിച്ചോതുന്നത്. അതായത് കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണക്കാരാകുന്നത് മുതിര്‍ന്നവര്‍ തന്നെയാണ്. നല്ല സ്‌കൂള്‍ തെരെഞ്ഞെടുത്ത് അവിടെ ചേര്‍ക്കുന്നത് കൊണ്ടോ നല്ല ശിക്ഷണം ഉറപ്പാക്കുന്ന ഹോസ്റ്റലുകളില്‍ ചേര്‍ത്തതു കൊണ്ടോ തീരുന്നതല്ല മാതാപിതാക്കളുടെ ഉത്തരവാദിത്വം. ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ മക്കളെ നോക്കാനും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ക്ക് സമയം കിട്ടുന്നില്ല. രക്ഷിതാക്കളുടെ ജീവിതത്തില്‍ നിന്ന് കുട്ടികള്‍ പഠിക്കേണ്ട പാഠങ്ങളുണ്ട്. അത്തരത്തില്‍ പഠിക്കേണ്ടവയാണ് ജീവിത വിശുദ്ധിയുടെ ആദ്യപാഠങ്ങള്‍.

ഒരു കുട്ടിയുടെ പ്രഥമ വിദ്യാലയം അവന്റെ വീടാണെന്നത് ഓരോ രക്ഷിതാവിനും ഓര്‍മയുണ്ടായിരിക്കണം. അവിടത്തെ അധ്യാപകരായ മാതാപിതാക്കളുടെ ജീവിതത്തില്‍ നിന്നാണ് അവര്‍ അറിവിന്റെ ആദ്യ പാഠങ്ങള്‍ നുകരുന്നത്. അവരില്‍ വരുന്ന ഓരോ വീഴ്ച്ചയും കുട്ടികളിലും പ്രതിഫലിക്കും. അതുകൊണ്ട് വല്ല വീഴ്ച്ചയും വന്നാല്‍ കുട്ടികളുടെ കണ്‍മുന്നില്‍ വെച്ചു തന്നെ അത് തിരുത്താനും രക്ഷിതാക്കള്‍ മടിക്കരുത്. തന്റെ ഒന്നാമത്തെ വിദ്യാലയത്തില്‍ നിന്നും കുട്ടി ഒപ്പിയെടുക്കുന്ന വികല ചിത്രങ്ങള്‍ അവന്റെ സ്വഭാവത്തെയു വികലമാക്കുമെന്ന ഓര്‍മ നമ്മിലെപ്പോഴുമുണ്ടാകട്ടെ.

Related Articles