Current Date

Search
Close this search box.
Search
Close this search box.

കുടുംബങ്ങളിലാണ് നിരീക്ഷണ സമിതികള്‍ വേണ്ടത്

ഒരു ശരാശരി മലയാളിയുടെ സമയം അപഹരിക്കുന്നതില്‍ ടെലിവിഷന്‍ ചാനലുകളുടെ പങ്ക് അവഗണിക്കാനാവുന്നതല്ല. അതുകൊണ്ട് തന്നെയായിരിക്കാം ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കുന്നതിന് നിരീക്ഷണ സമിതി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമിതി രൂപീകരിക്കുന്നതെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമിതി എന്താകുമെന്നും അതുണ്ടാക്കുന്ന മാറ്റങ്ങളും പരാതി പരിഹാരവും എങ്ങനെയായിരിക്കുമെന്നതും നാം കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ചാനലുകളുടെ നിലവാര തകര്‍ച്ച എത്രത്തോളം എത്തിയിരിക്കുന്നു എന്നതിലേക്കാണിത് സൂചന നല്‍കുന്നത്.

പ്രാദേശിക ചാനലുകള്‍ക്ക് പുറമെ ഇരുപതില്‍ പരം മലയാളം ചാനലുകള്‍ ഇന്ന് നിലവിലുണ്ട്. അവയെല്ലാം സമൂഹത്തില്‍ ഏത് തരത്തിലുള്ള ഫലമാണുണ്ടാക്കുന്നതെന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. തെറ്റായ പല സംസ്‌കാരങ്ങളും രീതികളും പ്രചരിപ്പിക്കുന്നതില്‍ അവ വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. വാര്‍ത്താ ചാനലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചാനലുകള്‍ പോലും അശ്ലീലത്തിന്റെയും ഗോസിപ്പുകളുടെയും പുറകെ പോയികൊണ്ടിരിക്കുന്നതാണ് നാമിന്ന് കാണുന്നത്. പ്രേക്ഷകന്റെ മൃദുലവികാരങ്ങള്‍ ഉണര്‍ത്തുകയാണ് റേറ്റിങ് കൂട്ടാനുള്ള കുറുക്കുവഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ പരിപാടികള്‍ മുഖ്യ ഊന്നല്‍ നല്‍കുന്നതും നമ്മുടെ സംസ്‌കാരത്തിന് നിരക്കാത്ത കാര്യങ്ങള്‍ക്കാണ്. നാമറിയാതെ നമ്മുടെ സംസ്‌കാരത്തെ ടെലിവിഷന്‍ സംസ്‌കാരം അധിനിവേശം നടത്തുന്നതാണ് നാമിന്ന് കണ്ടു കൊണ്ടിരിക്കുന്നത്. മൂന്നും നാലും വയസ്സുള്ള കുട്ടികളോടു പോലും അവതാരികമാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ അശ്ലീലത കലര്‍ത്തിയിട്ടുള്ളതാണ്. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു തലമുറ എന്താണ് ശ്ലീലം എന്താണ് അശ്ലീലം എന്നും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്കായിരിക്കും വളര്‍ന്നു വരിക.

കുട്ടികളുടെ സ്വഭാവം രൂപീകരിക്കപ്പെടുന്നതില്‍ അവര്‍ കാണുന്ന ടെലിവിഷന്‍ പരിപാടികള്‍ക്ക് വലിയ സ്വാധീനമുണ്ട്. ആക്രമണങ്ങളും കൊലപാതങ്ങളും ബലാല്‍സംഗങ്ങളും നിരന്തരം കാണുന്ന കുട്ടിയില്‍ അക്രമവാസന വളരുന്നുണ്ട്. അത് പ്രകടിപ്പിക്കാനുള്ള അവസരവും സാഹചര്യവും വരുമ്പോള്‍ മാത്രമേ മറ്റുള്ളവര്‍ക്കത് തിരിച്ചറിയാനാവൂ എന്ന് മാത്രം. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഒളിച്ചോട്ടങ്ങളും ആത്മഹത്യാശ്രമങ്ങളും അതിന്റെ വ്യക്തമായ തെളിവുകളാണ്. വലിയ ഒരു നാശത്തിലേക്കായിരിക്കും അടുത്ത തലമുറയെ അതെത്തിക്കുക എന്ന തിരിച്ചറിവാണ് നമുക്കിന്ന് ആവശ്യം. സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതികളേക്കാള്‍ ഇക്കാര്യത്തില്‍ നിയന്ത്രണം പാലിക്കാനാവുക കുടുംബങ്ങള്‍ക്കാണ്. നമ്മുടെ കുടുംബാംഗങ്ങള്‍ ഏതൊക്ക പരിപാടികള്‍ കാണണം ഏതൊക്കെ കാണരുത് എന്ന് നമുക്ക് നിശ്ചയിക്കാന്‍ സാധിക്കണം. നമുക്ക് ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുന്ന പരിപാടികളായിരിക്കണം നാം തെരെഞ്ഞെടുക്കേണ്ടത്. ഒരു പരിപാടിക്ക് ദോഷങ്ങളൊന്നും ഇല്ല എന്നതാവരുത് അത് തെരെഞ്ഞെടുക്കുന്നതിലെ നമ്മുടെ മാനദണ്ഡം. ദോഷങ്ങളൊന്നും ഇല്ലെങ്കിലും നമ്മുടെ വിലപ്പെട്ട സമയത്തെയാണ് അത് അപഹരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ്, ഉപകാരപ്രദമായ മറ്റ് വല്ല കാര്യത്തിനും അത് നീക്കിവെക്കുകയാണ് നാം ചെയ്യേണ്ടത്.  കാരണം, നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും നമുക്ക് വീണ്ടെടുക്കാന്‍ പറ്റാത്ത ഒന്നാണ് സമയം. അതുകൊണ്ട് തന്നെ കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും വിശ്വാസി സംബന്ധിച്ചടത്തോളം വിലപ്പെട്ടതാണ്. അതിനെ കുറിച്ച് താന്‍ ചോദ്യം ചെയ്യപ്പെടുമെന്ന ബോധ്യത്തോടെയായിരിക്കും അവന്റെ ജീവിതം. ജനങ്ങളില്‍ അധികപേരും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങളായിട്ടാണ് ആരോഗ്യത്തെയും ഒഴിവുസമയത്തെയും നബി തിരുമേനി(സ) പരിചയപ്പെടുത്തി തന്നിട്ടുള്ളത്.

Related Articles