Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ഗൂതയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്; രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് 674 പേര്‍

ഗൂത: കിഴക്കന്‍ ഗൂതയില്‍ തുടരുന്ന രൂക്ഷമായ ബോംബാക്രമണത്തിന്റെ വ്യാപ്തി കാണിച്ചുതരുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. പഴയ ഗൂതയും ബോംബാക്രമണത്തിനു ശേഷമുള്ള ഗൂതയുടെ ചിത്രങ്ങളുമാണ് അല്‍ ജസീറ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ബോംബിങ്ങും വ്യോമാക്രമണവും മൂലം തകര്‍ന്നടിഞ്ഞ മേഖലയും ശവപ്പറമ്പു പോലെ കിടക്കുന്ന ഗൂതയുടെ ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.

സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സൈന്യം റഷ്യയുടെ സഹായത്തോടെ കഴിഞ്ഞ ഫെബ്രുവരി 18നാണ് ഗൂതയില്‍ രൂക്ഷമായ ബോംബിങ്ങ് ആരംഭിച്ചത്. തുടര്‍ച്ചയായി ദമസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും കിഴക്കന്‍ ഗൂത നഗരത്തിലേക്കും ബോംബുകളും മിസൈലുകളും വര്‍ഷിക്കുകയായിരുന്നു.

ഫെബ്രുവരി 23ന് യു.എന്‍ പുറത്തുവിട്ട ചിത്രങ്ങളും മാര്‍ച്ച് 2ന് എടുത്ത ചിത്രങ്ങളും താരതമ്യം ചെയ്താണ് അല്‍ജസീറ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. മേഖലയിലെ കെട്ടിടങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും കാര്‍ഷിക മേഖലയുമെല്ലാം വ്യാപകമായി നശിച്ചതാണ് ചിത്രങ്ങളില്‍ കാണുന്നത്. കനത്ത ബോംബാക്രമണങ്ങളാണ് കിഴക്കന്‍ ഗൂതയില്‍ നടന്നതെന്നാണ് ഈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് യു.എന്‍ ഓപറേഷണല്‍ സാറ്റലൈറ്റ് പ്രോഗ്രാമര്‍ ഐനര്‍ ജോര്‍ഗോ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഗൂതയില്‍ കൊല്ലപ്പെട്ടത് 674 പേരാണ്. വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണിത്. ലോകരാജ്യങ്ങളുടെ മുഴുവന്‍ എതിര്‍പ്പുകളും വകവെക്കാതെയാണ് ഇവിടെ അസദ് സൈന്യം ബോംബിട്ട് നിരപരാധികളെ കൊന്നൊടുക്കുന്നത്.

യു.എന്‍ പാസാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പോലും സൈന്യം പാലിക്കാന്‍ തയാറായില്ല. വിഘടനവാദികള്‍ക്കും ഭീകരര്‍ക്കുമെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുഴുവനും സാധാരണക്കാരും സ്ത്രീകളും കുട്ടികളുമാണ്. ഇവിടുത്തെ പ്രധാന നഗരങ്ങളെല്ലാം 2013 മുതല്‍ സിറിയന്‍ സര്‍ക്കാരിന്റെ ഉപരോധത്തിലാണ്. നാലു ലക്ഷം ആളുകളാണ് കിഴക്കന്‍ ഗൂതയില്‍ നരകയാതന അനുഭവിക്കുന്നത്.

 

Related Articles