Current Date

Search
Close this search box.
Search
Close this search box.

കാശ്മീര്‍; ഒരു സന്ദേഹം

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കാശീമിരു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഉം ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നല്‍കുന്ന വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. അവിടെ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി സംസ്ഥാന സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുകയാണ് പ്രത്യേക പദവിയിലൂടെ. ജവഹര്‍ലാല്‍ നെഹ്!റുവിന്റെയും മഹാരാജാ ഹരിസിംഗിന്റെയും നിര്‍ദേശപ്രകാരം 1947-ല്‍ ഷെയ്ക് അബ്ദുല്ലയാണ് ആര്‍ട്ടിക്കിള്‍ 370ന്റെ കരടുരൂപം തയ്യാറാക്കിയത്. ഷെയ്ക് അബ്ദുല്ലയുമായി ഒ.വി. വിജയന്‍ നടത്തിയ അഭിമുഖത്തെ കുറിച്ച് ‘സന്ദേഹിയുടെ സംവാദം’ എന്ന പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. നിലവിലെ വിവാദ പശ്ചാത്തലത്തില്‍ ആ ലേഖനത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. ലേഖനത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗം മാത്രമാണ് ചുവടെ ചേര്‍ക്കുന്നത്.

‘ഒരു ഹിന്ദു രാജാവിനെതിരെ എനിക്ക് എന്റെ മുസ്‌ലിം ജനതയെ നിഷ്പ്രയ്‌സം മതത്തിന്റ പേരില്‍ സംഘടിപ്പിയ്ക്കാമായിരുന്നു.’ അദ്ദേഹം (ഷെയ്ക് അബ്ദുല്ല) പറഞ്ഞു, ‘ഞാനതുചെയ്തില്ല.’

മതാധിഷ്ഠിതമായ പ്രശ്‌നപരിഹാരത്തിന് വഴങ്ങിയത്, അവസാനം ജവഹര്‍ലാല്‍ നെഹ്‌റുവും നാമൊക്കെയാണെന്ന വിനീതബോധം എനിക്കുണ്ടായി. ഷെയ്ഖ് അബ്ദുള്ളയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും എന്താണാഗ്രഹിച്ചത്? ആചോദ്യം ഈ മൂന്നുപതിറ്റാണ്ടുകളില്‍ ഒരിക്കല്‍പോലും ചോദിയ്ക്കാന്‍ നാം ധൈര്യപ്പെട്ടിട്ടില്ല. അന്നെന്നോട് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു: ‘സ്വതന്ത്രവും മതേതരവുമായ ഒരു സോഷ്യലിസ്റ്റ് കാശ്മീര്‍ – അതായിരുന്നു ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കാതല്‍.’ പിന്നെ എന്തോ ഓര്‍ത്തുകൊണ്ട് പറഞ്ഞു: ‘സംഭവങ്ങള്‍ എല്ലാവരേയും കടത്തിവെട്ടിയല്ലോ.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ കാതല്‍ ഇതുതന്നെയായിരുന്നു. സ്വതന്ത്രങ്ങളായ ഭാരതീയജനവിഭാഗങ്ങളുടെ സ്വതന്ത്രമായ സംയോജനം. ഇന്ത്യന്‍ യൂനിയന്‍ ന്യൂദില്ലിയിലെ കാര്യാലയങ്ങളില്‍നിന്ന് ഏതാനും ബ്യൂറോക്രാറ്റുകളുടെയും പോലീസ്‌മേധാവികളുടേയുമായ ഒരു ഗൂഡസംഘം ഭരിച്ചുപോരുന്ന ഒരാധുനിക കൊളോണിയല്‍ സംവിധാനമല്ല.

അപ്പോള്‍ ആര്‍ക്കാണ് തെറ്റ്പറ്റിയത്? നമുക്കെല്ലാവര്‍ക്കും. ശരിയുടെ ഒരു വെള്ളിവരപോലുമില്ലാത്ത തെറ്റുകളുടെ ഇരുട്ട്.

ഷെയ്ഖ് സാഹിബിന്റെ നേതൃത്വത്തില്‍ കാശ്മീരിജനത അവിടത്തെ മഹാരാജാവിനെതിരെ നടത്തിയ ഐതിഹാസികമായ സമരം എന്റെ വായനക്കാരന്‍ സ്മരിക്കുക. ഇടക്കാല സര്‍ക്കാരിന്റെ കാലം ഷെയ്ഖിന്റെ സഹായത്തിനെത്തിയ പണ്ഡിറ്റ്ജിയുടെമേല്‍ രാജാവിന്റെ പോലീസിന്റെ ബയണറ്റ് കൊണ്ടതും ചോര ചിന്തിയതും നാം മറന്നുവോ? ആ ചോരയുടെ അനശ്വരമായ സഖ്യപ്രഖ്യാപനം നാം മറന്നുവോ?

കാശ്മീരിലെ ജനതക്കുവേണ്ടിയാണ്, ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭ്യന്തരവകുപ്പിനുവേണ്ടിയല്ല പണ്ഡിറ്റ്ജി ആ ചോര ചിന്തിയത്. കാശ്മീരിലെ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനുവേണ്ടി. കാരണം, എങ്ങനെ ഭരിക്കപ്പെടണമെന്ന് നിശ്ചയിക്കേണ്ടത്, അവസാനവാക്ക് പറയേണ്ടത് ജനതയാണ്. ഭാരതം ഒരു രാഷ്ട്രമാണെന്ന് നിശ്ചയിക്കേണ്ടത് ഭാരതീയജനതയാണ്. അശോകചക്രവര്‍ത്തിയുടേയും മുഗളന്റേയും ഈസ്റ്റ്ഇന്ത്യാ കമ്പനിയുടേയും സാമ്രാജ്യസ്ഥാപനങ്ങളുടെ പുഴുക്കുത്തിയ ആധാരക്കെട്ടുകളല്ല.

കാശ്മീരിനെ പിടിച്ചുപറ്റാന്‍ പാക്കിസ്ഥാന്‍ അക്രമികളെ അയച്ചപ്പോള്‍ അതിനെ ചേറുക്കാനുള്ള സാങ്കേതിക പരിസരം സൃഷ്ടിക്കാന്‍വേണ്ടിമാത്രമായിരുന്നു ഇന്ത്യ കാശ്മീരിന്റെ സംയോജനം സ്വീകരിച്ചത്. ശ്രീനഗറില്‍ ചേര്‍ന്ന ഒരു മഹായോഗത്തില്‍ പണ്ഡിജ് വ്യക്തമാക്കി, ഒരു ഹിത പരിശോധനയിലൂടെ കാശ്മീരി ജനത അതിനെ ശരിവെക്കുമ്പോള്‍ മാത്രമേ സംയോജനം ശാശ്വതമാവൂ എന്ന്.
ഇതാണ് കാശ്മീര്‍പ്രശ്‌നത്തിന്റെ ചരിത്രത്തിലെ  ആദ്യ ദലം. അതൊന്ന് വീണ്ടും വായിച്ചുനോക്കാനുള്ള വിനയം നമുക്കുണ്ടാവണം” (സന്ദേഹിയുടെ സംവാദം,  പേജ് 165-66)

Related Articles