Current Date

Search
Close this search box.
Search
Close this search box.

കാവിഭീകരത കെട്ടുകഥയല്ല

pragya-sing-takur.jpg

2008മാലേഗാവ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് സാധ്‌വി പ്രഗ്യാ സിംഗ് താക്കൂറിന് മേല്‍ ചുമത്തിയിരുന്ന എല്ലാ ഭീകരവാദ കേസുകളും പിന്‍വലിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അടുത്തിടെ തീരുമാനിച്ചിരുന്നു. സിംഗിനെതിരെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്ന തെളിവുകള്‍ പുനഃപരിശോധിക്കാനുള്ള എന്‍.ഐ.എ-യുടെ തീരുമാനം നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ മുന്‍കൂട്ടി തന്നെ പ്രതീക്ഷിച്ചതായിരുന്നു.

68 പേര്‍ കൊല്ലപ്പെട്ട സംജോഝ എക്‌സ്പ്രസ്സ് സ്‌ഫോടനം അടക്കമുള്ള, മുസ്‌ലിംകളെ ലക്ഷ്യം വെച്ച് നടത്തിയ ഭീകരാക്രമണങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍മി ഓഫീസര്‍ ശ്രീകാന്ത് പുരോഹിത്, ആര്‍.എസ്.എസ് അംഗം സ്വാമി അസീമാനന്ദ എന്നീ പ്രമുഖ വ്യക്തികള്‍ക്കെതിരെയുള്ള ഗൗരവത്തോടെ കാണേണ്ട കുറ്റങ്ങളിലും എന്‍.ഐ.എ വെള്ളം ചേര്‍ത്തു കഴിഞ്ഞു. പ്രഗ്യാ സിംഗിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം, കാവി ഭീകര കേവലം ഒരു കെട്ടുകഥയാണെന്ന് വരുത്തിതീര്‍ക്കാനുള്ള അവസരമാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് ന്ല്‍കിയിരിക്കുന്നത്.

ഭീകരവാദത്തിനോട് കോണ്‍ഗ്രസ്സ് മൃദുസമീപനം സ്വീകരിക്കുന്നു എന്നത് സംഘ് പരിവാറിന്റെ നിരന്തര ആരോപണങ്ങളില്‍ ഒന്നാണ്. ഭീകരവാദം എന്ന പദം സംഘ് പരിവാര്‍ ഉപയോഗിക്കുമ്പോള്‍ ഇസ്‌ലാമിക ഭീകരവാദം എന്നാണ് യഥാര്‍ത്ഥത്തില്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍, അങ്ങനെയൊന്ന് നിലനില്‍ക്കുന്നുണ്ടെന്ന് പോലും ആര്‍.എസ്.എസ്സും ബി.ജെ.പിയും അംഗീകരിക്കില്ല.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ ഭീകരസംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ 2010-ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ‘കാവി ഭീകരത’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി, കാശ്മീരിലെ ഭീകരതയുടെ നിറം കൂടി വ്യക്തമാക്കണമെന്ന് പി. ചിദംബരത്തോട് ആവശ്യപ്പെടുകയുണ്ടായി.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍, സംഘ് പരിവാറുമായി ശക്തമായ ബന്ധമുള്ള 10 ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2013-ല്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. അന്നേരം, തന്റെ സംഘടനയെ ഒരു ഭീകരവാദ സംഘടനയായി മുദ്രകുത്താന്‍ കോണ്‍ഗ്രസ്സ് ഗൂഢാലോചന നടത്തുകയാണ് എന്ന് ആര്‍.എസ്.എസ് ചീഫ് മോഹന്‍ ഭഗവത് ആരോപിച്ചു. ഹിന്ദുത്വ സഹചാരി ശ്രീ ശ്രീ രവി ശങ്കറും കാവി ഭീകരത എന്ന പ്രയോഗത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഹിന്ദുയിസമാണ് ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതമെന്ന് ആര്‍.എസ്.എസ് നിരന്തരം പറയുന്ന ഒരു കാര്യമാണ്. അതുകൊണ്ടു തന്നെ കാവിയും ഭീകരതയും രണ്ട് വിപരീത പദങ്ങളാണെന്നും, അവയെ ഒരു കൂട്ടില്‍ കെട്ടാന്‍ പറ്റില്ലെന്നുമാണ് അവര്‍ വാദിക്കുന്നത്. പാല്‍ കറുപ്പ് നിറമാണെന്ന് പറയുന്നത് പോലെയാണ് കാവി ഭീകരത എന്ന പദമെന്ന് മുന്‍ ബി.ജെ.പി സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യ സമര്‍ത്ഥിച്ചിരുന്നു. മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് കണ്ടുപിടിച്ച പദമാണ് കാവി ഭീകരതയെന്ന് കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചിരുന്നു. ഒരു സംഘട്ടനത്തില്‍ വിജയം വരിക്കാനുള്ള തന്ത്രമെന്ന നിലയില്‍ ഭീകരതയെ കൈയ്യിലേന്താന്‍ കഴിവില്ലാത്തവരാണോ ഹിന്ദുക്കള്‍?

ലോകം കണ്ട അപകടകാരികളായ ഭീകരവാദികളില്‍പെട്ടവരാണ് ശ്രീലങ്കയിലെ തമിഴ് പുലികള്‍. അവര്‍ ഹിന്ദുക്കളായിരുന്നു. അല്‍ഖാഇദയുടെ അന്ത്രാക്‌സ് ആക്രമണം നടക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഹിന്ദു ആള്‍ദൈവമായ രജനീഷിന്റെ അനുയായികള്‍ നടത്തിയ ബയോ-ടെററിസത്തിന് അമേരിക്ക ഇരയായിരുന്നു. അതിനാല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹിന്ദുക്കള്‍ അശക്തരാണ് എന്ന വാദം നിലനില്‍ക്കാന്‍ യോഗ്യതയില്ലാത്തതാണ്.

തീര്‍ച്ചയായും, മറ്റെല്ലാ മതങ്ങളെയും പോലെ തന്നെ ഹിന്ദു മതവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ, ഒരു മതം അത് മാത്രമാണ് ശരിയെന്ന് പറയുകയും, ഇരയെ വേട്ടയാടി കടിച്ച് കീറുന്ന ഹൃംസജന്തുവിന്റെ സ്വഭാവം പുറത്തെടുക്കുകയും ചെയ്താല്‍, അതോടെ ആ മതത്തിന്റെ ക്രൂരമുഖം പുറത്തുവരും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അക്രമത്തെയും, യുദ്ധത്തെയും ന്യായീകരിക്കാന്‍ ലോകത്തിലെ ഓരോ മതവും ദുര്‍വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മോഡീ ഭരണകൂടത്തിന്റെ രക്ഷാധികാരത്തില്‍ ഹിന്ദുയിസത്തെ അത്തരമൊരു അവസ്ഥയിലേക്കാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ എത്തിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യലബ്ദിക്ക് തൊട്ടുടനെ തന്നെ, മുസ്‌ലിംകളോട് മൃദുസമീപനം വെച്ചുപുലര്‍ത്തുന്നതിന്റെ പേരില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ആര്‍.എസ്.എസ് കഠിനമായി ശാസിച്ചിരുന്നു. ഇതാണ് പിന്നീട് ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ഒരു ഹിന്ദുവും, മുന്‍ ആര്‍.എസ്.എസ് അംഗവുമായിരുന്നു.

സ്വതന്ത്രാനന്തര വര്‍ഷങ്ങളില്‍, കുറച്ച് ദശാബ്ദങ്ങളോളം ഹിന്ദുത്വ ശക്തികളെ കോണ്‍ഗ്രസ്സ് നിലക്ക് നിര്‍ത്തിയിരുന്നു. പക്ഷെ, കോണ്‍ഗ്രസ്സിന്റെ പതനത്തോടെ, പ്രത്യേകിച്ച് അയോധ്യാനന്തര നാളുകളില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കുണ്ടായ വളര്‍ച്ച, കാവി ഭീകരത എന്ന ഭീഷണിയെ തിരികെ കൊണ്ടുവന്നു.

1999-ല്‍ ഒഡീഷയിലെ ഒരു ഉള്‍ഗ്രാമത്തില്‍ വെച്ച് ആസ്‌ത്രേലിയക്കാരനായ ക്രിസ്ത്യന്‍ മിഷിനറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞോമനകളെയും ജീവനോടെ കത്തിച്ച് കൊന്നതില്‍ നിന്നും അത് വളരെ വ്യക്തമാണ്. ഹിന്ദു മതത്തിന്റെ സംരക്ഷണാര്‍ത്ഥമാണത്രെ ധാരാ സിംഗ് എന്ന കൊടിയ അക്രമി ആ നീചകൃത്യം ചെയ്തത്. വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ ബജ്‌റംഗ് ദളിന്റെ പ്രവര്‍ത്തകനായിരുന്നു ധാരാ സിംഗ്.

യുക്തിവാദികളായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ ഹിന്ദുത്വ സംഘങ്ങള്‍ക്ക് നേര്‍ക്ക് സംശയത്തിന്റെ ചൂണ്ടുവിരലുകള്‍ ഉയരാന്‍ കാരണമായിരുന്നു. ഹൈന്ദവ വികാരങ്ങളെ വൃണപ്പെടുത്തി എന്നതിന്റെ പേരില്‍ ഹിന്ദുത്വര്‍ അവരെ നിരന്തരം വേട്ടയാടിയിരുന്നു.

‘കാരവന്‍’ മാഗസിന് നല്‍കിയ ഒരു ടേപ്പ്ഡ് അഭിമുഖത്തില്‍, 2006-നും 2008-നും ഇടയില്‍ അരങ്ങേറിയ സ്‌ഫോടന പരമ്പകള്‍ക്ക് അനുമതി നല്‍കിയത് ആര്‍.എസ്.എസ് ആണെന്ന് സ്വാമി അസീമാനന്ദ പറഞ്ഞിരുന്നു. ഇത് പിന്നീട് അദ്ദേഹം നിഷേധിക്കുകയും ചെയ്തിരുന്നു.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് ഹിന്ദുത്വ സംഘങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശില്‍, വാളും തോക്കും കൈയ്യിലേന്തിയ 15,000-ത്തോളം ഹിന്ദുയുവാക്കള്‍ അടങ്ങുന്ന ‘ധര്‍മ്മ സേന’ക്ക് രൂപം നല്‍കിയിട്ടുള്ളത്. അനേകം പരിശീലന ക്യാമ്പുകളും ഉയര്‍ന്ന് വന്നു കഴിഞ്ഞു. പ്രത്യേകിച്ച് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍. ഹിന്ദു സര്‍വ്വാധിപത്യത്തെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവാക്കള്‍ക്ക് സൈനിക രീതിയിലുള്ള പോരാട്ട മുറകളാണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത്. ഇത്തരം ക്യാമ്പുകളില്‍ ഹിന്ദു സ്ത്രീകള്‍ക്കും പരിശീലനം നല്‍കുന്നുണ്ടെന്ന് നിഷ പഹൂജയുടെ ‘The World Before Her ‘ എന്ന ഡോക്യൂമെന്ററിയില്‍ നാം കാണുകയുണ്ടായി.

ഇന്ത്യക്കെതിരെ മുന്‍തൂക്കം നേടുന്നതിന് ഇസ്‌ലാമിക ഭീകരവാദ സംഘങ്ങളെ വളര്‍ത്തികൊണ്ടു വന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ നടപടി അവസാനം അവര്‍ക്ക് തന്നെ കനത്ത തിരിച്ചടി ഏല്‍പ്പിച്ചിരുന്നു. ഇതേ അബദ്ധം തന്നെയാണ് ഹിന്ദു ഭീകരരെ സംരക്ഷിക്കുന്നതിലൂടെ മോഡി സര്‍ക്കാറും കാണിക്കുന്നത്. ഇന്ത്യയുടെ സമാധാനത്തിനും സുരക്ഷക്കും ഇവര്‍ വലിയ ഭീഷണിയായി തീരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles