Current Date

Search
Close this search box.
Search
Close this search box.

കാളപ്പോരും സ്ത്രീ പീഡനവും

bull.jpg

സ്‌പെയിന്‍ പോലുള്ള ചില രാജ്യക്കാരുടെ ഇഷ്ട വിനോദമാണ് കാളപ്പോര്. ശക്തനായ കാളയെ പ്രകോപിപ്പിച്ചു അതിനെ നേരിട്ട് രസിക്കുന്ന മൃഗീയ വിനോദം. പല തരത്തില്‍ ഉള്ള കാളപ്പോരുകള്‍ നടക്കുന്നു. മുഖ്യമായി നടക്കുന്നത് മല്‍സരത്തിനായുള്ള മൈതാനങ്ങളില്‍ കാളയോടൊത്ത് കളിക്കാന്‍ പ്രാവീണ്യം നേടിയവര്‍ മൃഗത്തെ പ്രകോപിക്കുന്ന കാര്യങ്ങള്‍ കാണിച്ചു അതിനെ എതിരിട്ടു കീഴടക്കുന്നത് ജനം കണ്ടുരസിക്കുന്നതാണ്. കാളയുടെ ആക്രമണത്തില്‍ ഒരുപാട് മനുഷ്യ  ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതിനു തുനിഞെത്തുന്നവര്ക്ക്  പണവും പ്രശസ്തിയും ആണ് ആവശ്യം എന്നത് കൊണ്ട് അവരുടെ ജീവന്‍ അത്ര വലിയതായി ആരും ഗൗനിക്കാറില്ല. രണ്ടാമതൊരുതരത്തിലുള്ള കാളപ്പോരു അതൊരു പൊതു ഉത്സവമായി ആഘോഷിക്കുന്നതാണ്. തെരുവില്‍ തുറന്നു വിടുന്ന കാളയെ ജനക്കൂട്ടത്തില്‍ നിന്ന് ആരെങ്കിലും പ്രകോപനപരമായ വസ്ത്രങ്ങള്‍ കൊണ്ട് കലി പിടിപ്പിക്കുന്നു. കലി കയറിയ കാള ആക്രമോത്സുകനായി ജനക്കൂട്ടത്തിലേക്ക് കുതിച്ചു കണ്ണില്‍ കണ്ടവരെയൊക്കെ ആക്രമിക്കുന്നു. പലപ്പോഴും കാളയുടെ കുത്തേല്‍ക്കുന്നത് പ്രകോപനം നടത്തിയവര്‍ ആയിരിക്കില്ല. പ്രകോപനം നടത്തിയവര്‍ വിദഗ്ദ്ധമായി രക്ഷപ്പെടാന്‍ കഴിവുള്ളവര്‍ ആയിരിക്കും. മത്തുപിടിച്ച് ഓടുന്ന കാള തന്റെ മുമ്പില്‍ കാണുന്ന ആദ്യത്തെ ഇരയെ, പ്രായമോ വേഷമോ ഒന്നും നോക്കാതെ കുത്തി തെറിപ്പിക്കുന്നു.

കാളപ്പോരും സ്ത്രീ പീഡനവും തമ്മില്‍ ബന്ധമുണ്ടോ? ഒന്നാമത് പറഞ്ഞ കാളപ്പോര് പണത്തിനു വേണ്ടി പുരുഷനെ പ്രലോഭിപ്പിച്ചു വേശ്യവൃത്തി നടത്തുന്നതുമായി നമുക്ക് താരതമ്യം ചെയ്യാം. ആക്രമണം കാരണമോ അല്ലെങ്കില്‍ എന്തെങ്കിലും ലൈംഗിക രോഗം മൂലമോ അവര്‍ മരിച്ചാലും സമൂഹത്തില്‍ വലിയ പരാതിയൊന്നും കാണാറില്ല. കാരണം പണമുണ്ടാക്കാനും അതിലൂടെ സമ്പന്ന ജീവിതം നയിക്കാനും അവര്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണതെന്നാണ് പൊതുവിലുള്ള ധാരണ. രണ്ടാമത് പറഞ്ഞ കാളപ്പോരിന് നമ്മുടെ സമൂഹത്തില്‍, പ്രത്യകിച്ചു അവികസിത സമൂഹങ്ങളില്‍ ഇന്ന് വര്‍ധിച്ചു വരുന്ന നിരപരാധികളായ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതുമായി സാമ്യമുള്ളതാണ്. ആള്‍ക്കൂട്ടത്തിലെ പുരുഷന്‍ പ്രകോപിതനായി മൃഗമായി മാറുന്നത് ഇന്ന് നടക്കുന്ന പല സ്ത്രീ പീഡനങ്ങള്‍ക്കും കാരണമാകുന്നില്ലേ?

ജീവജാലങ്ങളില്‍ വംശം നിലനിര്‍ത്താന്‍ ഉതകുന്ന സംവിധാനങ്ങള്‍ സ്രഷ്ടാവ് അവയില്‍ തന്നെ രൂപപ്പെടുത്തിയിരിക്കുന്നു. മനുഷ്യകുലത്തിന്റെ നിലനില്‍പിനു സന്താനോല്‍പാദനം ആവശ്യമായതിനാല്‍ അതിനു ഒഴിച്ചു കൂടാനാകാത്ത സ്ത്രീ പുരുഷ സംഗമത്തിന് പ്രേരിപ്പിക്കുന്ന വികാരത്തോടെയാണ് അവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. താന്‍ ഏറ്റവും മനോഹരിയായി പ്രദര്‍ശിപ്പിക്കപ്പെടാന്‍ സത്രീ ഇഷ്ടപ്പെടുന്നതും സത്രീ സൗന്ദര്യം കണ്ടു പുരുഷന്‍ അതില്‍ മയങ്ങിപ്പോകുന്നതും ആ പ്രകൃതി നിയമം കൊണ്ടാണ്. ഈ പരസ്പരാകര്‍ഷണം ആവശ്യമാണെങ്കിലും  പരിധി വിടുമ്പോള്‍ അത് സമൂഹത്തിനു ദോഷമായി മാറുന്നു.

ഇന്ന് സ്ത്രീ ശരീരം കച്ചവട ചരക്കാക്കിയത് മൂലം സ്ത്രീയുടെ ഭാഗത്ത് നിന്ന് പരിധിയില്‍ കവിഞ്ഞു ലൈംഗികതയിലെക്കുള്ള പ്രലോഭനങ്ങള്‍ വരുന്നു. ആധുനിക വാര്‍ത്താ സംവിധാനങ്ങള്‍, പ്രത്യേകിച്ചും ഇന്റലര്‍നറ്റും മൊബൈല്‍ ഫോണും ഇതിനു ആക്കം കൂട്ടുന്നു. സാമ്പത്തിക സുരക്ഷിതത്വം നേടിയ രാജ്യങ്ങളില്‍ സാമൂഹ്യ സുരക്ഷിതത്വവും  കൂടുതാലായിരിക്കും എന്നതിനാല്‍ അവിടെ സ്വാതന്ത്ര്യത്തിന്റെ പേരിലോ പണത്തിനു വേണ്ടിയോ പ്രശസ്തിക്കു വേണ്ടിയോ സ്ത്രീവസ്ത്ര ധാരണം കൊണ്ട് പുരുഷനെ പ്രലോഭിക്കപ്പെടുന്നു എങ്കിലും അത് വലിയ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. ലൈംഗിക ആക്രമണ സ്വഭാവമുള്ള പുരുഷന്മാര്‍ അത്തരം വികസിത രാജ്യങ്ങളിലും ഉണ്ട് എങ്കിലും അവിടത്തെ കുറ്റമറ്റ സാമൂഹിക സുരക്ഷിതത്ത്വ സംവിധാനങ്ങളും പ്രലോഭിതരായവര്‍ക്ക്  അതിനു വേണ്ട മറ്റു ‘ബദല്‍’ സംവിധാനങ്ങളും കൂടുതല്‍ ഉള്ളതിനാല്‍ നിരപരാധികള്‍ ആക്രമിക്കപ്പെടല്‍ കുറവായിരിക്കും. അമിത ലൈംഗിക ആക്രമണ സ്വഭാവമുള്ളവരെ പൊതുസമൂഹത്തില്‍ നിന്നും അകലം പാലിച്ചു താമസിപ്പിക്കാന്‍ വരെ അത്തരം രാജ്യങ്ങളില്‍സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.
പക്ഷെ, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ കുറവായ പിന്നോക്ക രാജ്യങ്ങളില്‍ ഇത്തരം പ്രലോഭനങ്ങള്‍ സ്ത്രീ സമൂഹത്തിനു ഹാനികരമായി മാറിയേക്കാം. സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ സംവിധാങ്ങള്‍ക്ക് പകരം അവിടങ്ങളില്‍ ഉണ്ടായിരുന്ന ധര്‍മ്മ ചിന്തകളുടെ പ്രതിരോധ മതില്‍ കെട്ടുകളില്‍ ഇന്ന്  ‘നവയുഗ ലിബറല്‍’ വാദികളുടെ ആക്രമണങ്ങളാല്‍  വിള്ളലുകള്‍ വീഴുമ്പോള്‍ ആ വിടവിലൂടെ പ്രലോഭനങ്ങള്‍ ഇന്ന് അത്തരം സമൂഹങ്ങിലും എളുപ്പം എത്തുന്നു. ആധുനിക വിവരകൈമാറ്റ സംവിധാങ്ങള്‍ വഴി ലോകത്ത് എവിടെ നടക്കുന്ന അത്തരം പ്രലോഭനങ്ങളും വളരെ പെട്ടെന്ന് അത് ആവശ്യമുള്ളവന് മുമ്പില്‍ എത്തിക്കുന്നു.  ലൈംഗിക ആക്രമണ സ്വഭാവമുള്ളവരില്‍ ഈ പ്രലോഭനം അവരിലെ കാമത്തെ ഉണര്‍ത്തുന്നു. സ്വബോധത്തെ ഉറക്കികിടത്തുന്ന ലഹരികള്‍ കൂടിയാകുമ്പോള്‍ അവരിലെ കാമം ഒരു മൃഗമായി രൂപാന്തരപ്പെടുന്നു.അതിനെ തടയാന്‍ കാര്യക്ഷമമായ സംവിധാനങ്ങളോ അവരിലെ വികാരം ശമിപ്പിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളോ മാര്‍ഗ്ഗങ്ങള്‍ നേടാനുള്ള സാമ്പത്തിക ശേഷിയോ കുറവായതിനാല്‍ പ്രകോപിതനായ മൃഗം തനിക്ക് കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ആദ്യത്തെ ഇരയെ ആക്രമിക്കുന്നു. മൃഗത്തിന് സ്വന്തം മകളോ, പ്രായമോ, നിരപരാധിത്വമോ അതിന് പ്രശ്‌നമാവില്ലല്ലോ.

എല്ലാ രാജ്യങ്ങളും സാമൂഹ്യ സുരക്ഷാ സംവിധാങ്ങള്‍ വര്ധിഴപ്പിച്ചു സ്ത്രീയെ സംരക്ഷിക്കുക എന്നത് എളുപ്പമുള്ളതല്ല. കാരണം ദരിദ്ര രാജ്യങ്ങള്‍ക്ക് അതിനുള്ള ഭൗതിക വിഭവങ്ങള്‍ കുറവായിരിക്കും എന്നത് തന്നെ. പിന്നെ പ്രലോഭിതരാവുന്നവര്‍ക്ക്  ‘ചുവന്ന തെരുവ്’ പോലെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പെടുത്തുക എന്നതും സ്ത്രീയെ അപമാനിക്കലായിരിക്കും. സ്ത്രീ സൗന്ദര്യ പ്രദര്‍ശനം തുടരണം പക്ഷെ പരിധി വിടരുത്. അഥവാ കാണാന്‍ അര്‍ഹതപ്പെട്ടവരുടെ മുമ്പില്‍ മാത്രം നടത്തുക. തെരുവില്‍ ഉള്ളവരൊക്കെ ചേതമില്ലാതെ തന്റെ ശരീരം ആസ്വദിക്കുന്ന രീതിയിലേക്ക് സ്ത്രീ   സ്വാതന്ത്ര്യം ആഘോഷിക്കുന്നത് അവസാനിപ്പിക്കുക. സൗന്ദര്യം സമ്പത്താണെങ്കില്‍, അത് തന്നെ എന്നെന്നും വിലമതിക്കുന്ന, തനിക്ക് വേണ്ടി ജീവിക്കുന്ന ആള്‍ക്ക് വേണ്ടി കാത്തു സംരക്ഷിക്കുകയാണ് വേണ്ടത്. അതിലൂടെ പ്രലോഭനങ്ങളും അത് മൂലം ഒറ്റപ്പെട്ടു പോയ അബലയായ ഒരു സഹോദരി ആക്രമിക്കപ്പെടുന്നതും തടയാന്‍ ആവുമെങ്കില്‍ അതല്ലേ ഉത്തമം.

Related Articles