Current Date

Search
Close this search box.
Search
Close this search box.

കാന്‍സര്‍; നമ്മളും അകലെയല്ല

കാന്‍സര്‍ എന്ന മാരക രോഗത്തെ കുറിച്ച ഓര്‍മപ്പെടുത്തലുമായി ഫെബ്രുവരി 4-ന് കാന്‍സര്‍ ദിനം ആചരിക്കുകയാണ് ലോകം. ‘നമ്മളും അകലെയല്ല’ എന്ന ഈ വര്‍ഷത്തെ കാന്‍സര്‍ ദിന സന്ദേശവും ആ മാരക രോഗത്തിന്റെ മുഖ്യകാരണം ഭക്ഷണമാണെന്ന കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. നാരായണന്‍കുട്ടി വാര്യരുടെ അഭിപ്രായവും നാം ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. നേരത്തെ 50 ശതമാനം കാന്‍സറിനും കാരണം പുകയില ഉല്‍പന്നങ്ങളായിരുന്നുവെങ്കില്‍ ഇന്ന് ആ സ്ഥാനം ഭക്ഷണം ഏറ്റെടുത്തിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുതിയ പഠനങ്ങള്‍ പ്രകാരം 50 ശതമാനം ഭക്ഷണവും 30 ശതമാനം പുകയിലയും 10 ശതമാനം അന്തരീക്ഷവും 10-ല്‍ താഴെ പാരമ്പര്യവുമാണ് അതിന് കാരണം. ഫാസ്റ്റ്ഫുഡ് സംസ്‌കാരം തന്നെയാണ് ഇതില്‍ ഏറ്റവും വലിയ വില്ലന്‍. കേരളത്തില്‍, പ്രത്യേകിച്ചും മലബാറിലെ ഗ്രാമപ്രദേശങ്ങളില്‍ പോലും ഉയര്‍ന്നു വന്നിരിക്കുന്ന ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളും തട്ടുകടകളും നാം എത്രത്തോളം അവക്ക് അടിപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചകങ്ങളാണ്. അപ്രകാരം മാരകമായ വിഷങ്ങള്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും കാന്‍സറിന് വഴിതുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്.

നാം നമ്മുടെ ആഹാര സംസ്‌കാരത്തിന് ഒരു മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന സൂചനകളാണിത് നല്‍കുന്നത്. ശുദ്ധ വസ്തുക്കളെ അനുവദിക്കുകയും അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്തിരിക്കുന്നുവെന്ന ഖുര്‍ആനിക പരാമര്‍ശത്തെ കുറിച്ച് കൂടുതല്‍ ആലോചനകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ശുദ്ധ വസ്തുക്കളെ കുറിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച ‘ത്വയ്യിബാത്’ന്റെ പരിധിയില്‍ ഏതൊക്കെ വരുമെന്ന ആലോചനയും നല്ലതാണ്. ഉപദ്രവങ്ങളില്‍ നിന്നും മ്ലേഛതകളില്‍ നിന്നും മുക്തമായത് എന്ന അര്‍ത്ഥത്തെ കൂടി വഹിക്കുന്ന പദമാണ് ‘ത്വയ്യിബ്’. ഈയൊരര്‍ത്ഥത്തില്‍ ഇന്ന് നാം ആഹരിക്കുന്ന വസ്തുക്കളില്‍ ഉപദ്രവകാരികളല്ലെന്ന് എത്രയെണ്ണത്തിനെ കുറിച്ച് നമുക്ക് ധൈര്യത്തോടെ പറയാന്‍ സാധിക്കും?

പുകയില ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്നതും പ്രചരിപ്പിക്കുന്നതുമാണ്. പലതരം നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം പുകയില ഉപയോഗം പോലെ തന്നെ അപകടകരമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടിനോടും രണ്ട് വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുന്നതും ശരിയല്ല. ‘നമ്മളും അകലെയല്ല’ എന്ന കാന്‍സര്‍ ദിന സന്ദേശം അതാണ് നമ്മോട് വിളിച്ചു പറയുന്നത്.

Related Articles