Current Date

Search
Close this search box.
Search
Close this search box.

കാഞ്ഞിരം നട്ടു നാം നീതിയുടെ മധുരം നുകരുക!

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് മൂന്ന് വര്‍ഷത്തിലധികമായി കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതി വീണ്ടും ജാമ്യം നിഷേധിച്ചിരിക്കുന്നു. നീതിയും! ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്ന് കാട്ടി മഅ്ദനി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളിയ സുപ്രീം കോടതി സര്‍ക്കാര്‍ ചെലവില്‍ ചികിത്സ നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നു. മുമ്പും കോടതി മഅ്ദനിക്ക് ചികിത്സ നല്‍കാന്‍ ഉത്തരവിട്ടിരുന്നെങ്കിലും പേരിനു മാത്രം ചികിത്സ നല്‍കി കോടതിയെ പോലും കബളിപ്പിക്കുന്ന നിലപാടാണ് ജയില്‍ അധികൃതര്‍ സ്വീകരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ മഅ്ദനിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട അവസ്ഥയിലാണുള്ളത്. എത്രയും വേഗം ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മറ്റേ കണ്ണിന്റെ കാഴ്ച്ചയും നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം പ്രമേയം നിയന്ത്രണാതീതമായതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയും അങ്ങേയറ്റം മോശമായിരിക്കുകയാണ്. എന്നിട്ടും ഭീകരവാദിയും കൊടുംകുറ്റവാളിയുമായി ചിത്രീകരിച്ച് ഭരണകൂടങ്ങള്‍ മഅ്ദനിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്താനുള്ള കൂട്ടായ ശ്രമത്തിലാണ്. അങ്ങേയറ്റം ബാലിശമായ തെളിവുകള്‍ നിരത്തി നിരപരാധിയായ ഒരു മനുഷ്യനെ വര്‍ഷങ്ങളായി ജാമ്യം പോലും നിഷേധിച്ച് ഭരണകൂട ഭീകരതക്ക് എറിഞ്ഞു കൊടുക്കുമ്പോള്‍ മഅ്ദനിക്ക് മാത്രമല്ല സുപ്രീം കോടതിയുടെ കാഴ്ച്ചയും ഏതാണ്ട് നഷ്ടമായിരിക്കുന്നു എന്നുവേണം നമ്മള്‍ മനസ്സിലാക്കാന്‍.
ഇവിടെ മഅ്ദനി നീതി നിഷേധത്തിന്റെ ഒരു പ്രതീകം മാത്രമാണ്. മഅ്ദനിയെ പോലെ തന്നെ നിരവധി പേര്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കണ്ണുമൂടിക്കെട്ടിയ നീതിദേവതയുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായി ജയിലില്‍ കഴിയുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരുമാണ്. സാക്ഷര പ്രബുദ്ധ കേരളത്തില്‍ നിന്നു തന്നെ നിരവധി മുസ്‌ലിം ചെറുപ്പക്കാര്‍ ഇത്തരം വ്യാജ ആരോപണങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയിലില്‍ കഴിയുന്നുണ്ടങ്കിലും ഒരുമിച്ചുള്ള പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ നമ്മുടെ നാട്ടില്‍ പോലും വിരളമായേ ഉണ്ടാകുന്നുള്ളൂ. പരപ്പനങ്ങാടിയിലെ സകരിയ്യയും, കോഴിക്കോട് മുക്കം സ്വദേശി യഹ്‌യ ഇയാഷ് കമ്മുക്കുട്ടിയും അടക്കം നിരവധി ചെറുപ്പക്കാര്‍ വര്‍ഷങ്ങളായി തടവറക്കുള്ളിലാണ്. തീവ്രവാദികളെന്ന് പോലീസ് പറയുന്നവരെ എവിടെ വെച്ചെങ്കിലും കണ്ടതിനോ ഓട്ടോറിക്ഷയില്‍ കൊണ്ടു പോയതിനെ അവര്‍ക്ക് എന്തെങ്കിലും സാധനം വിറ്റതിനുമൊക്കെയാണ് ഇപ്പറഞ്ഞ ചെറുപ്പക്കാര്‍ വര്‍ഷങ്ങളായി ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്.
നമ്മുടെ നാട്ടിലെ പോലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും മറ്റു അന്വേഷണ ഏജന്‍സികളും വെച്ചുപുലര്‍ത്തുന്ന പക്ഷപാത നിലപാടിന്റെ പച്ചയായ തെളിവുകള്‍ നമുക്ക് വേണ്ടുവോളം കിട്ടും. ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് നരേന്ദ്ര മോഡി പങ്കെടുത്ത പാട്‌നയിലെ റാലിക്കിടെയുണ്ടായ സ്‌ഫോടനം തന്നെ ഏറ്റവും മികച്ച ഉദാഹരണം. റാലിക്കിടെ ഹിന്ദുത്വ ശക്തികള്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ തന്നെ സ്‌ഫോടനം നടന്ന ഉടന്‍ ഉത്തരാവദിത്വം ‘ഇന്ത്യന്‍ മുജാഹിദീന്‍’ എന്ന ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത സംഘടയുടെ പേരില്‍ ചാര്‍ത്തുകയും ഏതാനും മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞ് പാട്‌നയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരെന്ന് കണ്ടെത്തിയ അഞ്ച് ഹിന്ദു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കേവലം ഹവാലാ കേസ് മാത്രം. ഭീകരവാദികളെന്ന് പോലീസ് പറയുന്നവരെ ഓട്ടോറിക്ഷയില്‍ ട്രിപ്പ് കൊണ്ടു പോയ മുസ്‌ലിം ചെറുപ്പക്കാരനെ ഭീകരവാദിയാക്കി ചിത്രീകരിച്ച് വര്‍ഷങ്ങളായി ജയിലിലടക്കുന്ന നമ്മുടെ പോലിസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് പറയുന്നവര്‍ക്കെതിരെ നിസാരമായ കേസ് ചര്‍ജ് ചെയ്തിരിക്കുന്നത്! മറ്റൊരു സംഭവം തമിഴ് നാട്ടില്‍ നിന്നാണ്. ഏഴു വര്‍ഷം പിന്നിട്ട ജീവപര്യന്തം തടവുകാരെ നല്ല നടപ്പ് പരിഗണിച്ച് മോചിപ്പിച്ചപ്പോള്‍ അതില്‍ നിന്നും മുസ്‌ലിം തടവുകാരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ വക നിര്‍ദ്ദേശം! തമിഴ്‌നാട് ഭരിക്കുന്നത് ബി.ജെ.പി തോഴി കുമാരി ജയലിളതയായതു കൊണ്ടായിരിക്കാം ഇങ്ങനെയുണ്ടായതെന്ന് നമുക്ക് ആശ്വസിക്കാമെങ്കിലും മതേതര കോണ്‍ഗ്രസിന്റെ തോഴന്‍ കരുണാനിധി മുഖ്യമന്ത്രിയായ സമയത്തും ഇതുതന്നെയായിരുന്നു സ്ഥിതി എന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. 2008 ല്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയ 1405 തടവുകാരെ കരുണാനിധി സര്‍ക്കാര്‍ മോചിപ്പിച്ചപ്പോള്‍ അതില്‍ മുസ്‌ലിം തടവുകാരെ ഉള്‍പ്പെടുത്താതിരിക്കാന്‍ തമിഴ്‌നാട് ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഉത്തരവിറക്കിയിരുന്നു.
ഭരണകൂടങ്ങളും നീതിദേവതകളും സാമുദായികമായി ചിന്തിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ ഇവിടെ തീരുന്നില്ല. 2002 ലെ ഗുജറാത്ത് കലാപ വേളയില്‍ നരോദ പാട്യ കലാപത്തില്‍ പ്രതിയായ ഗുജറാത്ത് മുന്‍മന്ത്രി മായ കോട്‌നാനിക്ക് ആരോഗ്യ സ്ഥിതി പരിഗണിച്ച് ചികിത്സാവശ്യര്‍ഥം ഗുജറാത്ത് ഹോക്കോടതി ജാമ്യം അനുവദിച്ചത് കഴിഞ്ഞാഴ്ച്ചയാണ്. മനുഷ്യ ജീവനുകളെ പച്ചയായി ചുട്ടുകൊന്നവര്‍ നാട്ടില്‍ സൈ്വരമായി വിലസുമ്പോള്‍ തന്നെയാണ് മഅ്ദനിയെ പോലുള്ള നിരപരാധികള്‍ വര്‍ഷങ്ങളായി അഴിക്കുള്ളില്‍ ജീവിതം തിന്നു തീര്‍ക്കുന്നത്. ഭരണകൂടങ്ങളും നീതിദേവതകളും അടച്ചു പിടിച്ച കണ്ണുകള്‍ ഇനിയെങ്കിലും തുറന്നു പിടിക്കണം എന്നു പറയാതെ വയ്യ. ആയിരം അപരാധികളെ വെറുതെ വിട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ നമ്മുടെ ആപ്തവാക്യം. ഒരു മലയാള കവിതാ ശകലം :
 ‘ഇവിടെ ഒരു കാഞ്ഞിരം നടുക,
 നമ്മള്‍ ഇത്രയും നാള്‍ ആസ്വദിച്ച
 നീതിയുടെ മധുരം നിറഞ്ഞ ഓര്‍മ്മക്ക്’

Related Articles