Current Date

Search
Close this search box.
Search
Close this search box.

കസ്തൂരി രംഗനില്‍ മതസംഘടനകള്‍ക്ക് എന്തു കാര്യം!

‘മാധവ്‌സിംഗ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാഥമിക ചര്‍ച്ചകള്‍പോലും നടത്താതെ ഗ്രാമസഭകളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തിരിച്ചയച്ചതിനെ തുടര്‍ന്നു അധിക ഗൃഹപാഠം ചെയ്യാതെ തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതേണ്ടതുണ്ടെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ പേരില്‍ ഭൂമിനഷ്ടപ്പെടുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കണമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വാധീനം നേടാന്‍ വികസന പരിസ്ഥിതി പ്രശ്‌നങ്ങളെ ജമാഅത്തെ ഇസ്‌ലാമി ആയുധമാക്കുന്നെന്ന് സി പി എം പ്ലീനത്തിന്റെ വിമര്‍ശനം’.

പരിസ്ഥിതി കത്തിനില്‍ക്കുന്ന  ഈ ആഴ്ചയില്‍ വന്ന ശ്രദ്ദേയമായ മത-രാഷ്ട്രീയ പ്രതികരണങ്ങളെ നിരീക്ഷിക്കുമ്പോള്‍ പൊതുമണ്ഡലത്തില്‍ ഇടപെടുന്ന മതത്തെയും മതത്തില്‍ ഇടപെടുന്ന രാഷ്ട്രീയത്തിന്റേയും ചിത്രങ്ങളാണ് തെളിഞ്ഞുവരുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് രാഷ്ട്രീയ പ്രശ്‌നങ്ങളിലിടപെടുന്നതിനെ  കൊക്കോളയിലും പ്ലാച്ചിമടയിലും എന്ത് ഇസ്‌ലാം എന്ന് മുമ്പ് ചില മതസംഘടനകള്‍ അത്ഭുതത്തോടെ ചോദിച്ചിരുന്നെങ്കില്‍ ഇന്ന് മിക്ക സംഘടനകളും ദേശീയ പാത, കസ്തൂരിരംഗന്‍, സാമ്രാജ്യത്വം തുടങ്ങിയ വിഷയങ്ങളില്‍ സജീവമായി അഭിപ്രായപ്രകടനവും ഇടപെടലും നടത്തിക്കൊണ്ടിരിക്കുന്നത് കാണാം. എന്നാല്‍ സാമൂഹിക ഉള്ളടക്കമുള്ള ഈ മതത്തെ ഉള്‍ക്കൊളളാന്‍ മതേതരവാദികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിനാലാണ് സംഘടനയുടെ പ്ലീനത്തിലെ പ്രമേയത്തില്‍ വരെ വികസന പരിസ്ഥിതി പ്രശ്‌നങ്ങളിലിടപെടുന്ന മത സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കേവല രാഷ്ട്രീയ സ്വാധീനം നേടാനുള്ള ആയുധമായി ചിത്രീകരിക്കുന്നത്. പള്ളികളിലും ആരാധനകളിലും മാത്രം ഇടപെടുന്ന മതത്തെയാണ് ഭരണകൂടത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആവശ്യം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രണ്ടുവോട്ട് കിട്ടാനായി നിലപാടുകളില്‍ എന്തുവിട്ടുവീഴ്ച ചെയ്യാനും അവര്‍ തയ്യാറാണെന്ന മികച്ച ഉദാഹരണമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും ഇടവകയും തമ്മില്‍ ഉടലെടുത്ത പ്രണയം മനസ്സിലാക്കിത്തരുന്നത്.

മത സംഘടനകളില്‍ ഉണ്ടായിട്ടുള്ള വികാസക്ഷമതയെ മനസ്സിലാക്കുന്നതില്‍ ഇവര്‍ക്കു വന്നിട്ടുള്ള പരാജയമാണ് ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. കേരളത്തിലെ മിക്ക മതസംഘടനകളും സാമൂഹിക പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുന്ന കാലത്താണ് ‘രാഷ്ട്രീയത്തില്‍ സ്വാധീനം നേടാനുള്ള ആയുധ’മെന്ന രണ്ടുവരിയില്‍ ഇത്തരം ഇടപെടലുകളെ കുറിച്ച് പ്രസ്താവനയിറക്കുന്നത്. ഒരു പക്ഷെ, പാര്‍ട്ടിയുടെ ഇടപെടലുകള്‍ എല്ലാം തന്നെ കേവല രാഷ്ട്രീയ അടവുനയമായ കാലത്ത് മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ അതേ ലെന്‍സ് വെച്ച് നോക്കിയതാവാം ഇത്തരം അഭിപ്രായങ്ങള്‍ക്ക് കാരണം. പ്രത്യേകിച്ചുംഭരണത്തിലിരിക്കുമ്പോള്‍ മന്ത്രിമാരും പാര്‍ട്ടി നേതാക്കളും വികസനത്തിന്റെ പേരില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല പ്രൊജക്ടുകളും അഴിമതിക്കും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും വേണ്ടിയായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാതലത്തില്‍.

പള്ളിയിലും ആരാധനാലയങ്ങളിലും ചടഞ്ഞിരുന്ന് ജപമാലയും പ്രാര്‍ഥനകളുമായി കഴിഞ്ഞുകൂടിയ പൗരോഹിത്യമതം സാമ്രാജ്യത്വത്തിനും മതേതരത്വത്തിനും ഭീഷണിയോ അലോസരമോ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ സാമൂഹികമായ പരിവര്‍ത്തനം ലക്ഷ്യം വെച്ച് വേദാധ്യാപനങ്ങളെ പ്രായോഗിക തലത്തിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ എന്നും ഒരു തലവേദനയായിരുന്നു. സാമ്രാജ്യത്വ ശക്തികള്‍ രാഷ്ട്രങ്ങള്‍ കീഴടക്കാന്‍ വന്നപ്പോള്‍ അവര്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത് പൗരോഹിത്യമതമായിരുന്നില്ല, മറിച്ച് വിമോചനത്മക ഉള്ളടക്കമുള്ള മതദര്‍ശനങ്ങളായിരുന്നു. കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സൈനുദ്ദീന്‍ മഖ്ദൂമും മമ്പുറം തങ്ങന്മാരും വാരിയന്‍കുന്നത്തും ആലിമുസ്‌ലിയാരുമെല്ലാം സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പോരാടിയതിനു പിന്നിലും മതത്തിന്റെ വിപ്ലവാത്മകതയായിരുന്നു. എന്നാല്‍ അവരുടെ  നവോഥാന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും മതത്തിന്റെ സാമൂഹികതയെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന കാപട്യമാണ് ഇടതു മതേതര ചേരികളില്‍ നിന്നുയര്‍ന്നുവരുന്നത്. എന്നാല്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ അണിനിരക്കാനും അവരുടെ പ്രകോപനങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാനും ആധുനിക ഇസ്‌ലാമിക നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നത് സാമൂഹിക ഉള്ളടക്കമുള്ള വിപ്ലവദര്‍ശനത്തില്‍ നിന്നും പ്രചോദനവും കരുത്തും ആര്‍ജിച്ചതുമൂലമാണ്.  അകക്കാമ്പില്ലാത്ത പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കള്‍ക്ക് സാമ്രാജ്യത്വത്തോട് രാജിയാകേണ്ടിവരുന്നതുമാണ് കാണാന്‍ കഴിയുന്നത്.

Related Articles