Current Date

Search
Close this search box.
Search
Close this search box.

കര്‍ണ്ണാടക എന്തുകൊണ്ട് ബി.ജെ.പിയെ കൈവിട്ടു

സുതാര്യവും സുസ്ഥിരവുമായ ഭരണമാണ് ജനമനസ്സുകളെ കീഴടക്കാനുള്ള അടിസ്ഥാനമെന്ന് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം വ്യക്തമായ സൂചന നല്‍കുന്നു. 2008 ല്‍ അധികാരത്തില്‍ വന്നതുമുതല്‍ വോട്ടര്‍മാരായ പൊതുജനത്തെ വഞ്ചിക്കുകയും അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുകയും ചെയ്യുന്ന തരത്തിലുള്ള പഴഞ്ചന്‍ രാഷ്ട്രീയതന്ത്രമാണ്, വ്യത്യസ്തമായ പാര്‍ടി എന്ന് സ്വയം അവകാശപ്പെടുന്ന ബി.ജെ.പി. സ്വീകരിച്ചു പോരുന്നത്. ജനവിധിയെ പഴിക്കും മുമ്പ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിലുണ്ടായ അഴിമതിയും, വര്‍ഗീയതയുടെ വ്യാപനവും, ന്യൂനപക്ഷസമുദായങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങളും കുംഭകോണങ്ങളുമെല്ലാം പാര്‍ട്ടി സ്വയം വിലയുരുത്തുന്നത് നന്നാവും.

അഞ്ചു വര്‍ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാര്‍, നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട് വിവാദം സൃഷ്ടിച്ച മന്ത്രിമാര്‍, ബെല്ലാരിയിലെ ഖനന മാഫിയയെ ഔദ്യോഗികമായി കൈയ്യയച്ചു സഹായിച്ച് പിന്നീട് വിവാദമായ സംഭവം തുടങ്ങിയവയും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ദുര്‍ഭരണവും, അസ്ഥിരതയും,  പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ അന്തര്‍ സംഘര്‍ഷങ്ങളും, മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയുടെ പാര്‍ടി വിടലുമൊക്കെയാണ് പരാജയത്തിന്റെ അടിസ്ഥാനമെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ മനോഹര്‍ എലാവര്‍ത്തി ഒരഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. പാര്‍ടി അധികാരത്തില്‍ വരില്ലെന്നറിയാമായിരുന്നെങ്കിലും പരാജയം ഇത്ര കനത്തകുമെന്ന് ആരും കരുതിയിരുന്നില്ല. ഹൈന്ദവകോട്ടയായി കണക്കാക്കുന്ന തീരപ്രദേശങ്ങളില്‍പ്പോലും പിറകില്‍ പോയതും, കൃഷ്ണ പാല്‍മറെപ്പോലുളള പ്രമുഖര്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയായ മൊയ്തീന്‍ ബാവയോട് പരാജയപ്പെട്ടതും, യു.ടി. ഖാദര്‍ മംഗലാപുരം മണ്ഡലത്തില്‍ ജയിച്ചതുമെല്ലാം തിരിച്ചടിയുടെ കൂട്ടത്തില്‍പ്പെടുന്നു. പാര്‍ട്ടിശക്തികേന്ദ്രമായ ഷിമോഗയില്‍, ഉപമുഖ്യമന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പക്ക് ദയനീയ പരാജയം നേരിടേണ്ടി വന്നു. ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ അലസത കാട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബി.ജെ.പിയുടെ ദയനീയ തോല്‍വി ഒരു പാഠമാകട്ടെ. കോണ്‍ഗ്രസ് അത് നന്നായി മനസിലാക്കുമെന്നാണ് കര്‍ണ്ണാടക ജനത പ്രതീക്ഷിക്കുന്നത്.
 
‘പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിക്കുമെന്നു തന്നെയാണ് ഒരു പൗരനെന്ന നിലയില്‍ ഞാന്‍ മനസിലാക്കുന്നത്. അഴിമതിമുക്തമായ സുസ്ഥിരഭരണവും നിയമവ്യവസ്ഥയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും  കൃത്യമായ പ്രായോഗിക വല്‍ക്കരണവും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായുളള ശ്രമങ്ങളും പൊതുജനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നത്’. മനോഹര്‍ എലാവര്‍ത്തിയുടെ വാക്കുകളാണിത്.

അവലംബം : twocircles.net

Related Articles