Current Date

Search
Close this search box.
Search
Close this search box.

ഒരു കുരിശു യുദ്ധമാണ് ബ്ലയര്‍ ആവശ്യപ്പെടുന്നത്

ബ്രിട്ടനില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ മാധ്യമങ്ങളുടെയും ഡേവിഡ് കാമറൂണ്‍ സര്‍ക്കാറിന്റെയും ഭാഗത്ത് നിന്നുള്ള ആക്രമണത്തിന് നിരന്തരം ഇരയാകുന്നതായി അവിടെ ജീവിക്കുന്ന ഒരാളെന്ന നിലക്ക് എനിക്ക് അനുഭവപ്പെടുന്നുണ്ട്. ഇസ്‌ലാമാണ് മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അപകടവുമെന്ന് വരുത്തി തീര്‍ക്കുകയാണ് അവയുടെയെല്ലാം പൊതുസ്വഭാവം. ഇസ്‌ലാമോ ഫോബിയ അതിന്റെ ഏറ്റവും നീചമായ രൂപത്തില്‍ പ്രതിഫലിക്കുന്ന നാല് നിലപാടുകള്‍ നമുക്ക് പരിശോധിക്കാം. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിലുണ്ടായ സംഭവങ്ങളാണ് അവ.

1) ഇസ്‌ലാമിക് സ്‌കൂളുകള്‍ക്കെതിരെയുള്ള ബ്രിട്ടീഷ് വിദ്യാഭ്യാസ മന്ത്രി മിഖായേല്‍ ഗോവിന്റെ ആക്രമണം. തീവ്രവാദികളും തീവ്രവാദികളുടെ പ്രൊജക്ടുകളുമാണ് അവയില്‍ നിന്ന് പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
2) ബ്രിട്ടന്റെ മതം ക്രിസ്ത്യാനിസമാണെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രസ്താവന. വര്‍ഗീയതയുടെയും വിവേചനത്തിന്റെയും പ്രഖ്യാപനമാണത്. ബ്രിട്ടീഷ് ജനസംഖ്യയുടെ അമ്പത് ശതമാനത്തിലധികം ക്രിസ്ത്യാനികളല്ലാതിരിക്കെയാണിത്.
3) മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഔദ്യോഗികമായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. സഊദിയിലെ മുന്‍ ബ്രിട്ടീഷ് അംബാസഡര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിന് വിവരങ്ങള്‍ കൈമാറാന്‍ മുസ്‌ലിംകളോടും മുസ്‌ലിംകളല്ലാത്തവരോടും ആവശ്യപ്പെട്ടിരിക്കുന്നു.
4) മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മിക്ക അറബ് ഭരണകൂടങ്ങളുടെയും ഉപദേശകനും, ഭാവി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താസ് സീസിയുടെ ഉറ്റ തോഴനുമായ ടോണി ബ്ലയറിന്റെ പരസ്യമായ ആരോപണമാണ് മറ്റൊന്ന്. പടിഞ്ഞാറിന്റെയും ലോകത്തിന്റെയും സുസ്ഥിരതക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ഇസ്‌ലാമിക് ഫണ്ടമെന്റലിസമാണെന്നാണ് ബ്ലയറിന്റെ ആരോപണം. അതിന്റെ അപകടം അവസാനിപ്പിക്കുന്നതിന് അതിനെതിരെ ഒരു ലോകയുദ്ധം തന്നെ ഉണ്ടാക്കുന്നതിന് പുടിന്റെ റഷ്യയോടൊപ്പം ഒരു ഐക്യമുന്നണി രൂപപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെ സുന്നി-ശിയാ എന്ന് വേര്‍തരിച്ചല്ല, രണ്ടും അപകടമാണെന്ന തരത്തിലാണ് ബ്ലയറിന്റെ ആക്രമണം.

മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ അന്വേഷണം നടത്തുന്നതിന് ബ്രിട്ടന് മേല്‍ ചില അറബ് രാഷ്ട്രങ്ങളും സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നതാണ് ഏറെ ദുഖകരം. തങ്ങളുടെ ഇഖ്‌വാന്‍ വിരുദ്ധ അജണ്ടയുടെ ഭാഗമായിട്ടാണവരത് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇഖ്‌വാന്‍ ഇഖ്‌വാനേതര വേര്‍തിരിവൊന്നും ഇല്ലാതെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും എതിരെ ആക്രമണം നടത്തുന്നതിന് ലഭിച്ചിരിക്കുന്ന ഒരു പച്ചക്കൊടിയായിട്ടാണ് ബ്രിട്ടന്‍ ഇതിനെ കാണുന്നു് എന്നതാണ് വസ്തുത.

ഇതിന്റെ ഫലമായി മിതനിലപാടുകള്‍ മാത്രം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവയായിട്ടും, ബ്രിട്ടനിലെ നിരവധി ഇസ്‌ലാമിക് സെന്ററുകള്‍ ഉപരോധിക്കപ്പെട്ടിരിക്കുന്നു. സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും ബിസിനസ് രംഗത്തും മികച്ച് നില്‍ക്കുന്നവരാണ് അതിന്റെ ആളുകള്‍ എന്നതാണ് തീവ്രവലുതു പക്ഷ വിഭാഗങ്ങളെ അവക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്. മാധ്യമങ്ങളുടെ ശക്തമായ മുസ്‌ലിം വിരുദ്ധ പ്രചരണത്തിന്റെ ഫലമായി മുസ്‌ലിംകളുടെ കച്ചവടസ്ഥാപനങ്ങളും മസ്ജിദുകളും സ്ഥാപനങ്ങളും ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു.

മുസ്‌ലിം കുടുംബങ്ങളോട് തങ്ങളുടെ മക്കളെ സിറിയയില്‍ ജിഹാദിന് അയക്കരുതെന്നും, തീവ്രവാദ ആശയങ്ങളുമായി അവര്‍ മടങ്ങി വന്ന് ബ്രിട്ടനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മാധ്യമങ്ങളിലൂടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവശ്യപ്പെടുന്നു. സിറിയന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതിനുള്ള വിലക്ക് നീക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് തങ്ങളും സഖ്യകക്ഷിയായ ഫ്രാന്‍സുമാണെന്ന് അവര്‍ വിസ്മരിച്ചിരിക്കുന്നു. പോരാട്ട സംഘങ്ങളോടൊപ്പം ചേരാന്‍ മുസ്‌ലിം യുവാക്കളെ പ്രേരിപ്പിക്കുന്നതും അവര്‍ തന്നെ. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ അഫ്ഗാന്‍ ജിഹാദിന്റെ കാലത്തും ഇതുതന്നെയായിരുന്നു അവര്‍ ചെയ്തത്.

മുസ്‌ലിംകള്‍ക്കെതിരെ ഒരു മൂന്നാം ലോകയുദ്ധത്തിന് ബഹളം വെക്കുകയാണ് ടോണി ബ്ലയര്‍. സിറിയയില്‍ സൈനികമായി ഇടപെടുന്നില്ലെങ്കില്‍ പടിഞ്ഞാറ് വലിയ വിലയൊടുക്കേണ്ടി വരുമെന്ന് പറഞ്ഞതും ബ്ലയര്‍ തന്നെയായിരുന്നു. അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പോരാടുന്ന മുസ്‌ലിം സംഘങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് അസദുമായി സമാധാന കരാറുണ്ടാക്കാനാണ് അയാളിപ്പോള്‍ ആവശ്യപ്പെടുന്നത്. ഒന്നുകില്‍ തീവ്രരാഷ്ട്രീയ ഇസ്‌ലാം അല്ലെങ്കില്‍ സേച്ഛാധിപത്യം എന്നീ രണ്ട് സാധ്യതകളാണ് പടിഞ്ഞാറിന്റെ മുമ്പില്‍ ബ്ലയര്‍ വെക്കുന്നത്. രണ്ടാമത്തേത് തെരെഞ്ഞെടുക്കാന്‍ ബ്ലയര്‍ ഉപദേശിക്കുകയും ചെയ്യുന്നു. അയാളുടെ മനസ്സില്‍ നിലകൊള്ളുന്ന ഇസ്‌ലാം വിരോധമാണ് അതിലൂടെ പ്രകടമാവുന്നത്.

ചുരുക്കത്തില്‍ ഒരിക്കല്‍ അവര്‍ നമ്മോട് സ്വേച്ഛാധിപത്യത്തിന്റെ പേരില്‍ യുദ്ധം ചെയ്തു, പിന്നെ രാഷ്ട്രീയ ഇസ്‌ലാമിന്റെ പേരിലും, മൂന്നാമതായി ഇസ്രയേലിനും അതിന്റെ താല്‍പര്യങ്ങള്‍ക്കും അപകടമായതിനാലും. വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നടക്കുന്ന വിയോജിപ്പുകളെ അവര്‍ പരമാവധി ചൂഷണം ചെയ്തു. അതിലൂടെ നമ്മുടെ നാടിന്റെ സമ്പത്ത് കൊള്ള ചെയ്യുകയും സുസ്ഥിരത നശിപ്പിക്കുകയും ഐക്യം തകര്‍ക്കുകയും ചെയ്തു. അറബ് ഭരണകൂടങ്ങള്‍ ഇത് ചെറുക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ നാം വളരെയധികം പിന്നോട്ടടിച്ചിരിക്കുന്നു. കാരണം മിക്ക ഭരണകൂടങ്ങളുടെയും താല്‍പര്യം തങ്ങളുടെ ഭരണം നിലനിര്‍ത്തുക എന്നതില്‍ പരിമിതപ്പെട്ടിരിക്കുന്നു. അതിനിടയില്‍ സമുദായത്തിന്റെ ഉണര്‍ച്ചയും പുരോഗതിയും ഭാവിയും ഒരു പ്രശ്‌നമേ ആവുന്നില്ല.

അടിച്ചമര്‍ത്തലുകളും പീഡനങ്ങളും ഭരണകൂടത്തിന്റെ തോന്നിവാസങ്ങളും സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും രാഷ്ട്രീയ ഇസ്‌ലാമിന്റെ ശക്തി വര്‍ധിപ്പിച്ചിരിക്കുന്നു. പാശ്ചാത്യ ‘ജനാധിപത്യ’ വാദികള്‍ അതിനെതിരെ തിരിഞ്ഞിരിക്കുന്നതിന്റെ കാരണവും അത് തന്നെയാണ്.

വിവ : അഹ്മദ് നസീഫ്‌

Related Articles