Current Date

Search
Close this search box.
Search
Close this search box.

ഒരു ആശ്ലേഷണം മതി, എല്ലാ അകലങ്ങളും ഇല്ലാതാകാന്‍!

പ്രബുദ്ധത ചെറിയൊരു അഹങ്കാരമായും അലങ്കാരമായും കൊണ്ടുനടക്കുന്നവരാണ് പൊതുവില്‍ കേരളീയര്‍. സാക്ഷരതയിലെ സമ്പൂര്‍ണതയും സാമൂഹിക ബോധത്തിലെ ഔന്നത്യവും മലയാളികളുടെ ശരീര ഭാഷയില്‍ എപ്പോഴും മേധാവിത്വം പുലര്‍ത്താറുണ്ട്. സാക്ഷരത എന്നത് അക്ഷരങ്ങള്‍ കൂട്ടിവായിക്കാനുള്ള കേവല ജ്ഞാനമാണെന്നും പ്രബുദ്ധത എന്നത് സര്‍ക്കാര്‍ ഓഫീസില്‍ ഫയല്‍ നോക്കാനുള്ള പ്രാഥമിക യോഗ്യതയാണെന്നും തെറ്റിദ്ധരിച്ചവരാണ് നമ്മിലേറെയും. ഇന്ന് ബംഗാളികളോടും ആസാമികളോടും നാം വെച്ച് പുലര്‍ത്തുന്ന അവജ്ഞതയുടെ മനോഘടന കുറെ കാലം മുമ്പ് തമിഴനോടായിരുന്നു ഉണ്ടായിരുന്നത്. ‘വ്യാജ ഔന്നത്യ ബോധം’ സൃഷ്ടിച്ചെടുക്കാന്‍ മലയാളികള്‍ എപ്പോഴും അപരന്മാരെ സൃഷ്ടിച്ചെടുത്തതായി കാണാം. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ കാലഘട്ടം മുതല്‍ ഇന്നുവരെ അത്തരം നിര്‍മ്മിതകളുടെ വലിയൊരു പരമ്പര കാണാന്‍ സാധിക്കും. ജന്മി-കുടിയാന്‍, സവര്‍ണ്ണന്‍-അവര്‍ണ്ണന്‍ തുടങ്ങിയവയുടെ പിന്‍കാല വകഭേദങ്ങള്‍ അനവധിയാണ്. ഒരു കാലത്ത് ജാതികളും ഉപജാതികളും സജീവമായി നിലനിന്നിരുന്ന മലയാളി സാമൂഹിക മനോഘടനയില്‍ നിന്ന് അടിച്ചുതെളിച്ചാലും അവശിഷ്ടങ്ങള്‍ ബാക്കിയാകുന്ന ഒരു പ്രതിഭാസമാണത്. ഇപ്പോള്‍ കേരളത്തില്‍ അസ്പര്‍ശ്യതയുടെ ഇത്തരം ജാതിബോധങ്ങള്‍ പുതിയ വേഷങ്ങളണിഞ്ഞ് തിരിച്ചുവരുന്നുണ്ട്. പ്രത്യേകിച്ച് ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടി ജീവിക്കുന്ന നവ കേരളം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കേരള സര്‍ക്കാര്‍ ഔദ്യോഗികമായി ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന കടുത്ത വിവേചനത്തിന്റെ കണക്കെടുപ്പായിരുന്നു അത്. തൊഴിലിടങ്ങളിലെ ജോലിസമയം, സുരക്ഷ, വേതനം, മനുഷ്യത്വപരമായ പെരുമാറ്റം തുടങ്ങിവയിലെല്ലാം വലിയ വിവേചനങ്ങള്‍ നിലനില്‍ക്കുന്നതായി അതില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം, വൃത്തി, പരിസര ശുചിത്വം തുടങ്ങിയവയില്‍ വേണ്ടത്ര ‘പ്രബുദ്ധര’ല്ലാത്ത ഇത്തരം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്താനും സര്‍ക്കാറിന് പദ്ധതിയുണ്ട്. വൈകിയുദിച്ച ആലോചന ആണെങ്കിലും അത്തരം നീക്കങ്ങളെ പ്രശംസിക്കാതെ വയ്യ. പക്ഷെ, ആത്യന്തികമായി ഈ വിഷയത്തില്‍ മാറേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുപരി മലയാളികളുടെ വ്യാജ സാംസ്‌കാരിക മനോഭാവമാണ്. ഉയര്‍ന്ന നീതി ബോധത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. ചില ഉദാഹരണങ്ങള്‍ പറയാം. ഒരു ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരന്‍ മലയാളിയാണ്. മുടിയെടുക്കാന്‍ വളരെ നേരത്തെ തന്നെ ചില ബംഗാളികള്‍ വന്നു. ശേഷം ചില മലായളികളും വന്നുകൊണ്ടിരുന്നു. മലയാളികള്‍ ഓരോരുത്തരായി മുടിവെട്ടി ഷേവ് ചെയ്ത് കുട്ടപ്പന്‍മാരായി തിരിച്ചുപോയി. വളരെ നേരത്തെ വന്ന ബംഗാളികള്‍ ഒരു മൂലയില്‍ ആ ഇരിപ്പ് തുടരുന്നു, പ്രതീക്ഷയോടെ. എത്രയായിട്ടും അവരെ വിളിക്കുന്നില്ല. ഇത് നിരീക്ഷിച്ച പ്രായമുള്ള ഒരാള്‍ ബാര്‍ബറോട് ഈ വിവേചനം പാടില്ലെന്ന് പറഞ്ഞു. അപ്പോള്‍ അയാളുടെ ഭാവം ഇവര്‍ക്ക് ഇത്രയൊക്കെ മതി എന്നതായിരുന്നു. മറ്റൊരു സംഭവം ശ്രദ്ധിച്ചത് ബസ് ജീവനക്കാരന്‍ ചില്ലറ കരുതാതെ ബസില്‍ കയറിയ അന്യസംസ്ഥാനക്കാരനോടും മലയാളിയോടും കാണിച്ച ഇരട്ട നിലപാടാണ്. ആര്‍ക്കും ശകാരിക്കാവുന്ന ആര്‍ക്കും അടിമയപ്പോലെ പണിയെടുപ്പിക്കാവുന്ന അപരത്വത്തിന്റെ പീഢകളനുവദിക്കുന്ന ഒരു വിഭാഗം. പൊതു ഇടങ്ങളില്‍ സംഭവിക്കുന്ന ചെറിയ ചില നീതികേടുകളുടെ ഉദാഹരണം മാത്രമാണ് മേല്‍ സൂചിപ്പിച്ചത്. ഉള്ളറകളില്‍ വിവേചന ഭീകരതയുടെ എമ്പാടും കഥകള്‍ ലഭ്യമാകും.

ഇത്രയും എഴുതിയത് ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കണ്ട ഒരു പത്രവാര്‍ത്തയെകുറിച്ചും ഫോട്ടോയെ കുറിച്ചും പറയാനാണ്. കണ്ണൂര്‍ നഗരത്തിലെ പഴയ ബസ്റ്റാന്റിനോടു ചേര്‍ന്നുള്ള മസ്ജിദുന്നൂറില്‍ അന്യസംസ്ഥാനക്കാര്‍ക്ക് വേണ്ടി പ്രത്യേകം പെരുന്നാള്‍ നമസ്‌കാരവും ഉറുദുവില്‍ ഖുതുബയും നടന്നു. ശേഷം മലയാളിയായ ഖത്വീബ് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്ന് അവരെ ആശ്ലേഷിച്ചു. അസ്പര്‍ശ്യതയുടെയും അകറ്റിനിര്‍ത്തലിന്റെയും അധമബോധത്തെ ആ ആശ്ലേഷണം തകര്‍ത്തെറിഞ്ഞതായി തോന്നി. പ്രാദേശികവും ഭാഷാപരവുമായ അതിര്‍വരമ്പുകള്‍ക്കും, വര്‍ണ വര്‍ഗ്ഗ വിവേചനങ്ങള്‍ക്കുമപ്പുറമുള്ള ഈ ‘കൂടെകൂട്ടല്‍’ ഇസ്‌ലാം പ്രസരിപ്പിക്കുന്ന മാനവികതയുടെ സൗന്ദര്യമാണ് അടയാളപ്പെടുത്തുന്നത്. കേരളത്തില്‍ മതസംഘടനകള്‍ ഏറ്റെടുത്ത് നടത്തേണ്ട വലിയൊരു ദൗത്യത്തെ ഇതോര്‍മ്മിപ്പിക്കുന്നുണ്ട്. അജ്ഞതയുടെയും വറുതിയുടെയും നിലങ്ങളില്‍ നിന്ന് എത്തിപ്പെട്ട അവരെ എല്ലാ അര്‍ഥത്തിലും സമുദ്ധരിക്കാന്‍ മതസംഘടനകള്‍ക്കാകും, തീര്‍ച്ച. ജമാഅത്തെ ഇസ്‌ലാമി അതിന്റെ കര്‍മ്മ പരിപാടികളില്‍ ഇതെഴുതിച്ചേര്‍ത്തിട്ടുണ്ട്. മറ്റ് ചില സംഘടനകളും കൂട്ടായ്മകളും വ്യക്തികളും അവര്‍ക്ക് വേണ്ട ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കഴിഞ്ഞ നോമ്പ് കാലത്തെ കേരളത്തിലെ പള്ളികളിലെ ഇഫ്താറുകള്‍ ഇതിന്റെ നേര്‍ സാക്ഷ്യങ്ങളായിരുന്നു. മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് മനോഭാവങ്ങളില്‍ നിന്നാണ്. നിയമങ്ങളും ധര്‍മ്മ വചനങ്ങളും വേണ്ടുവോളമുണ്ടായത് കൊണ്ട് ഒരു കാര്യവുമില്ല എന്ന് കാലം തെളിയിച്ചതാണ്.

Related Articles