Current Date

Search
Close this search box.
Search
Close this search box.

ഐ.എസ്.എമ്മില്‍ നിന്ന് ചില മാതൃകാപാഠങ്ങള്‍

ism-youth-summit.jpg

”ഐ.എസ്.എം ഒരു മതസാംസ്‌കാരികസാമൂഹിക യുവജന പ്രസ്ഥാനമാണ്. മതത്തിന്റെ കര്‍മമേഖല പള്ളി മൂലകള്‍ മാത്രമാണെന്ന പാരമ്പര്യധാരണയെ തിരുത്തിയ കേരളത്തിലെ ആദ്യ യുവജന പ്രസ്ഥാനം ഐ.എസ്.എം. ആണ്. മത വിശ്വാസത്തിന്റെ ശക്തമായ അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ സാമൂഹിക മാറ്റത്തിനും മനുഷ്യസേവനത്തിനുമുള്ള ധര്‍മവിപ്ലവങ്ങള്‍ നയിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന് ഐ.എസ്.എം വിലയിരുത്തുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, സാക്ഷാല്‍ ആത്മീയ പ്രവര്‍ത്തനം ആരാധനാലയങ്ങള്‍ക്കകത്തല്ല, പുറത്താണ് നടത്തേണ്ടതെന്ന് വ്യക്തമാക്കുകയായിരുന്നു അഞ്ചു പതിറ്റാണ്ട് നീണ്ടുനിന്ന ആശയപ്രകാശനത്തിലൂടെ ഐ.എസ്.എം.”
പ്രവര്‍ത്തനത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഐ.എസ്.എം മുഖപത്രമായ ശബാബ് വാരികയുടെ മുഖപ്രസംഗത്തില്‍ സംഘടനയെ പരിചയപ്പെടുത്തുന്ന വാക്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത് (ശബാബ്, 2016 ജനുവരി 1).

1967ലാണ് ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ അഥവാ ഐ.എസ്.എം പിറവി കൊള്ളുന്നത്. കേരളീയ മുസ്‌ലിം മുഖ്യധാര സംഘടനകളിലെ ആദ്യ യുവജന കൂട്ടായ്മയാണിത്. മാതൃസംഘടനയുടെ അജണ്ടകള്‍ ഏറ്റവും ശക്തമായ രൂപത്തില്‍ സമൂഹ മധ്യത്തില്‍ അവതരിപ്പിക്കുക എന്നതാണല്ലോ യുവജനസംഘടനകളുടെ പ്രധാന ധര്‍മം. ആ അര്‍ഥത്തില്‍ ‘കേരള നദ്‌വത്തുല്‍ മുജാഹിദി’ന്റെ പ്രധാന അജണ്ടയായ ‘അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ പോരാട്ടങ്ങള്‍’ തന്നെയാണ് ഐ.എസ്.എമ്മിന്റെ അജണ്ടയിലും സ്ഥാനം പിടിച്ചിരുന്നത്. ഖുര്‍ആന്‍ പഠന ക്ലാസുകളും ബിദ്അത്ത് വിരുദ്ധ പ്രഭാഷണങ്ങളും കാമ്പയിനുകളുമായി സംഘടന മുന്നോട്ട് നീങ്ങി. മാതൃസംഘടന എതിര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ച മതസംഘടനകളുമായുള്ള ആശയപോരാട്ടവും വാദപ്രതിവാദവുമെല്ലാം സ്വാഭാവികമായും ഐ.എസ്.എമ്മിന്റെയും അജണ്ടയിലെ മുഖ്യ ഇനമായി. സ്വന്തമായ അജണ്ടകളും പരിപാടികളും എന്നതിനപ്പുറം എതിര്‍ സംഘടനകളെ പ്രതിരോധിക്കലും അവര്‍ക്ക് മറുപടി പറയലും മാത്രമായി മിക്ക മതസംഘടനാ പ്രവര്‍ത്തനങ്ങളും ചുരുങ്ങിപ്പോയിരുന്ന ഒരു കാലത്ത് ഐ.എസ്.എമ്മും അതിന്റെ ഭാഗമായിരുന്നുവെന്ന് ചുരുക്കം. ഇത് ഐ.എസ്.എമ്മിന്റെ മാത്രം പരിമിതിയല്ല. അക്കാലത്തെ മുഴുവന്‍ മതസംഘടകളും പരസ്പരം വിയോജിപ്പുള്ള വിഷയങ്ങളില്‍ കലഹിക്കാനാണ് ഭൂരിഭാഗം ഊര്‍ജ്ജവും വിനിയോഗിച്ചതെന്ന് കാണാന്‍ കഴിയും.

പലവിധ കാരണങ്ങളാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷമാണ് കേരളീയ മുസ്‌ലിം സംഘടനകളുടെ അജണ്ടകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നത്. സംഘടനാസമുദായ വൃത്തത്തിനകത്ത് നിന്ന് ഓരോ കൂട്ടായ്മയും പലവിധത്തില്‍ പുറത്ത് കടക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഈ കാലത്തിന്റെ പ്രത്യേകത. മതത്തിന്റെ സാമൂഹിക വിമോചന പ്രതിനിധാനം ഏറ്റക്കുറവുകളോടെ എല്ലാ കൂട്ടായ്മകളും ശക്തമായി പ്രതിഫലിപ്പിച്ച് തുടങ്ങുന്നത് ഇക്കാലത്താണ്. ഇസ്‌ലാമിന്റെ സാമൂഹിക ഉള്ളടക്കത്തെ ഇവ്വിധം പ്രതിനിധീകരിക്കുന്നതില്‍ ഐ.എസ്.എമ്മും മുന്നിലുണ്ടായിരുന്നു. ഒരുപക്ഷേ, അതുവരെ സ്വന്തം മാതൃസംഘടനക്കുണ്ടായിരുന്ന സ്ഥിരം അജണ്ടകളില്‍ നിന്നുള്ള ഒരു കുതറിമാറല്‍ കൂടി ഐ.എസ്.എമ്മിന്റെ ഈ സാമൂഹിക പ്രതിനിധാനത്തിലുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. സംഘടനയില്‍ പിന്നീട് നടന്ന പിളര്‍പ്പിന്റെ കാരണമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് തൗഹീദ് പ്രചാരണത്തില്‍ നിന്ന് മാറിയുള്ള ഈ സാമൂഹിക ഇടപെടലുകള്‍ ആയിരുന്നൂവെന്നത് ആ സംശയം ബലപ്പെടുത്തുന്നതാണ്.

ഏതായാലും തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടെ ഐ.എസ്.എം അജണ്ടകളില്‍ സാമൂഹിക ഇടപെടലുകള്‍ സ്ഥാനം പിടിച്ചിരുന്നു. അക്കാലത്തുണ്ടായിരുന്ന ഭാവനയും ധിഷണയും ഒത്തുചേര്‍ന്ന നേതൃത്വവും ഈ മുന്നേറ്റത്തിന് കാരണമായിരിക്കാം. പ്രാദേശിക ഘടകങ്ങളിലടക്കം വ്യാപകമായി നടന്നിരുന്ന മരം നടീല്‍ കാമ്പയിന്‍ ഈ രംഗത്തെ ശക്തമായ കാല്‍വെപ്പായിരുന്നു. ഇന്നിപ്പോള്‍ സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത് സ്‌കൂളുകള്‍ വഴി നടത്തുന്ന മരംനടീല്‍ പ്രവര്‍ത്തനങ്ങളെ ഓര്‍മിപ്പിക്കുംവിധം വിപുലമായ കാമ്പയിനായിരുന്നു അത്. ഒരു കേരളീയ മുസ്‌ലിം യുവജന സംഘടന പരിസ്ഥിതി സൗഹാര്‍ദ്ദമായി നടത്തുന്ന വിപുലമായ പരിപാടി ഈ മരംനടീല്‍ കാമ്പയിനായിരിക്കും. പിന്നീട് മതസംഘടനകള്‍ അതുവരെ സ്പര്‍ശിക്കാത്ത ഒട്ടേറെ മേഖലകളില്‍ ഐ.എസ്.എമ്മിന് ഉജ്ജ്വല മാതൃകകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചു.

1994ല്‍ നിലവില്‍ വന്ന ഐ.എസ്.എം മെഡിക്കല്‍ എയിഡ് സെന്റര്‍ ആതുര സേവന രംഗത്തെ ഒരു യുവജന പ്രസ്ഥാനത്തിന്റെ കൈയൊപ്പായിരുന്നു. അത് ഇന്ന് ഒരുപാട് ശാഖകളായി വളര്‍ന്ന വലിയൊരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. ജന്മനാ ഹൃദ്രോഗികളായ കുട്ടികള്‍ക്ക് ഹൃദയ ചികിത്സ നടത്തുന്ന സുഹൃദയ, വൃക്കരോഗത്തെ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള പദ്ധതിയായ കീ, മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് താമസമൊരുക്കുന്ന കെയര്‍ഹോം പദ്ധതി എന്നിവ അതില്‍ ചിലതാണ്. കേരളത്തിലുടനീളം പടര്‍ന്നു പന്തലിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് സംരംഭങ്ങളിലും തൊണ്ണൂറിന്റെ രണ്ടാം പകുതിക്ക് ശേഷം ഐ.എസ്.എം സജീവമായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല പാലിയേറ്റീവ് യൂനിറ്റുകളുടെയും  സ്ഥാപകരും മുഖ്യ നടത്തിപ്പുകാരും ഐ.എസ്.എമ്മുകാരാണെന്നു കാണാം. വേണ്ടത്ര മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കിലും വര്‍ത്തമാനം പത്രമടക്കമുള്ള ചില ആനുകാലികങ്ങള്‍ ഈ കൂട്ടായ്മയിലുള്ളവരുടെ നേതൃത്വത്തില്‍ ആവേശപൂര്‍വം തുടങ്ങിയതും പരാമര്‍ശിക്കേണ്ടതാണ്. സാമൂഹിക ഇടപെടലിനുള്ള ഏറ്റവും വലിയ മാര്‍ഗമാണല്ലോ പത്ര മാധ്യമങ്ങള്‍.

പങ്കുവെക്കേണ്ട ഐ.എസ്.എമ്മിന്റെ മറ്റൊരു ശ്രദ്ധേയ ഇടപെടലാണ് അന്ധബധിര ഭിന്നശേഷിയുള്ളവര്‍ക്കായുള്ള എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡ് എന്ന പഠന സംവിധാനം. ഇസ്‌ലാമിക വിദ്യാഭ്യാസം കൂടി നല്‍കുന്ന ഈ രംഗത്തെ ഇന്ത്യയിലെ ആദ്യ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ പുളിക്കലില്‍ സ്ഥിതിചെയ്യുന്ന എബിലിറ്റി കാമ്പസ്. ബധിരര്‍ക്ക് മാത്രമായി സര്‍വസജ്ജമായ സാങ്കേതിക സൗകര്യങ്ങളോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ പള്ളിയും ഈ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് ഇസ്‌ലാമികഭൗതിക വിജ്ഞാനീയങ്ങളില്‍ അവഗാഹം പകരുന്ന ഡിജിറ്റല്‍ ഓഡിയോ മാസിക ‘ദിവ്യ ദീപ്തി’ പ്രസിദ്ധീകരണം, ആംഗ്യഭാഷാ പരിശീലനം, അന്ധ വനിതകള്‍ക്കായുള്ള ഹോം സയന്‍സ് കോഴ്‌സുകള്‍ എന്നിവ ഇവിടെ നടക്കുന്നു. ഐ.എസ്.എം സമ്മേളനങ്ങളുടെ ഭാഗമായി നടന്നിരുന്ന സംസ്ഥാന അന്ധബധിര കൂട്ടായ്മകളില്‍ നിന്നുയര്‍ന്ന ചര്‍ച്ചകള്‍ വികസിച്ചാണ് ഈ മാതൃകാ വിദ്യാഭ്യാസ പദ്ധതി രൂപം കൊണ്ടത്.

പുതിയ കാലത്ത് ഐ.എസ്.എമ്മിന്റെ ധീരമായ ചുവട് വെപ്പ് അമ്പതാം വാര്‍ഷിക പരിപാടിയായ കേരള യൂത്ത് സമ്മിറ്റില്‍ നടന്ന ‘അവയവദാന സമ്മതപത്രം പ്രഖ്യാപന’മാണ്. ഐ.എസ്.എമ്മിന്റെ 500 പ്രവര്‍ത്തകരാണ് മരണശേഷം തങ്ങളുടെ അവയവങ്ങള്‍ കൈമാറുന്നതിനുള്ള സമ്മതപത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമ്മേളനത്തില്‍ കൈമാറിയത്. ഇതൊരു കാമ്പയിനായി താഴെ തട്ടില്‍ പ്രചരിപ്പിക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. ‘അവയവ ദാനം എത്രത്തോളം ഇസ്‌ലാമികമാണ്’ എന്ന കര്‍മശാസ്ത്ര ഗവേഷണത്തില്‍ മുസ്‌ലിം ബഹുഭൂരിപക്ഷവും ഇപ്പോഴും കുടുങ്ങിക്കിടക്കുമ്പോഴാണ് ഒരു ഇസ്‌ലാമിക യുവജന സംഘടന ഇത്തരമൊരു ധീരപ്രഖ്യാപനം നടത്തുന്നത്. തീര്‍ച്ചയായും ഐ.എസ്.എമ്മില്‍ നിന്ന് കേരളീയ സമൂഹത്തിന് ഇനിയും പലതും പ്രതീക്ഷിക്കാനുണ്ട് എന്ന സന്ദേശം തന്നെയാണ് ഈ പ്രഖ്യാപനം നല്‍കുന്നത്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ തുടങ്ങിയ ഐ.എസ്.എമ്മിന്റെ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ക്ക് ആ സംഘടനയില്‍ പിന്നീടുണ്ടായ പിളര്‍പ്പ് കുറച്ച് കാലത്തേക്കെങ്കിലും മങ്ങലേല്‍പ്പിച്ചിരുന്നു. അതുണ്ടാക്കിയ സങ്കീര്‍ണാവസ്ഥകളെ മറികടന്ന് സ്വന്തം അജണ്ടകളുമായി ഐ.എസ്.എം സജീവമാകുന്നതിന്റെ തുടര്‍ച്ചയാണ് ഇത്തരം കാല്‍വെപ്പുകളെന്ന് പ്രത്യാശിക്കുന്നു. സംഘ്പരിവാര്‍ നാടുവാഴും കാലത്ത് സമുദായത്തിനകത്ത് തന്നെയുള്ള സംഘടനകളെയും കൂട്ടായ്മകളെയും എതിര്‍സ്ഥാനത്ത് നിര്‍ത്തി പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് പകരം ഭാവനാത്മകവും വിപ്ലവാത്മകവുമായ ഇത്തരം അജണ്ടകള്‍ ഏറ്റെടുക്കാന്‍ എല്ലാ യുവജന സംഘടനകള്‍ക്കും സാധിക്കേണ്ടതുണ്ട്. അതിന് ഐ.എസ്.എമ്മിന്റെ ‘അവയവദാനം  പദ്ധതി പ്രഖ്യാപനം’ ഒരു പ്രചോദനമാവട്ടെയെന്ന് ആശംസിക്കുന്നു.

Related Articles